TopTop
Begin typing your search above and press return to search.

മലയാളി മുണ്ടുടുക്കാന്‍ തുടങ്ങിയത് എന്നാണ്?- മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍

മലയാളി മുണ്ടുടുക്കാന്‍ തുടങ്ങിയത് എന്നാണ്?- മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍

മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍- ഇന്ന് കേരളപ്പിറവി. ഭാഷാ അടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടതിന്റെ വാര്‍ഷികമാണിന്ന്. 1956 നവംബര്‍ ഒന്നിനായിരുന്നു കേരളം രൂപം കൊണ്ടത്. കേരളം രൂപം കൊണ്ട് 63 വര്‍ഷങ്ങള്‍ക്കുശേഷം മലയാളിത്തത്തിന് ഏറെ രൂപ ഭേദങ്ങള്‍ വന്നു. അവരുടെ ചിന്തയില്‍, വേഷത്തില്‍, വ്യവഹാരങ്ങളില്‍, ഭക്ഷണശീലങ്ങളില്‍.....അവര്‍ കടന്നുപോന്ന വഴികളിലേക്ക് വെളിച്ചം വീശുന്ന ഒരു യാത്ര. ആദ്യ ലക്കം പരിശോധിക്കുന്നത് മലയാളിയുടെ വസ്ത്ര ധാരണത്തെ കുറിച്ച്. വസ്ത്രം അത് ധരിച്ചിരിക്കുന്നവരുടെ സമൂഹത്തെ കുറിച്ചുള്ള അറിവ് നല്‍കുന്നു. ആ സമൂഹത്തിന്റെ വിശ്വാസ ധാരകള്‍, സവിശേഷതകള്‍, പാരമ്പര്യം, അധികാരവഴക്കം ഒക്കെ. അതുകൊണ്ടാണ് വസ്ത്രധാരണം ഓരോ സമൂഹത്തിന്റേയും രാഷ്ട്രീയ വിവക്ഷകളിലേക്ക് വരെ നീളുന്നുവെന്ന് പറയുന്നത്. കേരളത്തിന്റെ വസ്ത്രധാരണത്തിന്റെ ചരിത്രം നോക്കിയാല്‍ ഏറെ ആദാനപ്രദാനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കാണാം. നാം കേരളീയം എന്ന് കരുതുന്ന പല വേഷവിധാനങ്ങളും ഇവിടേയ്ക്ക് എത്തിയതാണെന്ന് കാണാന്‍ കഴിയും. ജൂബ്ബ അടക്കം എത്രയോ വേഷങ്ങള്‍ ഇതിനുദാഹരണം. പക്ഷെ ഇക്കാലത്ത് അത് പറഞ്ഞാല്‍ ആരും വകവെച്ച് തരില്ലെന്ന് മാത്രം. മറ്റ് എല്ലാ ഇടങ്ങളിലേതുമെന്ന പോലെ, കേരളിയരുടെ വസ്ത്രധാരണ രീതിയെ ഇവിടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രാധമികമായി നിര്‍ണയിച്ചുവെന്ന് പറയാം. ഇവിടത്തെ ചെളിനിറഞ്ഞ ഭൂപ്രകൃതിയും മഴയേറിയ കാലാവസ്ഥയും അത്യന്തം നിര്‍ണായകമായിരുന്നു. ഫ്യൂഡല്‍ ക്രമങ്ങളും അവകാശങ്ങളും ഇക്കാര്യത്തില്‍ സ്വാധീനതകള്‍ ചെലുത്തി. ജാതി എന്ന ഇന്ത്യന്‍ യാഥാര്‍ഥ്യം മലയാള നാട്ടിലെ വസ്ത്രധാരണരീതിയിലും പ്രകടം. വര്‍ണാശ്രമങ്ങള്‍ വസ്ത്രങ്ങളിലും അടയാളമിട്ടു. വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കപ്പെട്ടിരുന്നത് പോലും പണ്ട് കാലത്ത് ജാതി അടിസ്ഥാനത്തിലായിരുന്നു. അണിഞ്ഞു നില്‍ക്കുന്ന വസ്ത്രങ്ങളില്‍ തെളിഞ്ഞുകാണുന്നത് ജാതിയാകും. വസ്ത്രങ്ങള്‍ അണിയാന്‍ സാധിക്കാത്തതിലും ജാതി തന്നെ പ്രകടം. പുരുഷന്മാരുടേതിനേക്കാള്‍ സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ നിഷ്ഠകള്‍ ഉണ്ടായിരുന്നു. വസ്ത്രം നോക്കി ഒരാള്‍ ഏത് ജാതിയിലും നിലയിലും പെട്ടവരാണെന്ന് അറിയാന്‍ സാധിക്കുമെന്ന് 'പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തില്‍ പി. ഭാസക്കരനുണ്ണി പറയുന്നുണ്ട്. ആ വിധത്തിലേ മുണ്ടുടുക്കലും മേല്‍മുണ്ടിടീലും മറ്റും ആകാവൂ. വസ്ത്രം എന്ന വാക്കിന് ഇന്നുള്ള അര്‍ത്ഥമല്ല 19-ാം നൂറ്റാണ്ട് വരെ ഉണ്ടായിരുന്നത്. പൂജാദികര്‍മ്മങ്ങള്‍ക്ക് നമ്പൂതിരിമാര്‍ ഉടുത്തുവന്നിരുന്ന സാധാരണയില്‍ കവിഞ്ഞു നീളവും വീതിയും ഉള്ള തുണിക്കാണ് വസ്ത്രം എന്നു അന്നാളുകളില്‍ പറഞ്ഞിരുന്നത്. പരമ്പരാഗതമായി മലയാളികളുടെ വസ്ത്രധാരണത്തെ വീട്ടുടുപ്പ്, നാട്ടുടുപ്പ്, തറ്റുടുപ്പ്, താറുടുപ്പ് (കുത്തിതറ്റുടുപ്പ്) എന്ന് നാലായി തിരിച്ചിരിക്കുന്നതായി 'മലയാള സംസ്‌കാരം കാഴ്ചയും കാഴ്ചപ്പാടും' എന്ന പുസ്തകത്തില്‍ ഡോ. എന്‍. അജിത് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രാചീനകാലത്ത് ഇദ്ദേശ വാസികള്‍ പരുത്തിക്കു പുറമെ ഇലകള്‍ കോര്‍ത്തുണ്ടാക്കിയ 'തഴയുട' ഉപയോഗിച്ചിരുന്നതായി സംഘസാഹിത്യത്തില്‍ പറയുന്നു. ഇടുക്കി ജില്ലയിലെ തണ്ടപ്പുലവന്‍ തണ്ടപ്പുല്ലുകള്‍ കൊണ്ടുള്ള വസ്ത്രധാരണം നടത്തിയിരുന്നവരാണെന്നാണ് കരുതുന്നത്. കാട്ടുജാതിക്കാര്‍ ആദ്യകാലങ്ങളില്‍ അറിയാഞ്ഞിലിത്തോല്‍ കൊണ്ടുള്ള മരവുരി ധരിച്ചിരുന്നു. പിന്നീട് തുണിയുടെ കാലമായപ്പോള്‍ കാട്ടുപഞ്ഞിയുടുപ്പ് ഉപയോഗിച്ചുണ്ടാക്കിയ അരഞ്ഞാണില്‍ ലിംഗം മാത്രം മറയ്ക്കുന്ന 'മുന്താര്‍' ഉപയോഗിച്ച് തുടങ്ങി. മുന്താര്‍ എന്നാല്‍ മുന്‍പില്‍ ഞാത്തിയിടുന്ന ചെറിയ തുണിക്കഷണം എന്നണര്‍ഥം. നാട്ടുചന്തകളില്‍ വ്യാപകമായി ഇത്തരം കോണകം വില്‍പ്പനക്കാരും ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ചാന്നാര്‍ സ്ത്രീകള്‍ ആദ്യകാലങ്ങളില്‍ കമുകിന്‍ പാള ഉപയോഗിച്ച് മാറുമറച്ചിരുന്നു. നമ്മുടെ ഗ്രാമങ്ങളില്‍ കൗപീനത്തിനായി കമുകിന്‍ പാളയോ വാഴപ്പോളയോ കൊണ്ടുള്ള 'കുമ്പാള'കളും ഉപയോഗിച്ചിരുന്നു. ഈഴവര്‍ വരെയുള്ള പിന്നോക്കക്കാര്‍ മുട്ടിനുമുകളില്‍വരെ മാത്രമേ വസ്ത്രമുടുക്കാന്‍ പറ്റുമായിരുന്നുള്ളു. നായന്മാര്‍ക്ക് മുട്ടിനു തൊട്ടുതാഴെ വരെയുള്ള വസ്ത്രം ധരിക്കാം. മുസ്ലിംങ്ങള്‍ കണങ്കാലിനു തൊട്ടു മുകളില്‍ വരെ എത്തുന്ന മുണ്ടുടുക്കുന്ന രീതിയാണ് തുടര്‍ന്നുവരുന്നത്. ബ്രാഹ്മണര്‍ക്ക് പാദം മറയും വിധത്തിലുള്ള വസ്ത്രം ധരിക്കാം. രാജാക്കന്മാര്‍ക്കും ക്ഷത്രീയര്‍ക്കുമൊക്കെ അതാവാം. നമ്പൂതിരിമാര്‍ അനുഷ്ഠാനം പോലെയുള്ള വിശേഷാവസരങ്ങളിലല്ലാതെ വീട്ടിനുള്ളിലും പുറത്തും മുട്ടിനു താഴെവരെയെത്തുന്ന വസ്ത്രമാണ് ധരിക്കാറുണ്ടായിരുന്നത്. വീട്ടിനകത്ത് കാല്‍മുട്ടിനടുത്തെത്തുന്ന കുറിയ മുണ്ടാകും മിക്ക ജനവിഭാഗങ്ങളും ധരിച്ചുവന്നിരുന്നത്. മധ്യ ഉത്തര കേരളത്തിലെ നായര്‍സ്ത്രീകളും അന്തര്‍ജ്ജനവും വീട്ടില്‍ മുണ്ട് തറ്റുടുക്കും വിധത്തില്‍ ഒന്നര മാത്രമേ ധരിച്ചിരുന്നുള്ളു. ഒന്നരയും മുട്ടോളമെത്തുന്ന വസ്ത്രമാണ്. തെക്കന്‍ കേരളത്തില്‍ ഒന്നരയെന്ന വസ്ത്രം ഉണ്ടായിരുന്നില്ല, പാടം വരെയെത്തുന്ന മുണ്ടാണിവര്‍ ഉപയോഗിച്ചിരുന്നത്. ബ്രാഹ്മണര്‍ക്ക് ഉപനയനത്തിനു മുന്‍പ് ശീലക്കോണകമുടുക്കാന്‍ പാടില്ല. നാട്ടുപ്രമാണിമാര്‍ ജാതി ഏതായാലും കാല്‍പ്പാദം മറയുന്ന മുണ്ടുടുക്കാം. ഫ്യൂഡല്‍ അധികാരം നല്‍കുന്ന സവിശേഷതയാലാണിത്. നാട്ടുടുപ്പില്‍ പ്രമാണിത്തം കാട്ടാനായി കാല്‍പ്പാദം മറയും വിധം മുണ്ട് ഞൊറിഞ്ഞുടുക്കും. അന്തര്‍ജ്ജനങ്ങളും വീടിനു പുറത്തിറങ്ങുമ്പോള്‍ കാല്‍പ്പാദം മറച്ച് മുണ്ട് ഞൊറിഞ്ഞുടുക്കും. ബ്രാഹ്മണര്‍ കര്‍മ്മാനുഷ്ഠാനത്തിനായി മുണ്ടുടുക്കുന്ന രീതിയാണ് തറ്റുടുപ്പ്. അപ്പോള്‍ പൂണുല്‍ കണക്കെ ഒരു മുണ്ട് ചുറ്റി ദേഹത്ത് വളച്ചിടുകയും ചെയ്യും. കര്‍മ്മാനുഷ്ഠാനത്തിനായി മറ്റു ജാതിക്കാര്‍ താറുടുക്കുകയാണ് പതിവ്. തറ്റുടുക്കുമ്പോള്‍ ഒരുകാല്‍മുട്ട് മറച്ചുടുക്കുന്നു. താറുടുക്കുമ്പോഴാകട്ടെ, കാല്‍മുട്ടിനു മുകളില്‍ എത്തും വിധമാണ് ഉടുക്കുക. ജോലി സമയത്തെ വസ്ത്രധാരണ രീതിക്കുമുണ്ട് സവിശേഷതകള്‍. തിരുവിതാകൂറില്‍ ഇത്തരം വേളയില്‍ അരയില്‍ കയറുപോലെയാക്കി അതേ വസ്ത്രം കൊണ്ട് കഷ്ടിച്ച് ലിംഗം മറച്ച് പൃഷ്ഠഭാഗം വെളിയില്‍ കാട്ടി കോണകം കണക്കെ ഉടുക്കുയാണ് സാധാരണയായി ചെയ്തുവരാറുണ്ടായിരുന്നത്. കൃഷിപ്പണി ചെയ്യുമ്പോള്‍ ചെളിയാവാതിരിക്കാനും മറ്റും ഇത് സഹായിക്കും. തെങ്ങില്‍ കയറുന്നവരും മീന്‍പിടിക്കുന്ന ജോലി ചെയ്തിരുന്നവരുമൊക്കെ ഇത്തരത്തിലാണ് വസ്ത്രം ധരിച്ചിരുന്നത്. അധ്വാനം വേണ്ടിവന്നിരുന്നവരൊക്കെ തന്നെ ലിംഗം മറയുന്ന തരത്തിലുള്ള മുന്താര്‍ മാത്രമാണ് ധരിച്ചിരുന്നത്. കാറ്റില്‍ പറക്കുന്ന ഉടുമുണ്ട്, തോളില്‍ രണ്ടാം മുണ്ടിന്റെ അധികാര സൂചന മലയാളികളുടെ സാധാരണ വസ്ത്രം മുണ്ടാണ്. ഇവിടത്തെ കാലാവസ്ഥയുമായി മുണ്ടുടുപ്പിന് ബന്ധം കല്‍പ്പിക്കുന്നു. ഉഷ്ണം കഠിനമാകാറുളള നാട്ടില്‍ ശരീര ഭാഗങ്ങളിലെല്ലാം കാറ്റ് കിട്ടാന്‍ പാകത്തിനാണ് മലയാളിയുടെ മുണ്ടുടുപ്പ്. മലയാളിക്ക് അരയില്‍ ചുറ്റുന്ന ഒന്നാം മുണ്ടും തോളില്‍ ഇടുന്ന രണ്ടാം മുണ്ടുമുണ്ട്. അന്തരീക്ഷത്തിലെ നീരാവിയുടെ ആധിക്യം രണ്ടാം മുണ്ടിന് വിയര്‍പ്പ് തുടയ്ക്കുക എന്നൊരു ഉപയോഗം കൂടി നല്‍കി. ഈ മുണ്ടുകളൊക്കെ തന്നെ സമൂഹത്തിലെ അതുടുക്കുന്നയാളുടെ അധികാരത്തേയും സ്ഥാനത്തേയും പദവിയേയും സൂചിപ്പിക്കുന്നതും ആയിരുന്നുതാനും. സാധാരണ മലയാളി ഉടുത്തിരുന്നത് ഒറ്റമുണ്ടായിരുന്നു. ഇത് തന്നെ പുറത്തിറങ്ങുമ്പോഴും വിശേഷാവസരങ്ങളിലും മാത്രം. നമ്പൂതിരിമാര്‍ പോലും സ്വഗൃഹങ്ങളില്‍ ഇരിക്കുമ്പോള്‍ തോര്‍ത്തുമാത്രമേ ചൂറ്റിയിരുന്നുള്ളു. കാലഗതിയില്‍, മുണ്ടിന് പല തരഭേദങ്ങളുമുണ്ടായി. മതകര്‍മ്മങ്ങളില്‍ തറ്റുടുക്കാന്‍ ഇരട്ടമുണ്ടുപയോഗിച്ചിരുന്നു. സ്ത്രീകള്‍ ഉടുക്കുന്ന ഇരട്ടമുണ്ടാണ് മുറി അഥവാ പുടവ. മുണ്ടില്‍ നല്ലപോലെ വെളുത്ത മേല്‍മുണ്ടും അല്‍പ്പം മഞ്ഞനിറത്തിലുള്ള കോടിമുണ്ടും പതിവുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ പ്രചരിച്ച മുണ്ടാണ് 'സോമന്‍'. മുണ്ട് ഉടുക്കുന്ന രീതിയിലും പ്രാദേശിക വ്യതിയാനങ്ങളുണ്ട്. ചില പ്രത്യേക ജനവിഭാഗങ്ങള്‍ പ്രത്യേക തരത്തിലാണ് മുണ്ട് ഉടുത്തിരുന്നത്. സാംസ്‌കാരികവും സാമൂഹികവുമായ ഭിന്ന സ്വത്വങ്ങള്‍ മുണ്ടുടുപ്പിലും പ്രകടം. മുണ്ട് വലതുവശത്ത് ഞൊറി വരത്തക്കവിധം ഉടുക്കുകയാണ് സാധാരണ പതിവ്. അതേസമയം തമിഴര്‍ ഇടത്തോട്ടാണ് ഞൊറിയിടുന്നത്. മലയാളികളില്‍ മുസ്ലിംങ്ങളും പല ദളിത് ജനവിഭാഗങ്ങളും ഇത്തരത്തില്‍ മുണ്ടുടുക്കുന്നരാണ്. കാവി മണ്ണ് കലക്കിയ വെള്ളത്തില്‍ മുക്കി നിറം മാറ്റിയ കാവിമുണ്ടാണ് സന്യാസിമാര്‍ ധരിച്ചിരുന്നത്. നാരായണഗുരുവിനെ പോലെ ശുഭ്രവസ്ത്രധാരികളായ സന്യാസിമാരും ഈ നാട്ടിലുണ്ടായിരുന്നു. അരയില്‍ ചുറ്റുന്ന മുണ്ടിനൊപ്പം തോള്‍ മുണ്ടുമുണ്ടായിരുന്നു. തോളില്‍ ഇട്ടിരുന്ന രണ്ടാം മുണ്ട്. വളരെ കട്ടി കുറഞ്ഞ വസ്ത്രമാകയാല്‍ ഇതിനെ നേരിയത് എന്നും പല ഭാഗങ്ങളില്‍ പറഞ്ഞുപോന്നിരുന്നു. ഈ നേരിയത് ലോപിച്ച് നേര്യതായി. നേര്യത് ഫ്യൂഡല്‍ പ്രമാണിത്തത്തിന്റെ കൊടിയടയാളമായിരുന്നു. ദേശം വിട്ട് പുറത്തുപോകുന്ന വേളയില്‍ അത് നിര്‍ബന്ധവും. ഭാരത ദേശത്ത് അപ്പാടെ ഇതിനെ ഉത്തരീയം എന്നും പറഞ്ഞുപോന്നിരുന്നു. പുളിയിലക്കരയന്‍, ആനക്കണ്ണന്‍, തത്തവാലന്‍, വരിച്ചുട്ടി, ബാലാമണി, സന്നക്കമ്പി തുടങ്ങിയ പല പേരുകളില്‍ അറിയപ്പെട്ടിരുന്ന നേര്യതുകള്‍ ഉണ്ടായിരുന്നു ഇവിടെ.

ഇത്തരത്തിലുള്ള നേര്യതുകള്‍ സമൂഹത്തിലെ ഉന്നതശ്രേണിയില്‍ പെട്ടവരുടെ അവകാശമായിരുന്നു. സാധാരണക്കാര്‍ ഇതിനുപകരം തോര്‍ത്തുമുണ്ടാണ് ഉപയോഗിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇവിടെ എത്തി പ്രചരിച്ച പ്രത്യേക തരം മേല്‍ മുണ്ടായിരുന്നു. തുപ്പട്ടാവ് എന്നാണതിനെ അറിയപ്പെട്ടിരുന്നത്. തുപ്പെട്ടി എന്ന പേരിലുള്ള ഒരു വസ്ത്രവുമാണ്ടായിരുന്നു. വ്യത്യസ്ത ഉപയോഗങ്ങള്‍ക്കുള്ള വസ്ത്രമായിരുന്നു അത്. തിരുവനന്തപുരത്തിനടുത്ത ബാലരാമപുരം തുപ്പട്ടി നെയ്ത്തിനു പേരുകേട്ട് സ്ഥലമാണ്. ഈഴവ സമുദാംയാംഗങ്ങളായിരുന്നു പ്രധാനമായും തുപ്പെട്ടി നെയ്ത്തുകാര്‍. പുറത്തുപോകുമ്പോള്‍ അടിവസ്ത്രമായി സ്ത്രീകള്‍ അരയില്‍ മുണ്ടിനുള്ളിലായി ഒന്നര സാധാരണ ഉടുക്കും. ഇത്തരം അച്ചിപ്പുടവയുടെ സ്ഥാനത്ത് സമുഹത്തിന്റെ താഴെ ശ്രേണിയിലുള്ളവര്‍ തോര്‍ത്ത് ചുററിക്കെട്ടുകയാണ് പതിവ്. പുരുഷന്മാര്‍ അരയില്‍ ബന്ധിപ്പിച്ച കോര്‍ത്ത വീതി കുറഞ്ഞ നീളമുളള ഒരു തുണി കോണകമായി ധരിച്ചിരുന്നു. കുളിച്ചശേഷം തലയിലെ വെള്ളം തുവര്‍ത്താന്‍ ഉപയോഗിച്ചിരുന്ന വസ്ത്രമാണ് തോര്‍ത്ത്. ഈരേഴ, ആറ്റിങ്ങല്‍, ബ്രഹ്മദേശം തുടങ്ങി നിരവധി പേരുകളിലുള്ള തോര്‍ത്തുകള്‍ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ അനുസരിച്ച് സൂര്യപടം, വീരകാളിപ്പട്ട് (വീരാളിപ്പട്ട്) തുടങ്ങിയ ആഢ്യവസ്ത്രങ്ങളും ഉണ്ടായിരുന്നു. ഇത് സമ്പന്നരുടെ കുത്തകയായിരുന്നു. ഇത്തരം പട്ടുകളെ കുറിച്ചുള്ള വര്‍ണ്ണനകള്‍ പഴയകാല സാഹിത്യങ്ങളില്‍ കാണാം. രാജാക്കന്മാര്‍ ശരീരം വീരാളിപ്പട്ടുകൊണ്ടാണ് മൂടിയിരുന്നത്. പട്ട് അനുഷ്ഠാന വസ്ത്രമാണ്. പുജാരികള്‍ക്ക് ഉടുത്തുകെട്ടിനും ശവശരീരം പുതപ്പിക്കുന്നതിനുമൊക്കെ പട്ട് ഉപയോഗിച്ചിരുന്നു.കസവു വെച്ച വസ്ത്രമാണ് പുടവ. വിവാഹത്തിനുശേഷം നല്‍കുന്ന കോടിപ്പുടവയാണ് മന്ത്രികോടി. അത് ശവശരീരത്തെ ആവരണം ചെയ്യാന്‍ ഉപയോഗിക്കുമ്പോള്‍ കൊള്ളിപ്പുടവയായി തീരുന്നു. പുരുഷന്മാര്‍ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഉപകരിക്കും വിധം കട്ടി അരയില്‍ ചുററി അതിനു മുകളില്‍ കച്ച കെട്ടും. കോടി നിറത്തിലുള്ള കട്ടികൂടിയ വസ്ത്രമാണ് കച്ച. കച്ചകെട്ടി മാത്രമേ രാജാക്കന്മാരുടെ മുന്നിലെത്താവു എന്നാണ് പ്രമാണം. കച്ചകെട്ടുക എന്ന പ്രയോഗം തന്നെ മലയാളത്തിലുണ്ട്. എന്തിനും സന്നദ്ധരായി ഇറങ്ങിപ്പുറപ്പെടുകയെന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. യുദ്ധത്തിനും പോരിനും ഒക്കെയാണ് പണ്ടുകാലത്ത് സാധാരണയായി കച്ചകെട്ടിയിരുന്നത്. പിന്നീട് ആ പ്രയോഗത്തിന്റെ മാനം വര്‍ധിച്ചുവെന്ന് മാത്രം. പ്രസവം കഴിഞ്ഞ സ്ത്രീകള്‍ വയര്‍ ചാടാതിരിക്കാനും കച്ച കെട്ടിയിരുന്നു.

നേരിയ ഇഴയുള്ള കവിണിയാണ് സാധാരണ ഗതിയില്‍ മാറു മറയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇഴ തീരെ കുറഞ്ഞതും വലപോലുള്ളതുമായ സഹസ്രനാമ കവിണിയും ഉണ്ട്. നാഗര്‍ കോവിലിനു സമീപത്തുള്ള കോട്ടാറിന്‍ കവിണി ഏറെ പുകള്‍ പെറ്റതാണ്. പിന്നില്‍ പണി ചെയ്ത കസവു വസ്ത്രമാണ് കിന്നരി. കട്ടി കൂടിയ കോടിമുണ്ടാണ് വേഷ്ടി. കേരളീയര്‍ പൊതുവെ മാറുമറച്ചിരുന്നില്ല-പുരുഷനും സ്ത്രീയും ഒരു പോലെ. അര മറയ്ക്കുംവരെ മാത്രം വസ്ത്രം ധരിക്കാന്‍ കാരണം ചൂടിന്റേയും വിയര്‍പ്പിന്റേയും ആധിക്യം ആവണം. മാറു മറയ്ക്കല്‍ ആചാര ലംഘനമായി കരുതിയിരുന്ന സമൂഹമായിരുന്നു ഇവിടത്തേത്. ഉന്നതര്‍ക്കു മുന്നില്‍ മാറുമറയ്ക്കുന്നത് ധിക്കാരമായി പോലും കണ്ടിരുന്നു. മാറുമറച്ചു നടക്കുന്നത് തേവിടിശ്ശികളുടെ സ്വഭാവമായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഇക്കാലത്ത് കൗതുകം തോന്നാം. ടിപ്പുവിന്റെ പടയോട്ടകാലത്ത് മുല അരിഞ്ഞുകളഞ്ഞാലും ചേലകൊണ്ടു ആചാരലംഘനം ചെയ്യില്ലെന്ന് നിര്‍ബന്ധം പിടിച്ചിരുന്ന സ്ത്രീകളാണ് ഇവിടെ ഉണ്ടായിരുന്നത്. കൊച്ചി രാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവി(1895-1914)ന്റെ കാലത്ത് വിചിത്രമായ ഒരു കല്പന തന്നെ ഉണ്ടായി. ക്ഷേത്രത്തില്‍ കയറണമെങ്കില്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ ചെല്ലണമെന്നായിരുന്നു കല്‍പ്പന. അത്തരത്തിലായിരുന്നു കേരളത്തിലെ അവസ്ഥ.

ഒടുവില്‍ മാറുമറയ്ക്കാനുള്ള അവകാശത്തിനായി സ്ത്രീകള്‍ക്കു സമരം ചെയ്യേണ്ടിയും വന്നു. വിശേഷാവസരങ്ങളില്‍ കുലീന കുടുംബങ്ങളിലെ നായര്‍ സ്ത്രീകളും അലക്കിയ തുണി സ്തനങ്ങള്‍ക്ക് മീതെ ചുറ്റി കക്ഷത്തില്‍ അമര്‍ത്തിപ്പിടിച്ച് മാറ് മറച്ചിരുന്നു. പിന്നീടാണ് മുലക്കച്ചയും റൗക്കയും മറ്റും വരുന്നത്. മുകിലന്മാരുടെ ഭരണകാലത്ത് പുരുഷന്മാര്‍ക്ക് ശിരോച്ഛാദവും സ്ത്രീകള്‍ക്ക് മാറുമറയ്ക്കലും പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായിരുന്നു. വസ്ത്രധാരണത്തിലെ ജാതി വിവക്ഷകളും കൗതുകകരമായിരുന്നു. കുപ്പായമിടുക എന്നത് ഇസ്ലാമതത്തിലേക്ക് മാറുക എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചുപോന്നിരുന്നുവെന്നതും അക്കാലത്തെ സാമൂഹികാവസ്ഥയെ സൂചിപ്പിക്കുന്നു. വെയിലില്‍ നിന്നും രക്ഷനേടാന്‍ തോര്‍ത്തുകൊണ്ടുള്ള തലയില്‍ കെട്ട് പതിവായിരുന്നുവെങ്കിലും തലയില്‍ കെട്ടും അധികാര സൂചകമായിരുന്നു. പ്രമാണിമാര്‍ നേര്യതുകൊണ്ടാണ് തലയില്‍ കെട്ടിയിരുന്നത്. രാജാക്കന്മാരും പൂജാരികളുമൊക്കെ അനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പട്ട് തലയില്‍ കെട്ടിയിരുന്നു. ജാതക കൈമാറ്റ വേളകളിലും കന്നുകാലികളെ കൈമാറ്റം ചെയ്യുമ്പോഴും തലയില്‍ കെട്ടല്‍ വേണം. വട്ടക്കെട്ട്, കുളിപ്പിന്നല്‍ തുടങ്ങി പലതരത്തിലുള്ള തലയില്‍ കെട്ടുകള്‍ ഉണ്ടായിരുന്നു. തലയില്‍ ചുവന്ന പട്ട് ചുറ്റിയാല്‍ നമ്പൂതിരിക്ക് യുദ്ധം ഉള്‍പ്പടെ ഏത് പ്രവൃത്തിയിലും ഏര്‍പ്പെടാമായിരുന്നുവത്രെ. കാരണവന്മാരുടെയോ പ്രമാണിമാരുടേയോ മുന്നില്‍ തലയില്‍ കെട്ടോ രണ്ടാം മുണ്ടോ അണിഞ്ഞ് നില്‍ക്കാന്‍ പാടില്ല. പുരുഷന്റെ വലത്തുതോളില്‍ ലക്ഷ്മിയും ഇടത്ത് തോളില്‍ മൂധേവിയും വസിക്കുന്നുവെന്നാണ് പണ്ടുകാലത്ത് കരുതിയിരുന്നത്. മൂധേവിയെ മറച്ചു മാത്രമേ നില്‍ക്കാവൂ. അതിനാലാണ് അംഗവസത്രം ഇടത്ത് തോളില്‍ ധരിക്കേണ്ടത്. അര്‍ധനാരീശ്വര സങ്കല്പം അനുസരിച്ച് ശിവന്റെ ഇടതുവശത്ത് പാര്‍വതി വസിക്കുന്നു. അതിനാല്‍ പുരുഷന്റെ ഇടതുമുല മറയ്ക്കണമെന്ന വിശ്വാസവും ഇവിടെ ഉണ്ടായിരുന്നു. ഇത്തരത്തില്‍ പലതരം വസ്ത്രങ്ങളും രീതികളും പരമ്പരാഗതമായി നിലനിന്നിരുന്ന ഇടത്തേക്ക് കൊളോണിയല്‍ കാലമായതോടെ വിവിധ തരത്തിലുള്ള മറ്റു വസ്ത്രങ്ങളുടെ ഒഴുക്കായി. അധിനിവേശത്തിന്റെ മറ്റൊരു സാംസ്‌കാരിക തലം. വസ്ത്രങ്ങളിലെ ആദാന പ്രദാനങ്ങളുടെ നീണ്ട ചരിത്രം അങ്ങനെ തുടങ്ങുകയായി. ഇക്കാലത്താവട്ടെ, ലോകത്തിലുണ്ടാകുന്ന ഓരോ പുത്തന്‍ ഫാഷനും അതേ നിമിഷം ഇവിടേക്ക് എത്തുന്നു, മറ്റേതൊരു മേഖലയും പോലെ തന്നെ. അപ്പോഴും മുണ്ടുടുപ്പ് മലയാളിക്കൊപ്പം നടക്കുന്നു. കാറ്റില്‍ പാറുന്ന മുണ്ടിന്‍ കോന്തല അവരുടെ കൊടിയടയാളമാകുന്നു. ശക്തിയും ദൗര്‍ബല്യവും രാഷ്ട്രീയവും. (അടുത്ത ഭാഗം : മലയാളി കടന്ന ഭക്ഷണ വഴികള്‍) അവലംബം:

1. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം-പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 2. മലയാള സംസ്‌ക്കാരം കാഴ്ചയും കാഴ്ചപ്പാടും-ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം 3. കേരള സംസ്‌കാരം-എ. ശ്രീധര മേനോന്‍, എന്‍ബിഎസ്, കോട്ടയം 4. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം


Next Story

Related Stories