TopTop
Begin typing your search above and press return to search.

നക്സലൈറ്റുകളെ ജയിലിലെ ഇരുട്ട് മുറിയിലടച്ച് പീഡിപ്പിക്കുന്നതിനെതിരെ നിയമസഭയില്‍ പ്രസംഗം, ഒപ്പ് ശേഖരണം; എം വി ആറിന്റെ നക്സല്‍ പ്രേമം, വസ്തുതകളും കെട്ടുകഥകളും

നക്സലൈറ്റുകളെ ജയിലിലെ ഇരുട്ട് മുറിയിലടച്ച് പീഡിപ്പിക്കുന്നതിനെതിരെ നിയമസഭയില്‍ പ്രസംഗം, ഒപ്പ് ശേഖരണം; എം വി ആറിന്റെ നക്സല്‍ പ്രേമം, വസ്തുതകളും കെട്ടുകഥകളും

കോങ്ങാട് തലവെട്ട് കേസിലെ പ്രതികള്‍ ജയിലില്‍ കഴിയുമ്പോള്‍ പയ്യന്നൂര്‍ കോളേജിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ നക്‌സലുകള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് ഒരു പ്രക്ഷോഭം സംഘടിപ്പിച്ചു. രാവുണ്ണി ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയയ്ക്കണമെന്നായിരുന്നു ആ പ്രകടനം. അന്നത്തെ പ്രമുഖനായ ഒരു സിപിഎം നേതാവിന്റെ മകന്റെ പങ്കാളിത്തം കൊണ്ടാണ് പ്രതിഷേധം ശ്രദ്ധ നേടിയത്. വൈകിട്ട് വീട്ടിലെത്തിയ മകനോട് അച്ഛന്‍ ഇതേക്കുറിച്ച് ചോദിച്ചു. അതാണ് ശരിയെന്ന് തനിക്ക് തോന്നിയെന്നായിരുന്നു ആ മകന്റെ മറുപടി. ആ അച്ഛന്‍ എംവിആര്‍ എന്ന് അറിയപ്പെട്ടിരുന്ന എം വി രാഘവനും മകന്‍ എം വി ഗിരീഷ് കുമാറും ആയിരുന്നു. എന്നാല്‍ അതൊരു ആസൂത്രിതമായ പ്രതിഷേധമൊന്നുമായിരുന്നില്ലെന്ന് ഗിരീഷ് അഴിമുഖത്തോട് പറഞ്ഞു. എല്ലാവരും തന്നെ വിപ്ലവ മനസ്സുകൊണ്ട് നടക്കുന്ന സമയവും എല്ലാവരും നക്‌സലൈറ്റുകളും ആയിരുന്ന കാലമായിരുന്നു അത്. എസ്എഫ്‌ഐയില്‍ ആണെങ്കില്‍ പോലും ലഭ്യമായ പുസ്തകങ്ങളും ലേഖനങ്ങളുമൊക്കെ വായിച്ച് നക്‌സലൈറ്റുകളോട് അനുഭാവം പുലര്‍ത്തിയിരുന്ന കാലമായിരുന്നു അത്. എന്നാല്‍ കോങ്ങാട് കേസുമായി ബന്ധപ്പെട്ട് മാത്രമായിരുന്നില്ല അതെന്നും ഗിരീഷ് വ്യക്തമാക്കി. നക്‌സലൈറ്റുകളുടെ മോചനത്തിന് വേണ്ടി സമൂഹത്തില്‍ വലിയ തോതിലുള്ള ആവശ്യം ഉയരുന്നു എന്ന് കണ്ടപ്പോഴാണ് അത്തരമൊരു പ്രകടനം കോളേജിലും നടത്തിയത്. കോളേജില്‍ അന്ന് നക്‌സലൈറ്റ് അനുഭാവികളുടെ ഒരു ചെറിയ ഗ്രൂപ്പ് ഉണ്ടായിരുന്നു. അതിനൊപ്പം ഞാനുണ്ടായിരുന്നില്ല. ഞാന്‍ സ്വാഭാവികമായും അന്ന് എസ്എഫ്‌ഐയ്ക്ക് ഒപ്പമായിരുന്നു. എന്നാല്‍ അവര്‍ പ്രതിഷേധം നടത്തിയപ്പോള്‍ അവര്‍ക്കൊപ്പം പങ്കെടുത്തുവെന്ന് മാത്രമേയുള്ളൂ. നക്‌സലൈറ്റുകളുടെ മോചനം എന്ന ലക്ഷ്യത്തോടെയാണ് അന്ന് അതില്‍ പങ്കെടുത്തത്. അത് അവരോട് അനുഭാവം ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ്. രാവുണ്ണിയേട്ടനെ വിട്ടയയ്ക്കുന്നത് വരെ താന്‍ ആ കേസ് ശ്രദ്ധിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. "പ്രതിഷേധത്തില്‍ ആകെ അഞ്ച് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അത് എല്ലാവരും ശ്രദ്ധിച്ചുവെന്ന് എനിക്ക് മനസ്സിലായത് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ്. അച്ഛന്‍ എന്നോട് ഇങ്ങനെയൊരു സംഭവമുണ്ടായോ എന്ന് ചോദിച്ചു. ഉണ്ടായെന്ന് ഞാനും പറഞ്ഞു. രാവുണ്ണിയോട് എന്താണ് താല്‍പര്യമെന്ന് ചോദിച്ചു. ആവശ്യം ന്യായമാണെന്ന് എനിക്ക് മനസ്സിലായതിനാലാണ് അതെന്നും പറഞ്ഞു." എന്നാല്‍ ആ പ്രതിഷേധത്തിന് ഒരു തുടര്‍ച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ഗിരീഷ് വ്യക്തമാക്കി. എസ് എഫ് ഐയും കെ എസ് യുവും മാത്രമുള്ള ക്യാമ്പസില്‍ അഞ്ച് പേര്‍ മാത്രം ഒരു പ്രകടനം ശ്രദ്ധിക്കപ്പെട്ടുവെന്നത് തന്നെ വലിയ വിജയമാണ്.

ഏതാണ്ട് ഇതേകാലത്ത് എംവിആര്‍ നിയമസഭയില്‍ നക്‌സലെറ്റുകള്‍ ജയിലില്‍ അനുഭവിക്കുന്ന ക്രൂരതകളെക്കുറിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. 'അച്ഛനും ഗൗരിയമ്മയും ഒക്കെ ചേര്‍ന്ന് ഇതിന് വേണ്ടി ഒപ്പ് ശേഖരണം നടത്തുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞല്ലോയെന്ന് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ചൊന്നും പറയേണ്ട എന്നായിരുന്നു മറുപടി'- ഗിരീഷ് കൂട്ടിച്ചേര്‍ത്തു. നക്‌സലൈറ്റ് തടവുകാരെ കാറ്റും വെളിച്ചവും കടക്കാത്ത ക്ലോസ്ഡ് പ്രിസണ്‍ എന്നു വിളിക്കപ്പെടുന്ന അറകളില്‍ അടച്ചിരിക്കുന്നത് മൂലം അവരുടെ ആരോഗ്യം തകര്‍ന്ന് നിത്യരോഗികളായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന ഗുരുതരാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സഭാനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റൂള്‍ 49 അനുസരിച്ച് എം വി രാഘവനും സി ബി സി വാര്യരും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് സ്പീക്കര്‍ സഭയില്‍ അറിയിച്ചതെന്ന് 1974 ഫെബ്രുവരി 14ലെ നിയമസഭാ രേഖകളില്‍ പറയുന്നു. വിദ്യാഭ്യാസമന്ത്രിയും ജയില്‍ വകുപ്പ് മന്ത്രിയുമായ ചാക്കീരി അഹമ്മദ് കുട്ടിക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും സ്പീക്കര്‍ ചോദിച്ചു. എന്നാല്‍ താന്‍ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും ഇത്രത്തോളം ഗുരുതരാവസ്ഥയുണ്ടോയെന്ന് അറിയില്ലെന്നുമാണ് മന്ത്രി നല്‍കിയ മറുപടി. കൂടാതെ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ വല്ല വിവരവും ഉണ്ടോയെന്ന് പറഞ്ഞാല്‍ മതിയെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കാതെ പറയാനാകില്ലെന്നും അത്തരമൊരു അവസ്ഥയാണോ അവിടെയുള്ളതെന്ന് തനിക്ക് സംശയമുണ്ടെന്നും പറഞ്ഞപ്പോഴാണ് എം വി രാഘവന്‍ എഴുന്നേറ്റത്. "കേരളത്തിലെ ജയിലുകളില്‍ നക്‌സലൈറ്റ് തടവുകാരോടുള്ള പെരുമാറ്റം മൂലം അവരുടെ ആരോഗ്യം മാത്രമല്ല, ജീവന്‍ കൂടി അപകടപ്പെടത്തക്ക നിലയിലായിരിക്കുകയാണ്. 24 മണിക്കൂറും അവരെ ലോക്കപ്പിലാണ് ഇട്ടിരിക്കുന്നത്. ജയില്‍ നിയമത്തിന് വിരുദ്ധമായാണ് അവരോട് പെരുമാറുന്നത്. അങ്ങനെ ചെയ്യുന്നത് ബഹുമാനപ്പെട്ട മന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് ശരിയായിരിക്കുകയില്ലെന്നാണ് എനിക്ക് പറയാനുള്ളത്. എന്തെങ്കിലും കുറ്റത്തിന് മരണ ശിക്ഷയ്ക്ക് വിധിച്ചവരെയാണ് ഇങ്ങനെ ചെയ്യാറുള്ളത്. അതുപോലെ ജയിലിനുള്ളില്‍ വച്ച് എന്തെങ്കിലും കുറ്റം ചെയ്തവരെയും ഇങ്ങനെ ചെയ്യാറുണ്ട്. തടവുകാരെ ഏത് റൂള്‍ അനുസരിച്ചാണോ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് അവരെ ആ രീതിയില്‍ പെരുമാറേണ്ടതുണ്ട്. അവര്‍ക്ക് ജോലി ചെയ്യുന്നതിനും മറ്റും ഉള്ള സൗകര്യവും കൊടുക്കേണ്ടതുണ്ട്. കാറ്റും വെളിച്ചവും കിട്ടാത്ത സ്ഥലങ്ങളിലാണ് അവരെ അടച്ചിട്ടുള്ളത്. 1957ല്‍ ശ്രീ. വി ആര്‍ കൃഷ്ണയ്യര്‍ ജയിലുകളില്‍ കുറെ ജനലുകള്‍ പണിത് കൊടുത്തിട്ടുണ്ട്. വായു കടക്കാത്ത മുറിയില്‍ ജനലുകള്‍ കൂടി അടച്ചിട്ടിരിക്കുകയാണ്. 24 മണിക്കൂറും കാറ്റും വെളിച്ചവും കിട്ടാത്ത മുറികളില്‍ താമസിക്കുന്നത് മൂലം അവര്‍ രോഗികളായിത്തീര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ അവരെ വിട്ടയയ്ക്കണമെന്ന് വാതോരാതെ പ്രസംഗിക്കുന്നുണ്ട്. അങ്ങനെ പ്രസംഗിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ കൂടി ഉള്‍പ്പെടുന്ന ഒരു മന്ത്രിസഭയാണ് ഇവിടെ ഭരിക്കുന്നത്. എന്നിട്ട് ആ തടവുകാരോട് മനുഷ്യരെ പോലെ പെരുമാറാന്‍ പോലും കൂട്ടാക്കുന്നില്ല. അവരെ ബന്ധുക്കളെയല്ലാതെ മറ്റാരെയും കാണാന്‍ അനുവദിക്കുന്നില്ല. തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്ന ആളുകള്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇത് ജയില്‍ നിയമത്തിന്റെ ലംഘനമാണ്. ഈ നക്‌സലെറ്റുകളോട് യോജിപ്പോ വിയോജിപ്പോ മറ്റുള്ളവര്‍ക്കുണ്ടാകാം. എന്നാല്‍ അവരും മനുഷ്യരാണെന്നുള്ള രീതിയില്‍ അവരും പെരുമാറേണ്ടതുണ്ട്. ജയില്‍ നിയമം ലംഘിക്കുന്നത് ശരിയാണോയെന്ന് ആലോചിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്." എന്നായിരുന്നു എം വി രാഘവന്‍ പറഞ്ഞത്. അതേസമയം ഒരാളോടും അങ്ങനെ പെരുമാറുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന പഴയ മറുപടികള്‍ തന്നെ ആവര്‍ത്തിച്ച മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി എല്ലാ ജയിലുകളിലും എന്ത് നടക്കുന്നുവെന്ന് ഒരു മന്ത്രി അറിയുകയെന്ന് പറയുന്നത് നടപ്പുള്ള കാര്യമല്ലെന്ന വിചിത്രമായ ഒരു ന്യായവും മറുപടിയായി നല്‍കി. അന്വേഷിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് വേണ്ട നടപടി കൈക്കൊള്ളാമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ എം വി രാഘവനെ പാര്‍ട്ടി ഉന്നത നേതൃത്വം ഇടപെട്ട് പിടിച്ചു നിര്‍ത്തുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം മുണ്ടൂര്‍ രാവുണ്ണി അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. കോങ്ങാട് ഉന്മൂലനത്തിന്റെ അമ്പത് വര്‍ഷങ്ങള്‍ എന്ന പരമ്പരയില്‍ അനുവദിച്ച അഭിമുഖത്തിലാണ് രാവുണ്ണി ഇക്കാര്യം പറഞ്ഞിരുന്നത്. നക്‌സല്‍ തടവുകാരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നായനാര്‍ ഭരിക്കുന്ന 83-84 കാലത്ത് ഗൗരിയമ്മ ഉള്‍പ്പെടെ സിപിഎമ്മിലെ ആറ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 81 എംഎല്‍എമാര്‍ ഒപ്പിട്ട ഒരു നിവേദനം പോയിരുന്നു. ഗൗരിയമ്മ അതില്‍ ഒപ്പുവച്ചത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള മെമ്മോറാണ്ടം എന്ന് പറഞ്ഞതിനാലാണ് താന്‍ ഒപ്പുവച്ചതെന്ന് ഗൗരിയമ്മ പിന്നീട് വിശദീകരണം നല്‍കിയിരുന്നു. അതിന് മുമ്പും നിയമസഭയിലും സമൂഹത്തിലും ഞങ്ങളുടെ അനിശ്ചിതമായ ജയില്‍വാസം ചര്‍ച്ചയായിരുന്നു. എംവി രാഘവനൊക്കെ അതില്‍ പങ്കെടുത്തു. എന്നാല്‍ സിപിഎം അവഗണനാ മനോഭാവമാണ് അതിനോട് പുലര്‍ത്തിയത്. ഉന്മൂലനത്തെക്കുറിച്ച് പറയുന്നവര്‍ മനുഷ്യാവകാശത്തെക്കുറിച്ച് പറയരുതെന്ന് ഇഎംഎസ് അക്കാലത്ത് ചിന്തയിലെഴുതിയ ലേഖനമൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായതായി രാവുണ്ണി പറയുന്നു. തങ്ങളൊക്കെ ജയിലില്‍ ആയിരുന്നപ്പോള്‍ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ ഒരു ബഹുജന പ്രക്ഷോഭം തന്നെയുണ്ടായത് ആ പ്രവര്‍ത്തിയുടെ ഉദ്ദേശ ശുദ്ധി കണക്കിലെടുത്താണ്. സിപിഎമ്മിന്റെ അകത്ത് തന്നെ വലിയൊരു വിഭാഗം ഈ ആവശ്യം ഉന്നയിച്ചിരുന്നു.

പിണറായി വിജയന്‍ അന്ന് കെ എസ് എഫില്‍ ആണ്. ഞാന്‍ സിപിഎമ്മില്‍ രഹസ്യമായി നില്‍ക്കുന്ന ആളാണ്. അന്ന് കെ എസ് എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരുത്തല്‍വാദ നേതൃത്വമാണെന്ന് പറഞ്ഞ് പ്രമേയം കൊണ്ടുവന്നിരുന്നു. ആ പ്രമേയം പാസാക്കുന്നതിനെതിരെ പാര്‍ട്ടി ഇടപെടുകയാണ് ചെയ്തത്. ഫിലിപ്പ് എം പ്രസാദും സി ഭാസ്‌കരനുമൊക്കെ ഈ പ്രമേയത്തെ അനുകൂലിച്ച് പിണറായി വിജയനൊപ്പമുള്ള കാലമാണ് അത്. അവരെല്ലാം തന്നെ പിന്നീട് നക്‌സലൈറ്റ് പ്രസ്ഥാനത്തോടും അനുകൂലിച്ച് വന്നിരുന്നു. പിണറായി വിജയനൊക്കെ പിന്നീട് കാലുമാറി പോയതാണെന്നും എംവി രാഘവന് താന്‍ നക്‌സലെറ്റ് സാഹിത്യമെല്ലാം നല്‍കാറുണ്ടായിരുന്നുവെന്നും രാവുണ്ണി വെളിപ്പെടുത്തുന്നു. എം വി രാഘവന്‍ പോകുമെന്ന് കണ്ടതോടെ അവര്‍ പിടിച്ച് ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നുവെന്നും രാവുണ്ണി പറയുന്നു.

സിപിഎം എല്ലാക്കാലത്തും ശ്രമിച്ചത് നക്‌സലൈറ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാണെന്ന് രാവുണ്ണി ആരോപിക്കുന്നുണ്ടെങ്കിലും എംവിആറും ഗൗരിയമ്മയും പിണറായി വിജയനും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് ആ പ്രസ്ഥാനത്തോട് അനുഭാവപൂര്‍ണമായ നിലപാടായിരുന്നുവെന്നാണ് മേല്‍പ്പറഞ്ഞ നിയമസഭാ രേഖയും ചില വെളിപ്പെടുത്തലുകളും തെളിയിക്കുന്നത്. വാമനപുരത്തെ സിപിഎം എംഎല്‍എയായിരുന്ന കോസല രാമദാസ് എംഎല്‍എ പദവി രാജിവച്ച് എംഎല്ലില്‍ ചേര്‍ന്നത് ഇതിന് മറ്റൊരു ഉദാഹരണമാണ്. നക്‌സലൈറ്റ് പാര്‍ട്ടിയിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് എം വി രാഘവനെ പാര്‍ട്ടി സെക്രട്ടറിയാക്കിയതെന്നത് ചിലപ്പോള്‍ സത്യമാകാന്‍ സാധ്യതയുണ്ടെന്നാണ് ഗിരീഷ് കുമാര്‍ പ്രതികരിച്ചത്. എം വി രാഘവന്റെ നിരവധി ശിഷ്യന്മാര്‍ അക്കാലത്ത് ആ രീതിയില്‍ ചിന്തിച്ചിട്ടുണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. രാഘവനെ നേതാവാക്കിയാല്‍ മറ്റുവരെയും പിടിച്ചു നിര്‍ത്താനാകും എന്ന തോന്നലിലാകാം ചിലപ്പോള്‍ അന്ന് ജില്ലാ സെക്രട്ടറിയാക്കിയത്.

കൂടാതെ വര്‍ഗ്ഗീസുമായി എം വി രാഘവന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നതും ഗിരീഷ് കുമാര്‍ ശരിവയ്ക്കുന്നുണ്ട്. "അച്ഛന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ വര്‍ഗ്ഗീസ് ഓഫീസ് സെക്രട്ടറിയായിരുന്നല്ലോ? കണ്ണൂര്‍ ജില്ലയില്‍ കാസര്‍ഗോഡും വയനാടും ഉണ്ടായിരുന്ന സമയത്താണ് അച്ഛന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നത്. വര്‍ഗ്ഗീസിനോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ടായിരുന്നു. അച്ഛന്‍ പിന്നീട് മുഖ്യധാര രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് മാറിയതോടെ വര്‍ഗ്ഗീസിനെ പിന്തിരിപ്പിക്കാന്‍ കുറെയേറെ ശ്രമിച്ചിട്ടുണ്ടെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. വര്‍ഗ്ഗീസിനോട് സംസാരിക്കാനായി പാപ്പിനിശ്ശേരിയിലെ ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നാണ് അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുള്ളത്. വരാമെന്ന് പറഞ്ഞ വര്‍ഗ്ഗീസ് തന്റെ സ്റ്റോപ്പില്‍ ബസ് ഇറങ്ങാതെ അടുത്ത സ്റ്റോപ്പില്‍ ആണ് ഇറങ്ങിയതെന്നും പറഞ്ഞിട്ടുണ്ട്. പാപ്പിനിശ്ശേരിയ്ക്ക് തൊട്ടടുത്തുള്ള സ്റ്റോപ്പിലാണ് കാന്തലോട്ട് കരുണന്റെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങേണ്ടതെന്നും ഗിരീഷ് വ്യക്തമാക്കി. ഒരു കാലത്ത് നക്‌സലൈറ്റ് ആയിരിക്കുകയും പിന്നീട് പ്രസ്ഥാനം വിടുകയും ചെയ്ത വ്യക്തിയാണ് മുന്‍ സിപിഐ നേതാവ് കാന്തലോട്ട് കുഞ്ഞമ്പുവിന്റെ അനുജനായ കാന്തലോട്ട് കരുണന്‍. ഇവിടെയായിരുന്നു വന്നതെങ്കില്‍ വര്‍ഗ്ഗീസിനെ മാറ്റിയെടുക്കാനാകുമെന്ന് അച്ഛന്‍ വിശ്വസിച്ചിരുന്നു. വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതില്‍ അച്ഛന്വലിയ സങ്കടമുണ്ടായിരുന്നു. മാറ്റാന്‍ പറ്റുമെന്ന് അച്ഛന് എന്തോ ഒരു ഉറപ്പുണ്ടായിരുന്നു. അപ്പോള്‍ പിന്നെ എന്തെങ്കിലും ഒരു ചെറിയ ബന്ധം ഉണ്ടായിരുന്നിരിക്കണമല്ലോ?" ഗിരീഷ് വ്യക്തമാക്കുന്നു.

എം വി ആറിന് വര്‍ഗ്ഗീസിനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എ ആന്റണിയും പറഞ്ഞു. വര്‍ഗ്ഗീസിനെ സിപിഎമ്മിലേക്ക് തിരികെ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്. വര്‍ഗ്ഗീസ് വധക്കേസ് രണ്ടാമത് പൊങ്ങി വരികയും സിബിഐ അന്വേഷണത്തിന് വിടുകയും ചെയ്തപ്പോള്‍ ഞാന്‍ വയനാട്ടില്‍ പോയിരുന്നു. അന്ന് വര്‍ഗ്ഗീസിന്റെ അച്ഛനുമായൊക്കെ സംസാരിച്ചിരുന്നു. പണ്ട് സെമിനാരിയില്‍ ചേര്‍ക്കാനാണ് വര്‍ഗ്ഗീസിനെ തലശ്ശേരിയിലേക്ക് പറഞ്ഞു വിട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വര്‍ഗ്ഗീസ് എത്തിച്ചേര്‍ന്നത് സിപിഎമ്മിലായിരുന്നു- കെ എ ആന്റണി പറയുന്നു. വര്‍ഗ്ഗീസിനെ സിപിഎമ്മില്‍ തിരിച്ചെത്തിക്കാനായി എം വി രാഘവന്‍ വയനാട്ടില്‍ വന്നിട്ടുണ്ടെന്ന് അന്ന് വയനാട്ടിലെ ബേബി-തങ്കപ്പന്‍ സ്റ്റുഡിയോയുടെ ഉടമസ്ഥൻ ബേബി ചേട്ടന്‍ പറഞ്ഞിരുന്നു. അദ്ദേഹം ആ സ്റ്റുഡിയോയില്‍ നിന്നും തപ്പിയെടുത്ത് തന്ന ഒരു നെഗറ്റീവ് എം വി രാഘവനും വര്‍ഗ്ഗീസും ഒരുമിച്ച് നില്‍ക്കുന്നതായിരുന്നു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലും പിന്നീട് എം വി ആര്‍ മരിച്ചപ്പോള്‍ എം വി ഗിരീഷ് എഴുതിയ ലേഖനത്തിന് മാതൃഭൂമി വാരിക കവര്‍ ചിത്രമായി നല്‍കിയതും ആ ചിത്രമാണ്. പിണറായി വിജയനും കാന്തലോട്ട് കരുണനെ പോലുള്ള എംഎല്ലിലെ ചില ആളുകളോട് മൃദുസമീപനമുണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കി. പി ഗോവിന്ദ പിള്ളയുടെ വീട്ടിലാണ് അക്കാലത്ത് കെ വേണുവൊക്കെ ഒളിവില്‍ താമസിച്ചിരുന്നത്. എന്നാല്‍ ഒറ്റുകൊടുക്കപ്പെടാതിരിക്കാന്‍ ഏറ്റവും സുരക്ഷിതമായ താവളം കണ്ടെത്തിയത് മാത്രമാണ് അതെന്നാണ് തോന്നിയിട്ടുള്ളത്. സിഎംപി രൂപീകരിച്ച ശേഷം കാന്തലോട്ട് കരുണന്‍ എംവിആറിനെ കാണാന്‍ വീട്ടില്‍ പോകുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ അപ്പോഴേക്കും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലം കഴിഞ്ഞിരുന്നതായും ആന്റണി പറയുന്നു.

അതേസമയം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ പി സേതുനാഥ് പറയുന്നത് സിപിഎം നേതാക്കള്‍ എംഎല്‍ പ്രവര്‍ത്തകരോട് കാണിച്ചിരുന്ന അനുതാപം കേവലം രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മാത്രമായിരുന്നെന്നാണ്. അന്ന് സിപിഎമ്മിന്റെ മുഖ്യഎതിരാളികളായിരുന്ന സിപിഐയ്‌ക്കെതിരായ ആയുധമായിരുന്നു അവര്‍ക്ക് നക്‌സലൈറ്റുകളുടെ ജയില്‍വാസവും അടിയന്തരാവസ്ഥക്കാലത്തെ മര്‍ദ്ദനങ്ങളുമെല്ലാം. "നക്‌സല്‍ ബാരി കലാപം നടക്കുന്ന കാലത്ത് സിപിഎമ്മിനകത്ത് വളരെ വലിയൊരു അന്തര്‍ഛിദ്രം നടക്കുന്നുണ്ടായിരുന്നു എന്നത് ശരിയാണ്. എം വി ആര്‍ അടക്കമുള്ള നേതാക്കള്‍ നക്‌സലൈറ്റ് പാര്‍ട്ടിയിലേക്ക് പോകാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ എംവിആര്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ വര്‍ഗ്ഗീസ് ആ ഓഫീസിന്റെ സെക്രട്ടറിയായിരുന്നു എന്നതാണ് അവര്‍ തമ്മിലുള്ള സൗഹൃദം. പാര്‍ട്ടിയാണ് വര്‍ഗ്ഗീസിനെ വയനാട്ടിലേക്ക് പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതിനായി അയച്ചത്. അവിടെ വച്ചാണ് വര്‍ഗ്ഗീസ് നക്‌സല്‍ ആയത്. എംവിആറും രാവുണ്ണിയും തമ്മില്‍ അത്തരമൊരു സൗഹൃദമുണ്ടായിരുന്നോയെന്ന് അറിയില്ല. എംവി രാഘവന്റെ ആത്മകഥയില്‍ വര്‍ഗ്ഗീസുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. പിണറായി വിജയന്‍ അന്ന് കെഎസ്എഫിന്റെ നേതാവാണ്. പിണറായി വിജയന്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ വരെ ഈ ആശയ സമരം നിലനിന്നിരുന്നു. വാമനപുരം നിയോജക മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എംഎല്‍എയായിരുന്ന കോസല രാമദാസൊക്കെ സ്ഥാനം രാജിവച്ച് സിപിഐ(എംഎല്‍)ല്‍ ചേര്‍ന്നു. അന്ന് എംഎല്‍ പാര്‍ട്ടിയായിട്ടില്ല പക്ഷെ ആശയസംഘര്‍ഷം നടക്കുന്ന കാലമായിരുന്നു. എകെ ഗോപാലന്‍ ഇടപെട്ടിട്ടാണ് ഇവരില്‍ പലരെയും നക്‌സലൈറ്റ് പാര്‍ട്ടിയിലേക്ക് പോകാതെ പിന്തിരിപ്പിച്ചത്".

തലശ്ശേരി-പുല്‍പ്പള്ളി സംഭവം ഉണ്ടാകുമ്പോള്‍ നമ്പൂതിരിപ്പാട് ആണ് മുഖ്യന്ത്രി. അന്ന് സിപിഐക്കാര്‍ പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് വൈകാരികമായി തന്നെ സംസാരിച്ചിട്ടുണ്ട്. കോങ്ങാട് സംഭവം നടക്കുമ്പോള്‍ അച്യുത മേനോന്‍ ആണ് മുഖ്യമന്ത്രി. സിപിഎം പ്രതിപക്ഷത്തായിരുന്നു. ആ സമയത്ത് സിപിഎം നക്‌സലൈറ്റുകളുടെ പക്ഷം പിടിച്ച് സംസാരിച്ചു. ഈ രണ്ട് സംഭവങ്ങള്‍ക്കും അപ്പുറം എഴുപതിന് മുമ്പ് തന്നെ നക്‌സലൈറ്റുകള്‍ക്കെതിരെ സിപിഎം ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സിപിഎം വിട്ട് ഇടതുപക്ഷ ചിന്താസരണിയിലുള്ള മറ്റൊരു പാര്‍ട്ടി രൂപീകരിക്കുന്നത് എക്കാലത്തും അവര്‍ക്ക് അസ്വസ്ഥതയുള്ള കാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ അവരുടെ ഇന്റലിജന്‍സിനെയും അവരുടെ സംവിധാനങ്ങളെയും ഉപയോഗിച്ച് ഓരോ പ്രദേശങ്ങളെയും കലാപബാധിത പ്രദേശമായി വളരാന്‍ അനുവദിക്കാതെ അടിച്ചൊതുക്കിയിരുന്നു. അതിന്റെ ഭാഗമായി കൂടിയാണ് ഇവിടെ സിപിഎം സര്‍ക്കാര്‍ നക്‌സലിസത്തെ ഒതുക്കാന്‍ ശ്രമിച്ചത്. ഇവിടെ വയനാട്ടില്‍ സിആര്‍പിഎഫിനെ നിയോഗിച്ചിരിക്കുകയായിരുന്നു. വര്‍ഗ്ഗീസിനെയും കൂട്ടരെയും പിടികൂടാനുള്ള കോമ്പിംഗ് ആണ് ഇവര്‍ പ്രധാനമായും നടത്തിയത്. അച്യുത മേനോന്‍ മുഖ്യമന്ത്രിയായപ്പോള്‍ ക്രൈംബ്രാഞ്ച് രൂപീകരിച്ചതും ജയറാം പടിക്കലിനെയൊക്കെ അതിന്റെ തലപ്പത്ത് കൊണ്ടുവന്നതുമൊക്കെ നക്‌സലൈറ്റുകളെ ലക്ഷ്യമിട്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം എം വി രാഘവന്‍ നിയമസഭയില്‍ നക്‌സലൈറ്റുകള്‍ക്ക് വേണ്ടി ചോദ്യം ഉന്നയിച്ചതുകൊണ്ട് സിപിഎമ്മിന് നക്‌സല്‍ പാര്‍ട്ടിയോട് താല്‍പര്യമുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്നും സേതുനാഥ് പറയുന്നു. രാഷ്ട്രീയപരമായി സിപിഎമ്മിന് നക്‌സലൈറ്റുകളോട് യാതൊരു അനുതാപവും ഉണ്ടായിരുന്നുവെന്ന് തനിക്ക് തോന്നുന്നില്ല. അപ്പോഴത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുക എന്നതിനപ്പുറം തത്വശാസ്ത്രപരമായ യോജിപ്പൊന്നും ഉണ്ടായിരുന്നില്ല. മറ്റൊരു കാര്യത്തിലും അവര്‍ അത്തരമൊരു രാഷ്ട്രീയം പിന്തുടര്‍ന്നിട്ടുമില്ല. ഇവരാരും നക്‌സലൈറ്റുകളുടെ രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചൊന്നും സംസാരിച്ചിട്ടു കൂടിയില്ല. കൂടാതെ നക്‌സലൈറ്റുകള്‍ ജയിലില്‍ നേരിട്ട പീഡനങ്ങളെക്കുറിച്ചും. തിരുവനന്തപുരത്ത് അടിയന്തരാവസ്ഥയ്ക്ക് മുമ്പ് തന്നെ പൊറ്റക്കുഴി എന്ന സ്ഥലത്തും ശംഖുമുഖത്തും പോലീസുകാര്‍ക്ക് വീടുകള്‍ എടുത്തു കൊടുത്തിരുന്നു. എജീസ് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന പി ടി തോമസിനെയൊക്കെ തട്ടിക്കൊണ്ട് പോയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. അറസ്റ്റ് ചെയ്ത വിവരം പോലും പുറത്തുവിടാതെ രണ്ടോ മൂന്നോ മാസം ഇവിടെ പാര്‍പ്പിച്ചിരുന്നു. ഒടുവില്‍ ഹെബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത വിവരം പോലീസ് പുറത്തുവിടുന്നത് തന്നെ. എല്ലാ പാര്‍ട്ടിയിലെയും ആളുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും മിലിറ്റന്റ് ആയിരുന്ന യൂണിയന്‍ ആയിരുന്നു ഏജീസ് ഓഫീസിലേത്. സിപിഎമ്മില്‍ ഉള്ളവര്‍ക്കൊക്കെ അറിയാവുന്ന കാര്യമായിരുന്നു പി ടി തോമസിന്റെ അറസ്റ്റ്. എന്നിട്ട് ഒരിക്കല്‍പോലും അവര്‍ അസംബ്ലിയില്‍ അദ്ദേഹത്തിന്റെ കാര്യം ചോദിച്ചിട്ടില്ല.

എംവി രാഘവനും പിണറായി വിജയനുമൊക്കെ തീവ്രവിപ്ലവ ചിന്താഗതി ഉണ്ടായിരുന്നു, അതുകൊണ്ട് അവര്‍ ഇതിനെ പിന്തുണച്ചുവെന്ന് പറയാനാകില്ല. പില്‍ക്കാലത്ത് നക്‌സലൈറ്റുകളുമായുള്ള ബന്ധം പറഞ്ഞ് ഒരു പ്രഭാവമുണ്ടാക്കാനുള്ള ശ്രമം മാത്രമായിട്ടാണ് ഇത് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. അല്ലാതെ അവര്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നതായി തോന്നിയിട്ടില്ല. എംവി രാഘവന് പിന്നെ വ്യക്തിപരമായി അവരുമായി ബന്ധമുണ്ടായിരുന്നു. അല്ലാതെ രാഷ്ട്രീയപരമായി യാതൊരു താല്‍പര്യവുമുണ്ടായിരുന്നതായി തോന്നിയിട്ടില്ല. അതേസമയം രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെമ്മോറാണ്ടത്തില്‍ രാഘവന്‍ ഒപ്പ് വയ്ക്കുകയൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലത്ത് ജനകീയ സാംസ്‌കാരിക വേദി രൂപീകരിച്ചപ്പോള്‍ അവരെ എറിയാനുള്ള കല്ല് മുഴുവന്‍ സംഘടിപ്പിച്ചതും എംവി രാഘവനാണെന്ന് കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് നാട് മുഴുവന്‍ നടന്ന് നാടകങ്ങള്‍ സംഘടിപ്പിക്കുന്നവരെ തല്ലിയൊതുക്കിയിട്ടുള്ളത്. അത് പക്ഷെ പറഞ്ഞ് കേട്ടിട്ടുള്ള കാര്യം മാത്രമാണെന്നും സേതുനാഥ് പറയുന്നു.


Next Story

Related Stories