TopTop
Begin typing your search above and press return to search.

NEWS WRAP | സര്‍വത്ര സി ബി ഐ-ബാബ്റി മസ്ജീദ് തകര്‍ക്കല്‍ വിധി, ലൈഫ് മിഷന്‍, പെരിയ ഇരട്ട കൊലപാതകം, ലാവലിന്‍

NEWS WRAP | സര്‍വത്ര സി ബി ഐ-ബാബ്റി മസ്ജീദ് തകര്‍ക്കല്‍ വിധി, ലൈഫ് മിഷന്‍, പെരിയ ഇരട്ട കൊലപാതകം, ലാവലിന്‍
ബാബ്റി മസ്ജീദ് തകര്‍ത്ത കേസില്‍ തെളിവില്ല എന്ന ലഖ്നൌ സി ബി ഐ പ്രത്യേക കോടതി വിധിയുടെ വിധി തന്നെയാണ് എല്ലാ ദിന പത്രങ്ങളുടെയും മുഖ്യവാര്‍ത്ത. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും നീതിന്യായ ചരിത്രത്തിലും ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള കോടതി വിധി ഇനിയുള്ള ദിവസങ്ങളില്‍ ഇഴ കീറി ചര്‍ച്ച ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. '32 പ്രതികളെയും വിട്ടയച്ചു' എന്ന തലക്കെട്ടോടെയാണ് മലയാള മനോരമ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


ബാബ്റി മസ്ജീദ് തകര്‍ത്ത കേസില്‍ തെളിവില്ല എന്ന ലഖ്നൌ സി ബി ഐ പ്രത്യേക കോടതി വിധിയുടെ വിധി തന്നെയാണ് എല്ലാ ദിന പത്രങ്ങളുടെയും മുഖ്യവാര്‍ത്ത. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും നീതിന്യായ ചരിത്രത്തിലും ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള കോടതി വിധി ഇനിയുള്ള ദിവസങ്ങളില്‍ ഇഴ കീറി ചര്‍ച്ച ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

'32 പ്രതികളെയും വിട്ടയച്ചു' എന്ന തലക്കെട്ടോടെയാണ് മലയാള മനോരമ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യ പ്രതിയായ മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി കൈകൂപ്പി മകള്‍ പ്രതിഭയ്ക്കും മകന്‍ ജയന്തിനുമൊപ്പം നില്‍ക്കുന്ന ചിത്രം വാര്‍ത്തയ്ക്കൊപ്പമുണ്ട്. തെളിവില്ല എന്നു കോടതി പറഞ്ഞതിനെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണോ
എന്നറിയില്ല
മലയാള മനോരമയുടെ ഇത്തരം വാര്‍ത്തകളുടെ പൊതു ചിത്രീകരണ രീതികളില്‍ നിന്നും വിഭിന്നമായ അവതരണമാണ് നടത്തിയിരിക്കുന്നത്. ബാബ്റി പള്ളി പൊളിക്കുന്ന എല്ലാകാലത്തും മാധ്യമങ്ങള്‍ ഉപയോഗിയ്ക്കുന്ന ചിത്രത്തിന് വാര്‍ത്തയ്ക്കൊപ്പം ഇടം കിട്ടിയിട്ടില്ല എന്നത് ശ്രദ്ധിയ്ക്കുക. മസ്ജീദ് തകര്‍ക്കാന്‍ ശ്രമിച്ചത് സാമൂഹ്യ വിരുദ്ധര്‍ ആണെന്നും അവരെ തടയാന്‍ നേതാക്കള്‍ ശ്രമിക്കുകയായിരുന്നു എന്നുമുള്ള കോടതിയുടെ കണ്ടത്തല്‍ ഹൈ ലൈറ്റ് പോയിന്റായി ഒന്നാമതായി കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെ പ്രസംഗങ്ങള്‍ക്ക് ശബ്ദ സാംപിളില്ല, വീഡിയോ മുദ്ര വച്ചില്ല, ഫോട്ടോകള്‍ക്കൊപ്പം നെഗറ്റിവില്ല തുടങ്ങി അന്വേഷണ ഏജന്‍സിയായ സി ബി ഐയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകളെയും വാര്‍ത്ത ഹൈ ലൈറ്റ് ചെയ്യുന്നു. മദ്ജീദിന് സമീപത്തെ വേദിയില്‍ ഉണ്ടായിരുന്നത് കൊണ്ട് അതിക്രമം നടക്കുമെന്ന് നേതാക്കള്‍ കരുതണമെന്നില്ല എന്നു 2300 പേജുള്ള വിധി ന്യായത്തില്‍ ജഡ്ജി എസ് കെ യാദവ് ചൂണ്ടിക്കാണിക്കുന്നു.

മുസ്ലീം സംഘടനകള്‍ അപ്പീലിന് പോകും എന്ന വാര്‍ത്തയും മനോരമയുടെ ഒന്നാം പേജില്‍ വായിക്കാം. കൂടാതെ ലിബറാന്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ക്ക് നേര്‍ വിപരീതമാണ് സി ബി ഐ കോടതിയുടെ വിധി എന്ന മറ്റൊരു റിപ്പോര്‍ട്ടും മനോരമ അകത്തെ പേജില്‍ നല്‍കിയതായി കാണാം.

മാതൃഭൂമിയിലേക്ക് വന്നാല്‍ "തെളിവില്ലെന്ന് കോടതി" എന്ന തലക്കെട്ട് ചുവന്ന ബാനറില്‍ കൊടുത്തുകൊണ്ട് മുകളില്‍ കുറ്റവിമുക്തരാക്കപ്പെട്ട അഞ്ചു നേതാക്കളുടെ ചിത്രങ്ങളും താഴെ പള്ളി തകര്‍ക്കുന്നതിന്റെ ചിത്രങ്ങളും നല്കിയിരിക്കുന്നു. വി എച്ച് പി നേതാവ് വിനയ് കത്യാരുടെ വീട്ടില്‍ 1992 ഡിസംബര്‍ 5നു നടന്ന യോഗം ഗൂഡാലോചയാണ്, അദ്വാനിയുടെ രഥയാത്രയുടെ ലക്ഷ്യം മസ്ജീദ് പൊളിക്കലാണ് എന്നിവ തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്ന കാര്യം പള്ളി പൊളിക്കുന്ന ചിത്രത്തിനൊപ്പം ഹൈ ലൈറ്റ് ചെയ്തു കൊടുത്തിരിക്കുന്നു.

"വീണ്ടും തകര്‍ത്തു" എന്ന തലക്കെട്ടോടെ വാര്‍ത്തയുടെ രാഷ്ട്രീയ ധ്വനിയെ ശക്തമായി അവതരിപ്പിക്കാന്‍ മാധ്യമം ശ്രാമിച്ചിരിക്കുന്നതായി കാണാം. അതേസമയം "നീതി എവിടെ?" എന്ന ചോദ്യമാണ് ദേശാഭിമാനി ഉന്നയിക്കുന്നത്. കൂട്ടത്തില്‍ വിധി ന്യായത്തില്‍ അക്കമിട്ട് നിരത്തിയിരിക്കുന്ന സി ബി ഐയുടെ പരാജയത്തെ പ്രത്യേക ബോക്സ് വാര്‍ത്തയായി തന്നെ ദേശാഭിമാനി അവതരിപ്പിച്ചിരിക്കുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സി ബി ഐക്കെതിരെ സി പി എം നിലപാട് കൈക്കൊണ്ട പശ്ചാത്തലത്തില്‍ ഈ വാര്‍ത്തയ്ക്ക് ചില രാഷ്ട്രീയ സൂചനകളുണ്ട് എന്നു കാണാം.

"മസ്ജിദ്: ഗൂഡാലോചന ഇല്ല, ആരും കുറ്റക്കാരല്ല" എന്ന കേരള കൌമുദിയുടെ തലക്കെട്ട് വായിക്കുമ്പോള്‍ ഒരു സ്വാഭാവിക, നീതി പൂര്‍വ്വകമായ കോടതി വിധിയാണ് ഉണ്ടായിരിക്കുന്നത് എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

ബാബ്റി മസ്ജിദ് കേസ് വിധിയുടെ വാര്‍ത്ത കഴിഞ്ഞാല്‍ കേരളത്തെ സംബന്ധിച്ച നിരവധി പ്രധാന വാര്‍ത്തകള്‍ വിവിധ പത്രങ്ങളില്‍ ഒന്നാം പേജില്‍ കണ്ടെത്താന്‍ കഴിയും . അതില്‍ ചിലത്;

സ്വകാര്യബാങ്കിൽ സ്വപ്നയ്ക്ക് നിക്ഷേപം, 38 കോടി
(മാതൃഭൂമി)

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. . ഇവിടെ സ്വപ്നയുടെ പേരിൽ ലോക്കറുമുണ്ട്. മറ്റൊരു പ്രതിയായ സന്ദീപിനും ഇതേ ബാങ്കിൽ അക്കൗണ്ടുണ്ട്. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇതിനുപുറമേ മറ്റുചില അക്കൗണ്ടിൽനിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാൽ, ലോക്കർ തുറന്ന് പരിശോധിച്ചിട്ടില്ല- റിപ്പോര്‍ട്ട് തുടരുന്നു.

പെരിയ കേസ് ഡയറിയും രേഖകളും കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കും.-ക്രൈം ബ്രാഞ്ചിന് സി ബി ഐ മുന്നറിയിപ്പ് (മലയാള മനോരമ)

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടുള്ള ഹൈക്കോടതിയെ ഉത്തരവ് വന്നു ആഴ്ചകള്‍ക്ക് ശേഷവും 6 തവണ കത്ത് നല്‍കിയിട്ടും ക്രൈം ബ്രാഞ്ച് ഫയലുകള്‍ കൈമാറാത്ത നടപടിയിലാണ് സി ബി ഐ അപൂര്‍വ്വ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നു മനോരമ റിപ്പോര്‍ട്ട് പറയുന്നു. "മേലധികാരികളുടെ അനുമതി തേടിയിരിക്കുകയാണ് എന്നാണ് ക്രൈം ബ്രാഞ്ച് എസ് പി 6 പ്രാവശ്യവും മറുപടി നല്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. രേഖകള്‍ ഉടന്‍ കൈമാറില്ലെന്ന സൂചനയാണ് ഇപ്പൊഴും ക്രൈം ബ്രാഞ്ച് നല്‍കുന്നത്."-റിപ്പോര്‍ട്ട് പറയുന്നു.

ഇത് സംബന്ധിച്ച അഴിമുഖം റിപ്പോര്‍ട്ട് വായിക്കാം: പെരിയയില്‍ സിബിഐയെ തടയാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നേരിടുന്നത് വന്‍ തിരിച്ചടി; കോടതിയലക്ഷ്യ നടപടികളും പിന്നാലെ വന്നേക്കും; കേരള പൊലീസിനും നാണക്കേട്

വടക്കഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് കേസില്‍ സിബിഐക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പോകുന്നു എന്നൊരു വാര്‍ത്തയും മനോരമയും മാതൃഭൂമിയും ഒന്നാം പേജില്‍ കൊടുത്തിട്ടുണ്ട്. രണ്ട് വാര്‍ത്തകളുടെയും ഒരുമിച്ചുള്ള വായന നടത്തുമ്പോള്‍ സി ബിഐ വേഴ്സസ് കേരള സ്റ്റേറ്റ് ഗവണ്‍മെന്‍റ് എന്ന പോരിലേക്ക് കാര്യങ്ങള്‍ നീങ്ങും എന്ന സൂചനയാണ് ലഭിക്കുന്നത്. കൂട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയ ലാവലിന്‍ കേസ് സംബന്ധിച്ച നടപടികളില്‍ സി ബി ഐ ആവശ്യം സംബന്ധിച്ച സുപ്രീം കോടതിയില്‍ നിന്നുള്ള വാര്‍ത്തയും ചേര്‍ത്തു വായിക്കാവുന്നതാണ്.

ആര്യാടന്‍ ഷൌക്കത്തിനെ ഇഡി ചോദ്യം ചെയ്തു

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൌക്കത്തിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 10 മണിക്കൂര്‍ ചോദ്യം ചെയ്തു എന്ന വാര്‍ത്ത ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വായിക്കാം. വിദ്യാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടിയ സിബി വയലില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്നു റിപ്പോര്‍ട്ട് പറയുന്നു. വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ സീറ്റ് നാല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ മലയോര കര്‍ഷക മുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്നു സിബി വയലില്‍.

കോവിഡ് വ്യാപനം കേരളം അതിഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നു എന്ന വാര്‍ത്തയ്ക്ക് ഇതിനിടയില്‍ വലിയ പ്രാധാന്യം കിട്ടിയിട്ടില്ല എന്നു കാണാം.

സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നു. 63,682 സാമ്പിളുകൾ പരിശോധിച്ച ബുധനാഴ്ച 8830 പേർക്ക് രോഗം സ്ഥിരീകരിച്ചു. 23 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 742 ആയി. 123 ആരോഗ്യ പ്രവർത്തകർ അടക്കം 7824 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. അതിൽ 784 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 3536 പേർ രോഗമുക്തരായി.

നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് മൂന്നാമത് ആണ്. ദേശീയതലത്തില്‍ ആക്ടീവ് കേസുകള്‍ 15.42 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 33 ശതമാനമാണ്.-അഴിമുഖം റിപ്പോര്‍ട്ട് വായിക്കാം.
സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരു പ്രാധാന വാര്‍ത്തയും ഇന്നലെ ടെലിവിഷന്‍ ചാനലുകള്‍ ബ്രേയ്ക്ക് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കന്‍ എന്‍ ഐ എ നീക്കം നടത്തുന്നു എന്നാണ് സൂചനകള്‍. മാപ്പുസാക്ഷിയാകാന്‍ തയ്യാറാണ് എന്നു കാണിച്ചു സന്ദീപ് കോടതിയില്‍ അപേക്ഷ നല്‍കിയതായും വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊഴി നല്‍കിയാലും മാപ്പുസാക്ഷിയാക്കന്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ല എന്നാണ് കോടതി ഇത് സംബന്ധിച്ച് പ്രതികകരിച്ചത് എന്നും റിപ്പോര്‍ട്ട് പറയുന്നു.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ കുടുംബത്തിന്റെ ആഗ്രഹ പ്രകാരം മൃതദേഹം സ്ംസ്കരിക്കാന്‍ അനുവദിക്കാതെ തിരക്കിട്ട് സംസ്കാരം നടത്തിയ ഉത്തര്‍ പ്രദേശ് പോലീസിന്റെ നടപടി ദി ഇന്‍ഡ്യന്‍ എക്സ്പ്രസ് ഒന്നാം പേജില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ വെച്ചു പെണ്‍കുട്ടി മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചൊവാഴ്ച രാത്രി ഒന്‍പതരയോടെ മൃതദേഹം വഹിച്ച ആംബുലന്‍സ് ഹത്രാസിലേക്ക് തിരിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് പോലീസ് ബന്തവസില്‍ മൃതദേഹം സംസ്കരിച്ചത്.

മൃതദേഹം സംസ്‌കരിക്കാനുള്ള സൗകര്യംപോലും ഒരുക്കാതെ, ബലപ്രയോഗം നടത്തി എല്ലാം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പോലീസ് വീട്ടില്‍ പൂട്ടിയിട്ടു, ഗ്രാമാവാസികളെ തല്ലിയോടിക്കുകയും ചെയ്താതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 14ന് നാല് സവര്‍ണജാതിക്കാര്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും നാവ് മുറിച്ചുകളയുകയും ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇവരുടെ അയല്‍വാസികളായ ഉന്നത ജാതിക്കാരായ താക്കൂര്‍ സമുദായത്തില്‍പ്പെട്ട നാല് യുവാക്കള്‍ അറസ്റ്റിലായിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഒന്നാമത്തെ ഡിബേറ്റ് സംബന്ധിച്ച വാര്‍ത്തയാണ് അന്തര്‍ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന വാര്‍ത്ത. അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ഡിബേറ്റ് എന്നാണ് വിവിധ മാധ്യമങ്ങളും അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്ന വിദഗ്ദരും അഭിപ്രായപ്പെട്ടത്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കൊണ്ടും ചര്‍ച്ച ചെയ്ത വിഷയത്തെ ഉപരിപ്ലവമായി സമീപിച്ചുകൊണ്ടുമാണ് ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും സംവാദത്തെ കൈകാര്യം ചെയ്തത്. ഒരു ഘട്ടത്തില്‍ താങ്കള്‍ വയടച്ചു വെക്കാമോ? എന്നു ബൈഡന്‍ ട്രംപിനോട് ചോദിക്കുന്ന ഘട്ടത്തില്‍ വരെ കാര്യങ്ങള്‍ എത്തി.

ചര്‍ച്ചയ്ക്ക് ശേഷം ട്രംപിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം വെള്ള തീവ്ര ദേശീയ വാദികളായ പ്രൌഡ് ബോയ്സിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നതാണ്. ഉറച്ചുനില്‍ക്കുവെന്നായിരുന്നു ട്രംപ് ഈ അക്രമകാരികളായ സംഘടനയോട് പറഞ്ഞത്. പ്രശ്‌നങ്ങള്‍ക്ക് കാരണം ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പായ ആന്റിഫായാണെന്നും ട്രംപ് സംവാദത്തിനിടെ പറഞ്ഞു. തീവ്രവാദികളായ അരാജവാദികളും അക്രമികളുമാണ് ആന്റിഫാ എന്ന എഫ്ബിഐ തലവന്റെ പ്രസ്ഥാവനയും ട്രംപ് സംവാദത്തിനിടെ ഉദ്ധരിച്ചു. ട്രംപിന്റെ നിലപാട് തങ്ങള്‍ക്കുള്ള അംഗീകരാമായാണ് പ്രൌഡ്ബോയ്സ് കണ്ടത്.

എന്നാല്‍ തെരുവില്‍ കലാപം സൃഷ്ടിക്കുന്ന ആക്രമി സംഘത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഡിബേറ്റിന് ശേഷം ട്വിറ്ററില്‍ ആയുധങ്ങളുമായി പ്രൌഡ് ബോയ്സ് നടത്തിയ റാലിയുടെ വീഡിയോ ആണ് ബൈഡന്‍ പോസ്റ്റ് ചെയ്തത്. ഡിബേറ്റ് മോഡെറേറ്റര്‍ ക്രിസ് വാലസ് വെള്ള ദേശീയ വാദികളെ അപലപിക്കാന്‍ ട്രംപിനെ വെല്ലുവിളിക്കുന്ന ശബ്ദ രേഖ ചേര്‍ത്തുകൊണ്ട് , ഇങ്ങനെയല്ലാതെ ഇത് പോസ്റ്റ് ചെയ്യാന്‍ സാധിക്കില്ല എന്ന കുറിപ്പോടെയാണ് ബൈഡന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories