കോവിഡ് 19 ബാധിച്ചു മരിക്കുന്നവരുടെ മുഖം ഇനി ഉറ്റ ബന്ധുക്കള്‍ക്ക് കാണാം. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അടുത്ത് നിന്നും കാണരുത്, മൃതദേഹം തൊടരുത്, ആചാരപരമായ കുളിപ്പിക്കല്‍ ചടങ്ങുകള്‍ പാടില്ല, മത ഗ്രന്ഥ വായന തുടങ്ങിയ ചടങ്ങുകള്‍ നിശ്ചിത അകലം പാലിച്ച് നടത്തണം, 60 വയസിനു മുകളില്‍ ഉള്ളവര്‍ 10 വയസില്‍ താഴെയുള്ള...

NEWS WRAP | കോവിഡ് ബാധിച്ച് മരിച്ചവരുടെ മുഖം ഇനി ഉറ്റ ബന്ധുക്കള്‍ക്ക് കാണാം


ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.
നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

കോവിഡ് 19 ബാധിച്ചു മരിക്കുന്നവരുടെ മുഖം ഇനി ഉറ്റ ബന്ധുക്കള്‍ക്ക് കാണാം. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അടുത്ത് നിന്നും കാണരുത്, മൃതദേഹം തൊടരുത്, ആചാരപരമായ കുളിപ്പിക്കല്‍ ചടങ്ങുകള്‍ പാടില്ല, മത ഗ്രന്ഥ വായന തുടങ്ങിയ ചടങ്ങുകള്‍ നിശ്ചിത അകലം പാലിച്ച് നടത്തണം, 60 വയസിനു മുകളില്‍ ഉള്ളവര്‍ 10 വയസില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കരുത് തുടങ്ങിയവയാണ് മുഖ്യ നിര്‍ദേശങ്ങള്‍. ശവസംസ്കാര പ്രോട്ടോക്കോള്‍ സംബന്ധിച്ചു നേരത്തെ ഇറക്കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സംസ്ഥാനത്തെ രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്കാരത്തില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്, പങ്കെടുക്കുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം നിരീക്ഷണത്തില്‍ കഴിയണം തുടങ്ങിയവ നിര്‍ബന്ധമായും പാലിച്ചിരിക്കണം.
സംസ്ഥാനത്ത് ഇതുവരെ 1332 പേര് ആണ് കോവിഡ് ബാധിച്ചു മരിച്ചത്. 96,585 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
സ്വര്‍ണ്ണക്കടത്തില്‍ എം എല്‍ എ?
തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളാണ് ഇന്നത്തെ മലയാള മനോരമയുടെ ഒന്നാം പേജില്‍ ഇടം പിടിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ കെ ടി റമീസ് വഴി ഒരു എം എല്‍ എ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വാര്‍ത്ത. ഇത് സംബന്ധിച്ച രഹസ്യ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രാലയത്തിന് കസ്റ്റംസ് സമര്‍പ്പിച്ചു എന്നും വാര്‍ത്ത വെളിപ്പെടുത്തുന്നു. അതേസമയം ആരാണ് ഈ എം എല്‍ എ എന്നതിന്റെ ഒരു സൂചന പോലും റിപ്പോര്‍ട്ട് തരുന്നില്ല എന്നത് ഒന്നാം പേജില്‍ വെണ്ടക്ക വലിപ്പത്തില്‍ അച്ച് നിരത്താനുള്ള വാര്‍ത്തയുടെ യോഗ്യതയെ സംശയത്തിലാക്കുന്നുണ്ട്.
"നിലവില്‍ കേസിലെ സാക്ഷിയായോ പ്രതിയായോ എം എല്‍ എയെഉള്പ്പെടുത്തിയിട്ടില്ല"-മനോരമ റിപ്പോര്‍ട്ട് തുടരുന്നു. 'പി ഡി 12002-06-2020 കോഫെപോസ' എന്ന ഫയല്‍ നമ്പറിലുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ അഞ്ചാം പേജിലാണ് പ്രതികളുമായി എം എല്‍ എയ്ക്കുള്ള ബന്ധം പരാമര്‍ശിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനായ കെ ടി റമീസ് ഈ എം എല്‍ എയ്ക്ക് പങ്കാളിത്തമുള്ള കള്ളക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണെന്നും സാക്ഷി മൊഴികളുടെ പിന്‍ബലത്തില്‍ കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് എന്നും മനോരമ വാര്‍ത്ത വ്യക്തമാക്കുന്നു.
ഏതാണ് എം എല്‍ എ എന്നു വാര്‍ത്ത വ്യക്തമാക്കാത്തിടത്തോളം മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും പ്രതിപക്ഷ നേതാവും ഒഴികെ പ്രത്യേക പദവികള്‍ ഒന്നും വഹിക്കാത്ത എല്ലാ എം എല്‍ എ മാരും സംശയത്തിന്റെ നിഴലില്‍ ആവുകയല്ലേ എന്നു ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. തല്ക്കാലം സ്വര്‍ണ്ണം, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില എം എല്‍ എ മാരെ കുറിച്ച് മാത്രം ആലോചിച്ച് വായനക്കാര്‍ തൃപ്തിയടയട്ടെ.
മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ മാറി നില്ക്കാന് തന്റെ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് പി വേണുഗോപാലിനോട് എം ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു എന്നതാണ് അടുത്ത വാര്‍ത്ത. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്ന ഡിജിറ്റല്‍ തെളിവുകളിലാണ് ഈ കാര്യം ഉള്ളത് എന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വപ്ന അറസ്റ്റിലായപ്പോഴാണ് ശിവശങ്കര്‍ ഇങ്ങനെ ആവശ്യപ്പെട്ടത് എന്നും സൂചനകളുടെ അടിസ്ഥാനത്തിലുള്ള ഈ വാര്‍ത്തയില്‍ വെളിപ്പെടുത്തുന്നു.
സ്വപ്ന ഡോളര്‍ ഇടപാട് നടത്തിയ തിരുവനന്തപുരത്തെ കരമന ആക്സിസ് ബാങ്ക് മാനേജര്‍ ശേഷാദ്രി അയ്യരെ സസ്പെന്‍ഡ് ചെയ്തു എന്നതാണ് മനോരമയുടെ ഒന്നാം പേജിലെ ഇതുമായി ബന്ധപ്പെട്ട മൂന്നാമത്തെ വാര്‍ത്ത. വിദേശ നാണ്യ വിനിമയ ചട്ടങ്ങള്‍ മറികടന്നു സ്വപ്ന ഈ ബാങ്കിലൂടെ ഡോളര്‍ കടത്തി എന്നാണ് കേസ്.
പി.എസ്.സി. നിയമനങ്ങളിൽ സാമ്പത്തികസംവരണം
ഏറെ സംവാദങ്ങളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും സൃഷ്ടിക്കാന്‍ സാധ്യതയുള്ള പി.എസ്.സി. നിയമനങ്ങളിൽ സാമ്പത്തികസംവരണം നടപ്പാക്കാനുള്ള വിജ്ഞാപനം തയ്യാറായി. 2020 ഒക്ടോബർ 23 മുതല്‍ വിജ്ഞാപനം പ്രാബല്യത്തിൽവരുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
"പി.എസ്.സി. നിയമനങ്ങളിൽ എന്നുമുതൽ ഇതു നടപ്പാകുമെന്ന് വിജ്ഞാപനത്തിൽ പ്രത്യേകം പറയുന്നില്ല. നിലവിൽ പി.എസ്.സി.യുടെ റാങ്ക്പട്ടികകളിലൊന്നും സാമ്പത്തിക സംവരണം അനുസരിച്ചുള്ള വിഭാഗത്തെ വേർതിരിച്ചിട്ടില്ല. പുതുതായി വിജ്ഞാപനങ്ങൾ പി.എസ്.സി. തയ്യാറാക്കുമ്പോഴേ സാമ്പത്തിക സംവരണംകൂടി ഉൾപ്പെടുത്താനാകൂ."
കേരളം കുട്ടികളുടെ ആത്മഹത്യാ മുനമ്പ്
കോവിഡിനെത്തുടർന്നുള്ള അടച്ചിടൽകാലത്ത് കേരളത്തിൽ മാർച്ച് 23 മുതൽ സെപ്റ്റംബർ ഏഴുവരെ 173 കുട്ടികൾ ആത്മഹത്യചെയ്തുവെന്ന ഞെടിക്കുന്ന കണക്ക് കേരള പോലീസ് പുറത്തുവിട്ടു. അതേ സമയം സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ ജൂലൈ 31 വരെ ആത്മഹത്യ ചെയ്തത് 158 കുട്ടികള്‍ ആണെന്ന് കുട്ടികളുടെ ആത്മഹത്യയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി.
"ഫെബ്രുവരി മുതല്‍ ജൂലൈ 31 വരെയുള്ള കണക്കുകളിൽ മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത്. 22 പേര്. തിരുവനന്തപുരം ജില്ലയില്‍ 21 പേരും തൃശ്ശൂരില്‍ 18 കുട്ടികളാണ് സ്വയം ജീവനൊടുക്കിയത്. രണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്ത കോട്ടയം ജില്ലയിലാണ് ഏറ്റവും കുറവ്. ആത്മഹത്യ ചെയ്ത 158 പേരില്‍ 90 പേരും പെണ്‍കുട്ടികളാണ്. തൃശ്ശൂര്‍ ജില്ലയില്‍ 18 കുട്ടികള്‍ ആത്മഹത്യ ചെയ്തതില്‍ 13 പേരും പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 15 മുതല്‍ 18 വരെ വയസ്സുള്ള കുട്ടികളാണ് ജീവനൊടുക്കിയവരില്‍ ഏറെപ്പേരും. ഇതിലും പെണ്‍കുട്ടികളാണ് കൂടുതലെന്ന് ശ്രീലേഖ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. -റിപ്പോര്‍ട്ട് വിശദമായി അഴിമുഖത്തില്‍ വായിക്കാം
വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസ്
വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്ന ഒക്ടോബര്‍ 25 മുതല്‍ മാതാപിതാക്കള്‍ വീടിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. നീതി തേടി മുഖ്യമന്ത്രിയെ കണ്ട ഒക്ടോബര്‍ 31 വരെ സത്യഗ്രഹ സമരം തുടരും. കേസ് അട്ടിമറിച്ച ഡി വൈ എസ് പി സോജന് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക, കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്.
കോവിഡ് കുംഭകോണം
കോവിഡ് മഹാമാരി കത്തിപ്പടർന്നു തുടങ്ങിയ സന്ദർഭത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നടന്നത് കോടിക്കണക്കിന് യൂറോയുടെ അഴിമതികളാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് പുറത്ത്. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് (ഒസിസിആർപി) ആണ് കോവിഡ് കാലത്തിന്റെ അടിയന്തിരാവസ്ഥയുടെ മറവിൽ നടന്ന വൻ കൊള്ളകളിലേക്ക് വെളിച്ചം വീശുന്ന തെളിവുകൾ.പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
അസാധാരണമായ അടിയന്തിര സാഹചര്യം ഉരുത്തിരിഞ്ഞത് ചൂണ്ടിക്കാട്ടി സൃഷ്ടിച്ചെടുത്ത മറയിലൂടെയാണ് വലിയ അഴിമതികൾ നടന്നിരിക്കുന്നത്. പൊതു ആവശ്യങ്ങൾക്കായി നടത്തുന്ന വാങ്ങലുകൾക്ക് പാലിക്കേണ്ട ചട്ടങ്ങളെല്ലാം കോവിഡിന്റെ മറവിൽ റദ്ദ് ചെയ്യപ്പെട്ടു. അടിയന്തിരമായി വാങ്ങേണ്ടുന്ന പിപിഇ കിറ്റുകളും മരുന്നുകളുമെല്ലാമടങ്ങുന്ന വസ്തുക്കൾ വാങ്ങിയ രീതിയും അവയ്ക്ക് ചെലവിട്ട തുകയുമെല്ലാം വലിയ തോതിൽ പൊതുസമക്ഷത്തു നിന്നും മറച്ചു വെക്കപ്പെട്ടിരിക്കുകയാണ്.
37 രാജ്യങ്ങളിലെ മാധ്യമപങ്കാളിത്തത്തോടെ 37,000ത്തിലധികം ടെൻഡർ, കരാർ രേഖകളാണ് ഒസിസിആർപി ശേഖരിച്ചത്. 20.8 ബില്യൺ യൂറോയിലധികം വരുന്ന അതിഭീമമായ സംഖ്യയുടെ കരാറുകളും ടെൻഡറുകളുമാണ് ഈ വർഷം ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള ചുരുങ്ങിയ കാലയളവിൽ യൂറോപ്യൻ രാജ്യങ്ങൾ കോവിഡിന്റെ പേരിൽ മാത്രം നടപ്പാക്കിയത്. ഇവ പിപിഇ കിറ്റുകൾ വാങ്ങുന്നതിനും, വെന്റിലേറ്ററുകൾ വാങ്ങുന്നതിനും, ടെസ്റ്റുകൾക്കാവശ്യമായ ഉപകരണങ്ങളും മറ്റ് മരുന്നുകളും വാങ്ങുന്നതിനുമെല്ലാമായാണ് ചെലവിട്ടത്. (അന്വേഷണാത്മക റിപ്പോര്‍ട്ട് അഴിമുഖത്തില്‍ വായിക്കാം)
ഫ്യൂച്ചർ ഗ്രൂപ്പ് - മുകേഷ് അംബാനിയുടെ റിലയൻസ് കരാറിന് ആമസോണിന്റെ ഉടക്ക്
സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സുമായി നടത്തിയ 24,713 കോടി രൂപയുടെ കരാറിന് താല്‍ക്കാലിക വിലക്ക്. ആമസോണ്‍ നല്കിയ പരാതിയെ തുടര്‍ന്ന് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്ബിട്രേഷന് സെന്ററിന്റെതാണ് ഉത്തരവ്. അടുത്ത 90 ദിവസങ്ങളില്‍ കരാര്‍ സംബന്ധിച്ച നടപടികളുമായി മുന്നോട്ട് പോകുന്നതിനാണ് വിലക്കെന്ന് ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്യൂച്ചർ ഗ്രൂപ്പിന്റെ 1500 റീട്ടെയിൽ സ്റ്റോറുകളോടൊപ്പം കമ്പനിയുടെ ചരക്കുനീക്ക, സംഭരണ സന്നാഹങ്ങളും റിലയൻസിന് കൈമാറിക്കൊണ്ടുള്ളതാണ് കരാര്‍. ഈ ഏറ്റെടുക്കലിന്റെ ഭാഗമായി ഫ്യൂച്ചർ റീട്ടെയിൽ, ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷൻസ്, ഫ്യൂച്ചർ കൺസ്യൂമർ, ഫ്യൂച്ചർ സപ്ലേ ചെയിൻസ്, ഫ്യൂച്ചർ മാർക്കറ്റ് നെറ്റ്വർക്സ് എന്നിവ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിൽ ലയിച്ചു. ഫ്യൂച്ചർ എന്റർപ്രൈസസിന്റെ ഷോറൂമുകളായ ബിഗ് ബസാർ, എഫ്ബിബി, ഫുഡ്ഹാൾസ ഈസിഡേ, നീൽഗിരിസ്, സെൻട്രൽ, ബ്രാൻഡ് ഫാക്ടറി എന്നിവയുടെ ഉടമസ്ഥത ഇരുവരും ചേർന്നുണ്ടാക്കിയ കരാർ പ്രകാരം ഇപ്പോൾ റിയലയൻസിനാണ്. ഈ കരാർ പ്രകാരം കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ കടങ്ങൾ അംബാനി ഏറ്റെടുത്ത കമ്പനി തീർക്കും. ബാക്കിയുള്ളത് പണമായി ബിയാനിക്ക് നൽകുകയും ചെയ്യും.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ബിയാനിയുടെ ഫ്യൂച്ചർ റീടെയിൽ ആമസോണുമായി മറ്റൊരു കരാറിലെത്തിയിരുന്നു. ഫ്യൂച്ചർ റീടെയിലിന്റെ പ്രമോട്ടർ സ്ഥാപനമായ ഫ്യൂച്ചർ കൂപ്പൺസിൽ ആമസോൺ 49 ശതമാനം ഓഹരി കഴിഞ്ഞവർഷം സ്വന്തമാക്കിയിരുന്നു. ഏതാണ്ട് 1500 കോടി രൂപയുടെ ഡീലാണിത്. ഈ ഉടമ്പടി പ്രകാരം ഫ്യൂച്ചർ പ്രൊഡക്ടുകൾ ആമസോൺ വഴി വിൽക്കാൻ കഴിയും. ഈ കരാറിന്റെ ലംഘനം നടന്നുവെന്നാണ് ആമസോൺ ഇപ്പോള്‍ ആരോപിക്കുന്നത്. (അഴിമുഖം എക്സ്പ്ലെയിനര്‍ വായിക്കാം-ജിയോ മാര്‍ട്ടിന്റെ തന്ത്രം മണത്ത് ആമസോണ്‍, 24713 കോടിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് -റിലയന്‍സ് ഇടപാട് നിയമ കുരുക്കിലേക്ക്)
യു എസ് തെരഞ്ഞെടുപ്പ് റെക്കോര്‍ഡ് തകര്‍ക്കും
അമേരിക്കയില്‍ വോട്ടര്‍മാര്‍ ആവേശത്തിലാണ്. ഇത്തവണത്തെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ് ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ഇതുവരെ നേരിട്ടും മെയില്‍ ഇന്‍ ബാലറ്റ് വഴിയും 60 ദശലക്ഷം പേര് വോട്ട് രേഖപ്പെടുത്തി കഴിഞ്ഞതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. 1908നു ശേഷം 65% മുകളില്‍ പോളിംഗ് ഉണ്ടായിട്ടില്ല എന്നതാണ് യു എസ് തെരഞ്ഞെടുപ്പ് ചരിത്രം.

സാജു കൊമ്പന്
മാനേജിംഗ് എഡിറ്റര്‍
Next Story