TopTop
Begin typing your search above and press return to search.

NEWS WRAP | കോടതിയുടെ ഇടപെടല്‍, ഹത്രാസ് കൂട്ട ബലാത്സംഗ കൊലയില്‍ യോഗി സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും

NEWS WRAP | കോടതിയുടെ ഇടപെടല്‍, ഹത്രാസ് കൂട്ട ബലാത്സംഗ കൊലയില്‍ യോഗി സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും


ഹാത്രസ് കൂട്ട ബലാത്സംഗ കൊലയില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വ്യാഴാഴ്ച സ്വമേധയാ കേസെടുത്തു. ബലാത്സംഗം ചെയ്യപ്പട്ട യുവതിയുടെ മരണശേഷം ശവദാഹം വരെ നടന്ന സംഭവങ്ങൾ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്ന് ജസ്റ്റിസുമാരായ ജസ്പ്രീത് സിങ്, രാജൻ റോയ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിലെയും സംസ്ഥാന പോലീസിലെയും ഉന്നത ഉദ്യോഗസ്ഥന്‍മാരോട് ഒക്ടോബര്‍ 12നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടതായി ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയുടെ കുടുംബത്തോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് കുടുംബത്തിന് പറയാനുള്ളത് കേള്‍ക്കേണ്ടതുണ്ട് എന്നു കോടതി പറഞ്ഞു. എന്തുകൊണ്ടാണ് തിരക്കുപിടിച്ച് രാത്രിയില്‍ തന്നെ യുവതിയുടെ ശവസംസ്കാരം നടത്തിയത് എന്നു അറിയേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ ഈ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന് കുടുംബത്തിന്റെ സാമൂഹ്യ സാമ്പത്തിക പദവി കാരണമായില്ലെ എന്നും കോടതി സംശയം പ്രകടിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണം കോടതിയുടെ നിരീക്ഷത്തില്‍ നടത്താനോ അല്ലെങ്കില്‍ ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കാനോ തീരുമാനിക്കും എന്നും കോടതി പറഞ്ഞതായി എക്സ്പ്രസ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യു പി പോലീസ് ധൃതി പിടിച്ച് കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കാതെ നടത്തിയ ശവസംസ്കാരത്തെ സംബന്ധിച്ചു ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച വാര്‍ത്ത കോടതി ഉദ്ധരിച്ചു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ബലാത്സംഗം നടന്നിട്ടില്ലെന്ന വിവാദ വിശദീകരണവുമായി യു പി പോലീസ് രംഗത്തെത്തി. കഴുത്തെല്ലിനേറ്റ പരിക്കു കാരണമാണ് യുവതി മരിച്ചതെന്നു ഫോറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. പ്രശാന്ത് കുമാറാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബലാത്സംഗം നടന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.

ഫോറന്‍സിക് ഫലത്തില്‍ പുരുഷബീജം കണ്ടെത്തിയിട്ടില്ല. പെൺകുട്ടിയും മൊഴിയിൽ ബലാത്സംഗത്തെക്കുറിച്ചു പറഞ്ഞിട്ടില്ല-ഇതാണ് പോലീസിന്റെ വിശദീകരണം. ജാതീയസംഘർഷമുണ്ടാക്കാനും സാഹോദര്യം തകർക്കാനും ചിലർ ഈ സംഭവം തെറ്റായി വഴിതിരിച്ചു വിടുകയായിരുന്നു. അവരെ കണ്ടെത്തി ശക്തമായി നടപടിയെടുക്കുമെന്നും പ്രശാന്ത് കുമാർ പറഞ്ഞു.

19കാരിയായ ദളിത് പെണ്‍കുട്ടിയെ സെപ്തംബര്‍ 22നാണ് സവര്‍ണ്ണ ജാതിക്കാരായ അയല്‍ക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ഇതിനിടയില്‍ സംഭവം ദേശീയ തലത്തില്‍ രാഷ്ട്രീയ പ്രാധാന്യം നേടുകയാണ് എന്നു വിവിധ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി ഹാത്രസിലേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നോയ്‍ഡയ്ക്ക് സമീപം യു.പി. പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതാണ് ഇന്നലത്തെ പ്രധാന സംഭവം. പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയും രാഹുലിനെ ബലമായി നീക്കാന്‍ ശ്രമിക്കുന്നതിനിടെ തള്ളിയിടുകയും ചെയ്തു. ഡൽഹി-യു.പി. യമുന എക്സ്പ്രസ് ഹൈവേയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് മാധ്യമങ്ങളോട് പറയണമെന്നും പോലീസിനോട് രാഹുൽ ആവശ്യപ്പെട്ടു.

മരിച്ച യുവതിയുടെ വീടിനു സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആരെയും അവിടേക്ക് പോകാൻ അനുവദിക്കില്ലെന്നും പോലീസ് പറഞ്ഞപ്പോള്‍ തനിച്ച് പോകുന്നത് എങ്ങനെ നിരോധനാജ്ഞയുടെ ലംഘനമാവുമെന്ന് രാഹുല്‍ ചോദിച്ചു. കോവിഡ് 19 ലോക്ക് ഡൌണിന് ശേഷം രാഹുല്‍ തെരുവിലിറങ്ങി ഒരു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് ഇതാദ്യമായാണ്.

കേരളത്തില്‍ സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മറ്റ് കേസുകളും സംബന്ധിച്ച വാര്‍ത്തകള്‍ തന്നെയാണ് ഒട്ടുമിക്ക പത്രങ്ങളുടെയും ഒന്നാം പേജില്‍ ഇടം പിടിച്ചിരിക്കുന്നത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടിൽ നടക്കുന്ന സി.ബി.ഐ. അന്വേഷണത്തിൽ ഇടപെടില്ല എന്ന കേരള ഹൈക്കോടതിയുടെ തീരുമാനമാണ് മുഖ്യ വാര്‍ത്ത. കോടതി തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ലൈഫ് മിഷൻ സി.ഇ.ഒ.യുടെ ഹർജി ഫയലിൽ കോടതി ഫയലില്‍ സ്വീകരിച്ചു. ഹർജി വിശദവാദത്തിനായി ഒക്ടോബർ എട്ടിലേക്കു മാറ്റി.

"സർക്കാരോ സർക്കാർ ഏജൻസിയോ വിദേശത്തുനിന്ന് സഹായം സ്വീകരിച്ചിട്ടില്ല. യൂണിടാക്കിനും സെയിൻ വെഞ്ചേഴ്‌സിനുമാണ് പണംകിട്ടിയത്. അതിൽ വിദേശസഹായ നിയന്ത്രണനിയമത്തിന്റെ (എഫ്.സി.ആർ.എ.) ലംഘനം നടന്നിട്ടില്ലെന്നും സർക്കാർ വാദിച്ചു."-മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു. സമാനമായ വാദം തന്നെയാണ് തന്റെ വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചത്.

"വിദേശ സംഭാവന നിയന്ത്രണനിയമം ലംഘിച്ചെന്ന പാരാതി ലൈഫ് മിഷനെതിരേ നിലനിൽക്കില്ല. സി.ബി.ഐ. അന്വേഷണം നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്." മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നാ സുരേഷിന്റെ ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ചതാണ് മാതൃഭൂമിയുടെ മറ്റൊരു വാര്‍ത്ത.

സ്വപ്നാ സുരേഷിന്റെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിൽ നടന്ന ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു. എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ ഉടൻ കൈമാറണമെന്നു കാണിച്ച് ഇ.ഡി. ബാങ്കിന് കത്തുനൽകി. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്ന് സ്വപ്നയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് പണം വന്നതിന്റെ കാരണമാണ് ഇ.ഡി. പരിശോധിക്കുന്ന ഒന്ന്. സ്വപ്നയുടെ അക്കൗണ്ടിൽനിന്ന് പണം കൈമാറിയ മറ്റ് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. കോഴിക്കോട്ടെ ഒരു സ്വകാര്യ ട്രസ്റ്റിന് കോടികൾ കൈമാറിയതായാണു വിവരം.-റിപ്പോര്‍ട്ട് തുടരുന്നു.

സ്വപ്നാ സുരേഷ് ആവശ്യപ്പെട്ടപ്രകാരം അഞ്ച് ഐ ഫോണുകൾ വാങ്ങിനൽകിയെന്ന് യൂണിടാക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നതായി മാതൃഭൂമിയുടെ മറ്റൊരു വാര്‍ത്ത വെളിപ്പെടുത്തുന്നു. സി.ബി.ഐ. അന്വേഷണത്തിനെതിരേയാണ് യൂണിടാക് നൽകിയ ഹർജി നല്‍കിയത്. യു എ.ഇ.യുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവർക്ക് സമ്മാനമായി നൽകാനാണെന്നുപറഞ്ഞാണ് മൊബൈൽ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടത്. 2019 ഡിസംബർ രണ്ടിന് യു.എ.ഇ. കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് ഇത് സമ്മാനമായി നൽകിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 144 പ്രഖ്യാപിച്ച വാര്‍ത്തയാണ് മലയാള മനോരമ ലീഡ് വാര്‍ത്തയായി നല്കിയിരിക്കുന്നത്. 5 പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല എന്ന നിബന്ധനകള്‍ അടക്കം കര്‍ശന നടപടികള്‍ ഒക്ടോബര്‍ 3മുതല്‍ നിലവില്‍ വരും. ഈ മാസം 31 വരെയാണ് 144 പ്രാബല്യത്തില്‍ ഉണ്ടാവുക. ഓഫീസുകളില്‍ പോകാനും, വാഹനങ്ങള്‍ കാത്തുനില്‍ക്കാനും കടകള്‍ തുറകുന്നതിനും തടസ്സമുണ്ടാവില്ല.

അതേസമയം ഈ മാസം 15 മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് തുറാക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. കോവിഡ് അപകടകരമായി വ്യാപിക്കുന്നതിനാല്‍ സ്കൂളുകള്‍ തുറക്കുക പ്രായോഗികമല്ല എന്നാണ് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ പല സ്കൂളുകളും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്ററുകളാണ്.

ഇന്നലെ സംസ്ഥാനത്ത് 8135 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 72,339 പേര്‍ ചികിത്സയിലുണ്ട്. ആകെ മരണം 771 ആണ്.

മുഖ്യ ഉപദേശകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്വാറന്റെയിനില്‍ എന്ന വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും വരുന്നത്. യുഎസ് പ്രസിഡന്റ് തന്നെ ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്‌നി മെലാനിയ ട്രംപും നിരീക്ഷണത്തിലാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ചൂടുപിടിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച ഉപദേശക ഹോപ്പ് ഹിക്‌സിനൊപ്പം ട്രംപും മെലാനിയയും നിരവധി തവണ യാത്ര നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് നീരീക്ഷണത്തിലേക്ക് മാറിയത്.

വാര്‍ത്ത വൈറ്റ് ഹൗസ് സ്ഥിരീകരിക്കുമ്പോഴും ഇവരുടെ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയിട്ടില്ല. ട്രംപിന്റെ സഹായികളില്‍ യോഗങ്ങളില്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഹോപ്പ് ഹിക്‌സ്. കഴിഞ്ഞ ദിവസങ്ങളില്‍ മാസ്കില്ലാതെ ഇവര്‍ ട്രംപിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിരുന്നു.

അമേരിക്കയില്‍ ഇപ്പോള്‍ ചൂടന്‍ ചര്‍ച്ച തീവ്ര വെള്ള വംശീയ വാദ സംഘടനയായ പ്രൌഡ് ബോയ്സ് ആണ്. കഴിഞ്ഞ ദിവസം ഓഹിയോയില്‍ നടന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പ്രൌഡ് ബോയ്സിനെ പിന്തുണച്ച് ട്രംപ് നടത്തിയ "സ്റ്റാന്‍ഡ് ബാക്ക്, സ്റ്റാന്‍ഡ് ബൈ" പ്രസ്താവന വിവാദമായിരിക്കുകയാണ്. ട്രംപിന്റെ വാക്കുകള്‍ തങ്ങള്‍ക്കുള്ള അംഗീകരമായാണ് ഇവര്‍ കണ്ടത്. അതേ സമയം സ്റ്റാന്‍ഡ് ബാക്ക്, സ്റ്റാന്‍ഡ് ബൈ എന്നീ വാക്കുകള്‍ രേഖപ്പെടുത്തിയ ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ ആമസോണ്‍ തീരുമാനിച്ചു. പ്രൌഡ് ബോയ്സ് ലോഗോയും ട്രംപിന്റെ പ്രയോഗവും ചിത്രീകരിക്കുന്ന ടീ ഷര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

പ്രൌഡ് ബോയ്സിനെ കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച എക്സ്പ്ലെയിനര്‍ വായിക്കാം :

Azhimukham Plus Explainer | എഫ് ബി ഐ തീവ്രവാദ പട്ടികയില്‍ പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത അക്രമി സംഘം; ആരാണ് ട്രംപ് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട 'പ്രൌഡ് ബോയ്സ്'?

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വാര്‍ത്തകളും വിശകലനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories