TopTop
Begin typing your search above and press return to search.

AZHIMUKHAM PLUS NEWSWRAP | ഇന്ന് എഴുപതിന്റെ നിറവ്, 'ഉറങ്ങാത്ത മുഖ്യമന്ത്രി'യുടെ അന്‍പതിന്റെ ആഘോഷം തുടരുന്നു

AZHIMUKHAM PLUS NEWSWRAP | ഇന്ന് എഴുപതിന്റെ നിറവ്, ഉറങ്ങാത്ത മുഖ്യമന്ത്രിയുടെ അന്‍പതിന്റെ ആഘോഷം തുടരുന്നു


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 70 വയസ്സ് തികഞ്ഞതിനെ വന്‍പിച്ച ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മാതൃഭൂമി. എഡിറ്റോറിയല്‍ അടക്കം രണ്ട് പേജുകളാണ് നീക്കിവെച്ചിരിക്കുന്നത്. സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖര്‍, യോഗി ആദിത്യ നാഥ് എന്നിവരുടെ കുറിപ്പുകളോടൊപ്പം ലെറ്റര്‍ ടു മദര്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗം 'തീയെടുക്കാത്ത കുറിപ്പുകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഡിറ്റോറിയല്‍ തുടങ്ങുന്നത് ഇങ്ങനെ; "അമ്പത് വയസ്സുപിന്നിട്ട ശേഷമാണ് നരേന്ദ്രമോദി ഭരണരാഷ്ട്രീയത്തിലെത്തുന്നത്. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മുഖ്യമന്ത്രിയാവുകയും തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം വിജയവൈജയന്തി പാറിച്ചു എന്നതും ചരിത്രം. മുഖ്യമന്ത്രിയായി ദീർഘകാലം പ്രവർത്തിച്ച് ഭരണപരിചയവും നൈപുണിയും കൈവരിച്ചാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് നായകനായെത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വയം ജയിക്കുകയും പാർട്ടിയെ ഭരണത്തിലെത്തിക്കുകയും ഭരണസാരഥ്യമേൽക്കുകയും ചെയ്തത് അനുക്രമമായ രാഷ്ട്രീയമുന്നേറ്റത്തിലൂടെയാണ്. എഴുപതുവർഷംമുമ്പ് ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ ദരിദ്രപശ്ചാത്തലത്തിൽ ചായക്കടക്കാരന്റെ മകനായി ജനിച്ച് സാധാരണക്കാരനായി വളർന്ന കുട്ടി നരേന്ദ്രമോദിയായി രാഷ്ട്രത്തിന്റെ അനിഷേധ്യനായകനായി മാറിയത് ഇച്ഛാശക്തിയുടെ വിജയംകൂടിയാണ്."
മോദി ഭരണ രാഷ്ട്രീയത്തിന്റെ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും എഡിറ്റോറിയല്‍ പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്ത് അതിവേഗം പടര്‍ന്ന് കൊണ്ടിരിക്കുന്ന കോവിഡ് ആണ് അതിലൊന്ന്. "ടെറസ്സിൽ കയറി കിണ്ണംമുട്ടിയാൽ കൊറോണ പോകുമോ എന്ന ചോദ്യം പല കോണുകളിൽനിന്നും പരിഹാസദ്യോതകമായി ഉയർന്നുവെങ്കിലും മാസ്‌കും സാമൂഹിക അകലവും പാലിക്കുന്നതിൽ അവബോധം സൃഷ്ടിക്കുന്നതിൽ, അതൊരു ദേശീയാവശ്യമാണെന്ന് ഉറപ്പാക്കുന്നതിൽ, അത്തരം നടപടികൾ സഹായകമായെന്നതാണ് യാഥാർഥ്യം." എഡിറ്റോറിയല്‍ തുടരുന്നു.

മിസോറാം ഗവര്‍ണ്ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ 'രാഷ്ട്രത്തിനായി സ്വയം സമര്‍പ്പിച്ചൊരാള്‍' എന്ന ലേഖനത്തില്‍ മനോരമ തങ്ങളുടെ സംഭാവന ഒതുക്കി.

പുതുപ്പള്ളിയില്‍ നിന്നും നിയമസഭയിലെ എത്തി ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കം നിരവധി പേരുടെ കുറിപ്പുകളുമായാണ് ഇന്നലത്തെ പത്രങ്ങള്‍ പുറത്തിറങ്ങിയത്. ഇന്ന് വൈകീട്ട് 5 മണിക്ക് മാമന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സമ്മേളന വാര്‍ത്തയ്ക്കും ഉമ്മന്‍ ചാണ്ടിയുടെ കുടുംബ ഫോട്ടോയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇന്നത്തെ മനോരമ തുടങ്ങുന്നത്. സോണിയ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും അതിനു മുന്പായി ഉമ്മന്‍ ചാണ്ടിയും കുടുംബവും തട്ടകമായ പുതുപ്പള്ളിയില്‍ പര്യടനം നടത്തുമെന്നും പത്രം പറയുന്നു. കൂടാതെ ജൂബിലിക്ക് ശേഷമെന്ത്? എന്ന സുജിത് നായരുടെ പൊളിറ്റിക്കല്‍ കമന്‍ററിയും മലയാള മനോരമ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനിവാര്യനായ ഉമ്മന്‍ ചാണ്ടി, ഊഴം കാത്ത് ചെന്നിത്തല എന്നീ രണ്ട് ഉപതലക്കെട്ടുകളില്‍ വികസിക്കുന്ന ലേഖനം 'വരുമോ ഉമ്മന്‍ ചാണ്ടി?' എന്ന ചോദ്യത്തിലാണ് അവസാനിക്കുന്നത്. എന്തായാലും ഉള്ളടക്കം എന്തെന്ന് വിശദീകരിക്കാതെ തന്നെ വ്യക്തം.

അതേസമയം മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എഴുതിയ ഓര്‍മ്മക്കുറിപ്പാണ് മാതൃഭൂമിയില്‍ ഇന്നലത്തേതിന്‍റെ ബാക്കിപത്രമായി ഉള്ളത്. ഒരു ട്രെയിന്‍ യാത്ര അനുഭവമാണ് ജിജി തോംസണ്‍ എഴുതുന്നത്. അതിലെ ഹൈലൈറ്റ് ഇതാണ്, "അരണ്ട വെളിച്ചത്തിൽ, ഒരു ഫയൽപ്പാഡിൽ കെട്ടിവെച്ചിരുന്ന പരാതികൾ ഓരോന്നായി വായിച്ച് അതിന്റെ മാർജിനിൽ ഉത്തരവുകൾ എഴുതാൻ തുടങ്ങി. മയക്കത്തിനിടയിൽ ഒളികണ്ണിട്ടു നോക്കിയപ്പോൾ മുഖ്യമന്ത്രി ചാരിയിരുന്ന് ഉറങ്ങുന്നു. മടിയിൽ പരാതിക്കെട്ടുണ്ട്. പേന വിരലിനിടയിൽ. ഞാൻ എഴുന്നേറ്റ് അദ്ദേഹത്തെ ഉണർത്തി. എന്നിട്ട് കിടക്ക വിരിക്കാൻ തുടങ്ങി. ''വേണ്ട, വേണ്ട. ഞാൻ ചെയ്തുകൊള്ളാം.'' -അദ്ദേഹം തടസ്സവാദം തുടങ്ങി. ''ദയവായി സാറൊന്ന് കിടക്കാമോ?'' ഞാൻ പരിഭവസ്വരത്തിൽ. ''ഇപ്പോൾ എന്റെ ഉറക്കം പോയി!'' എന്നുപറഞ്ഞ് അദ്ദേഹം വീണ്ടും ഫയൽ നോക്കാൻ തുടങ്ങി."

ആഘോഷ വാര്‍ത്തകള്‍ ഇങ്ങനെ തുടരുമ്പോള്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒരു പ്രധാന വാര്‍ത്ത അത്ര പ്രധാനമല്ലാതെ കടന്നു പോകുന്നത് കാണാം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ കെ ടി റമീസിന് കസ്റ്റംസ് കേസില്‍ ജാമ്യം കിട്ടിയതായാണ് വാര്‍ത്ത. കേസെടുത്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. അതേസമയം എന്‍ ഐ എ കേസില്‍ മൂന്നാം പ്രതിയായതിനാല്‍ റമീസിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേണ്ടിയുള്ള ശ്രമം സംസ്ഥാന ഗവണ്‍മെന്‍റ് തുടരുകയാണ്. രാഷ്ട്രീയ വിവാദമാവുകയും കോടതി കയറുകയും ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാലറി കട്ട് 6 മാസം കൂടി തുടരാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. നേരത്തെ പിടിച്ച പണം 9% പലിശയോടെ പി എഫില്‍ ലയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നും ജി എസ് ടി നഷ്ടപരിഹാരം കിട്ടാത്തതും ഓണക്കിറ്റ്, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുടങിയവ ഉണ്ടാക്കിയ അധിക ബാധ്യതയുമാണ് സാലറി കട്ട് തുടരാന്‍ കാരണമെന്ന് ധന മന്ത്രി തോമസ് ഐസക് വിശദീകരിച്ചു. അതേസമയം സര്‍ക്കാര്‍ കര്‍ശനമായ ചെലവ് ചുരുക്കലിലേക്ക് നീങ്ങുന്നതായും വാര്‍ത്തയുണ്ട്. ഒരു വര്‍ഷത്തേക്ക് കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കല്‍, ഫര്‍ണിച്ചര്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവയുണ്ടാകില്ല എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.

അന്‍പതില്‍ അധികം പേര്‍ കൊല്ലപ്പെടുകയും നിരവധി കോടി വിലവരുന്ന വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ല്‍ പൌരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭകര്‍ മാത്രം എന്ന വാര്‍ത്തയാണ് എന്‍ ഡി ടിവിയുടെ ഹോം പേജിലെ മുഖ്യ വാര്‍ത്തകളിലൊന്ന്. 17000 പേജോളം വരുന്ന കുറ്റപത്രത്തില്‍ 15 പെര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ആരും തന്നെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് പൌരത്വ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടത്.
യു എ പി എ അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്ക് നേരെ ചുമത്തിയിടുണ്ട്. 2600ല്‍ അധികം പേജുകള്‍ പ്രതികള്‍ക്ക് നേരെ ചുമത്തിയുള്ള കുറ്റങ്ങളുടെ വിശദീകരണമാണ്. ആയിരത്തോളം പേജുള്ള അനുബന്ധങ്ങള്‍ അടക്കം രണ്ട് സ്റ്റീല്‍ ട്രങ്ക് പെട്ടിയിലാണ് കുറ്റപത്രം കോടതിയില്‍ എത്തിച്ചത്.

ആം ആദ്മി പാര്‍ട്ടി മുന്‍ കൌണ്‍സിലര്‍ താഹിര്‍ ഹുസൈന്‍, പിഞ്ച്ര ടോഡ് പ്രവര്‍ത്തകയായ ദേവാങ്കന കലിത, നടാഷ നര്‍വാള്‍, ചില വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രതി പട്ടികയില്‍ ഉള്ളത്. അതേ സമയം യു എ പി എ നിയമ പ്രകാരം അറസ്റ്റ് ചെയ്ത മുന്‍ ജെ എന്‍ യു വിദ്യാര്‍ത്തികളായ ഉമര്‍ ഖാലിദ് ,
ര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവരുടെ പേരുകള്‍ വരുന്ന ദിവസങ്ങളില്‍ സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഡല്‍ഹി പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി ഇന്‍ഡ്യന്‍ എക്സ്പ്രെസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് ഷര്‍ജീല്‍ഇമാമിനെ അറസ്റ്റ് ചെയ്തത്. ഉമര്‍ ഖാലിദിനിനെ മൂന്നു ദിവസം മുന്‍പും.
അതേസമയം കേരളത്തെ ബാധിക്കുന്ന മറ്റൊരു വിഷയം ഡല്‍ഹിയില്‍ നിന്നുണ്ട്. കേരള വികസനത്തിന്റെ പ്രധാന സാമ്പത്തിക ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ കണക്കാകുന്ന കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര ധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ രാജ്യസഭയെ അറിയിച്ചു. സ്വകാര്യ ബാങ്കായ
യെസ്
ബാങ്കില്‍ 250 കോടി നിക്ഷേപിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

എന്നാല്‍ യെസ് ബാങ്കിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കിഫ്ബി സിഇഒ ഡോ. കെഎം എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യെസ് ബാങ്കിൽ നിക്ഷേപിച്ച 250 കോടി രൂപ ബാങ്കിന്റെ തകർച്ചയ്ക്കു മുമ്പുതന്നെ ഈ പണം പിൻവലിക്കുകയുണ്ടായി. 2019 ഓഗസ്റ്റ് 8നായിരുന്നു ഈ പിൻവലിക്കൽ ബാങ്കിന്റെ സാമ്പത്തികനില സകരാറിലാണെന്ന സൂചന കിട്ടിയ മാത്രയിൽ പണം പിൻവലിക്കുകയായിരുന്നു. ബാങ്കിന്റെ റേറ്റിങ് താഴുന്നത് കണ്ടതോടെയാണ് ഈ തീരുമാനമെടുത്തത്. കിഫ്ബി യെസ് ബാങ്കിൽ നിക്ഷേപം നടത്തുന്ന സന്ദർഭത്തിൽ ട്രിപ്പിൾ എ റേറ്റിങ് ഉണ്ടായിരുന്നു. കെ എം എബ്രഹാം വിശദീകരിച്ചു.

സഹകരണ ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന് കീഴില്‍ കൊണ്ടുവരുന്ന ദി ബാങ്കിംഗ് റെഗുലേഷന്‍ അമന്‍ഡ്മെന്‍ഡ് ബില്‍ ഇന്നലെ ലോക്സഭ പാസാക്കി. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് നേരെയുള്ള ആക്രമണം എന്നും സഹകരണ മേഖലയെ തകര്‍ക്കുമെന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ധന മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബില്‍ അവതരിപ്പിച്ചത്. റിസര്‍വ്വ് ബാങ്കിന്റെ മേല്‍നോട്ടത്തിന് കീഴില്‍ സഹകരണ ബാങ്കുകളെ കൊണ്ടുവരിക എന്നതുകൊണ്ട് കേന്ദ്ര ഗവണ്‍മെന്‍റിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരിക എന്നതല്ല ഉദ്ദേശിക്കുന്നത് എന്നു നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ മികച്ച ആയുധം മാസ്ക് ആണ് എന്നു പറഞ്ഞ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മേധാവി ഡോ. റോബര്‍ട്ട് ആര്‍ റെഡ്ഫീല്‍ഡിനെ കളിയാക്കി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നതായി ദി ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്സിനേക്കാള്‍ പ്രധാനമാണ് മാസ്ക് എന്നു പറഞ്ഞത് തെറ്റാണ് എന്നു ട്രംപ് അഭിപ്രായപ്പെട്ടു. വാക്സിന്‍ ഇപ്പോള്‍ ലഭ്യമായാല്‍ കോവിഡിന്റെ വ്യാപനം തടയാന്‍ ഉതകുന്ന തരത്തില്‍ വാക്സിനേഷന്‍ നടത്താന്‍ 6 മുതല്‍ 9 മാസം വരെ എടുക്കുമെന്നാണ് റോബര്‍ട്ട് റെഡ്ഫീല്ഡ് സെനറ്റ് പാനല്‍ മുന്‍പാകെ പറഞ്ഞത്. ഈ വര്‍ഷാവസാനം പരിമിതമായ തോതില്‍ മാത്രമേ വാക്സിന്‍ ലഭ്യമാകുകയുള്ളൂ. 2021 മധ്യത്തോട് കൂടി മാത്രമേ വ്യാപകമായ രീതിയില്‍ വാക്സിന്‍ ലഭ്യമാകുകയുള്ളൂ.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories