TopTop
Begin typing your search above and press return to search.

NEWS WRAP | "മഹാമാരിയുടെ അന്ത്യം ദൃശ്യമായി, അടുത്ത വര്‍ഷം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചത്"-കോവിഡ് സ്ഥിരീകരിക്കുന്നതിന് തൊട്ടുമുന്‍പ് ട്രംപ് പ്രസംഗിച്ചു

NEWS WRAP | മഹാമാരിയുടെ അന്ത്യം ദൃശ്യമായി, അടുത്ത വര്‍ഷം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചത്-കോവിഡ് സ്ഥിരീകരിക്കുന്നതിന് തൊട്ടുമുന്‍പ് ട്രംപ് പ്രസംഗിച്ചു


2012ല്‍ ഡല്‍ഹിയെ ഉറ്റുനോക്കിയതു പോലെ ഉത്തര്‍പ്രദേശിലെ ഇതുവരെ അധികം പരിചിതമല്ലാത്ത ഹത്രാസിലേക്ക് കാതും കണ്ണും കൂര്‍പ്പിച്ചിരിക്കുകയാണ് രാജ്യം. കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പോകാനുള്ള രാഹുലിന്റെയും പ്രിയങ്കയുടെയും നീക്കം യു പി പോലീസിന് തടയാന്‍ സാധിച്ചെങ്കിലും പൊതുസമൂഹവും മാധ്യമങ്ങളും കോടതി ഇടപെടലും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച സമ്മര്‍ദത്തിനും പ്രതിഷേധത്തിനും മുന്നില്‍ ആദിത്യ നാഥ് സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുന്നു.

കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ശനിയാഴ്ച രാത്രി സന്ദർശിച്ചു. ആരുടേയും കണ്ണു നിറയ്ക്കുന്ന വൈകാരിക രംഗങ്ങളാണ് ആ കൊച്ചു വീട്ടില്‍ അരങ്ങേറിയത്. പ്രിയങ്ക അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രമാണ് മാധ്യമങ്ങളുടെ ഒന്നാം പേജിനെ ഇന്ന് ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒന്നാക്കി മാറ്റുന്നത്. ദളിത് കൂട്ടക്കൊലയെ തുടര്‍ന്ന് 1978ല്‍ ബീഹാറിലെ ബെല്‍ച്ചി ഗ്രാമത്തില്‍ നടന്ന ഇന്ദിരാഗാന്ധി പോയത് ഓര്‍മ്മിക്കുക.

നീതി നടപ്പാകും വരെ കൂടെയുണ്ടാകുമെന്ന് രാഹുലും പ്രിയങ്കയും കുടുംബത്തിന് ഉറപ്പുനൽകി. ഒരുശക്തിക്കും പെൺകുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളെ ആർക്കും തടയാനാവില്ലെന്നും അവർ പറഞ്ഞു.

അതേ സമയം ഹത്രാസ് കൂട്ട ബലാത്സംഗ കൊലയുണ്ടാക്കിയ പ്രതിച്ഛായ നഷ്ടത്തില്‍ നിന്നും തടി ഊരാനുള്ള ശ്രമത്തിലാണ് ആദിത്യനാഥ് സര്‍ക്കാര്‍. സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഇന്നലെ വന്നു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് കുമാര്‍ അവസ്തിയുടെയും ഡിജിപി എച്ച് സി അവസ്തിയുടെയും റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആദിത്യനാഥ് പ്രഖ്യാപനം നടത്തിയത് എന്നു ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും കഴിഞ്ഞ ദിവസം ഗ്രാമത്തില്‍ എത്തുകയും കൂടുബാംഗങ്ങളെയും പ്രാദേശിക ജന പ്രതിനിധികളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. രണ്ട് ഉദ്യോഗസ്ഥരുടെയും സന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളെയും പൊതുപ്രവര്‍ത്തകരെയും തടഞ്ഞുകൊണ്ടുള്ള പോലീസ് ബന്തവസ് എടുത്തുകളഞ്ഞു.

അതേസമയം പ്രത്യേക അന്വേഷണ സംഘം നടത്തുന്ന നുണ പരിശോധനയ്ക്ക് വിധേയരാകില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. നിര്‍ഭയ കേസിലെ അഭിഭാഷക തങ്ങളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് അവരെ കടത്തിവിടുന്നില്ല. ഒരു നിയമ സഹായമില്ലാതെ എങ്ങനെ ഞങ്ങള്‍ക്ക് ഈ നാല് കുറ്റവാളികള്‍ക്കെതിരെ പോരാടാന്‍ സാധിയ്ക്കും?" സുപ്രീം കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും പണവും വേണ്ട. ജീവിക്കണമെന്ന് മാത്രമാണ് അവള്‍ അവസാനമായി ആഗ്രഹിച്ചത്, പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ഹത്രാസിലെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബല പ്രയോഗം നടന്നതിന്റെ തെളിവുകള്‍ ഉണ്ടായിരുന്നു എന്ന് കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി. ബലാത്സംഗ ശ്രമത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ബലാത്സംഗം നടന്നോ എന്ന് അറിയാന്‍ കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദേശിച്ചിരുന്നെന്നും അലിഗഡില്‍ പെണ്‍കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍ വ്യക്തമാക്കുന്നു.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധർ. സുശാന്തിന്റെ ആന്തരാവയവങ്ങളിൽ വിഷാംശം ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ കഴുത്തു ഞെരിച്ചതിന്റെയോ മറ്റെന്തെങ്കിലും ബലപ്രയോഗം നടന്നതിന്റെയോ പാടുകൾ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും എയിംസ് വിദഗ്ധര്‍ പറഞ്ഞു.

സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് സുശാന്തിന്റെ കുടുംബം ആരോപിക്കുകയും അന്വേഷണം സി.ബി. ഐ. ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് ഫൊറൻസിക് ഫലം വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കാൻ എയിംസിലെ ഫൊറൻസിക് വിഭാഗത്തിന്റെ സഹായം തേടിയത്. അതേസമയം മരണം ആത്മഹത്യ ആണെന്നായിരുന്നു മുംബൈ പോലീസിന്റെ നിഗമനം.

ബാംഗളൂര്‍ മയക്കുമരുന്ന് കേസില്‍ നിന്നു ഉദ്ഭവിക്കുകയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ബന്ധമുണ്ട് എന്നു സംശയിക്കുകയും ചെയ്യുന്ന ബിനീഷ് കൊടിയേരിയുടെ സ്വത്ത് സമ്പാദന കേസില്‍ ഒക്ടോബര്‍ ആറാം തീയതി ചോദ്യം ചെയ്യാന്‍ ഹാജരാകാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ആയച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത മലയാള മനോരമയില്‍ ഒന്നാം പേജില്‍ ഇടം പിടിച്ചിടുണ്ട്. കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ അനൂപ് മുഹമ്മദിന് 6 ലക്ഷം രൂപ നല്കിയ കാര്യം ബിനീഷ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നടന്നത് 50 ലക്ഷം രൂപയുടെ ഇടപാടാണ് എന്നു സംശയിക്കുന്നതായി മനോരമ റിപ്പോര്‍ട്ട് പറയുന്നു.

നയതന്ത്ര ചട്ട ലംഘനത്തിന് കേന്ദ്ര മന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമക്കുരുക്കില്‍ എന്നൊരു വാര്‍ത്ത ഫോട്ടോകള്‍ സഹിതം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ കൊടുത്തെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ നിന്നും പുറത്തുവന്ന വാര്‍ത്തകളാണ് ചെന്നിത്തലയ്ക്ക് തലവേദന ആയിരിക്കുന്നത്. യു എ ഇ കോണ്‍സുലേറ്റില്‍ നടന്ന നറുക്കെടുപ്പില്‍ സമ്മാന വിതരണം നടത്തി എന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. പ്രോട്ടോക്കോള്‍ കൈപ്പുസ്തകത്തിലെ 38 (സി) പ്രകാരം നറുക്കെടുപ്പ് നയതന്ത്ര പരിധിയില്‍ വരില്ല. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റകരവുമാണ്. -ദേശാഭിമാനി റി
പ്പോര്‍ട്ട്
പറയുന്നു.

2019 അബുദാബിയില്‍ നടന്ന മന്ത്രി തല സമ്മേളനത്തില്‍ മഹിളാ മോര്‍ച്ച നേതാ സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം വേദി പങ്കിട്ട വാര്‍ത്തയാണ് രണ്ടാമത്തേത്. ഈ കാര്യത്തില്‍ വിമുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട് എന്നും ദേശാഭിമാനി റിപ്പോര്ട്ട് പറയുന്നു. സ്മിതാ മേനോന്‍ സര്‍ക്കാര്‍ പ്രതിനിധി ആയല്ല പരിപാടിയില്‍ പങ്കെടുത്തത് എന്നു ഇന്ത്യന്‍ എംബസി വ്യക്തമാക്കിയതായും ദേശാഭിമാനി റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം താന്‍ പകെടുത്തത് പി ആര്‍ ഏജന്‍റ് ആയാണ് എന്നാണ് സ്മിതാ മേനോന്‍ പറയുന്നത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ തിരുവനന്തപുരത്ത് ഡോക്ടര്‍മാരുടെ സമരം ശക്തമാവുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച നിലയില്‍ ഡിസ്ചാര്‍ജ്ജ് ചെയ്ത വാര്‍ത്ത വലിയ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കെ ജി എം സി ടി എ യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ 48 മണിക്കൂര്‍ നിരാഹാരം തുടങ്ങിയത്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ഡ്യൂട്ടി ഒഴികെ അത്യാഹിതമടക്കമുള്ള വിഭാഗങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഒരു ഡോക്ടറേയും രണ്ടു നഴ്സുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. നപടി പിന്‍വലിക്കാന്‍ സാധിക്കിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയതിന് പിന്നാലെ കോവിഡ് നോഡല്‍ ഓഫീസര്‍ ചുമതല ഡോക്ടര്‍മാര്‍ രാജിവെച്ചു.

ഇതിനിടെ കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്നലെ 7834 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 80,818 പേരാണ് ചികിതയില്‍ ഉള്ളത്. അതേസമയം ഇന്നലെ 4476 പേര്‍ക്കു രോഗവിമുക്തി ഉണ്ടായി. നിയന്ത്രണം കടുപ്പിച്ചതിന്റെ ഭാഗമായി 14 ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്.

അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ നിശ്ചലമാക്കി ട്രംപിന്റെയും വിവിധ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെയും കോവിഡ് സ്ഥിരീകരണം . ട്രംപിനും മെലാനിയയ്ക്കും പിന്നാലെ വൈറ്റ് ഹൌസിലെ സഹായിയായ ഹോപ് ഹിക്സ് ഉപദേശക കെലിയാന്‍ കോണ്‍വെ, റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക് ലീ, തോം ടില്ലിസ്, ട്രംപിന്റെ പ്രചാരണ മാനേജര്‍ ബില്‍ സ്റ്റെപ്പിന്‍, റിപ്പബ്ലിക്കന്‍ പാര്ട്ടി ദേശീയ സമിത് അധ്യക്ഷ റോണ മക് ഡാനിയേല്‍ എന്നിവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

"പ്രസിഡണ്ടായി ചുമതലയേറ്റത് മുതല്‍ ഡൊണാള്‍ഡ് ട്രംപ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ആരോഗ്യ സംവിധാനത്തെയും സുരക്ഷയെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ട്രംപിന്റെ കഴിവില്ലായ്മയും സിനിസിസവും അരാജകത്വവും അയാളുടെ തന്നെ ക്ഷേമത്തിന് ഭീഷണിനിയായിരിക്കുകയാണ് എന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു." ദി ന്യൂയോര്‍ക്കര്‍ ഇന്ന് പ്രസിദ്ധീകരിച്ച മുഖ ലേഖനത്തില്‍ പറയുന്നു. "താന്‍ അവഗണിക്കുകയും കൊച്ചാക്കി കാണിക്കുകയും ചെയ്ത അപകടത്തിന്റെ പിടിയില്‍ നിന്നും ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ സംവിധാനത്തിനും വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ക്കും ട്രംപിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല." എന്നും ന്യൂയോര്‍ക്കര്‍ ലേഖനം പറയുന്നു.

രോഗം സ്ഥിരീകരിക്കുന്നതിന് മുന്പ് ട്രംപ് പറഞ്ഞതിതാണ്, "മഹാമാരി അവസാനിക്കാന്‍ പോകുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കും അടുത്ത വര്‍ഷം." കത്തോലിക് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായ അല്‍ സ്മിത്ത് ഡിന്നറിന് വേണ്ടി റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തിലാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories