TopTop
Begin typing your search above and press return to search.

ആരാണ് ശരിക്കും വല്യേട്ടന്‍? മേലേടത്ത് രാഘവന്‍ നായരോ? അറയ്ക്കല്‍ മാധവനുണ്ണിയോ?

ആരാണ് ശരിക്കും വല്യേട്ടന്‍? മേലേടത്ത് രാഘവന്‍ നായരോ? അറയ്ക്കല്‍ മാധവനുണ്ണിയോ?

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ആരാണ് ശരിക്കും വല്യേട്ടന്‍? ഏറ്റവുമൊടുവില്‍ "സി പി എമ്മിനെ തിരുത്താനുള്ള ശേഷിയൊന്നും ഞങ്ങള്‍ക്കില്ലെന്ന" സിപിഐയുടെ മുതിര്‍ന്ന നേതാവ് സി ദിവാകരന്റെ മുനവെച്ച പ്രയോഗത്തില്‍ (അഴിമുഖംപ്രസിദ്ധീകരിച്ച അഭിമുഖം ഇവിടെ വായിക്കാം) കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലമായി മുഖ്യധാര രാഷ്ട്രീയവും മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്ന ആ വല്യേട്ടന്‍ സിന്‍ഡ്രോമിനെ കുറിച്ചുള്ള സൂചനയുണ്ട്. വലിയ പ്രത്യയശാസ്ത്ര, ചരിത്ര ഭാരമുള്ള പ്രയോഗം തന്നെയാണ് ഈ 'വല്യേട്ടന്‍'. അത് മനസിലാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ രൂപീകരിച്ചത് മുതലുള്ള 100 വര്‍ഷ കാലത്തെ അതിന്റെ ചരിത്രത്തിലൂടെ കടന്നു പോകണം എന്നൊക്കെ പറഞ്ഞാല്‍ പെട്ടെന്നു നടക്കുന്ന കാര്യമല്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും വായിക്കാനുള്ള സമയവുമില്ല. ചോദിച്ചു മനസിലാക്കാന്‍ ചിന്ത മാസികയില്‍ ഇപ്പോള്‍ ഇ എം എസിനോട് ചോദിക്കാം എന്ന പംക്തി തുടരുന്നുണ്ടോ എന്നും അറിയില്ല. എന്നാല്‍ ഈ സിന്‍ഡ്രോമിനെ ലളിതമായി മനസിലാക്കാന്‍ മലയാളത്തില്‍ രണ്ടു സിനിമകളുണ്ട്. രണ്ടും ബോക്സ് ഓഫീസ് ഹിറ്റുകള്‍. പ്രഖ്യാപിത ഇടതു സഹയാത്രികനായ മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് രണ്ടിലും നായകന്‍. വാത്സല്യവും വല്യേട്ടനും. ആദ്യത്തേത് സി പി ഐ വല്യേട്ടനും രണ്ടാമത്തേത് സി പി എം വല്യേട്ടനും (കൈരളി ചാനല്‍ ഉണ്ടായ കാലം മുതല്‍ എല്ലാ ഓണക്കാലത്തും കാണിക്കുന്ന ഒരു സിനിമായാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടന്‍.) എന്നു സങ്കല്‍പ്പിച്ചുകൊണ്ട് ഒരു അന്യാപദേശ കഥയായി തല്‍ക്കാലം വിശകലനം ചെയ്യാം..

ലോഹിതദാസ് തിരക്കഥ എഴുതി കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ആദ്യത്തെ വല്യേട്ടന്‍ പടം ഒരു കുടുംബ കണ്ണീര്‍ പടമാണ്. കുടുംബത്തിന് വേണ്ടി പകലന്തിയോളം വയലില്‍ പണിയെടുക്കുന്ന കര്‍ഷക സഖാവ്. എന്നാല്‍ ആ വല്യേട്ടന്റെ മഹത്വം മനസിലാക്കാതെ ആധുനികമായ മാറ്റങ്ങളുടെ പിടിയില്‍ പെട്ട് സഹോദരങ്ങള്‍ തല്ല് കൂടി പിരിഞ്ഞു പോവുന്നതും ഒടുവില്‍ വല്യേട്ടന്‍ ഒന്നുമല്ലാത്തവനായി തീരുന്നതുമൊക്കെയാണ് വാത്സല്യത്തിന്റെ കഥ. ശരിക്കും സിപിഐയുടെ അവസ്ഥ. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവുണ്ടായിരുന്ന പാര്‍ട്ടിയാണ്.

സിപിഎം വല്യേട്ടന്‍ പടത്തിലെ നായകന്‍ ഒരു മീശ പിരിയന്‍ പുരുഷ മേധാവിയാണ്. ഗൂണ്ടായിസവും തള്ളുമാണ് (ഉദ്ദേശിച്ചത് ഡയലോഗ് തന്നെ) പുള്ളിയുടെ ട്രേഡ് മാര്‍ക്ക്. അതിനു കണക്കായ തടിമിടുക്കുള്ള കുറച്ചു ആസ്മാദികളും കൂട്ടിനുണ്ട്. തിന്മയെ ഉന്മൂലനം ചെയ്യാന്‍ ബുദ്ധിയും ശക്തിയും ഉപയോഗിക്കും. മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന സുപ്രധാന കമ്യൂണിസ്റ്റ് മുദ്രാവാക്യം ഓര്‍ക്കുക. ഉന്മൂലന സിദ്ധാത്തത്തില്‍ സി പി എം വിശ്വസിക്കുന്നില്ലെങ്കിലും തങ്ങളെ വേട്ടയാടുന്നവരെ പ്രതിരോധിക്കാന്‍ അങ്ങനെയാവാം എന്നതാണ് അടവ് നയം.

ഇനി കാര്യത്തിലേക്ക് കടക്കാം, അതായത് അനുദിനം ശക്തമാകുന്ന സി പി ഐ -സി പി എം തര്‍ക്കവും ആരുടെ വാദത്തിനാണ് പത്തരമാറ്റ് കമ്യൂണിസ്റ്റ് മൂല്യം കൂടുതലും എന്ന വിഷയത്തിലേക്ക് തന്നെ.

1964ല്‍ ഡല്‍ഹിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള 32 പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ശുദ്ധിക്കുറവ് ആരോപിച്ചു കൊണ്ടാണ്. അതായത് ബൂര്‍ഷ്വാ പാര്‍ട്ടിയായ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ക്ക് പ്രേമം കൂടിയിരിക്കുന്നു. അത് കമ്യൂണിസ്റ്റ് നയത്തില്‍ വെള്ളം ചേര്‍ക്കലാണ് എന്നൊക്കെയായിരുന്നു ആരോപണം. ഈ ആരോപണത്തിന് ബലം ഏറ്റുന്ന ആഗോള പശ്ചാത്തലവും ആ കാലത്ത് സംജാതമായി വന്നിരുന്നു. സോവിയറ്റ്-ചൈന തര്‍ക്കം, ഇന്‍ഡ്യ ചൈന യുദ്ധം, നെഹ്റുവിന്റെ സോവിയറ്റ് പ്രണയം അങ്ങനെ പലതും. എന്തായാലും കോണ്‍ഗ്രസ് അനുകൂല നിലപാടെടുത്ത ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമാവുകയും കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഭരിക്കാവുന്ന ശക്തിയിലേക്ക് പിളര്‍ന്ന് മാറിയവര്‍ ഉണ്ടാക്കിയ സിപി ഐ എം മാറുകയും ചെയ്തു. പിന്നീട് കുപ്രസിദ്ധമായ അടിയന്തരാവസ്ഥ കാലത്തെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള പാപക്കറയുണ്ടാക്കിയ ഭരണത്തിനു ശേഷം ഇടതു മൂല്യങ്ങളിലേക്ക് സി പി ഐ തിരിച്ചു വരികയും സി പി എമ്മിന് കീഴില്‍ രണ്ടാമനായി ഒരു ഇടതുപക്ഷ വേദിയില്‍ മുന്നണിയായി അണിചേരുകയും ചെയ്തു.

അതേസമയം ചില നേതാക്കള്‍, പ്രത്യേകിച്ചും സി പി ഐയില്‍ ഉള്ളവര്‍ രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ലയിക്കേണ്ട വര്‍ത്തമാന കാല ആവശ്യം പലപ്പോഴും മുന്നോട്ട് വെച്ചെങ്കിലും സി പി എം നേതാക്കള്‍ അതൊക്കെ പുച്ഛിച്ചു തള്ളുകയായിരുന്നു. ഇന്ന് സി ദിവാകരന്‍ അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ ഞങ്ങളാരാണ് അവരെ ഉപദേശിക്കാന്‍ എന്ന മട്ടിലുള്ള കുത്തുവാക്കിന് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കഴിഞ്ഞ 40 വര്‍ഷ കാലത്തെ അനുഭവങ്ങളുടെ കയ്പ്പേറിയ അനുഭവങ്ങളുണ്ട്. സി പി ഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു ഇന്നലെ അവരുടെ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ തുടങ്ങാം ആരാണ് ശരിയായ വല്യേട്ടന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള പ്രക്രിയ. പ്രകാശ് ബാബു വിന്റെ ലേഖനത്തെ ഇങ്ങനെ ചുരുക്കാം; "വ്യവസായ വികസനം, സമ്പദ്ഘടനാ വളർച്ച എന്നീ പേരുകളിൽ വെറും കടലാസ് പ്രോജക്ടുകളുമായി ഐടി സഹായത്താൽ ഭരണതലങ്ങളിൽ സ്വാധീനിക്കാനും സർക്കാർ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം. തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ അല്ലെങ്കിൽ തന്നെയും അവരുടെ ആകർഷകമായ സംഭാഷണ ചാതുര്യവും പ്രസരിപ്പും ഒരു മുതലാളിത്ത സാമൂഹ്യവ്യവസ്ഥയിൽ അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിക്കുന്നുണ്ടാവും. ഇപ്പോൾ ഉയർന്നുവന്ന തരത്തിലുള്ള പ്രതിഭാസങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ല. " അതായത് ഇന്നലെ പ്രതിപക്ഷ നേതാവ് ഇന്നലെ രാവിലെ പത്ര സമ്മേളനം വിളിച്ചു പറഞ്ഞ 'കണ്‍സള്‍ട്ടന്‍സി രാജി'ന്റെ കാര്യം അതിനു മുന്പ് തന്നെ ഭരണ മുന്നണിയിലെ പ്രമുഖ പാര്‍ട്ടിയായ സി പി ഐ മുഖ്യ പാര്‍ട്ടിയെ ഓര്‍മ്മിപ്പിക്കുന്നു, തിരുത്താന്‍ ആവശ്യപ്പെടുന്നു.

സമീപ കാലത്ത് സി പി ഐ, സി പിഎമ്മിനോട് ഏറ്റുമുട്ടിയ/അഭിപ്രായ ഭിന്നതയുണ്ടെന്ന് പൊതുസമൂഹത്തിന് തോന്നിയ 5 കാര്യങ്ങള്‍ മാത്രം നോക്കുക. 1. സ്പ്രിംഗ്ലര്‍ കരാര്‍. ഡാറ്റാ സ്വകാര്യതയെ കുറിച്ചുള്ള പ്രഖ്യാപിത ഇടതുപക്ഷ നിലപാട് പറഞ്ഞുകൊണ്ടു ഇതിനെ വിമര്‍ശിക്കുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എം ശിവശങ്കറിനെ മാറ്റാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ശിവശങ്കറിന് എം എന്‍ ഗോവിന്ദന്‍ നായര്‍ മന്ദിരത്തില്‍ ചെന്നു കാനം രാജേന്ദ്രനെ കണ്ടു കാര്യം വിശദീകരിക്കേണ്ടി വന്നു. Also Read: സ്പ്രിംഗ്ലറിൽ അവ്യക്തത, നിലപാട് കടുപ്പിച്ച് സിപിഐ, ഐടി സെക്രട്ടറി കാനത്തെ സന്ദർശിച്ചു

2. തോട്ടപ്പള്ളി കരിമണല്‍ ഖനനം. പതിറ്റാണ്ടുകളായി തീരമേഖലയെ കൊള്ളയടിക്കുന്ന പരിസ്ഥിതി നാശമുണ്ടാക്കുന്ന ഈ ഏര്‍പ്പാപ്പാടിനെതിരെ സി പി ഐ എല്ലാ കാലത്തും എതിര്‍ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. ഏറ്റവും ഒടുവില്‍ തോട്ടപ്പള്ളിയില്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനത്തിനെന്ന മട്ടില്‍ കരിമണല്‍ കൊള്ളയടിക്കുകയാണ് എന്ന പ്രതിപക്ഷ ആരോപണത്തിനൊപ്പം സി പി ഐ നിലകൊണ്ടു.Also Read: മണലെടുപ്പും മരംവെട്ടും കുട്ടനാടിനെ രക്ഷിക്കാനെന്ന്; ഇനി സഹനമില്ല, പോരാട്ടം മാത്രമെന്ന് തീരത്തെ കടലിന് കൊടുക്കുന്നവർക്ക് ആറാട്ടുപുഴക്കാരുടെ മുന്നറിയിപ്പ്

3.പമ്പയിലെ മണല്‍വാരല്‍. സി പി ഐയുടെ വകുപ്പായ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യം ആ മന്ത്രി അറിയാതെ നടന്നു.4. അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി. നാല് പതിറ്റാണ്ടായി നടക്കുന്ന പാരിസ്ഥിതിക ജനകീയ പ്രക്ഷോഭത്തിനൊപ്പം സി പി ഐ നിലകൊണ്ടു. സമീപ കാലത്ത് വൈദ്യുതി വകുപ്പ് പദ്ധതിക്കു എന്‍ ഓ സി നല്കാനെടുത്ത തീരുമാനം വിവാദമായി. സി പി ഐ പ്രത്യക്ഷമായി തന്നെ രംഗത്തുവന്നു. Also Read: അതിരപ്പിളളിയിൽ സമവായം ഉണ്ടാക്കാൻ വരുന്നവർ കേരളം എങ്ങനെയാണ് സൈലന്റ് വാലിയെ സംരക്ഷിച്ചതെന്ന ചരിത്രമറിയണം

5. കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗത്തിനെ മുന്നണിയില്‍ എടുക്കാനുള്ള നീക്കം. "വഴിയേ പോകുന്നവര്‍ക്ക് കയറി ഇരിക്കാനുള്ള ഇടമല്ല ഇടതു മുന്നണി" എന്നുപറഞ്ഞുകൊണ്ട് കാനം തങ്ങളുടെ പാര്‍ട്ടിയുടെ കര്‍ക്കശ നിലപാട് വ്യക്തമാക്കി.Also Read: "ആര്‍ക്കും വന്ന് കേറാവുന്ന ഇടമാണ് എല്‍ഡിഎഫ് എന്നും തോന്നുന്നുണ്ടോ? ഞങ്ങള്‍ക്കവരെ വേണ്ട"- കേരള കോണ്‍ഗ്രസ്സ് വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ച് കാനം രാജേന്ദ്രന്‍

ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത ശബരിമല വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച യോഗം റവന്യൂ വകുപ്പ് അറിയാതെ എം ശിവശങ്കര്‍ വിളിച്ചു ചേര്‍ത്തു എന്നതാണ്. അഴിമുഖം റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു, "ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരാനൊരുങ്ങുമ്പോള്‍ ഇക്കാര്യത്തില്‍ ശിവശങ്കറിന്റെ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന സംശയമാണ് ബലപ്പെടുന്നത്. ചെറുവള്ളി എസ്റ്റേറ്റ് പ്രതിനിധികളും ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി പ്രതിനിധികളും നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയും ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ഉണ്ടായി എന്നാണ് ആരോപണം." റിപ്പോര്ട്ട് ഇവിടെ വായിക്കാം.കഴിഞ്ഞ നാല് വര്‍ഷം മികച്ച രീതിയില്‍ ഭരിച്ചു എന്ന ഇംപ്രഷന്‍ ഉണ്ടാക്കുകയും അഞ്ചാം വര്‍ഷം പടിക്കല്‍ കൊണ്ടുപോയി കലമുടക്കുകയും ചെയ്തു എന്ന അഭിപ്രായമാണ് ഇടതുപക്ഷാനുകൂലികളുടെ കോണില്‍ നിന്നും ഉയരുന്നത്. സര്‍ക്കാരിനെ അടിക്കാന്‍ വലിയ ആയുധമൊന്നും ഇല്ലാതിരുന്ന യു ഡി എഫിനും ബിജെപിക്കും ഇപ്പോള്‍ ആയുധങ്ങളുടെ ചാകരയാണ്. അതിനിട വരുത്തിയത് സി പി എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും 'വല്യേട്ടന്‍' സിന്‍ഡ്രോം തന്നെയാണ് എന്നു സി പി ഐ ഉറച്ചു വിശ്വസിക്കുന്നു.കള്ളക്കടത്ത് വിഷയം ഉണ്ടായ ദിവസത്തെ പത്രസമ്മേളനത്തില്‍ സി പി ഐയെ ചരിത്രം പഠിപ്പിക്കാനാണ് മുഖ്യമന്ത്രി കുറച്ചധികം സമയം എടുത്തത് എന്ന കാര്യം ഓര്‍ക്കുക.

Also Read: "വായിക്കുമ്പോള്‍ എന്തു തോന്നുവോ അങ്ങനെ വ്യാഖ്യാനിച്ചോളൂ"; ജനയുഗത്തിന്റെ സ്വര്‍ണക്കടത്ത് എഡിറ്റോറിയലിനെ കുറിച്ച് കാനം

കാര്യം കൈവിട്ട സ്ഥിതിയില്‍ ഇനി കുത്തി പുണ്ണാക്കരുത് എന്ന നിലപാടാണ് പൊതുവില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ രൂപപ്പെട്ടിട്ടുള്ളത്. പ്രതിപക്ഷത്തിന് ആയുധം കൊടുക്കുന്ന രീതിയില്‍ പൊതുവേദിയില്‍ വിമര്‍ശിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്താന്‍ ഇടതു മുന്നണിയുടെ നേതൃയോഗം 27നു നടക്കാന്‍ പോകുന്ന നിയമ സഭാ സമ്മേളനത്തിന് മുന്പായി ചേരും എന്ന് മലയാള മനോരമയില്‍ സുജിത് നായര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത് എന്നും മനോരമ റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാരും സിപിഎം സെക്രട്ടറിയേറ്റുമ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അത് എല്‍ ഡി എഫിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തി മുന്നോട്ട് പോകുമെന്നും പിണറായിയും കൊടിയേരിയും കാനത്തെ അറിയിച്ചതായും സുജിത് നായര്‍ എഴുതുന്നു.

എന്തായാലും കാര്യം വ്യക്തം. വാത്സല്യം സിനിമയുടെ ക്ലൈമാക്സ് പോലെ ആകും ഇടതുപക്ഷത്തില്‍ കാര്യങ്ങള്‍ എന്ന പ്രതീതിയാണ് തല്‍ക്കാലത്തെങ്കിലും . തറവാടിന്റെ നന്മയും ഒത്തൊരുമയും സംരക്ഷിക്കാന്‍ മേലേടത്ത് രാഘവന്‍ നായര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ശരി എന്നാണ് ലോഹിത ദാസ് എഴുതിവെച്ചത്. യാതൊരു അഹന്തയുമില്ലാത്ത ശുദ്ധമായ സ്നേഹം, വാത്സല്യം, സഹകരണം.

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നന്ദിഗ്രാമില്‍ അടക്കം സി പി എം തിരിച്ചുവരാന്‍ ശ്രമിക്കുന്നു എന്നാണ് ബംഗാളില്‍ നിന്നുള്ള വാര്‍ത്ത.

Also Read: ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ ജനങ്ങളിലേക്ക്, നന്ദിഗ്രാമിലടക്കം ബംഗാളില്‍ സിപിഎം തിരിച്ചുവരവിന്റെ പാതയിലോ?

പിന്‍മൊഴി: ഇതിനിടയില്‍ കുറച്ചു കൂടി പുരോഗനമനവും വിപ്ലവ തീവ്രതയും സൈദ്ധാന്തിക ശുദ്ധിയും ഒക്കെ വേണമെന്ന് മുറവിളി കൂട്ടി ചാരു മഞ്ജുധാറും കനു സന്യാലും നക്സല്‍ ബാരിയുണ്ടാക്കിയ ചരിത്രവും പറയാനുണ്ട്. തല്‍ക്കാലം അതറിയാന്‍ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും മുന്‍ നക്സല്‍ നേതാവുമായ കെ ടി കുഞ്ഞിക്കണ്ണനുമായി ബന്ധപ്പെടുക.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories