TopTop
Begin typing your search above and press return to search.

നിങ്ങള്‍ക്കറിയുമോ നിങ്ങളുടെ തിടുക്കം ആരുടെയൊക്കെ തണലാണ് ഇല്ലാതാക്കിയതെന്ന്?

നിങ്ങള്‍ക്കറിയുമോ നിങ്ങളുടെ തിടുക്കം ആരുടെയൊക്കെ തണലാണ് ഇല്ലാതാക്കിയതെന്ന്?

സ്ഥലം കൈയേറിയെന്ന അയല്‍വാസി വസന്തയുടെ പരാതിയില്‍ മുന്‍സിഫ് കോടതി വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കുടിയിറക്കാന്‍ സംഘം രാജന്റെ വീട്ടിലെത്തിയത്. 22ന് ഉച്ചയോടെയാണ് സംഘം പൊലീസിനൊപ്പം രാജന്റെ വീട്ടിലെത്തിയത്. ഭക്ഷണം കഴിയ്ക്കുകയായിരുന്ന രാജനെയും കുടുംബത്തെയും വിളിച്ചു പുറത്തിറക്കി. എത്രയുംവേഗം അവിടം വിട്ടുപോകണം എന്നായിരുന്നു നിര്‍ദേശം. ഒരു മണിക്കൂര്‍ കൂടി സാവകാശം നല്‍കണമെന്നായിരുന്നു രാജന്റെ ആവശ്യം. ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ വരുമെന്ന ഉറപ്പ് രാജനുണ്ടായിരുന്നു. അത്തരമൊരു ഉറപ്പ് കുടിയിറക്കാന്‍ വന്നവര്‍ക്കും ഉണ്ടായിരുന്നതിനാലാകണം, എത്രയും വേഗം രാജനെയും കുടുംബത്തെയും അവിടെ നിന്നിറക്കാന്‍ പൊലീസ് ഉള്‍പ്പെടെ തിടുക്കം കാണിച്ചത്. കഴിഞ്ഞ ജൂണ്‍ 16നാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. സബ് കോടതി അപ്പീല്‍ പരിഗണിക്കാന്‍ വൈകിയതിനാല്‍ രാജന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉച്ചയ്ക്കു രണ്ടരയോടെ ജസ്റ്റിസ് വി. ഷെര്‍സിയുടെ ബെഞ്ചില്‍നിന്നു സ്റ്റേ ഉത്തരവുണ്ടായി. അപ്പോഴേക്കും രാജനും അമ്പിളിക്കും തീപ്പൊള്ളല്‍ ഏറ്റിരുന്നു.

ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ പോലും അനുവദിക്കാത്ത അധികാരികള്‍ നിയമം പറഞ്ഞപ്പോള്‍, മാനുഷിക പരിഗണനകള്‍ പോലും അകന്നുനിന്നു. ഗത്യന്തരമില്ലാതെയാണ് ആത്മഹത്യാ ഭീഷണി മുഴക്കി രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ചതും തലയിലൂടെ പെട്രോള്‍ ഒഴിച്ചതും. ഒരു കൈയില്‍ ലൈറ്റര്‍ കത്തിച്ചുപിടിച്ചപ്പോഴും രാജന്‍ മരണത്തെക്കുറിച്ച് ഓര്‍ത്തിരുന്നില്ല. എന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍ പാലിക്കേണ്ട സംയമനമോ സാമാന്യ യുക്തിയോ മറന്ന പൊലീസുകാരന്‍ ലൈറ്റര്‍ വേഗം തട്ടിത്തെറിപ്പിക്കുകയായിരുന്നു. അതോടെയാണ് തീ പടര്‍ന്നതെന്നാണ് രാജന്‍ ആശുപത്രി കിടക്കയില്‍ മൊഴി നല്‍കിയത്. രക്ഷിക്കാനുള്ള ശ്രമമായിരുന്നു, ലൈറ്റര്‍ തട്ടിയില്ലായിരുന്നെങ്കിലും അവര്‍ക്ക് തീപിടിക്കുമായിരുന്നു എന്നൊക്കെ മനുഷ്യപ്പറ്റില്ലാതെ ഇനിയും ന്യായീകരിക്കാം, മറുവാക്ക് പറയാന്‍ രാജനും അമ്പിളിയും ഇല്ലല്ലോ. രാജന് അന്ത്യവിശ്രമമൊരുക്കാന്‍ മകന്‍ കുഴിയെടുക്കുമ്പോഴും കാക്കിയണിഞ്ഞവര്‍ നിയമം പറഞ്ഞു. 'ഇനിയെന്റെ അമ്മയും കൂടിയേ മരിക്കാനുള്ളൂ സാറേ' എന്ന് ഒരു കൈയില്‍ മണ്‍വെട്ടിയേന്തി മറുകൈ ചൂണ്ടി മകന്‍ ചോദിച്ചപ്പോള്‍ കണ്ടുനിന്നവരുടെയെല്ലാം ഉള്ളം നീറുകയായിരുന്നു. എന്നാല്‍ 'അതിനിപ്പോ ഞാനെന്തുവേണം' എന്നായിരുന്നു കാക്കിയിട്ട അധികാരം വിളിച്ചുചോദിച്ചത്.

നിങ്ങള്‍ക്കറിയാമോ നിങ്ങളുടെ തിടുക്കം ആരുടെയൊക്കെ തണലാണ് ഇല്ലാതാക്കിയതെന്ന്? ആശാരിപ്പണിയായിരുന്നു രാജന്. ദിവസവും പണിക്കുപോകുമ്പോള്‍ രാജനുള്ളതുകൂടാതെ കുറച്ചേറെ ചോറുപൊതികള്‍കൂടി അമ്പിളി തയ്യാറാക്കി കൊടുത്തുവിടും. പോകുന്ന വഴിയില്‍, തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കും വയ്യാതെ കിടക്കുന്നവര്‍ക്കും നല്‍കാനുള്ളതായിരുന്നു ആ പൊതികള്‍. ദിവസവും കുറഞ്ഞത് 15 പേര്‍ക്കെങ്കിലും രാജന്‍ ഭക്ഷണം എത്തിച്ചിരുന്നു. എന്തൊക്കെ പ്രയാസങ്ങളുണ്ടെങ്കിലും രാജന്‍ അത് മുടക്കിയിരുന്നില്ല. വരുമാനത്തിന്റെ പകുതിയിലേറെ രാജന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടിരുന്നു. പൊള്ളലേല്‍ക്കുന്നതിന്റെ തലേദിവസമാണ് പുതിയ ഫ്‌ളാസ്‌കും ചായയിടാന്‍ പുതിയ പാത്രവുമൊക്കെ വാങ്ങിയത്. ആശുപത്രിയില്‍ ചികിത്സയിലായിരിക്കുമ്പോള്‍ രാജന്‍ പറഞ്ഞിരുന്നതും വഴിയരികില്‍ തന്നെ കാത്തിരിക്കുന്നവരെ കുറിച്ചായിരുന്നു. 'അച്ഛന് എന്തെങ്കിലും സംഭവിച്ചാലും അത് മുടക്കരുത്' മക്കളായ രഞ്ജിത്തിനോടും രാഹുലിനോടും രാജന്‍ അവസാനമായി ആവശ്യപ്പെട്ടതും അതായിരുന്നു. തല ചായ്ക്കാന്‍ ഒരു കിടപ്പാടത്തിനായി പൊരുതിയിരുന്ന രാജന് അറിയാമായിരുന്നു തെരുവില്‍ അന്തിയുറങ്ങുന്നവരുടെ വേദന. രാഹുലിന്റെയും രഞ്ജിത്തിന്റെയും സ്‌നേഹത്തണല്‍ മാത്രമല്ല, രാജനും അമ്പിളിയും ചേര്‍ത്തുനിര്‍ത്തിയ തെരുവിലെ കുറച്ചേറെ ജീവിതങ്ങളെക്കൂടിയാണ് അധികാരത്തിന്റെ ഗര്‍വ്വിലൂടെ നിങ്ങള്‍ അനാഥമാക്കിയിരിക്കുന്നത്. എന്ത് പകരം നല്‍കിയാലും ആ നഷ്ടവും ശൂന്യതയും നികത്താന്‍ നിങ്ങള്‍ക്കാവില്ല.


Next Story

Related Stories