ഇന്ന് ലോക ഇഡ്ഡലി ദിനം. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണം എന്നാണ് യൂബര്‍ ഈറ്റ്സ് ഇഡ്ഡലിയെക്കുറിച്ച് നടത്തിയ നിരീക്ഷണം. ഇഡ്ഡലി എന്ന് കേള്‍ക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് പൊതുവെ ഓര്മ വരുന്നതെങ്കിലും ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവക്കൊപ്പം മുംബൈ, പൂനെ, നാഗ്പുര്‍ ഉള്‍പ്പെടെ നഗരങ്ങളിലും ഇഡ്ഡലി പ്രിയര്‍ ഏറെയാണ്. സാന്‍ ഫ്രാന്‍സിസ്കോ, ലണ്ടന്‍, ന്യൂജേഴ്സി പോലുള്ള വിദേശ നഗരങ്ങളിലും ഇഡ്ഡലിക്ക് വിഐപി പരിഗണനയുണ്ട്. ശ്രീലങ്ക, മ്യാന്മര്, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും ഇഡ്ഡലി പ്രിയപ്പെട്ട ആഹാരമാണ്. ഇന്ത്യയില്‍ രാമശ്ശേരി ഇഡ്ഡലി, കാഞ്ചിപുരം ഇഡ്ഡലി, മധുരൈ ഇഡ്ഡലി എന്നിങ്ങനെ തുടങ്ങി നടി ഖുശ്ബുവിന്റെ പേരിലുള്ള ഇഡ്ഡലി ഉള്‍പ്പെടെ വൈവിധ്യങ്ങള്‍ ഏറെയാണ്.
ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയില്‍ ആണ് ഇഡ്ഡലിയെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കാറുണ്ട്. അതില്‍നിന്നാണ് ഇഡ്ഡലിയ്ക്കായും ഒരു ദിനം പിറന്നത്. ഇഡ്ഡലി കിങ് എന്നറിയപ്പെടുന്ന ചെന്നൈയില്‍ കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇനിയവനാണ് ഇഡ്ഡലി ദിനാചരണത്തിന് തുടക്കമിട്ടത്. 2015 മാര്‍ച്ച് 30ന് 44 കിലോ തൂക്കമുള്ള ഇഡ്ഡലി മുറിച്ചുകൊണ്ടായിരുന്നു തുടക്കം. അത് പിന്നെ ലോകമാകെ ഏറ്റെടുക്കുകയായിരുന്നു. 1328 തരം ഇഡ്ഡലി ഉണ്ടാക്കുന്ന ഇനിയവന് 128 കിലോ തൂക്കമുള്ള ഇഡ്ഡലിയുണ്ടാക്കി 2013ല്‍ ഗിന്നസ് റെക്കോഡും സ്ഥാപിച്ച ആള് കൂടിയാണ്.
ട്വിറ്ററില്‍ ഉള്‍പ്പെടെ ഇഡ്ഡലി വന്‍ ട്രെന്‍ഡിങ്ങായ വര്‍ഷം കൂടിയാണ് കടന്നുപോയത്. 'ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ്' എന്ന് ബ്രിട്ടിഷുകാരന് എഡ്വേഡ് ആന്ഡേഴ്സന് ഒന്നെഴുതിയതോടെയാണ് ലോകത്തിന്റെ ഇഡ്ഡലി പ്രേമം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണവുമായെത്തിയതോടെ ഇഡ്ഡലി പാത്രത്തില്‍നിന്നുള്ള ആവിയേറ്റതുപോലെയായി ആന്ഡേഴ്സണ്. ഇഡ്ഡലിക്കൊപ്പം ചട്ണിയാണോ സാമ്പാറാണോ അതല്ല ചിക്കനും മട്ടനും പോലെ നോണ്‍ വെജ് ആണോ നല്ലതെന്ന ചര്‍ച്ചകളും തുടങ്ങി.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും തന്റെ ഇഡ്ഡലി പ്രേമം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ ഇഡ്ഡലിയും സാമ്പാറുമാണ് ഇഷ്ടവിഭവം. ഉത്തരേന്ത്യന്‍ വിഭവങ്ങളില്‍ ഏത് തരം ടിക്കയും ഇഷ്ടമാണെന്നായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ചോദ്യങ്ങള്‍ക്കാണ് കമല ഹാരിസ് മറുപടി നല്‍കിയത്.
ഇഡ്ഡലി പാട്ടിയെന്ന് അറിയപ്പെടുന്ന കമലതള്‍ മുത്തശ്ശിയെക്കുറിച്ച് പറയാതെ ഇഡ്ഡലി ദിനാചരണം പൂര്‍ത്തിയാകില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി കോയമ്പത്തൂര്‍ വടിവേലമ്പാളയത്ത് ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്നയാളാണ് 86കാരിയായ കമലതള്‍. ആട്ടുകല്ലില്‍ അരച്ചെടുത്ത മാവ്, വിറക് അടുപ്പില്‍ പാകം ചെയ്തായിരുന്നു കമലതള്‍ ഒരു രൂപയ്ക്ക് തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കിയിരുന്നത്. 2019ല്‍ കമലതളിന്റെ ഒരു രൂപ ഇഡ്ഡലിയെക്കുറിച്ചുള്ള വാര്‍ത്ത വൈറലായതോടെ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെ സഹായവുമായെത്തി. ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഇന്ത്യന്‍ ഓയിലും ചേര്‍ന്ന് കമലതളിന് ഗ്യാസ് സ്റ്റൗ, മൂന്ന് എല്‍പിജി സിലിണ്ടര്‍, ഗ്രൈന്‍ഡര്‍ എന്നിവ നല്കി. ബിപിസിഎല്‍ കോയമ്പത്തൂര്‍ ഭാരത് ഗ്യാസ് കണക്ഷന് നല്കി. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും കമലതളിന്റെ വിശേഷങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
കോവിഡിനെത്തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും സാധാരണക്കാര്‍ക്ക് ആശ്വാസമായി കമലതള്‍ ഇഡ്ഡലി വില്പന നടത്തിയിരുന്നു. പേരക്കുട്ടിയുടെ ഭാര്യ ആരതിയാണ് അടുക്കളയില്‍ ഉള്‍പ്പെടെ കമലതള്‍ മുത്തശ്ശിയെ സഹായിക്കുന്നത്.