TopTop

ജോസ് മോൻ പ്രൈവറ്റ് ലിമിറ്റഡ് മാണി കോൺഗ്രസ് രാഷ്ട്രീയത്തിന് ഒരു ലുത്തിനിയ

ജോസ് മോൻ പ്രൈവറ്റ് ലിമിറ്റഡ് മാണി കോൺഗ്രസ് രാഷ്ട്രീയത്തിന് ഒരു ലുത്തിനിയ

പരമ്പരാഗത നെൽക്കർഷകരായ കുട്ടനാട്ടിലെ കായൽ രാജാക്കന്മാർ ഉദാരപൂർവ്വം നൽകിയ ഭീമമായ സംഭാവനകളുടെ പാറമേലാണ് അവിഭക്ത കേരളാ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടതെങ്കിലും അതിലെ പ്രധാനഭാഗം പിളർത്തി പാലാ കേന്ദ്രമായുള്ള സ്വകാര്യ സ്ഥാപനമായി വളർത്തിയെടുത്ത കരിങ്ങോഴയ്ക്കൽ കുടുംബത്തിന് എന്നും സ്നേഹം നെല്ലിന് പകരം റബ്ബറിനോടായിരുന്നു. അധ്വാനവർഗ സിദ്ധാന്തം എന്ന പേരിൽ എന്തൊക്കെയൊ ചുമ്മാ എഴുതിക്കൂട്ടിയിട്ടുണ്ടെങ്കിലും തൻ്റെ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി കെ.എം മാണി അവതരിപ്പിച്ചതും മകൻ ജോസ് കെ. മാണിയും മരുമകൾ നിഷാ ജോസ് കെ. മാണിയും അതേപടി പിന്തുടർന്ന് പോന്നതും റബ്ബറിനെ തന്നെ ആയിരുന്നു. വലിച്ചാൽ വലിയുകയും വിട്ടാൽ ചുരുങ്ങി പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന റബ്ബറിനപ്പുറം മറ്റൊന്നിനും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിരൂപമാകാൻ കഴിയുമായിരുന്നില്ല എന്നതും സത്യം.

നീണ്ടകാലം തൻ്റെ മുത്തും മരതകവും മാണിക്യവും മാണിക്യമലരുമായി കെ.എം മാണി കൊണ്ടുനടന്നിരുന്ന പാലായിൽ ജോസ് മോൻ നിർത്തിയ സ്ഥാനാർഥി എട്ടുനിലയിൽ പൊട്ടുമ്പോൾ കേരളാ കോൺഗ്രസിന്റെ ഇലാസ്തികതയുടെ രാഷ്ട്രീയം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ജോസ് മോന്റെയും ഭാര്യ നിഷയുടെയും മാത്രമല്ല, പാർട്ടിയിലെ വിമതൻ പി.ജെ ജോസഫിന്റെയും പുറത്തു നിൽക്കുന്ന അവശിഷ്ട കേരളാ കോൺഗ്രസ് മുക്കുപണ്ടങ്ങളായ ഇടതുപക്ഷത്തിൻ്റെ മുന്നോക്ക സമുദായാചാര്യൻ ആർ. ബാലകൃഷ്ണ പിള്ള, മകൻ ഗണേഷ് കുമാർ, ബിജെപിയുടെ വരാന്തയിൽ കുടികിടപ്പ് മാത്രം നേടിയ പി.സി ജോർജ്, പി.സി തോമസ്, യുഡിഎഫിൽ എവിടെയോ ഉണ്ടെന്നു പറയപ്പെടുന്ന ജോണി നെല്ലൂർ, അനൂപ്‌ ജേക്കബ് എന്നിവരുടെയും രാഷ്ട്രീയ ഭാവി എന്ത് എന്നത് ചോദ്യ ചിഹ്നമായി ഉയരുകയാണ്. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് മൊത്തത്തിൽ തന്നെ ഇനി എന്തെങ്കിലും ഭാവി ഉണ്ടോ എന്നതാണ് ചോദ്യം.

റബ്ബർ രാഷ്ട്രീയത്തിലെ ഇലാസ്തിതികത കേരളാ കോൺഗ്രസിനെ ഏതാണ്ട് പൂർണമായി വിഴുങ്ങിയിട്ട് കാലം കുറെയായി. കോൺഗ്രസ് മുന്നണിയിലെ ഒരു ശാഖയായി തുടരുന്നതിലും ലാഭം ബിജെപി മുന്നണിയുടെയോ ഇടതുമുന്നണിയുടെയോ ഭാഗമാകുന്നതാണ് നല്ലത് എന്നതായിരുന്നു കഴിഞ്ഞ ഒന്നര ദശകങ്ങളിലെ കെ.എം മാണിയുടെ പുനരധിവാസ ചിന്ത. അപ്പൻ മരിക്കുകയും മകൻ പാർട്ടിയെ കുടുംബസ്വത്താക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമീപനാളുകളിലും പാർട്ടിയുടെ ചിന്ത ആരുടെ കൂടെ പോകണം എന്നത് തന്നെയായിരുന്നു. ആര് വാങ്ങുമിന്നാരുവാങ്ങും ഈ ആരാമത്തിന്റെ രോമാഞ്ചം എന്ന ചോദ്യം ജോസ് മോൻ ആകാശത്തിലേക്ക് വിക്ഷേപിച്ചിട്ടു കുറെയായി. ബിജെപിയുടെ കൂടെ പോകാൻ അണികൾ തയ്യാറാകുമോ എന്നതായിരുന്നു എന്നത്തേയും ആശങ്ക. നിലവിലെ മരക്കൊമ്പിൽ നിന്ന് ചാടി ഇടതുപക്ഷത്തു ചെന്നാൽ അവിടെ സ്വീകരിക്കപെടുമോ എന്നും ഉറപ്പില്ല. എന്ത് തന്നെയായാലും പാലാ ഉപതെരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച ശേഷം വിലപേശാം എന്നായിരുന്നു ജോസ്‌മോൻ പക്ഷത്തെ ധാരണ. മുന്നിൽ വരുന്ന ഓഫറുകൾ അനുസരിച്ചു തീരുമാനം എടുക്കാൻ ഉള്ള പദ്ധതി. എന്നാല്‍ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി ആദ്യമായി ഇല്ലാതാക്കുന്നത് കേരളാ കോൺഗ്രസിന്റെ വിലപേശൽ സാധ്യതകളെയാണ്. പള്ളിയും പട്ടക്കാരും പിൻബലം എത്ര കൊടുത്താലും കേരളാ കോൺഗ്രസ് രാഷ്ട്രീയം അതിന്റെ പ്രഭവകേന്ദ്രത്തിൽ പോലും പ്രസക്തി നഷ്ടപ്പെട്ട് ഇല്ലാതാകുന്നു എന്ന സത്യം വെളിച്ചത്തു വരുന്നു. പോയ തവണ തന്നെ പാലായുടെ മാണിക്യം കെ.എം മാണിയുടെ ഭൂരിപക്ഷം വളരെ നേർത്തതായിരുന്നു. മാണി സാർ ജീവിച്ചിരിക്കുകയും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നെങ്കിൽ പോലും ഈ കോട്ട ഭദ്രമായി നിലനിൽക്കുമോ എന്ന് ന്യായമായും സംശയിക്കാനും കാരണങ്ങളുണ്ട്.

എക്കാലത്തും കത്തോലിക്കാ സഭയുടെ രാഷ്ട്രീയ താത്പര്യങ്ങളുടെ സംരക്ഷകരും നടപ്പാക്കലുകാരും ആയിരുന്നു കേരളാ കോൺഗ്രസ് വിഭാഗങ്ങൾ. അക്കാലത്ത് സഭയ്ക്ക് വിശ്വാസികളുടെ മേലുണ്ടായിരുന്ന സ്വാധീനം തന്റെ രാഷ്ട്രീയ മൂലധനമാക്കി പരിവർത്തനപ്പെടുത്താൻ മാണിക്ക് കഴിഞ്ഞിരുന്നു. ഇന്ന് മാണിയുടെ രാഷ്ട്രീയത്തിന് മാത്രമല്ല കത്തോലിക്കാ സഭയ്ക്ക് തന്നെ വിശ്വാസികളുടെ മേലുള്ള സ്വാധീനം നഷ്ടപ്പെട്ടു കഴിഞ്ഞു. വിമത ശബ്ദങ്ങളും സഭയിലെ പൗരോഹിത്യ പുഴുക്കുത്തുകൾക്ക് എതിരായ പ്രതിഷേധങ്ങളും മുൻപ് എന്നത്തേതിലും ഇന്ന് കൂടുതലാണ്. പുരോഹിതൻ പറയുന്നത് അവസാന വാക്കായി രാഷ്ട്രീയ-സാമൂഹിക കാര്യങ്ങളിൽ കാണാത്ത ഒരു വലിയ വിഭാഗം ക്രൈസ്തവർ കേരളാ കോൺഗ്രസുകൾക്ക് ഭീഷണിയായി വളർന്നു കഴിഞ്ഞു.

കേരളാ കോൺഗ്രസുകളുടെ അവസരവാദ രാഷ്ട്രീയത്തിലെ മുദ്രാവാക്യങ്ങളും ഇന്ന് പലനിലയിൽ അപഹരിക്കപ്പെട്ടു കഴിഞ്ഞു. റബ്ബറിനിപ്പോൾ പഴയമാതിരി വൈകാരിക വിപണി സാധ്യത ഇല്ല. പ്രളയത്തിന് മുൻപായാലും പിൻപായാലും നാണ്യവിളകൾക്കും അവയുടെ വൈകാരിക സാധ്യതകൾക്കും വേറെയും അവകാശികൾ വന്നു കഴിഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ട് വിവാദമായപ്പോൾ കോൺഗ്രസിനൊപ്പം ആയിരുന്നതിനാൽ പള്ളിയുടെ പ്രതീക്ഷകൾക്ക് ഒപ്പം വളരാനായില്ല. അപ്പോൾ പള്ളി ഹൈറേഞ്ച് സംരക്ഷണ സമിതിയുണ്ടാക്കി മറുകണ്ടം ചാടി. ജോയ്‌സ് ജോർജിലും രാജേന്ദ്രനിലും എം.എം മണിയിലും സഭ മാണിയേക്കാൾ കൂടുതൽ ഉപയോഗം കണ്ടു. മാണി ജീവിച്ചിരിക്കെ തന്നെ മാണിയുടെ കയ്യേറ്റ രാഷ്ട്രീയം കേരളാ കോൺഗ്രസിന് അന്യം നിന്ന് പോയി കഴിഞ്ഞിരുന്നു. പി.വി അൻവറും ജോയ്‌സ് ജോര്‍ജും തോമസ് ചാണ്ടിയും രാജേന്ദ്രനും മണിയും ചേർന്ന് കയ്യേറ്റക്കാരുടെ രാഷ്ട്രീയം പറിച്ചെടുത്ത് ഇടതുമുന്നണിയിൽ നിക്ഷേപിച്ചു. ആ നിക്ഷേപത്തിന് മീതെ ജപ്പാനിലേക്കുള്ള മേഘങ്ങൾ പറന്നു പോയതിലെ ആപത്‌സൂചന പോലും മാണിയുടെ മകനോ സംഗീത സാമ്രാട്ട് പി/ജെ ജോസഫിനോ കണ്ടെത്താനായില്ല.

കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരുന്ന കോൺഗ്രസിനെ വിരട്ടിയും പേടിപ്പിച്ചും കാര്യങ്ങൾ നടത്തിപ്പോന്ന കാലം കഴിഞ്ഞു. ഇന്നാരും കേരളാ കോൺഗ്രസുകളെ പേടിക്കുന്നില്ല. അവയുടെ വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്തുന്നില്ല. അവയുടെ പ്രഹരശേഷിയെ ഭയക്കുന്നുമില്ല. ബിജെപി വരാന്തയിൽ പായവിരിച്ചു കിടക്കുന്ന പി.സി തോമസും പി.സി ജോര്‍ജും പോലും സ്ഥലജലവിഭ്രാന്തിയിലാണ്. പാലായിൽ തൻ്റെ ആളുകൾ മാണി സി. കാപ്പന് വോട്ട് ചെയ്തുവെന്നാണ് ഒടുവിൽ പി.സി ജോർജ് അവകാശപ്പെട്ടത്. രണ്ടു ക്രിസ്ത്യാനികൾ വഴി തെറ്റി വന്നപ്പോൾ സ്വീകരിച്ചു എന്നല്ലാതെ ഇരുവരെയും ബിജെപി കാര്യമായി എടുത്തിട്ടില്ല. അവരുടെ ലക്ഷ്യം പഴയ ഉഗ്രപ്രതാപമുള്ള ക്രൈസ്തവ രാഷ്ട്രീയ പാർട്ടിയായിരുന്ന മാണി വിഭാഗമായിരുന്നു. തമ്മിലടിച്ചും തെരഞ്ഞെടുപ്പിൽ തോറ്റും ദുർബലമായ ജോസ് മോൻ പാർട്ടിയെ ഇനി പഴയ ഗൗരവത്തിൽ ബിജെപി കാണാൻ ഇടയില്ല. സ്വതവേ ദുർബലമായ കോൺഗ്രസിനൊപ്പം ഒരു ചെറിയ ഘടക കക്ഷിയായി മോഹങ്ങൾ ഉള്ളിലൊതുക്കി തുടരുക മാത്രമേ ഇനി അവര്‍ക്ക് വഴിയുള്ളൂ. വാർദ്ധക്യവും രോഗങ്ങളും അവശതയും അലട്ടുന്ന പി.ജെ ജോസഫിനും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് ഇനി പുതുജീവൻ നല്‍കാനാകുമെന്ന് തോന്നുന്നില്ല. മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്ന പ്രവചനത്തിന്റെ നിക്ഷഫലതയിലെ ഷോക്കിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടിട്ടുമില്ല. ആന്റണി രാജു, സ്കറിയാ തോമസ്, മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, അനൂപ് ജേക്കബ് എന്നിവരുടെയെല്ലാം നിശബ്ദ രോദനങ്ങൾ വിഭിന്ന മുന്നണികളിൽ ഗതികിട്ടാ പ്രേതങ്ങളായി അലഞ്ഞു നടക്കുകയാണ്. മുന്നോക്ക ജാതിക്കാരുടെ ആചാര്യനായതിനാൽ പിള്ളേച്ചനും മകൻ ഗണേശനും ഇടതു മുന്നണിയിൽ കഷ്ടി കഴിഞ്ഞുകൂടി പോകുന്നു എന്ന് മാത്രം.

പാലാ ഒരു തുടക്കമാണ്. അവസാനത്തിന്റെ ആരംഭം. ഒരു കാറപകടം വരുത്തിവച്ച രാഷ്ട്രീയ പ്രഹേളിക ആയിരുന്ന കേരളാ കോൺഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് ഇല്ലാതെയാകുന്നു.

പണവും ആര്‍ത്തിയും മണ്ണിനോടും മനുഷ്യരോടുമുള്ള പുച്ഛവും മാണിയുടെ രാഷ്ട്രീയത്തിന്‍റെ മുഖമുദ്രകള്‍ എന്ന നിലയിൽ നിന്നും മാറി വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. പാലായിലെ പതനം ഒരു സൂചനയാണ്. സമൂലമായ ഒരു മാഞ്ഞുപോകലിലേക്ക് കേരളാ കോൺഗ്രസ് രാഷ്ട്രീയം നടന്നടുക്കുകയാണ്. പി എസ് പി പോലെ നിന്ന നിൽപ്പിൽ മാഞ്ഞുപോയ നിരവധി പാർട്ടികൾ കേരളത്തിൽ ഉണ്ടായിരുന്നു എന്നതും ഇവിടെ ചേർത്ത് വായിക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories