TopTop
Begin typing your search above and press return to search.

NEWS WRAP | 8 കേന്ദ്ര ഏജന്‍സികളുടെ 'കക്ഷ'ത്തില്‍ പിണറായി സര്‍ക്കാരും സി പി എമ്മും

NEWS WRAP | 8 കേന്ദ്ര ഏജന്‍സികളുടെ കക്ഷത്തില്‍ പിണറായി സര്‍ക്കാരും സി പി എമ്മും


സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയതു തന്നെയാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. കാരണം സി പി എമ്മിനെയും ഗവണ്‍മെന്റിനെയും കേരള രാഷ്ട്രീയത്തെയും മാറ്റാന്‍ പോകുന്ന കുഴി ബോംബുകള്‍ അതില്‍ അടങ്ങിയിരിക്കുന്നുണ്ട് എന്നത് തന്നെ. ബംഗളൂര്‍ മയക്കുമരുന്നു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയില്‍ നിന്നാണ് ബിനീഷ് കോടിയേരിയിലേക്ക് ഇഡി എത്തുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് അടക്കമുള്ള കാര്യങ്ങളില്‍ ബിനീഷിന് ബന്ധമുണ്ടോ എന്നതും
ബം
ഗളൂരുവിലെ മയക്കുമരുന്നു റാക്കറ്റിന് പണം നല്‍കിയിട്ടുണ്ടോ എന്നതുമാണ് ഇ ഡി അന്വേഷിച്ചത്. ഈ മാസം ആദ്യം കൊച്ചിയില്‍ നടന്ന ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബിനീഷിന് എന്തെങ്കിലും ബന്ധമുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും തന്റെ ആസ്തി വകകള്‍ സംബന്ധിച്ചു ബിനീഷ് കൊടുത്ത മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നതാണ് ഇഡിയുടെ സ്വത്ത് മരവിപ്പിക്കല്‍ നടപടി.

ബിനീഷ് കൊടിയേരിയുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരം തേടി രജിസ്ട്രേഷന്‍ വകുപ്പിന് ഇഡി കത്ത് നല്‍കി എന്നാണ് മലയാള മനോരമയുടെ റിപ്പോര്‍ട്ട് പറയുന്നത്. 4 ജില്ലകളില്‍ ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്തുണ്ട് എന്ന നിഗമനത്തെ തുടര്‍ന്നാണ് ഇത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബിനീഷിന്റെ പേരിലുള്ള സ്വത്തുകളുടെ കൈമാറ്റം മരവിപ്പിക്കാനും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം സ്വത്ത് വെളിപ്പെടുത്താനുള്ള ഒരവസരം കൂടി ബിനീഷിന് നല്കാനും ഇഡി തീരുമാനിച്ചതായി മനോരമ റിപ്പോര്‍ട്ട് പറയുന്നു. ബിനീഷിന്റെ മൊഴിയും രജിസ്ട്രേഷന്‍ വകുപ്പ് നല്‍കുന്ന വിവരങ്ങളും ഒത്തു നോക്കിയതിന് ശേഷം വെളിപ്പെടുത്തിയതിലധികം സമ്പാദ്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്തേക്കും. വരും ദിവസങ്ങളില്‍ ബിനീഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കാനും സാധ്യതയുണ്ട്.

അതേസമയം ബിനീഷിനെതിരെയുള്ള അന്വേഷണത്തില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ല എന്ന കൊടിയേരിയുടെ പ്രസ്താവനയും മനോരമയുടെ ഒന്നാം പേജില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സി പി എം സംസ്ഥാന സമിതി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച മാധ്യമ സമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. "ഏത് അന്വേഷണവും നടക്കട്ടെ, കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ", കോടിയേരി പറഞ്ഞു.

ഇതേ വാര്‍ത്തയുടെ കൂടെ മന്ത്രിപുത്രനൊപ്പം താന്‍ നില്‍ക്കുന്ന ഫോട്ടോ കൃത്രിമമല്ലെന്ന് സ്വപ്ന സുരേഷ് എന്‍ ഐ യ്ക്കു മൊഴി നല്‍കിയതായുള്ള വാര്‍ത്തയും മനോരമ ഒന്നാം പേജില്‍ തന്നെ കൊടുത്തിട്ടുണ്ട്. സി പി എമ്മും സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തില്‍ ആകുന്നു എന്ന സാഹചര്യത്തെ പ്രതിഫലിപ്പിക്കാന്‍ വാര്‍ത്തകളുടെ ഒന്നാം പേജ് വിന്യാസത്തിലൂടെ മനോരമയ്ക്ക് സാധിച്ചിട്ടുണ്ട്.

കൂടാതെ കേരളത്തില്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നത് 10 ഏജന്‍സികളാണ് എന്ന സ്റ്റോറിയും അകത്തെ പേജില്‍ കാണാം. കസ്റ്റംസ്, എന്‍ ഐ എ, ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ , എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റോ, സിബിഐ, ഇന്‍കം ടാക്സ്, കേരള പോലീസ്, സംസ്ഥാന വിജിലന്‍സ് എന്നിവയാണ് വിവിധ കേസുകളിലായി അന്വേഷണം തുടരുന്നത്. ഇതില്‍ 8 ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്‍റേതാണ്.

സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ ഡബ്ബിങ്‌ ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ തടഞ്ഞുവച്ച് മർദ്ദിച്ചശേഷം മാപ്പുപറയിപ്പിച്ചു എന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കയാണ്. തമ്പാനൂർ ഗാന്ധാരി അമ്മൻകോവിലിന് സമീപം വാടകയ്ക്കു താമസിക്കുന്ന കല്ലിയൂർ സ്വദേശി വിജയ് പി. നായരെയാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കൈകാര്യംചെയ്തത് എന്നു ഒന്നാം പേജിലെ മാതൃഭൂമി വാര്‍ത്ത പറയുന്നു.

"വിജയിന്റെ യൂട്യൂബ് വീഡിയോയിൽ ഒരു പ്രമുഖ കവയിത്രിയെയും ഡബ്ബിങ് ആർട്ടിസ്റ്റിനെയും അധിക്ഷേപിച്ചിരുന്നു. ഫെമിനിസ്റ്റുകളെ മോശമായി പരാമർശിക്കുകയുംചെയ്തു. പരാതി നൽകിയിട്ടും നടപടി വൈകുന്നതിനെത്തുടർന്നാണ് വനിതാപ്രവർത്തകർ നേരിട്ടെത്തിയത്." റിപ്പോര്‍ട്ട് തുടരുന്നു.

വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കയ്യേറ്റം ചെയ്യല്‍ മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിന്റെ എഫ് ഐ ആറില്‍
ഭാഗ്യലക്ഷ്മി
യുടെ പേര്‍ മാത്രമാണു ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുന്‍ സി പി എം, കോണ്‍ഗ്രസ്സ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി ബിജെപി നിയമിച്ചു എന്ന വാര്‍ത്തയാണ് രാഷ്ട്രീയ വാര്‍ത്തകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം സംസ്ഥാന ബിജെപിക്ക് തിരിച്ചടി ആണെന്നും അതല്ല മുസ്ലീം ജനവിഭാഗത്തെ കൂടെ നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും വ്യാഖ്യാനങ്ങളുണ്ട്. എന്തായാലും ഇത് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകളും പ്രതികരണങ്ങളും ഇന്നുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎയില്‍ നിന്നും ശിരോമണി അകാലിദള്‍ മുന്നണി വിട്ടു. പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമാണ് മുന്നണി വിടല്‍.

' അകാലിദളിന്റെ ഉന്നതാധികാര സമിതിയായ കോര്‍ കമ്മിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്ന ബിജെപിയുടെ മുന്നണി വിടാന്‍ തീരുമാനിച്ചു.' അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ അങ്ങേയറ്റം അപകടകാരിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
തെലുങ്കുദേശം, ശിവസേന എന്നിവയ്ക്ക് പുറമെ എന്‍ ഡി എ വിടുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി അകാലി ദള്‍.

സുശാന്ത് സിംഗ് രാജപുത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പാദുക്കോണിനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്ത വാര്‍ത്തയാണ് ദേശീയ തലത്തില്‍ നിന്നുള്ള പ്രധാന സംഭവങ്ങളില്‍ ഒന്നു. കൂടാതെ നടിമാരായാ സാറാ അലിഖാനെയും ശ്രദ്ധ കപൂറിനെയും ചോദ്യംചെയ്തു. ദീപികയുടെ മാനേജരായ കരിഷ്മയുടെയും വാട്‌സാപ്പ് സന്ദേശങ്ങളിൽ നിന്നുള്ള സൂചനകൾവെച്ചാണ് ദീപികയെ ചോദ്യം ചെയ്തത്. ഇതിനിടെ സംവിധായകൻ കരൺ ജോഹറിന്റെ നിർമാണസ്ഥാപനമായ ധർമ പ്രൊഡക്‌ഷൻസിൽ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന ക്ഷിതിജ് രവി പ്രസാദിനെ അറസ്റ്റു ചെയ്തു.

റൂത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗിന്റെ വിയോഗത്തെ തുടര്‍ന്നുള്ള ഒഴിവില്‍ കടുത്ത യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്ന എയ്മി കോണി ബാരറ്റിനെ ട്രംപ് അമേരിക്കന്‍ സുപ്രിം കോടതിയിലെ ജഡ്ജിയായി നാമനിര്‍ദേശം ചെയ്തു.അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായിരിക്കും ഇതെന്ന് ഉറപ്പായി കഴിഞ്ഞു. ഡെമോക്രാറ്റുകള്‍ ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ട്രംപിനെ പിന്തുണയ്ക്കുന്ന ഇവാഞ്ചലിക്കല്‍ വിഭാഗത്തിലെ പ്രമുഖ പേര് കാരിയാണ് ബാരറ്റ്.
സമാനതകളില്ലാത്ത നേട്ടത്തിനുടമയാണ് ബാറ്റ് എന്ന് അവരെ നാമനിര്‍ദ്ദേശം ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ സുപ്രീം കോടതി ജഡ്ജിമാരെ പ്രസിഡന്റ് നിയമിക്കുകയും പിന്നീട് സെനറ്റിന്റെ അംഗീകാരം തേടുകയാണ് പതിവ്. നിയമിക്കപ്പെടുന്നവര്‍ക്ക് ജീവിതകാലം വരെ അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി തുടരാനും സാധിക്കും.

പുതിയ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് ശേഷമെ സുപ്രിം കോടതി ജഡ്ജിയെ നിയമിക്കാവുവെന്ന് ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ലിബറലുകളുടെ ആവശ്യം തള്ളിയാണ് ട്രംപ് തിടുക്കത്തില്‍ ബാരറ്റിനെ നാമ നിര്‍ദേശം ചെയ്തത്.
ബാരറ്റിന്റെ നിയമനം അംഗീകരിക്കപ്പെടുകയാണെങ്കില്‍ അമേരിക്കന്‍ സുപ്രീം കോടതിയിലെ യാഥാസ്ഥിതിക നിലപാടുകാരുടെ ഭൂരിപക്ഷം കൂടുതല്‍ ശക്തമാകും. ഇതോടെ ആറ് പേര്‍ യാഥാസ്ഥിതിക നിലപാടുകാരും മൂന്നുപേര്‍ പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്നവരുമാണ്. ഒ്മ്പത് അംഗങ്ങളാണ് യു എസ് സുപ്രീം കോടതിയിലുള്ളത്.

പീപ്പിള്‍ ഓഫ് പ്രെയിസ് (People of Praise) എന്ന ഒരു നിഗൂഢ കത്തോലിക് ഉടമ്പടി സമൂഹത്തില്‍ (secretive Catholic "covenant community") അംഗമാണ് ബാരറ്റ് എന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നൂ. ന്യൂ യോര്‍ക്കിലെ ഒരു അപ്പീല്‍ കോടതി ജഡ്ജി ആയ ബാരറ്റ് താനൊരു തികഞ്ഞ കാതോലിക്ക വിശ്വാസിയാണെന്നും എന്നാല്‍ ഒരു ന്യായാധിപ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വ്വഹിക്കുന്നതിന് മത വിശ്വാസം തടസമായിരിക്കില്ലെന്നും പറഞ്ഞു.

48 കാരിയായ ബാരറ്റ് ലൂസിയാന സ്വദേശിയാണ്. നോട്രെ ഡാം ലോ സ്കൂളില്‍ നിന്നും ബിരുദം നേടിയ ട്രംപിന്റെ ഇവാഞ്ചലിക്കല്‍ ക്രിസ്റ്റ്യന്‍ നിരയിലെ പ്രമുഖയാണ്. നീതിന്യായ മേഖലയിലെ തൊഴില്‍ സംതൃപ്തിയോ, കീര്‍ത്തിയോ, പണമോ നേടാനുള്ള വഴിയല്ല തനിക്ക് മറിച്ച് ദൈവ വേലയാണ് എന്നാണ് ബാരറ്റ് പറഞ്ഞത്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories