TopTop
Begin typing your search above and press return to search.

'വിശ്വാസം നഷ്ടപ്പെട്ടാല്‍ ജനങ്ങള്‍ കലാപത്തിന് നിര്‍ബന്ധിതരാവും': പ്രശാന്ത് ഭൂഷണെ പിന്തുണച്ച് കെ.സച്ചിദാനന്ദന്‍

വിശ്വാസം നഷ്ടപ്പെട്ടാല്‍ ജനങ്ങള്‍ കലാപത്തിന് നിര്‍ബന്ധിതരാവും: പ്രശാന്ത് ഭൂഷണെ പിന്തുണച്ച് കെ.സച്ചിദാനന്ദന്‍

നരേന്ദ്ര ദാബോല്‍ക്കറും ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും പോലെയുള്ള ചിന്തകരും സാമൂഹ്യപ്രവര്‍ത്തകരുമടക്കം അനേകം ആളുകള്‍ വധിക്കപ്പെട്ട നടപടികളിലൊന്നും ഇതുവരെ നീതി നടപ്പായിട്ടില്ലെന്നിരിക്കെ പ്രശാന്ത് ഭൂഷണെതിരെ നടപടിയെടുക്കാന്‍ സുപ്രിം കോടതി തിടുക്കം കാണിക്കുകയാണെന്ന് കവി കെ സച്ചിദാനന്ദന്‍. ഭരണഘടനാ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുക എന്ന വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ സോളിഡാരിറ്റി ഫോറം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു സച്ചിദാനന്ദന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍;

പ്രശാന്ത് ഭൂഷണ്‍ നമ്മെ സംബന്ധിച്ചിടത്തോളം ഒരു സന്ദര്‍ഭം മാത്രമാണ്. നാം തുടരുന്ന പ്രതിഷേധങ്ങളെ ഒന്നു കൂടി തീവ്രമാക്കുന്ന ഒരു സന്ദര്‍ഭം. ഭരണകൂട കൈയ്യേറ്റങ്ങള്‍ക്കെതിരായ ഒരു പ്രവൃത്തി എന്ന നിലയ്ക്കാണ് പ്രശാന്ത് ഭൂഷണോടുള്ള നമ്മുടെ ഐക്യദാര്‍ഢ്യം. ആര്‍ട്ടിക്കിള്‍ 129 തോന്നിയതു പോലെ ഉപയോഗിക്കേണ്ടതല്ല എന്ന വാദമാണ് ഭൂഷണെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്നത്. നരേന്ദ്ര ദാബോല്‍ക്കറും ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും പോലെയുള്ള ചിന്തകരും സാമൂഹ്യപ്രവര്‍ത്തകരുമടക്കം അനേകം ആളുകള്‍ വധിക്കപ്പെട്ട നടപടികളിലൊന്നും ഇതുവരെ നീതി നടപ്പായിട്ടില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് പ്രശാന്ത് ഭൂഷണെതിരെ നടപടിക്ക് കോടതിയുടെ തിടുക്കം.

നീതിന്യായവ്യവസ്ഥക്കെതിരെ തുറന്ന സമീപനമെടുത്ത ജഡ്ജിമാര്‍ക്കെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യവും പ്രശാന്ത് ഭൂഷണ്‍ കേസിനിടെ സുപ്രീംകോടതിയില്‍ ഉന്നയിക്കപ്പെടുകയുണ്ടായി. ഇതിലൊരു ജഡ്ജിയുടെ പരിണാമം നാം കണ്ടതാണ്. വിരമിച്ച ഉടനെ തന്നെ അദ്ദേഹം സര്‍ക്കാര്‍ നല്‍കിയ അധികാരസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായി എന്നതു ചിന്തിക്കേണ്ടതുണ്ട്. ഇങ്ങനെ, ജഡ്ജിമാരെ വിലക്കെടുക്കാന്‍ കഴിയുന്ന, പ്രലോഭനം കൊണ്ട് അവരെ കീഴ്പ്പെടുത്താവുന്ന ഒരവസ്ഥ രാജ്യത്തു നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു ജനാധിപത്യവ്യവസ്ഥയാണെന്നു പറയാന്‍ നാം ശങ്കിക്കണം.

പ്രശാന്ത് ഭൂഷന്റേത് ഒറ്റപ്പെട്ട സംഭവമല്ല. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അവസാനത്തെ അഭയവും ആശ്രയമാണ് സുപ്രീംകോടതി. മറ്റു കോടതികളില്‍ പോലും പരാജയപ്പെടുമ്പോള്‍ ന്യായത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥമായ ദേശീയ നീതിന്യായസ്ഥാപനമാണ് സുപ്രീംകോടതി. ഈ കോടതി ശരിയല്ല എന്നും ഇവിടുത്തെ നീതിന്യായവ്യവസ്ഥ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നില്ല എന്നും ജനങ്ങള്‍ക്കു തോന്നാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ ആ ദിവസം നമ്മുടെ ജനാധിപത്യം അപകടത്തിലാണ്. ജനങ്ങളിലുള്ള വിശ്വാസം ഭരണകൂടത്തിനു നഷ്ടമാവുകയും അതോടൊപ്പം തന്നെ ഭരണകൂടത്തിന്റെ ഉപകരണങ്ങളായ മറ്റു സ്ഥാപനങ്ങള്‍ക്കും നഷ്ടപ്പെടുകയും ചെയ്യുന്ന ആ ദിവസം ജനാധിപത്യം നിരര്‍ഥകമായി മാറും. അത്തരമൊരു അവസ്ഥ ജനങ്ങളില്‍ കടുത്ത നൈരാശ്യമുണ്ടാക്കും. നേരെയാവില്ല എന്ന അശുഭാപ്തി വിശ്വാസം അവരില്‍ നിറയ്ക്കും എന്നതാണ് ഒരു സാധ്യത. അല്ലെങ്കില്‍ തുറന്ന്, വ്യവസ്ഥാവിരുദ്ധമായ കലാപത്തിന് അതു ജനങ്ങളെ നിര്‍ബന്ധിക്കും.

സുപ്രീംകോടതി പുറപ്പെടുവിച്ച ബാബ്റി മസ്ജിദ് വിധിയിലെ ആന്തരിക വൈരുധ്യം ഏതു സാധാരണക്കാരനും മനസിലാവും. ഒരു ഭാഗത്ത് ബാബ്റി മസ്ജിദ് തകര്‍ത്തത് ക്രിമിനാല്‍ നടപടിയാണ് എന്നു പറയുക, മറുഭാഗത്ത് തകര്‍ക്കപ്പെട്ട അതേ സ്ഥലത്ത് രാമക്ഷേത്രം സര്‍ക്കാരിന്റെ മുന്‍കൈയില്‍ പണിയണം എന്നു നിര്‍ദേശിക്കുക. ഇതിലെ വൈരുധ്യം ആലോചിച്ചറിയാന്‍ വിശേഷബുദ്ധിയോ വലിയ നിയമജ്ഞാനമോ ആവശ്യമില്ല. മതേതരരാജ്യത്തിന്റെ പ്രധാനമന്ത്രി ആ ക്ഷേത്രത്തിന്റെ ഭൂമിപൂജക്ക് ആധ്യക്ഷം വഹിക്കുമ്പോള്‍ ഭരണഘടനയോടു ചെയ്യുന്ന ആ തെറ്റ് പൂര്‍ത്തിയാവുകയും ചെയ്യുന്നു. ഗുജറാത്ത് വംശഹത്യയില്‍ എത്ര കുറ്റവാളികളെയാണ് കോടതി വെറുതെ വിട്ടത്? വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ലഹളയില്‍ ഏകപക്ഷീയസ്വാഭാവം കാട്ടി. പത്രപ്രവര്‍ത്തകര്‍ക്കു പോലും സത്യം വിളിച്ചുപറയാന്‍ കഴിയാത്ത, അതന്വേഷിക്കാന്‍ പോലും കഴിയാത്ത ഭീഷണമായ സാമൂഹികകാലാവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം.

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളോട് സര്‍ക്കാരും കോടതിയും സ്വീകരിച്ച നടപടികളും ഇതുപോലെയാണ്. രാജ്യം മുഴുവന്‍ ഷഹീന്‍ബാഗാവുന്ന കാലത്താണ് മഹാമാരി പടര്‍ന്നതും ആ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയതും. വര്‍ഗീയതയുടെ പേരില്‍ നടന്ന കൂട്ടക്കൊലകള്‍ക്കെതിരെ എത്ര നടപടികള്‍ കോടതി സ്വീകരിച്ചിട്ടുണ്ട്? ഈ ചോദ്യങ്ങള്‍ ജനങ്ങള്‍ ഭരണകൂടത്തോടും ഭാവിവ്യവസ്ഥയോടും ചോദിക്കാതിരിക്കില്ല എന്നതു നിസംശയമാണ്. വല്ലപ്പോഴും മാത്രമായി ചില ഹൈക്കോടതികളില്‍ ചില ശരിയായ വിധികള്‍ വരുമ്പോഴാണ് ചില സ്ഥലങ്ങളിലെങ്കിലും നീതിന്യായവ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നു തോന്നുന്നത്.

യുവാക്കള്‍ക്കും മനുഷ്യാവകാശ-സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരെ അനേകം നടപടികളുണ്ടായത് ഈ മഹാമാരിയുടെ കാലത്താണെന്നു നമുക്കറിയാം. ഇന്ത്യയിലെ മുസ്ലീങ്ങള്‍ അപകടത്തിലാണെന്നു പറഞ്ഞ, അതു വിളിച്ചു പറയാന്‍ ബാധ്യതപ്പെട്ട ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അതു ചെയ്തപ്പോള്‍ രാജ്യദ്രോഹമായിക്കണ്ട ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. ജി.എന്‍.സായിബാബയെ പിന്തുണച്ചു എന്ന പേരില്‍ ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയുണ്ടായി. രാജ്യം ആദരിക്കുന്ന വിപ്ലവകവി, ജയിലില്‍ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍, വാര്‍ധക്യത്തെ തുടര്‍ന്ന് ജാമ്യം ചോദിച്ചപ്പോള്‍ ഏറെ നീചമായിട്ടായിരുന്നു അതിനെ എതിര്‍ത്തുകൊണ്ട് എന്‍.ഐ.എ നടത്തിയ വാദം. ഇങ്ങനെ, ഒട്ടേറെ പേര്‍ക്കെതിരെ കോടതി നടപടികള്‍ ആരംഭിച്ച കാലത്ത് കോടതിയേയും നീതിന്യായവ്യവസ്ഥയേയും സംശയിച്ച പ്രശാന്ത് ഭൂഷണെതിരെയുള്ള നടപടി ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ജനാധിപത്യത്തിന്റെ നാലു തൂണുകള്‍ക്കും തുരുമ്പു പിടിച്ച കാലത്താണ് നാം ജീവിക്കുന്നത്. മാധ്യമങ്ങളടക്കം പലരും ഭരണകൂടത്തിന്റെ വൈതാളികരായി മാറുന്നു. സത്യം പറയാന്‍ അവര്‍ ഭയപ്പെടുന്നു. സത്യം പറയുന്നവരെ കുറ്റക്കാരാക്കുന്ന ഒരു നീതിസങ്കല്പം കൂടുതല്‍ പ്രചാരം നേടി വരുന്നു. ഒപ്പം കുറ്റം ചെയ്തവവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഏറ്റവും അവസാനത്തെ ആശ്രയമായ സുപ്രീംകോടതി പോലും നഷ്ടപ്പെടുമ്പോള്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവക്കുഴിയില്‍ വീഴുന്ന അവസാനത്തെ തൂമ്പ മണ്ണായിരിക്കും. ഇന്ത്യയിലെ ജനാധിപത്യത്തിനു വേണ്ടി, വിമര്‍ശനസ്വാതന്ത്ര്യത്തിനു വേണ്ടി, പ്രതിപക്ഷ അവകാശത്തിനു വേണ്ടി, നീതിക്കും ന്യായത്തിനും സത്യത്തിനും വേണ്ടി നിലകൊള്ളുകയെന്നതാണ് പ്രശാന്ത് ഭൂഷണൊപ്പം നില്‍ക്കുക എന്നതിനര്‍ഥം. നാളെ സത്യം പറയുന്ന ഏതൊരാളുടേയും വാതിലില്‍ മുട്ടു കേട്ടു എന്നു വന്നേയ്ക്കാം.

അവര്‍ക്കു നിശബ്ദരാക്കാനാവില്ല: ഷബ്നം ഹശ്മി

ബഹുസ്വരതയുള്ളവരാണ് നമ്മുടെ രാജ്യത്തെ ജനങ്ങള്‍. എല്ലാവരും ഭക്തരല്ല. ഭരണഘടനെ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിനു പേര്‍ പ്രവര്‍ത്തിക്കുന്നു. ഭരണഘടന തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ മൂന്നു ദശകങ്ങളായി നാം കാണുന്നു. അദ്വാനി രഥയാത്ര തുടങ്ങിയ കാലം മുതല്‍. ദേശീയമാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഷയില്‍ മാത്രം സംസാരിക്കുന്നു.

ഒരു ഗൗരി ലങ്കേഷിനെ കൊല്ലാം, എന്നാല്‍ ഒരുപാടു പേര്‍ ശബ്ദമുയര്‍ത്തി എഴുന്നേറ്റു വരും. ആരും ശബ്ദമുയര്‍ത്തരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. വിയോജനം ഉയര്‍ത്തരുതെന്ന് അവര്‍ താല്പര്യപ്പെടുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തേതൊന്നും വിചിത്രമായി ഞാന്‍ കാണുന്നില്ല. ഇതൊരു രണ്ടാം സ്വാതന്ത്ര്യസമരമാണ്. പ്രശാന്ത് ഭൂഷണെപ്പോലുള്ളവരെ നിശബ്ദരാക്കാന്‍ അവര്‍ക്കു കഴിയില്ല.

വിമര്‍ശനം ജനാധിപത്യത്തിന്റെ പ്രാണന്‍ : കെ.ഇ.എന്‍

നമ്മുടെ നീതിന്യായവ്യവസ്ഥ സമഗ്രമായ വിമര്‍ശനത്തിന് പലപ്പോഴായി വിധേയമായിട്ടുണ്ട്. തുടര്‍ന്നും അതു നടക്കേണ്ടതുണ്ട്. നിരന്തരമായി വിമര്‍ശനവിധയേമാവുമ്പോള്‍ മാത്രമേ ജനാധിപത്യം ആ പേരു വിളിക്കാന്‍ അര്‍ഹമാവുകയുള്ളൂ. ജനാധിപത്യത്തിന്റെ ഒരു കേന്ദ്രം എന്ന നിലയ്ക്കാണ് നാം കോടതികളെ കണ്ടു പോരുന്നത്. തീര്‍ച്ചയായും അതിനു സാധ്യതകളും പരിമിതികളുമുണ്ട്. പരിമിതികളെ ഓര്‍മപ്പെടുത്തിയതിന്റെ പേരിലാണ് ഇ.എം.എസ്സിന് കോടതിയലക്ഷ്യനടപടി നേരിടേണ്ടി വന്നത്. കോടതിയും പട്ടാളവും പോലീസുമെല്ലാം ഭരണകൂടത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തിനു പഥ്യമല്ലാത്ത, രാജാധികാരത്തിന്റെതു പോലെ നേരിടുന്ന രീതി ആധുനികകാലത്ത് പല രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ വിധിന്യായങ്ങളെല്ലാം ജനാധിപത്യത്തിന്റെ തിളക്കം മാത്രം അടയാളപ്പെടുത്തുന്നതാണ് എന്നു പറയാന്‍ ഒരിക്കലും കഴിയില്ല. നീതിയുടെ അവസാനത്തെ ആശുപത്രിയായി കോടതികള്‍ നിലനിന്നിട്ടുണ്ട്. അവസാനത്തെ ആശുപത്രിക്കു മുകളില്‍ ബോംബു വീഴുകയാണോ എന്ന ഉത്കണ്ഠ ഉല്പാദിപ്പിക്കുന്നതാണ് പ്രശാന്ത് ഭൂഷണെതിരെയുള്ള ഇപ്പോഴത്തെ കോടതി നടപടികള്‍. ജനാധിപത്യത്തിന്റെ പ്രാണനാണ് വിമര്‍ശനവും അഭിപ്രായപ്രകടനവും. അത് അധിക്ഷേപമല്ല. ഒരു അഭിപ്രായം അധിക്ഷേപത്തിലേക്കു വഴുതിപ്പോയാല്‍ പോലും ഉന്നതനീതിപീഠം കാണിക്കേണ്ട ഔചിത്യമുണ്ടായിരുന്നു. പ്രശാന്ത് ഭൂഷണ്‍ കേസില്‍ നീതിപീഠത്തിന്റെ ഭാഗത്തു നിന്ന് അതുണ്ടായിട്ടില്ല. ഇത് പ്രശാന്ത് ഭൂഷണില്‍ തുടങ്ങി പ്രശാന്ത് ഭൂഷണില്‍ അവസാനിക്കുന്ന ഒന്നല്ല.

അഡ്വ.പി.വി.ദിനേശ്

കോടതിക്ക് അനുകൂലമായി ഒരു വിഭാഗം സംസാരിക്കുന്നുവെന്നാണ് ഉയര്‍ന്നിട്ടുള്ള ഒരു വാദം. ഒരേ കൊടിയുടെ കീഴില്‍ അണിനിരക്കുന്ന വ്യക്തികള്‍ കോടതിക്ക് അനുകൂലമായി സംസാരിക്കുന്നുണ്ട്. കൊളോണിയല്‍ സ്വഭാവമുള്ള നിയമമാണ് കോടതിയലക്ഷ്യം.

പ്രശാന്ത് ഭൂഷണ്‍ സോളിഡാരിറ്റി ഫോറം കണ്‍വീനര്‍ പി.വി.ഷെബിയായിരുന്നു യോഗത്തിന്റെ മോഡറേറ്റര്‍. സി.പി.എം മുന്‍കേന്ദ്രകമ്മിറ്റിയംഗം സുനീത് ചോപ്ര, ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലാര്‍ക്കാട്ട് എന്നിവരും സംസാരിച്ചു.


Next Story

Related Stories