കാല് നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ന്യൂസിലാന്‍ഡില്‍ ചരിത്ര വിജയം നേടിയ മധ്യ- ഇടത് സ്വഭാവമുള്ള സര്‍ക്കാറുമായി ജസീന്ത ആന്ഡേണ് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും അഭിമാനമാവുകയാണ് പ്രിയങ്ക രാധാകൃഷ്ണന്. ജസീന്ത ആന്‍ഡേന്‍ മന്ത്രിസഭയില്‍ ഇന്ത്യന്‍ സാന്നിധ്യമായി മാറിയ ഈ മലയാളി വേരുകളുള്ള വനിത സുപ്രധാന വകുപ്പുകളുമായാണ് മന്ത്രിസഭയില്‍ സ്ഥാനം പിടിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്. ഇത്തവണ പക്ഷേ സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് മന്ത്രിസഭയില്‍ വഹിക്കുന്നത്.
ന്യൂസിലാന്‍ഡിലെ അധികാര പദവികളിലേക്ക് ഒരു മലയാളി വംശജ കടന്ന് വരുമ്പോള്‍ ശ്രദ്ധേയമാവുന്നത് പ്രിയങ്കയുടെ രാഷ്ട്രീയ പാരമ്പര്യം തന്നെയാണ്. അത് ബാലറ്റിലൂടെ ഏഷ്യയിൽ തന്നെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയ കേരളത്തിൽ നിന്നാവുമ്പോള്‍ ഇടതുപക്ഷ ബന്ധവും. ഉന്നതപഠനത്തിനായി 2004-ല്‍ സിംഗപ്പൂരില്‍ നിന്ന് ന്യുസിലന്ഡിലേക്ക് സ്റ്റുഡന്റ് വിസയില്‍ എത്തിയ വ്യക്തിയാണ് പ്രിയങ്ക. ചെന്നൈയിലായിരുന്നു ഇതിന് മുമ്പുള്ള കാലം. ജനനവും ചെന്നൈയില്‍ തന്നെ. എന്നാൽ കുടുംബ വേരുകള്‍ കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂരില്‍ തുടങ്ങുന്നു. പറവൂര്‍ മാടവനപ്പറമ്പ് രാമന് രാധാകൃഷ്ണന് - ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക.
തനിക്ക് കേരളത്തില്‍ രാഷ്ട്രീയ വേരുകളുണ്ടെന്നും രാഷ്ട്രീയം തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണെന്നും പ്രിയങ്ക നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2014 ജൂലായില്‍ ദി ഇന്ത്യന്‍ വീക്കെന്‍ഡര്‍ എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. "എന്റെ മുതു മുത്തച്ഛന് ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തില്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്", എന്നാണ് പ്രിയങ്കയുടെ വാക്കുകള്‍.
ഡവലപ്മെന്റ് സ്റ്റഡീസില്‍ വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിസി നയവിശകലനം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ സജീവമായിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്നുള്ള സ്കോട്ട്ലണ്ട് വംശജനായ റിച്ചാര്ഡ്സണ് ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രിയങ്ക പഴയ അഭിമുഖത്തില്‍ പറയുന്നത്.
14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ് പ്രിയങ്ക. ലേബര്‍ പാര്‍ട്ടിയുടെ നയരൂപീകരണ കമ്മിറ്റിയുടെ അംഗവും പാര്‍ട്ടിയിലെ പല സബ് കമ്മിറ്റികളിലും അംഗവും ഉപദേശകയും ആയിരുന്നു. വോട്ട് ശതമാനം കണക്കാക്കി ന്യൂസിലാന്‍ഡിലെ പാര്‍ട്ടികളുടെ പ്രതിനിധി എന്ന നിലയിലാണ് പ്രിയങ്ക എംപി സ്ഥാനത്ത് എത്തുന്നത്. എംപിയായി രണ്ടാം തവണ തന്നെ മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവുമുള്ള പ്രതിനിധിയാവുക എന്ന പ്രത്യേകതയും പ്രിയങ്ക രാധാകൃഷ്ണനുണ്ട്.