വിദ്യാര്‍ഥികളോട് സംവദിക്കാനും അവര്‍ക്കൊപ്പം ചേരാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എപ്പോഴും സമയം കണ്ടെത്താറുണ്ട്. കേരള സന്ദര്‍ശനത്തിടെ തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ വിദ്യാര്‍ഥിനിയെ ക്ഷണിച്ചത് ഉള്‍പ്പെടെ രാഹുലിന്റെ ഇത്തരം സംവാദം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിനേക്കാള്‍ ഏറെ ഹൃദ്യമായൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുതുച്ചേരി സന്ദര്‍ശനത്തിനിടെ കോളേജിലെത്തിയ രാഹുലിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ഒരു വിദ്യാര്‍ഥിനി ഓടിയെത്തുന്നതും സന്തോഷത്താല്‍ തുള്ളിച്ചാടുന്നതുമാണ് വീഡിയോയിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് രാഹുല്‍ പുതുച്ചേരിയിലെത്തിയത്. അതിനിടെയാണ് ഭാരതീദാസന്‍ വനിതാ കോളേജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ചത്. രാഹുല്‍ വേദിയിലെത്തിയപ്പോള്‍ ഒരു വിദ്യാര്‍ഥിനി ബുക്കുമായി അങ്ങോട്ട് ഓടിയെത്തി. രാഹുല്‍ വേഗം തന്നെ ബുക്ക് വാങ്ങി ഒപ്പിട്ടുനല്കി. ഇത്രയും സംഭവിക്കുമ്പോഴേക്കും വിദ്യാര്‍ഥിനിക്ക് സന്തോഷം അടക്കിവെക്കാന്‍ സാധിക്കാതെയായി. ഇതോടെ രാഹുല്‍ അടുത്തെത്തി, വിദ്യാര്‍ഥിനിക്ക് കൈകൊടുത്തു കവിളില്‍ തഴുകി, ചേര്‍ത്തുപിടിച്ച് ഫോട്ടോക്കും വീഡിയോക്കും പോസ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. തലയില്‍ കൈവെച്ച് അനുഗ്രഹിക്കുമ്പോഴേക്കും വിദ്യാര്‍ഥിനി സന്തോഷത്താല്‍ തുള്ളിച്ചാടുകയായിരുന്നു. മറ്റു വിദ്യാര്‍ഥികള്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചുമാണ് ഈ സന്തോഷത്തില്‍ പങ്കുചേര്‍ന്നത്.