പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അസുഖബാധിതനെ സന്ദര്‍ശിക്കുന്ന ചിത്രവും അതിനെക്കുറിച്ചുള്ള കുറിപ്പും സോഷ്യല്‍ മീഡിയിയല്‍ ഏറെ വൈറലായിരിക്കുകയാണ്. രണ്ട് വര്‍ഷമായി രോഗബാധിതനായി കഴിയുന്ന തന്റെ മുന്‍ ജീവനക്കാരനെ കാണാന്‍ എത്തിയതായിരുന്നു രത്തന്‍ ടാറ്റ. കൂടെ മാധ്യമങ്ങളോ സുരക്ഷാജീവനക്കാരോ ഉണ്ടായിരുന്നില്ല. പകരം വിശ്വസ്തനായ ജീവനക്കാരനോടുള്ള പ്രതിജ്ഞാബദ്ധതയും സ്നേഹവും മാത്രം. സാമ്പത്തിക ലാഭത്തിന്റെ കണക്കുകള്‍ മാത്രം നോക്കുന്ന സംരംഭകരും ബിസിനസുകാരും രത്തന്‍ ടാറ്റയില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.
രണ്ട് വര്‍ഷമായി രോഗബാധിതനായി ചികിത്സയിലുള്ള പഴയ ജീവനക്കാരനെ കാണാന്‍ മുംബൈയില്‍നിന്നാണ് രത്തന്‍ ടാറ്റ പൂനെയിലെത്തിയത്. പുനെ ഫ്രണ്ട്സ് സൊസൈറ്റിയില്‍ എത്തിയ അദ്ദേഹം മുന്‍ ജീവനക്കാരനുമായി സംസാരിക്കുന്ന ചിത്രം ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായിയാണ് പുറംലോകത്തെത്തിച്ചത്. ജനുവരി നാലിനാണ് യോഗേഷ് ചിത്രം ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ചു. '83 കാരനായ രത്തന്‍ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ബിസിനസുകാരന്. രണ്ടുവര്‍ഷമായി അസുഖബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ പുനെയിലെ പ്രണ്ട്സ് സൊസൈറ്റിയില്‍ എത്തി. മാധ്യമങ്ങളില്ല, സുരക്ഷാജീവനക്കാരില്ല.. വിശ്വസ്തനായ ജീവനക്കാരനോടുളള പ്രതിജ്ഞാബദ്ധത മാത്രം. പണമല്ല എല്ലാമെന്ന് സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. നല്ലൊരു മനുഷ്യനായിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അങ്ങയുടെ മുന്നില്‍ ബഹുമാനത്താല്‍ ഞാന്‍ ശിരസ്സ് കുനിക്കുന്നു' എന്നായിരുന്നു യോഗേഷിന്റെ കുറിപ്പ്. അസുഖബാധിതനായ ആളുടെ പോരോ മറ്റു വിവരങ്ങളോ ചേര്‍ത്തിട്ടില്ലെങ്കിലും ചിത്രവും കുറിപ്പും ഏറെ വൈറലായി. 1.8 ലക്ഷത്തിലധികം പ്രതികരണങ്ങളും അയ്യായിരത്തോളം കമന്റുകളും ലഭിച്ച പോസ്റ്റ് മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. എല്ലാവര്ക്കും പ്രചോദനമേകുന്ന വ്യക്തി-ഹാറ്റ്സ് ഓഫ്, മനുഷ്യപ്പറ്റുള്ള മനുഷ്യന്, ഇങ്ങനെയാണ് ഇതിഹാസങ്ങള്‍ ഉണ്ടാകുന്നത് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മനുഷ്യപ്പറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന ബിസിനസുകാര്‍ക്കിടയില്‍ രത്തന്‍ ടാറ്റ വേറിട്ടുനില്ക്കുന്നു, എന്തുകൊണ്ട് ടാറ്റയുടെ ഉല്പന്നങ്ങള് പ്രത്യോഹിപ്പിക്കപ്പെടണം എന്നതിന്റെ ചെറിയ ഉദാഹരമാണ് ചിത്രമെന്നും പ്രതികരിച്ചവരുണ്ട്.