TopTop
Begin typing your search above and press return to search.

ആദ്യത്തെ ആഗോള ടെന്‍ഡര്‍, റോഡിനായി ഉമ്മറം വരെ വിട്ടു കൊടുത്ത മരാമത്ത് മന്ത്രി, സഹോദരനെ ഓര്‍മ്മിക്കുമ്പോള്‍

ആദ്യത്തെ ആഗോള ടെന്‍ഡര്‍, റോഡിനായി ഉമ്മറം വരെ വിട്ടു കൊടുത്ത മരാമത്ത് മന്ത്രി, സഹോദരനെ ഓര്‍മ്മിക്കുമ്പോള്‍


ഒരാള്‍ നാട്ടിലെ പൊതുമരാമത്ത് മന്ത്രിയായിരിക്കുക. അദ്ദേഹത്തിന്റെ വീടിന്റെ ഉമ്മറം വരെ റോഡ് നിര്‍മാണത്തിനായി എടുക്കുക. മലയാളനാട്ടില്‍ ഇത്തരം അവസ്ഥകള്‍ പാടെ ദുര്‍ലഭമായിരിക്കും. പറഞ്ഞുവരുന്നത് സഹോദരന്‍ അയ്യപ്പനെ കുറിച്ചാണ്. എറണാകുളത്തെ എംജി റോഡിന്റെ (പഴയ സെവന്റി ഫീറ്റ് റോഡ്) നാള്‍ വഴികള്‍ അറിയുന്നവര്‍ക്ക് അതെങ്ങനെയാണ് സഹോദര ഭവനത്തിന്റെ ഉമ്മറം കവര്‍ന്നത് എന്നത് അറിയാന്‍ സാധിക്കും. 70 അടി റോഡല്ല, 100 അടി റോഡ് ഉണ്ടാക്കാനാണ് സഹോദരന്‍ അന്ന് ഇറങ്ങിപ്പുറപ്പെട്ടത്. 'ഗോമതി' പോലുള്ള അന്നത്തെ പ്രമുഖ പത്രങ്ങളുടെ ആക്രമണത്തില്‍ അത് 70 അടിയാക്കി കുറയ്‌ക്കേണ്ടിവന്നുവെന്ന് മാത്രം. ഈ കൊച്ചു കൊച്ചിയ്‌ക്കെന്തിനാണ് 100 അടി റോഡ് എന്നായിരുന്നു 'ഗോമതി' പോലുള്ള പത്രങ്ങള്‍ അച്ചു നിരത്തിയത്.

ഇന്നിത് കൊച്ചു കൊച്ചിയായിരിക്കാം. ഭാവിയില്‍ വിശാല കൊച്ചിയായി ഇത് മാറും. അന്നിത് പോരാതെ വരും. സഹോദരന്‍ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. പക്ഷെ 100 അടി റോഡ് നടക്കാതെ പോയി. 70 അടിയില്‍ ഒതുക്കേണ്ടി വന്നു. ഇപ്പോള്‍ സഹോദര ഭവനത്തിനു മുന്നിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ പോലും ആ റോഡിന്റെ കഥ അറിയണമെന്നില്ല. അറിയാനും ഇടയില്ല. എറണാകുളത്തെ എംജി റോഡ്, കേരളം മുഴുവന്‍ നീളുമെന്ന് കരുതിയ ഫോര്‍ഷോര്‍ റോഡ്, പില്‍ക്കാലത്ത് സഹോദരന്റെ തന്നെ പേരില്‍ അറിയപ്പെട്ട എസ് എ റോഡ് ഒക്കെ സ്‌ഹോദരന്റെ ചിന്തയില്‍ പിറന്നവയാകുന്നു.

ഒരുപക്ഷെ മലയാള നാട്ടില്‍ ആദ്യമായി ആഗോള ടെന്‍ഡര്‍ വിളിച്ച് നിര്‍മാണ ജോലി നിശ്ചയിച്ച മരാമത്ത് മന്ത്രിയും സഹോദരന്‍ തന്നെയാവണം. മലയാള നാട് എന്നെഴുതിയത് മനപൂര്‍വം തന്നെയാണ്. അന്ന് കേരളം രൂപപ്പെട്ടിട്ടില്ല. കൊച്ചി രാജ്യത്തെ മരാമത്ത് മന്ത്രിയായിരുന്ന സഹോദരന്‍ ഇന്നുകാണുന്ന ഗോശ്രീ പാലങ്ങള്‍ നിര്‍മിക്കാന്‍ നിശ്ചയിച്ചു. വൈപ്പിന്‍ ദ്വീപുകളെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്നതിനായി. അതിനായി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയും ഒരു ബ്രിട്ടീഷ് കമ്പനിയെ നിര്‍മാണ ജോലികള്‍ ഏല്‍പ്പിക്കുന്നതിന് കണ്ടെത്തുകയും ചെയ്തു. പക്ഷെ, തിരു കൊച്ചി സംയോജനം മൂലം രൂപപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ പരിഗണനാ ക്രമങ്ങള്‍ മാറിയതിനെ തുടര്‍ന്ന് ആ പദ്ധതി നടക്കാതെ പോകുകയായിരുന്നു. അല്ലെങ്കില്‍ എത്രയോ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ ഗോശ്രീ പാലങ്ങള്‍ നിര്‍മിക്കപ്പെടുമായിരുന്നുവെന്
ന് ഓര്‍മ്മിക്കണം.
ആഗോള ടെന്‍ഡര്‍ നടത്തി നാടിന് ഏറ്റവും ഗുണം ചെയ്യുന്ന കരാറുകാരെ നിശ്ചയിക്കുന്നതിന് കാണിച്ച ദീര്‍ഘദര്‍ശിത്വം ഇവിടെ ഒരു ക്രമമായി തീരാന്‍ പിന്നേയും എത്രയോ പതിറ്റാണ്ടുകള്‍ വേണ്ടിവന്നുവെന്ന് ഓര്‍ക്കണം.

ഒട്ടേറെ നീയമങ്ങളും ചട്ടങ്ങളും ഉണ്ടായിട്ടും അതൊന്നും കണക്കിലെടുക്കാതെ, കുറുക്കുവഴികളിലൂടെ നിര്‍മാണ ജോലികള്‍ നടക്കുന്ന ഇക്കാലത്ത് പഴയൊരു മന്ത്രി നിര്‍മാണ ജോലികളുടെ കാര്യത്തില്‍ കാണിച്ചിരുന്ന നിഷ്ട ഓര്‍മ്മിപ്പിച്ചുവെന്നു മാത്രം. ആരു ഭരിച്ചാലും കമ്മീഷനും തട്ടിപ്പും ഇല്ലാതെ ഒന്നും നടക്കില്ലാത്ത സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ലൈഫ് പദ്ധതി അടക്കമുള്ളവയെ കുറിച്ച് ഓരോ ദിവസവും വിവാദങ്ങള്‍ കത്തുകയാണല്ലോ. അധികാരത്തിന്റെ വിനിയോഗം, ഭരണ നിര്‍വഹണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഒട്ടും സുതാര്യത ഇല്ലാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മുന്നിലെത്തുന്ന കക്ഷികളെ മാറിമാറി പരീക്ഷിച്ച് വലഞ്ഞ ഒരു ജനതയായി നമ്മള്‍ പരിണമിച്ചു കഴിഞ്ഞു- ആശയറ്റ ജനതതിയെപ്പോലെ പ്രതിസ്പന്ദങ്ങളില്ലാതെ ജീവിച്ചുപോകുന്നവര്‍.

ഗര്‍വിഷ്ടനാകാത്ത സചിവന്‍

നമ്മുടെ മന്ത്രിമാര്‍ പ്രജാപതികളെപ്പോലെ, ഗര്‍വ്വിഷ്ടരായി തീരുന്നതും വലിയ സന്നാഹങ്ങളോടും അകമ്പടിയോടുമൊക്കെ സഞ്ചരിക്കുന്നതും ഇക്കാലത്ത് പതിവ് കാഴ്ചകളാണ്. എന്നാല്‍ മന്ത്രിയായിരിക്കെ സ്റ്റേറ്റ് കാര്‍ വൈക്കത്തിനടുത്ത് വെച്ച് കേടായപ്പോള്‍, വൈക്കം ബസ്റ്റാന്റില്‍ എത്തി കാത്ത് നിന്ന് കരിവണ്ടിയില്‍ തിക്കിലും തിരക്കിലും പെട്ട് തൂങ്ങിനിന്ന് എറണാകുളത്തേയ്ക്കു യാത്ര ചെയ്ത ഒരു മന്ത്രിയേയുണ്ടായിട്ടുണ്ടാകു. അത് സഹോദരനായിരുന്നു. ബസ് കുറെ മുന്നോട്ടുപോയപ്പോള്‍ കരിയില്‍ കുളിച്ചു നില്‍ക്കുന്ന സ് ഹോദരനെ ഏതോ ഒരു യാത്രക്കാരന്‍ തിരിച്ചറിഞ്ഞു.
അങ്ങെന്തിനാണ് ഇതിനകത്ത് യാത്രചെയ്യാന്‍ ഒരുങ്ങിയതെന്ന് ചോദിച്ചപ്പോള്‍ സഹോദന്റെ മറുപടി ഇതായിരുന്നു: ' നിങ്ങളെന്തിനാണ് ഇങ്ങനെ യാത്ര ചെയ്യാന്‍ ഒരുങ്ങുന്നതെന്ന ഞാന്‍ തിരിച്ചു ചോദിക്കുന്നു. മനുഷ്യര്‍ക്ക് ഓരോ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ളതാണ് ബസ്. എനിക്കു മാത്രമായി ഇക്കാര്യത്തില്‍ ഒരു പ്രത്യേകതയും ഇല്ലല്ലോ?''

മുന്‍നിശ്ചയവും അനുമതിയുമില്ലാതെ ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്ന ഇടമായിരുന്നു സഹോദരന്റെ മന്ത്രിമന്ദിരം. താന്‍ സദാസയമവും സേവന സന്നദ്ധനായി കാത്തിരിക്കുന്നതുപോലെയായിരുന്
നു അദ്ദേഹം. സൗമ്യവും ദീപ്തവുമായ ഇടപെടലുകള്‍. അത്രമേല്‍ സാധാരണമായി ജീവിക്കാന്‍ ഇഷ്ടപ്പെട്ടു പന്തിഭോജനമെന്ന അത്യന്തം വിപ്ലവകരമായ പ്രവര്‍ത്തനത്തിലൂടെ സ്വസമുദായാംഗങ്ങളില്‍ നിന്നു വരെ 'പുലയനയ്യപ്പന്‍' എന്ന അപഹാസം ഏറ്റുവാങ്ങിയ സഹോദരന്‍. അതൊന്നും അദ്ദേഹത്തെ പിന്‍തിരിപ്പിച്ചില്ല. അസാധാരണമായി ജീവിച്ച് സമാനതകളില്ലാത്ത സമൂഹ്യവ്യക്തിത്വമായി വളര്‍ന്ന സഹോദരന്‍ അയ്യപ്പന്റെ ജീവിതം അത്തരം ഒട്ടേറെ പാഠാന്തരങ്ങള്‍ സൃഷ്ടിക്കുന്നു. കേട്ടു പരിചയിച്ചതും കണ്ടു പരിചയിച്ചതുമായി ഒരു തരം സമ്യതകളുമില്ലാതെ സഹോദരന്‍ നമുക്ക് മുന്നില്‍ ഇപ്പോഴും നില്‍ക്കുന്നു. അത്യസാധാരണമായ യുക്തിയുടെ ഉരകല്ല്, തികച്ചും ധാര്‍മ്മികതയോടെയുള്ള ഇടപെടലുകള്‍, സമത്വം ജീവിതാര്‍ശമാക്കിയ, ഒത്തുതീര്‍പ്പുകളില്ലാത്ത ജീവിതം. ഇതൊക്കെയായിരുന്നു സഹോദരന്റെ സവിശേഷതകള്‍.

അടിമയും യജമാനനും ആകാത്ത ജീവിതം

1889 ഓഗസ്റ്റ് 22 നാണ് സഹോദരന്‍ ജനിച്ചത്.(പലരും 21 എന്ന് എഴുതിക്കാണുന്നുവെങ്കിലും എം.കെ. സാനുവിനെപ്പോലുള്ള ജീവചരിത്രകാരന്മാര്‍ ഓഗസ്റ്റ് 22 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്). അടിമയും യജമാനനും ആകാതെ മനുഷ്യനായി ജീവിക്കുക. അതായിരുന്നു സഹോദരന്‍ ഇച്ഛിച്ചത്. നരനു നരന്‍ അശുദ്ധ വസ്തുവായിരുന്ന കാലത്ത് ജനിച്ചു വളര്‍ന്ന സഹോദരന്‍ അയ്യപ്പനെപ്പോലുള്ളവരുടെ മുന്നില്‍ അതൊരു വലിയ വെല്ലുവിളിയായിരുന്നു. അതദ്ദേഹം സുധീരം ഏറ്റെടുക്കുകയും സ്വന്തം ജീവിതത്തിലൂടെ സാധ്യമാകുമെന്ന് തെളിയിക്കുകയും ചെയ്തു.
'അടിമയായിരിക്കാന്‍ വയ്യാത്തതുകൊണ്ടു തന്നെ എനിക്ക് യജമാനനായിരിക്കാനും സാധിക്കുകയില്ല' എന്ന എബ്രഹാം ലിങ്കണിന്റെ വാക്കുകള്‍ സഹോദരനെ ആഴത്തില്‍ സ്വാധീനിച്ചു.

'' യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധിശക്തി ഹനിച്ചതില്‍
ലാഭിച്ചതല്ലാതില്ലൊന്നും
ലോകവിജ്ഞാനരാശിയില്‍''
ജീവിക്കലാണ് ജീവിതത്തിന്റെ ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞു സഹോദരന്‍. സുശിക്ഷിതമായ ചിന്തയിലും പ്രവൃത്തിയിലും കൂടി ലോകക്ഷേമം നടത്തുക. ഫേബിയന്‍ സോഷ്യലിസം അദ്ദേഹത്തിന്റെ ചിന്തകളെ ആഴത്തില്‍ സ്വാധീനിച്ചു. അതില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ചതാണ് സഹോദര പ്രസ്ഥാനം. അതിന്റെ മുന്നണിപ്പോരാളി സഹോദരനായി അറിയപ്പെടുകയും ചെയ്തു.

നാരായണ ഗുരുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സഹോദരന്‍ തികഞ്ഞ നിരീശ്വരവാദിയായിരുന്നു. നാരായണ ഗുരുവിനേയും ഉത്തമനായ മനുഷ്യന്‍ എന്ന നിലയിലാണ് സഹോദരന്‍ സമീപിച്ചിരുന്നത്. നാരായണ ഗുരു ദൈവദശകം എഴുതിയപ്പോള്‍ സഹോദരന്‍ സയന്‍സ് ദശകം എഴുതി.
''`കോടിസൂര്യനുദിച്ചാലു-
മൊഴിയാത്തൊരു കൂരിരുള്‍
തുരന്നു സത്യം കാണിക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍''
എന്നു തുടങ്ങുന്ന സയന്‍സ് ദശകം ശാസ്ത്രത്തിന്റെ ഔന്നത്യത്തില്‍ ഊന്നുന്നു. 'ദൈവമേ കാത്തുകൊള്‍കങ്ങ്' എന്നു നാരായണ ഗുരു പ്രാര്‍ത്ഥിച്ചപ്പോള്‍ ശാസ്ത്രമേ കാത്തുകൊള്ളു എന്നതായിരുന്നു സഹോദരന്റെ ചിന്ത.

നാരായണ ഗുരുവിന്റെ മരണത്തെ സമാധി എന്ന പദത്താലാണ് മലയാളികള്‍ക്ക് പരിചയം. എന്നാല്‍ നാരായണ ഗുരു സ്വാമി മരിച്ചുവെന്ന് മുഖപ്രസംഗം എഴുതി സഹോദരന്‍ അയ്യപ്പന്‍. അതും കേരള കൗമുദിയില്‍. സന്യാസിമാര്‍ മരിക്കുകയല്ല സമാധിസ്ഥരാവുകയാണെന്നതാണ് ഹൈന്ദവമായ വിശ്വാസം. അതുകൊണ്ടുതന്നെ നാരായണ ഗുരു സമാധിയെന്നും ചട്ടമ്പി സ്വാമി സമാധിയെന്നും മറ്റും വിശേഷിപ്പിക്കപ്പെടുകയും കാലങ്ങളായി ആവര്‍ത്തിക്കപ്പെടുകയും ചെയ്തുപോരുന്നു. അത്യുക്തികള്‍ കൊണ്ടു ചരിത്രത്തെ മറയ്ക്കുന്നവര്‍ക്കിടയില്‍ മനുഷ്യത്വത്തെ കുറിച്ച് അഗാധമായി സംസാരിച്ച സഹോദരന്‍ അയ്യപ്പന്‍ നാരായണ ഗുരുവിന് മറ്റുള്ളവര്‍ ചാര്‍ത്തിക്കൊടുത്ത അഭൗമമായ വിശേഷണങ്ങളില്‍ പെട്ടുപോയില്ല. നാരായണഗുരുവുമായി അടുത്ത ബന്ധം പുലര്‍ത്തിയ സഹോദരന്‍ ഗുരു പാഠങ്ങള്‍ക്ക് പാഠാന്തരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നതരത്തിലേക്കും അദ്ദേഹത്തിന്റെ ചിന്തകള്‍ സഞ്ചരിച്ചു.

ബഷീറിന്റെ പുസ്തകശാല നാടിന് അന്തസാണ്

വൈക്കം മുഹമ്മദ് ബഷീര്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ പുസ്തകശാല നടത്തിയിരുന്നു. സഹോദരന്‍ മന്ത്രിയായിരിക്കെ അത് അനുമതിയില്ലാതെയാണ് നടത്തുന്നതെന്ന വിഷയം അദ്ദേഹത്തിന്റെ മുന്നിലെത്തി. അനധികൃതമായി സര്‍ക്കാര്‍ സ്ഥലത്ത് അനുമതിയില്ലാതെ നടത്തുന്ന പുസ്തകശാല പൊളിപ്പിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. നീയമവും അത് തന്നെ. എന്നാല്‍ മന്ത്രിയായ സഹോദരന്‍ ഫയലില്‍ എഴുതി:

''ബഷീറിനെപ്പോലെ അനുഗ്രഹീതനായ സാഹിത്യകാരന്‍ അവിടെ അങ്ങനെയൊരു ബുക്‌സ്റ്റാള്‍ നടത്തുന്നത് വാസ്തവത്തില്‍ നാടിനൊരു അന്തസാണ്. എന്നാല്‍ സൗജന്യമായി ബുക്‌സ്റ്റാള്‍ നടത്താന്‍ നീയമം അനുവദിക്കാത്തതുകൊണ്ട് ആ കടയ്ക്ക് ഒരു റുപ്പിക വാടക നിശ്ചയിച്ചിരിക്കുന്നു.''

1948 ഡിസംബറില്‍ സഹോദരന്‍ അയ്യപ്പന്‍ തിരു കൊച്ചി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത് സര്‍ക്കാരിന്റെ ചെലവു ചുരുക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. താഴെതട്ടിലുള്ള ജീവിനക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് ചെലവു ചുരുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ പാവപ്പെട്ട ജീവനക്കാരെ പിരിച്ചുവിടുന്നത് ധാര്‍മ്മികമല്ലെന്നും ഉന്നതങ്ങളിലുള്ളവര്‍ മാറി നിന്നു ചെലവുചുരുക്കണമെന്ന നിലപാടായിരുന്നു സഹോദരന്. മന്ത്രിമാര്‍ മാറിനിന്നു മാതൃകകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വയം രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി ആദ്യം രാജി സ്വീകരിക്കാന്‍ തയാറായില്ലെങ്കിലും സഹോദരന്‍ പിന്തിരിഞ്ഞില്ല. അദ്ദേഹം മന്ത്രിസഭയില്‍ നിന്നും പിരിഞ്ഞു.
(കടപ്പാട് എം.കെ. സാനു അടക്കമുള്ളവര്‍ എഴുതിയ സഹോദരന്‍ അയ്യപ്പന്റെ ജീവചരിത്ര ഗ്രന്ഥങ്ങളോടും ലേഖനങ്ങളോടും)


Next Story

Related Stories