TopTop
Begin typing your search above and press return to search.

കൃഷിയിടങ്ങള്‍ വീണ്ടെടുക്കുക, കൊറോണ കാലത്തെ അടച്ചിരുപ്പുണ്ടാക്കിയ തിരിച്ചറിവില്‍ ചിങ്ങം ഒന്ന് കടന്നു പോകുമ്പോള്‍

കൃഷിയിടങ്ങള്‍ വീണ്ടെടുക്കുക, കൊറോണ കാലത്തെ അടച്ചിരുപ്പുണ്ടാക്കിയ തിരിച്ചറിവില്‍ ചിങ്ങം ഒന്ന് കടന്നു പോകുമ്പോള്‍

ചിങ്ങം ഒന്ന്. ഇന്ന് മലയാളത്തിലെ വര്‍ഷാരംഭം. കര്‍ഷക ദിനവും. ലോകമാകെ കൊറോണ മഹാവ്യാധി പടരുന്നതിനിടെയാണ് ഇക്കുറി ചിങ്ങപ്പുലര്‍ച്ച. ഒട്ടും സുഖകരമല്ലാത്ത അന്തരീക്ഷത്തില്‍. കൊറോണയുടെ കെടുതികള്‍ ഏറ്റവും കൂടുതല്‍ പ്രകടമായ ദിനങ്ങളിലാണ് നമ്മുടെ രാജ്യവും സംസ്ഥാനവും. കൃഷിയാണ് സംസ്‌കാരത്തിന്റെ ഉറവിടമെന്ന ബോധ്യം പോലും നഷ്ടപ്പെട്ട കാലത്താണ് മഹാവ്യാധിയെ അഭിമുഖം കണ്ടുകൊണ്ടു വലിയ പരീക്ഷണത്തിലൂടെ മനുഷ്യാവസ്ഥ കടന്നു പോകുന്നതെന്നും ശ്രദ്ധിക്കേണ്ടതാണ്.

കൃഷിയിടങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടതിന്റെ, കൃഷിയിടങ്ങളെ വീണ്ടെടുക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം അടച്ചിരിപ്പു കാലം നമ്മെ ബോധ്യപ്പെടുത്താതെ ഇ
രുന്നില്ല. തുണ്ടു ഭൂമിയില്‍ പോലും സ്വന്തം ആവശ്യങ്ങള്‍ക്കുതകുന്നത് ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ വലിയ വിചാരണകള്‍ കാലം നമുക്കായി കരുതിവെച്ചിട്ടുണ്ടെന്നത് വിചാരശീലന്മാരൊക്കെ മനസ്സിലാക്കിയിട്ടുണ്ടാകണം. മറ്റു നാടുകളില്‍ നിന്നും ഭക്ഷ്യവസ്തുക്കളും പേറി വണ്ടികള്‍ വരാതെ ഇരുന്ന ദിനങ്ങള്‍ എത്രമേല്‍ വേവലാതികളാണ് നല്‍കിയതെന്നതും മറക്കാനിടയില്ല. അതിനിടയില്‍ കടന്നുവരുന്ന കര്‍ഷക ദിനത്തില്‍ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭോജ്യമായ, അരിയെ കുറിച്ച്, അന്നത്തെ കുറിച്ച് ആലോചിച്ച് പോവുകയാണ്.

കാര്‍ഷിക വൃത്തിയുടെ ആത്യന്തിക ലക്ഷ്യം വിളവുണ്ടാക്കലല്ലെന്നും അത് മനുഷ്യസംസ്‌കരണമാണെന്നതും പ്രകൃതി ജീവനത്തിന്റെ പ്രാമാണിക പാഠങ്ങളില്‍ ഒന്നാകുന്നു. അതില്‍ നിന്നാണ് കൃഷിയുടെ സാമൂഹിക പാഠവും രാഷ്ട്രീയവും ഉരുത്തിരിഞ്ഞുവരുന്നതും. ഭക്ഷ്യ വസ്തുക്കളെ നിയന്ത്രിക്കുന്ന സാമ്പത്തിക അധികാര ശക്തികളില്‍ നിന്നും ഓരോ വ്യവസ്ഥിതിയുടേയും ആത്യന്തിക സ്വഭാവത്തെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അത്തരം സങ്കീര്‍ണ പ്രശ്‌നങ്ങളിലേക്കല്ല ഈ കുറിപ്പ് കടക്കാന്‍ ശ്രമിക്കുന്നത്.

അന്ന വിചാരം മുന്ന വിചാരം. പിന്നെ വിചാരം കാര്യവിചാരം. എന്നാണ് പ്രമാണം. അന്നം കഴിഞ്ഞുമതി എല്ലാം എന്നാണ് ഈ ചൊല്ലിലൂടെ തങ്ങളുടെ ഓരോ തലമുറയേയും മലയാളി ആവര്‍ത്തിച്ച് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. വേദാന്തി അന്നം തന്നെയാണ് ബ്രഹ്മം എന്നും അന്നാല്‍ ഭവന്തി ഭൂതാനി എന്നും പറയുമ്പോള്‍ സാധാരണക്കാരന്‍ അന്നം മുട്ടിയാല്‍ എല്ലാം മുട്ടും എന്നും അന്നബലം പ്രാണബലം എന്നും പറയും. തത്വവും സാരവും ഒക്കെ ഒന്നു തന്നെ.

മറ്റേതു ധാന്യത്തേക്കാളും കൂടുതല്‍ നെല്ല് മനുഷ്യരാശിയെ ഊട്ടുന്നു. ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടും ജീവസന്ധാരണം നടത്തുന്നത് നെല്ല്, ഗോതമ്പ്, ചാമ എന്നിവ കൊണ്ടാണ്. അരിയാഹാരം കഴിക്കുന്ന മലയാളിക്ക് അരി ഭക്ഷണവും ഭാഷണവും ആകുന്നു. അരിയെത്തുക എന്ന പ്രയോഗം തന്നെ നോക്കുക. ആയുസ്സ് എന്ന വിശാല വിതാനത്തിലേക്ക് അരിയെന്ന വാക്ക് നമ്മളെ കൊണ്ടുചെല്ലുന്നു. അരിയെന്നാല്‍ ജീവിതം തന്നെ. അരിയെത്താത്ത മരണം നമുക്ക് ഏറെ വിഷമം നല്‍കുന്നതും ആകുന്നു. അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും എന്നുപറഞ്ഞാല്‍ സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാകും എന്നാണ് ദ്യോതിപ്പിക്കുന്നത്. അരിയും നെല്ലും അത്രമേല്‍ ജീവിതത്തേയും ശാസ്ത്രത്തേയും ഭാഷയേയും കലകളേയും ആചാരാനുഷ്ഠാനങ്ങളേയും വിശ്വാസധാരകളേയും ഒക്കെ ആഴത്തില്‍ സ്വാധീനിക്കുന്നുവെന്ന് തന്നെ പറയാം.

ചോറൂണില്‍ ആരംഭിക്കുന്ന ഇന്നാട്ടുകാരുടെ അന്ന വിചാരം മരണവേളയില്‍ വായ്ക്കരി ഇടുന്നതുവരേയും പിന്നീട് പീണ്ഡ സമര്‍പ്പണങ്ങളിലൂടേയും മരാണാനന്തരവും തുടര്‍ന്നുപോരുന്നു. ഓരോ നാടിനും സംസ്‌കാരത്തിനും വിശ്വാസത്തിനും ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ വിഭിന്നങ്ങളായി ഇത്തരം ആചാരങ്ങളോ പതിവുകളോ ഒക്കെ കണ്ടേക്കാം. എല്ലാം ഒരേ സാരത്തിലേക്ക് ഊന്നിനില്‍ക്കുന്നവ. അന്നദാതാവ് പൊന്നുതമ്പുരാനാണെന്നൊക്കെ പ്രകീര്‍ത്തിക്കാറുണ്ടെങ്കിലും ഭൂമിയില്‍ അത് മണ്ണില്‍ പണിയെടുക്കുന്ന കൃഷീവലരാണ്. അത് മനസ്സിലാക്കിയാണ് തിരുക്കുറളില്‍ തിരുവള്ളവൂര്‍ കര്‍ഷകരെ കുറിച്ച് ഇപ്രകാരം കുറിച്ചത്:
''ഉഴുതുണ്ടു വാഴ്‌വാരേ വാഴ്‌വാര്‍ മറ്റെല്ലാം
തൊഴുതുണ്ടു പിന്‍ ചെല്‍പവര്‍''

ഉഴുതു ജീവിക്കുന്ന കര്‍ഷകര്‍ മാത്രമേ ഈ ലോകത്തില്‍ അന്തസോടെ ജീവിക്കുന്നുള്ളു. അങ്ങനെ മലയാളത്തിലാക്കാം അതിനെ. കലപ്പയ്ക്കു പിന്നാലെയുലകം, കൃഷിത്തൊഴില്‍ കഠിനമെങ്കിലും കാമ്യം. ഇങ്ങനേയും അദ്ദേഹം പറയുന്നു. അതായത് ലോകമാകുന്ന തേരിന് അച്ചാണിയാണ് കര്‍ഷകര്‍ എന്നര്‍ത്ഥം. നമ്മുടെ നാട് അപ്രകാരം ആയിരുന്നു. അതുകൊണ്ടാണ് നന്റുഴൈനാട്-നല്ല വണ്ണം ഉഴുന്ന നാട്- എന്നു പഴയ എഴുത്തുകളില്‍ കാണുന്നതും.

അന്നത്തിന്റെ പ്രാമാണ്യം വേദോപനിഷത്തുകളുടെ കാലത്തും പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. അന്നത്തെ ബ്രഹ്മമായിട്ടാണ് കണക്കാക്കിയിരുന്നത്. തൈത്തരിയോപനിഷത്തില്‍ നാം ഇങ്ങനെ കാണുന്നു. ''അന്നത്തില്‍ നിന്നും പ്രജ ഉത്പന്നമാകുന്നു. പൃഥ്വിയെ ആശ്രയയിച്ച് സ്ഥിതി ചെയ്യുന്ന എല്ലാം അന്നത്തില്‍ നിന്നുമാണ് ഉണ്ടാകുന്നത്. അത് അന്നത്താല്‍ ജീവിക്കുന്നു. ഒടുവില്‍ അതില്‍ത്തന്നെ വിലയം പ്രാപിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ അന്നം തന്നെയാണ് പ്രാണികളില്‍ ഒന്നാമതായി ഉണ്ടായത്. അതുകൊണ്ട് അതിനെ സര്‍വൗഷധം എന്നു പറയുന്നു. അന്നം തന്നെയാണ് ബ്രഹ്മമെന്നു കരുതി ഉപാസിക്കുന്നവര്‍ നിശ്ചയമായും സമ്പൂര്‍ണ്ണമായ അന്നത്തെ പ്രാപിക്കുന്നു.''
അന്നത്തില്‍ ഊന്നുമ്പോള്‍ അത് നേരെ ചെന്നെത്തുന്നത് കര്‍ഷകനിലേക്കാണ്. ഇവയെല്ലാം തന്നെ വിളിച്ചോതുന്നതും കാര്‍ഷിക ജീവിതത്തിന്റെ പ്രാമാണ്യവും. ഏത് സമുഹത്തിലും ഇത്തരം വിശ്വാസധാരകളെ കാണാന്‍ സാധിക്കും. അതത് സംസ്‌കാര സവിശേഷതകളോട് ചേര്‍ന്നങ്ങനെ.
സംസ്‌കാരം എന്നത് ഒരു ജനസഞ്ചയത്തിന്റെ ജീവിതശൈലിയാണെന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കുന്ന മാര്‍ഗങ്ങളും രീതികളും സംസ്‌കാരത്തിന്റെ നിര്‍ണായക ഘടകങ്ങളും ആയിത്തീരുന്നു. കാര്‍ഷിക വൃത്തി ഭക്ഷ്യ സംഭരണത്തില്‍ ചെലുത്തുന്ന സ്വാധീനം ഏതു സംസ്‌കാരത്തിലും ആഴത്തില്‍ പതിഞ്ഞുകിടക്കുന്നത് കാണാം.

നട്ടു വളര്‍ത്തി, നാടായി

മനുഷ്യര്‍ ഭക്ഷ്യശേഖരണമെന്ന സമ്പ്രദായത്തില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ നട്ടുവളര്‍ത്തുന്നതിലേക്ക് മാറിയതോടെയാണ് കാട് നാടായതെന്ന് പറയാറുണ്ട്. സംസ്‌കാരത്തിന്റെ സവിശേഷമായ ഘട്ടത്തിലാണ് ഈ മാറ്റം സംഭവിച്ചത്. നടുക എന്ന ധാതുവില്‍ നിന്നും നാടുണ്ടായി എന്നു സാംസ്‌കാരിക ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നതിന്റെ ആധാരം ഇതാകുന്നു. വിളയുന്ന സ്ഥലം വിള, പറിക്കുന്ന സ്ഥലം പറമ്പ് എന്നിങ്ങനെ പോകുന്നു പദനിഷ്പ്പത്തി വിചാരങ്ങള്‍. മലയാളികളുടെ കൃഷി സ
മ്പ്ര
ദായത്തിനും ഏറെ സവിശേഷതകള്‍ കാണുന്നു. പരിസ്ഥിതി, സാമ്പത്തിക ബന്ധങ്ങള്‍, ആചാരങ്ങളും സമുദായ ഘടനകളും ശ്രേണികളും ഒക്കെയായി ഇഴപിരിയാതെ കിടക്കുകയാണ് ഇതെല്ലാം എന്നു കാണാനും സാധിക്കും.

റൈസ് എന്ന ഇംഗ്ലീഷ് വാാക്ക് 13-ാം നൂറ്റാണ്ടോടെയാണ് പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. പാശ്ചാത്യര്‍ക്ക് നെല്ല് ലഭിച്ചത് ഏഷ്യയില്‍ നിന്നാണെന്നത് പൊതുവില്‍ സ്വീകാര്യമാണ്. ചൈനയിലാണ് നെല്‍കൃഷി ആരംഭിക്കുന്നതെന്നാണ് വ്യാപകമായി വിശ്വസിക്കപ്പെടുന്നതെങ്കിലും ഡോ. വി. ശങ്കരന്‍ നായര്‍ അതിന്റെ ഉത്ഭവം കേരളത്തിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ലോകത്തില്‍ ആദ്യമായി നെല്‍കൃഷി ആരംഭിച്ചത് പ്രാചീന കേരളത്തിലെ നാഞ്ചിനാട്ടിലാണെന്ന് 'നെല്ല് പൗരാണിക കേരളത്തില്‍' എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു. ' മുന്നൂറ്റി നങ്കൈ' എന്ന് ശുചീന്ദ്രം പ്രദേശത്തും 'കുണ്ടണി മങ്ക' എന്നു കേരളത്തിലും അറിയപ്പെടുന്ന മങ്കയാണ് മകം പിറന്ന മങ്ക എന്നു പദാപഗ്രഥന മാര്‍ഗത്തിലൂടെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 'കൃഷിക്ക് കലപ്പയുടെ തന്നെ ആവശ്യമില്ലാത്ത ചേര്‍ക്കുഴിയായിരുന്നു കുഴിക്കിടായിയ കന്യാകുമാരി എന്നതും ഇന്ത്യയില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത് കന്യാകുമാരിയിലാണെന്നതും ഒക്കെ ചൂണ്ടിക്കാട്ടി നെല്ലിന്റെ ജന്മനാട് നാഞ്ചിനാടാണെന്ന് അദ്ദേഹം വാദിക്കുന്നു. മകം പിറന്ന മങ്ക നെല്ലാണ്. അഥവാ നെല്ലിന്റെ പിറന്നാളാണ് മകം. മകം പൂജ, മകം തൊഴല്‍, ചിങ്ങമകം, കന്നി മകം, കുഭ മകം തുടങ്ങിയ ആഘോഷങ്ങള്‍ നെല്ലിന്റെ പിറന്നാള്‍ ആഘോഷങ്ങളാണ്.
മറ്റു കൃഷികള്‍ പോലെ തന്നെ നെല്‍ കൃഷിയുടെയും ഗതി നിര്‍ണിയിക്കുന്നത് കാലാവസ്ഥയും കാലപ്പിഴയും ശാസ്ത്രത്തിന്റേയും പുതുവിജ്ഞാനത്തിന്റേയും സ്വാധീനതകളും ഉള്‍ച്ചേര്‍ക്കലും ഒക്കെയാണ്. അതുപോലെ തന്നെയോ അതിലേറെയോ പ്രധാനമാണ് ആളുകളുടെ സമീപനം. നെല്‍പ്പാടങ്ങളുടെ സ്വഭാവം, കൃഷി ചെയ്തിരുന്ന കാലാവസ്ഥ എന്നിവയെ അടിസ്ഥാനപ്പെടുത്തി നെല്‍കൃഷിയെ വിരുപ്പ്, മുണ്ടകന്‍, പുഞ്ച, കോള്‍, കൈപ്പാട്(പൊക്കാളി), പുതാടി(മോടന്‍) പുനം തുടങ്ങി തരംതിരിച്ചിരിക്കുന്നു. മുണ്ടകന്‍, പൊക്കാളി, മോടന്‍ എന്നിങ്ങനെ നെല്‍വിത്തിനങ്ങള്‍ക്കും പേരുണ്ട്. വിരിപ്പും മുണ്ടകനും സാധാരണയായി രണ്ടു വിളവെടുപ്പുള്ള ഇരിപ്പൂ പാടങ്ങളാണ്. കന്നികൊയ്ത്ത് പ്രധാനമായ വിരിപ്പ് മേടത്തില്‍ വിത തുടങ്ങി കന്നിയില്‍ കൊയ്യുന്നു. കന്നിയില്‍ വിതച്ച് മകരത്തിലോ കുഭത്തിലോ കൊയ്യുന്ന നിലങ്ങളാണ് മുണ്ടകന്‍.'വിരിപ്പ് നട്ടുണങ്ങളണം, മുണ്ടകന്‍ നട്ടുമുങ്ങണം' എന്നാണ് പ്രമാണം. അതായത് വിരിപ്പില്‍ വിതയ്ക്കുന്ന നെല്‍വിത്തുകള്‍ ജലാധിക്യം സഹിക്കില്ല.
മേടമാസത്തിലെ വിഷു സംക്രമത്തോടെ കാര്‍ഷിക വര്‍ഷം ആരംഭിക്കും. കൃഷിവിഭവങ്ങളും മറ്റു മംഗല്യ വസ്തുക്കളും കണികണ്ടു പത്താമുദയത്തോടെയാണ് കാര്‍ഷിക വൃത്തി തുടങ്ങുക. പുത്തന്‍ നെല്‍ക്കതിര്‍ നല്ല മുഹൂര്‍ത്തം നോക്കി ഗൃഹങ്ങളില്‍ പൂജിക്കുന്ന ഉര്‍വരനാഷ്ടാനമാണ് നിറ അഥവാ ഇല്ലം നിറ. ആദ്യ വിളവെടുപ്പിനുശേഷം പുന്നെല്ലരി ഭക്ഷിച്ചു തുടങ്ങുന്ന ചടങ്ങാണ് പുത്തരി.

ഭാഷയും ഭക്ഷണവും

എന്തു കഴിച്ചാലും മലയാളിയ്ക്ക് ചോറുണ്ടില്ലെങ്കില്‍ തൃപ്തി വരില്ല. അതുകൊണ്ടു തന്നെയാണ് അന്നം, അരി, ചോറ്, ഞാറ്, നെല്ല് തുടങ്ങി എത്രയേറെ പദങ്ങള്‍ നമ്മുടെ നിത്യജീവിതത്തിലും ഭാഷയിലും സാഹിത്യത്തിലും സംസ്‌കാരത്തിലും ഒക്കെ നിറഞ്ഞിരിക്കുന്നതെന്ന് ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ വിശദീകരിച്ചിട്ടുണ്ട്. അരിപ്പദങ്ങളും അരിച്ചൊല്ലുകളും തന്നെ നല്ലൊരു ഗവേഷണ വിഷയമാണ്. ഓരോ സംസ്‌കാര സാഹചര്യത്തിലും അവ എപ്രകാരമാണ് രൂപപ്പെട്ട് വന്നതെന്ന് പരിശോധിയ്ക്കുക സമൂഹത്തിന്റെ ഓരോ സവിശേഷ ഘട്ടങ്ങളേയും മനസ്സിലാക്കുന്നതിന് ഏറെ സഹായകരമായിരിക്കും.
സവിശേഷമായ മലയാളി സോഷ്യോളജിയെ വെളിപ്പെടുത്തുന്നതാണ് അവയില്‍ പലതും. അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ട് നായയ്ക്ക് പിന്നേയും മുറുമുറുപ്പ്, അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴി, അരിവെയ്പുകാര്‍ അധികമായാല്‍ അരിയും ചോറും കൊള്ളാതെയാകും, അരിവിതച്ചാല്‍ നെല്ലാകുമോ?, അരിവെയ്പുകാര്‍ അധികമായാല്‍ അരിയും ചോറും കൊള്ളാതെയാകും, അരി നാഴിയേയുള്ളുവെങ്കിലും അടുപ്പുകല്ലു മൂന്നുവേണം...ഇത്തരം എത്രയോ അരിപ്പേച്ചുകള്‍. ചോറിനെ ചുറ്റിപ്പറ്റിയുമുണ്ട് ഇത്തരത്തില്‍ പേച്ചുകള്‍. ചോറിങ്ങും കൂറങ്ങുമെന്നുമുള്ളതാണ് അതില്‍ ഏറ്റവും പ്രസിദ്ധം. ഉണ്ട ചോറിന് ഉചിതം കാട്ടുക, ചോറ്റിനു കൂട്ടാന്‍ വിശപ്പ്, ചോറിട്ട കൈക്ക് കടിക്കുക. ചോറ്റില്‍ കിടക്കുന്ന കല്ലെടുക്കാത്തവനാണോ ചേറ്റില്‍ കിടക്കുന്ന എരുമയെ എടുക്കുന്നത് തുടങ്ങി എത്രയോ പ്രയോഗങ്ങള്‍.

ഞാറുമായും നെല്ലുമായും ബന്ധപ്പെടുത്തിയും ഏറെ പ്രയോഗങ്ങള്‍ കാണാം. ഞാറുറച്ചാല്‍ ചോറുറച്ചു എന്ന പ്രയോഗം തന്നെ എത്ര ചേതോഹരമാണ്.ഞാര്‍ ഉറയ്ക്കുന്നതോടെ കൃഷി പകുതി വിജയിച്ചുവെന്നും തുടക്കം നന്നായാല്‍ ലക്ഷ്യം അനായാസം നേടാനാകും എന്നൊക്കെ ഇത് അര്‍ത്ഥമാക്കുന്നു. ഞാറ്റുപാട്ടും ഞാറ്റുപിടിയും ഞാറ്റുവേലയും ഒക്കെ നമ്മുടെ സംസ്‌കാരത്തിന്റെ സവിശേഷ സൂചകങ്ങളായി നില്‍ക്കുകയും ചെയ്യുന്നു. നെല്ലറ പൊന്നറ, നെല്ലിട തെറ്റിയാല്‍ വില്ലിട, നെല്ലില്‍ പെയ്ത മഴ പുല്ലിലും പെയ്യും, നെല്ല് പൊലിവിന് കൊടുത്തിടത്തുനിന്നു അരി കടം വാങ്ങരുത്, നെല്ലു കുത്തുന്നവര്‍ക്കറിയുമോ കല്ലു നോക്കാന്‍ തുടങ്ങി എത്രയോ പ്രയോഗങ്ങളും പദസമുച്ചയങ്ങളും നമ്മുടെ കാര്‍ഷിക വൃത്തിയുമായി ചേര്‍ന്ന് നില്‍ക്കുന്നു.

എത്രയും അധികം സമ്പന്നമായ കാര്‍ഷിക പേച്ചുകള്‍ എന്നത് നമ്മുടെ കാര്‍ഷിക സമൃദ്ധിയെയാണ് കാണിക്കുന്നത്. അതില്‍ ഏറ്റവും അധികം അന്നം, അരി, ചോറ്, ഞാറ്, നെല്ല് എന്നിവയുമായി ബന്ധപ്പെട്ടതാണെന്നത് മലയാളി ജീവിതത്തില്‍ അവയ്ക്കുള്ള പ്രാമാണ്യത്തെയാണ് സൂചിപ്പിക്കുന്നത്. നല്ലവണ്ണം ഉഴുതുമറിച്ച്, ഭൂമിയുമായി സംവദിച്ചിരുന്ന കര്‍ഷകരാല്‍ സമ്പന്നമായിരുന്നു നമ്മുടെ നാട്. രണ്ടായിരത്തിലേറെ നെല്‍വിത്തനങ്ങള്‍ നമുക്കുണ്ടായിരുന്നു. അത്രമേല്‍ സമ്പന്നം.

അക്കാലത്തെ ഗുണാത്മകവും പ്രതിലോമാത്മകങ്ങളുമായ സാമൂഹ്യ ബന്ധങ്ങളൊക്കെ കാര്‍ഷിക വൃത്തിയെ സ്വാധീനിച്ചിരുന്നുവെന്ന കാര്യവും നമ്മള്‍ മറക്കാതെ ഇരിക്കരുത്. ഭൂമി ഉത്തമര്‍ണന്റേതായിരുന്നു. കൃഷിപ്പണിയാകട്ടെ അവര്‍ണര്‍ക്കു വിധിവിഹിതവും.'മറ്റാരുടേയോ പാടത്ത് വിത്തിറക്കി മറ്റാരുടേയോ മുറ്റത്ത് കൊയ്തുവെച്ച് ഒരുപിടി നെല്ലിനു വേണ്ടി' പഴമുറവും നീട്ടി ജീവിക്കേണ്ടി വന്നവര്‍. കൃഷിയിടങ്ങളില്‍, മറ്റ് സാമൂഹിക ഇടങ്ങളിലെന്ന പോലെ തന്നെ കൊടിയ ചൂഷണവും ഒഴിച്ചു നിര്‍ത്തലുകളും മണ്ണിന്റെ മക്കളെ തിരസ്‌ക്കരിക്കലും ഒക്കെ പഴയ കാലങ്ങളില്‍ വ്യാപകമായിരുന്നു. അതിനെതിരായ സമരങ്ങളില്‍ നിന്നുമാണ് മലയാളിയുടെ രാഷ്ട്രീയ സ്വത്വം തിടം വെയ്ക്കുന്നതും.

അവലംബം:
1. നെല്ല് പൗരാണിക കേരളത്തില്‍-ഡോ. വി. ശങ്കരന്‍ നായര്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍.
2. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം-പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍
3. മലയാള സംസ്‌കാരം, കാഴ്ചയും കാഴ്ചപ്പാടും, ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം


Next Story

Related Stories