TopTop
Begin typing your search above and press return to search.

മറക്കരുത് മറാഠെയെ; ഹൗസിങ് ബോര്‍ഡ് പൂട്ടിയിട്ടുപോയ ആ വീട്ടില്‍ മലയാളിയെ ഹിന്ദുസ്ഥാനി പഠിപ്പിച്ച ഹാര്‍മോണിയം ചിതലരിക്കുകയാണ്

മറക്കരുത് മറാഠെയെ; ഹൗസിങ് ബോര്‍ഡ് പൂട്ടിയിട്ടുപോയ ആ വീട്ടില്‍ മലയാളിയെ ഹിന്ദുസ്ഥാനി പഠിപ്പിച്ച ഹാര്‍മോണിയം ചിതലരിക്കുകയാണ്

മറക്കരുത് മറാഠെയെ. മറന്നാല്‍ അതു വലിയൊരു നീതികേടാവും.

കേരളത്തിന് ഹിന്ദുസ്ഥാനി സംഗീതം പകര്‍ന്നു തന്ന വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത് ചന്ദ്ര ആര്‍.മറാഠെ മണ്‍മറഞ്ഞിട്ട് ആറുവര്‍ഷം. സംസ്‌കാരവേളയില്‍ അധികാരികള്‍ ഉറപ്പുനല്‍കിയതാണ് മറാഠെയ്ക്ക് കോഴിക്കോട്ടൊരു സ്മാരകം എന്നത്. ഒന്നുകില്‍ നഗരത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ സൂക്ഷിക്കാനൊരിടം, അല്ലെങ്കില്‍ താമസിച്ചുകൊണ്ടിരുന്ന ഹൗസിങ് ബോര്‍ഡിന്റെ വീട് സ്മാരകമായി സംരക്ഷിക്കാം. പക്ഷെ എല്ലാം വെറും വാക്കുകളായി. ഭാര്യ മനീഷ മറാഠെ മരിച്ചതോടെ ഹൗസിങ് ബോര്‍ഡ് അധികൃതര്‍ വീടിന് പൂട്ടിട്ടു. ഹൗസിങ്‌ ബോര്‍ഡിന്റെ കോഴിക്കോട്ടെ ഓഫീസ് അലമാരയിലിരുന്ന് ശ്രുതി മന്ദിര്‍ എന്ന ആ വീടിന്റെ താക്കോല്‍കൂട്ടം തുരുമ്ബെടുക്കുമ്ബോള്‍ വിലമതിക്കാനാവാത്ത കുറേ ഓര്‍മകള്‍ ആ വീട്ടിനുള്ളില്‍ മാറാല കെട്ടുകയാണ്. അതിനുള്ളിലാണ് അദ്ദേഹം ജീവിതത്തിലുടനീളം കൊണ്ടുനടന്ന ഹാര്‍മോണിയപെട്ടിയും സര്‍ക്കാരിന്റേതടക്കമുള്ള അനവധിയായ പുരസ്‌കാരങ്ങളും അപൂര്‍വചിത്രങ്ങളുമെല്ലാം. ഒന്നു തുറന്നു നോക്കാന്‍പോലും സംവിധാനമില്ല.

മലയാള സംഗീതത്തിലേക്ക് ഹിന്ദുസ്ഥാനിയുടെ ശ്രുതിയിട്ടുതന്ന ആ ഹാര്‍മോണിയം ചിതലരിച്ചുപോയിട്ടുണ്ടെങ്കില്‍ അതിലും വലിയൊരു ഗുരുനിന്ദവേറെയുണ്ടാകില്ലെന്ന് ശിഷ്യനും ഗസല്‍ഗായകനുമായ അനില്‍ ദാസ്. ജീവിതത്തിലുടനീളം മറാഠെയുടെ നിഴലായിരുന്ന അനില്‍ദാസാണിപ്പോള്‍ മരിച്ചശേഷവും അദ്ദേഹത്തിന്റെ ഓര്‍മപ്പൊട്ടുകള്‍ സൂക്ഷിക്കാനൊരിടത്തിനായി ഓടിനടക്കുന്നതിനും മുമ്ബില്‍. ഇപ്പോള്‍ വര്‍ഷാവര്‍ഷം അനില്‍ദാസും ശിഷ്യരും ചേര്‍ന്ന് നഗരത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ ദിവസം നടത്തുന്ന അനുസ്മരണം മാത്രമാണ് കേരളത്തിന്റെ ഏക മറാഠെ സ്മരണ.

1951ല്‍ മാഹാരാഷ്ട്രയിലെ സിദ്ധേശ്വര്‍ ഗ്രാമത്തില്‍ നിന്നാണ് മറാഠെയെന്ന വിശ്രുത ഹിന്ദുസ്ഥാനി സംഗിതജ്ഞന്റെ കേരളത്തിലേക്കുള്ള വരവ്. 1929തില്‍ രഘുനാഥ് മറാഠെയുടേയും ജാനകിയുടേയും മകനായിട്ടാണ് ജനനം. അച്ഛനില്‍നിന്നാണ് സംഗീതം പകര്‍ന്നു കിട്ടിയത്. ചെറുപ്പം മുതല്‍ ഹിന്ദുസ്ഥാനിയുടെ ആഴങ്ങളിലേക്കിറങ്ങിയ മറാഠെ അവിടെ റെയ്ല്‍വേയില്‍ സ്റ്റെനോഗ്രാഫറായി ജോലിനോക്കുമ്ബോഴാണ് ഒട്ടും നിനയ്ക്കാതെ 1951ല്‍ കേരളത്തില്‍ എത്തുന്നത്. ഗുരു മനോഹര്‍ ബറുവേയുടെ നിര്‍ദ്ദേശപ്രകാരം പൂമുള്ളിമനയിലെ രാമന്‍ നമ്ബൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി പഠിപ്പിക്കാനായിരുന്നു നിയോഗം. തന്റെ വഴി സംഗീതത്തിന്റേതാണെന്നു തിരിച്ചറിഞ്ഞ് ജോലിയും നാടുംവിട്ട് അങ്ങനെ കേരളത്തിലേക്ക് കുടിയേറി. ഒരുവര്‍ഷം കൊണ്ട് നമ്ബൂതിരിപ്പാടിനെ ഹിന്ദുസ്ഥാനിപഠിപ്പിച്ചെങ്കിലും പിന്നീട് മറാഠെ ജന്മനാട്ടിലേക്ക് മടങ്ങിയില്ല.

ഹിന്ദുസ്ഥാനിയില്‍ മറാഠെയ്ക്കുള്ള അപാര കഴിവ് തിരിച്ചറിഞ്ഞ് കോഴിക്കോട്ടെ സംഗീത പ്രേമിയും കൊപ്രക്കച്ചവടക്കാരനുമാമായ ശ്രീരാം ഗുരുചറാണ്. അങ്ങനെ ഗുരുചറിനൊപ്പം ഹൃദയത്തില്‍ സംഗീതംസൂക്ഷിക്കുന്നവരുടെ കോഴിക്കോട്ടെത്തി. എട്ടുവര്‍ഷത്തോളം ഗുരുചറിന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് കേരളത്തിലങ്ങോളം മറാഠെ ഹിന്ദുസ്ഥാനിയെ പരിചയപ്പെടുത്തി. അതിനിടയില്‍ മനീഷ മറാഠെ ജീവിതത്തിലേക്ക്. സംഗീതത്തില്‍ അലിഞ്ഞുപോയ മറാഠെ വിവാഹം വേണ്ടെന്ന് വെച്ചതായിരുന്നു. ഒരു വിനായക ചതുര്‍ത്തി നാളില്‍ മട്ടാഞ്ചേരിയില്‍ ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചനയ്‌ക്കെത്തിയപ്പോഴാണ് മനീഷയെ കാണുന്നത്. സംഗീതാര്‍ച്ചനകഴിഞ്ഞ് മടക്കുമ്ബോള്‍ കൂടെക്കൂടുന്നോയെന്ന ഒറ്റ ചോദ്യത്തിനുമുമ്ബില്‍ പകച്ചുപോയെന്ന് പിന്നീട് പലവേളകളിലായി മനീഷ പറഞ്ഞിട്ടുണ്ട്. കൈയ്യത്തുന്നതിനും ഏത്രയോ മുകളിലുള്ള സംഗീതജ്ഞന്റെ കൂടൊരു ജീവിതം സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. 'എനിക്ക് നൂറുവട്ടം സമ്മതം. പിന്നെ അദ്ദേഹം ബന്ധുക്കളുമായൊക്കെ സംസാരിച്ച്‌ പെട്ടന്നുതന്നെ വിവാഹവും നടന്നു.' അതിനുശേഷം മറാഠെ പോകുന്നിടങ്ങളിലെല്ലാം മനീഷയും കൂടെയുണ്ടാവും. മെഡിക്കല്‍ കോളജിനടുത്ത ഹൗസിങ് ബോര്‍ഡിന്റെ വീട്ടില്‍ 2013 ആഗസ്റ്റ് ഏഴിന് മരിക്കുന്നതുവരെ അവര്‍ അരികില്‍തന്നെയിരുന്നു.


കുട്ടികളില്ലെങ്കിലും നൂറുകണക്കായ ശിഷ്യന്‍മാരുടെ ഓര്‍മകളില്‍ ഇപ്പഴും നിറയുന്നുണ്ട് മറാഠെ എന്ന സാന്നിധ്യം. അന്തരിച്ച സംവിധായകന്‍ അരവിന്ദനും ബാബുരാജും ഇങ്ങേയറ്റത്ത് ഗസല്‍ഗായകന്‍ അനില്‍ ദാസും വരെ മറാഠെയുടെ ശിഷ്യഗണങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്. അരവിന്ദന്റെ നിര്‍ബന്ധത്തില്‍ ഉപ്പടക്കം മൂന്നു സിനിമകള്‍ക്കും നിരവധി നാടകങ്ങള്‍ക്കും സംഗീതം പകര്‍ന്നു. ഒരുപാട് സിനിമകള്‍ പിന്നയും തേടിവന്നെങ്കിലും സിനിമയുടെ വെള്ളിവെളിച്ചം ആ പ്രതിഭയെ ഒട്ടും മോഹിപ്പിച്ചില്ല. ബാബുരാജ് പോലും പലവട്ടം നിര്‍ബന്ധിച്ചതാണ്, പക്ഷെ അദ്ദേഹം വഴങ്ങിയില്ല. മരിക്കുന്നതിന് ഒരു പത്തുവര്‍ഷം മുമ്ബുവരെ കോഴിക്കോടിന്റെ സംഗീത സന്ധ്യകളില്‍ സാന്നിദ്ധ്യമായിരുന്നു. ഹിന്ദുസ്ഥാനിസംഗിതത്തിന്റെ വിധിതീര്‍പ്പു വേദികളില്‍ അവസാനവാക്കായിരുന്നു മരിക്കുംവരെ മറാഠെ. ബാബുരാജിന്റെ പാട്ടുകളിലെ ഹിന്ദുസ്ഥാനി ഭാവം മറാഠെയുടെ സംഭാവനയായിരുന്നെന്ന് പറഞ്ഞാല്‍ അതില്‍പ്പരം എന്തുവേണം ഈ മഹാപ്രതിഭയുടെ ആഴമറിയാന്‍.

2013ല്‍ മറാഠെ മരിച്ചശേഷം തനിച്ചായ മനീഷയോട് മുംബെയിലേക്ക് മടങ്ങാന്‍ മറാഠെയുടെ കുടുംബവും മംഗലാപുരത്തേക്ക് വരാന്‍ മനീഷയുടെ കുടുംബവും ആവശ്യപ്പെട്ടു. പക്ഷെ മറാഠെയുടെ ഓര്‍മകള്‍ ഉറങ്ങുന്ന ശ്രുതിമന്ദിറില്‍തന്നെ തനിക്കും തീരണമെന്ന് അവര്‍ വാശിപിടിച്ചു. അങ്ങനെ കോഴിക്കോട്ടെ സൗഹൃദലോകവും എംഎല്‍എ എ.പ്രദീപ്കുമാറും കലക്റ്ററും മേയറുമെല്ലാം ഇടപെട്ട് അവര്‍ ജീവിക്കുന്നിടത്തോളം കാലം അവിടെ താമസിക്കാന്‍ ബോര്‍ഡില്‍ നിന്നും അനുമതി വാങ്ങിച്ചു. പക്ഷെ അധിക കാലമൊന്നും മറാഠെയില്ലാതെ അവര്‍ക്ക് ജീവിക്കാനായില്ല. മൂന്നുവര്‍ഷം കൊണ്ട് അവരും മടങ്ങി. ഈ കാലങ്ങളില്‍ മലയാളികളുടെ അഭിമാനഗായിക കെ.എസ്.ചിത്രയടക്കം മനീഷയെ സഹായിച്ചിരുന്നു എന്നറിയുമ്ബോഴാണ് മറാഠെയെന്ന മഹത്വത്തിന്റെ വില മനസിലാവുന്നത്. മനീഷയുടെ മരണത്തോടെ ഹൗസിങ് ബോര്‍ഡ് വീടിന് പൂട്ടിട്ടു.

മനീഷ ജീവിച്ചിരിക്കും കാലത്തോളം അവിടെ താമസിക്കാന്‍ അനുവദിച്ച ബോര്‍ഡിന് പക്ഷെ മറ്റൊരു സംവിധാനം ശരിയാവുന്നത് വരേയെങ്കിലും കാത്തിരിക്കാനുള്ള സന്മനസ്സുണ്ടായില്ലെന്ന് അനില്‍ദാസ്. "ആ വീടിനോട് മാഷിന് വല്ലാത്തൊരു ഹൃദയബന്ധമായിരുന്നു. ആ ഹാര്‍മാണിയപ്പെട്ടിയും അദ്ദേഹത്തിന്റെ വീണയും പുരസ്‌കാരങ്ങളും ഫോട്ടോകളുമെല്ലാം അവിടെതന്നെ സൂക്ഷിക്കുകയും മാഷിന്റെപേരില്‍ കുട്ടികള്‍ക്ക് ഹിന്ദുസ്ഥാനി പഠിക്കാനൊരു ഇടവുമായി സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് ആ വലിയ മനുഷ്യനോട് കാണിക്കുന്ന ഗുരുപൂജയാകും. അതിനുള്ള ഓട്ടത്തിലാണിപ്പോള്‍ തങ്ങള്‍", അനില്‍ദാസ് പറഞ്ഞു.

സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.വി.ബാലന്‍ ചെയര്‍മാനും എ.പ്രദീപ്കുമാര്‍ എംഎല്‍എ ഉപദേശകനുമായിട്ടുള്ളൊരു കമ്മറ്റിയാണിപ്പോള്‍ മറാഠെയ്ക്ക് സ്മാരകത്തിനായി രംഗത്തുള്ളത്. നിലവില്‍ മറാഠെ താമസിച്ച വീട് സ്മാരകമാക്കിത്തരണമെന്നാവശ്യപ്പെട്ട് ഹൗസിങ് ബോര്‍ഡ് ചെയര്‍മാനെ കണ്ടതായി ടി.വി.ബാലന്‍ അഴിമുഖത്തോട് പറഞ്ഞു. ബോര്‍ഡിന്റെ യോഗം ഈ മാസം നടക്കും. അതില്‍ അനുകൂലമായൊരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. നടന്നില്ലെങ്കില്‍ അതിനും മുകളിലേക്ക് പോകും. മറാഠെയ്ക്ക് കോഴിക്കോട്ടൊരു സ്മാരകം എന്നത് കേരളത്തിലെ സംഗീത പ്രേമികളുടെ ആഗ്രഹമാണ്. അതിന് ഏതറ്റംവരേയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories