വോയിസ് സര്‍ജറി പൂര്‍ത്തിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡറുമായ സീമ വിനീത് വീണ്ടും തിരക്കുകളിലേക്ക്. സ്റ്റിച്ച് എടുത്തതോടെ ചെറുതായി സംസാരിച്ചു തുടങ്ങിയെന്നും ഐശ്വര്യത്തോടെ മേക്കപ്പ് ജോലിയിലേക്ക് തിരികെയെത്തിയും സീമ ഫേസ്ബുക്കില്‍ കുറിച്ചു. ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടായിരുന്നു. എല്ലാവരോടും സ്നേഹം മാത്രം. ജീവിതം എപ്പോഴും അങ്ങനെയാണ്, നമ്മള് ആരാണെന്നും നമുക്ക് ആരൊക്കെ ഉണ്ടെന്നും ആപത്ത് ഘട്ടത്തില്‍ ഇടക്കെങ്കിലും ഒന്ന് ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കും. വീട്ടിലിരിക്കണം കൂടുതല്‍ റെസ്റ്റ് എടുക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. അതിനേക്കാള്‍ ഒക്കെ ഏറെ ഞാന്‍ എന്റെ തൊഴിലിന് പ്രാധാന്യം കൊടുക്കുന്നു. തൊഴില്‍ ഉണ്ടെങ്കിലേ ജീവിതം ഉള്ളൂ, ജീവിതം ഉണ്ടെങ്കിലേ നമുക്ക് എല്ലാം ഉള്ളൂവെന്നും സീമ ഫേസ്ബുക്കില്‍ കുറിച്ചു.
'എന്താ ആണിന്റെ ശബ്ദം' എന്ന പരിഹാസങ്ങള്‍ക്കൊടുവിലാണ് വോയിസ് സര്‍ജറിക്ക് തയ്യാറായതെന്ന് സീമ പറഞ്ഞിരുന്നു. ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും സ്ത്രീയായി മാറിയെങ്കിലും 'എല്ലാം കൊള്ളാം, ശബ്ദം എന്താണ് ആണിനെപ്പോലെ' എന്ന പരിഹാസമാണ് ഏറ്റവും കൂടുതലായി കേട്ടത്. തുടര്‍ന്ന് ഒരുപാട് ചിന്തിച്ചാണ് വോയിസ് സര്‍ജറി (Voice feminization surgery) ചെയ്യാന്‍ തീരുമാനിച്ചത്. ചിലപ്പോള്‍ ശബ്ദം തിരിച്ചുകിട്ടിയില്ലെന്ന് വന്നേക്കാം. സാധ്യത 50-50 ആണ്. അടുത്തറിയാവുന്ന പലരും പിന്തിരിപ്പിക്കാന് ശ്രമിച്ചു. എന്നാല്‍ ഇതുകൂടി ചെയ്തേ മതിയാവൂ എന്ന് ഉറച്ചുനിന്നു. അവസാനം അതും സംഭവിച്ചു. ഒരുപാട് പേര് ഒപ്പം ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ മനസില്‍ ഈശ്വരന്റെ സ്ഥാനമാണ്. ജീവിതം ആഗ്രഹിക്കുന്നതു പോലെ ജീവിക്കാന്‍ ഉള്ളതാണ് ഇനിയും എന്റെ ജീവിതം ഞാന്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കുമെന്നുമാണ് സീമ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.