TopTop
Begin typing your search above and press return to search.

മമത ബാനര്‍ജിയും സോഷ്യലിസവും ഞായറാഴ്ച വിവാഹിതരാകും; ആശംസകളുമായി ലെനിനിസവും കമ്മ്യൂണിസവും

മമത ബാനര്‍ജിയും സോഷ്യലിസവും ഞായറാഴ്ച വിവാഹിതരാകും; ആശംസകളുമായി ലെനിനിസവും കമ്മ്യൂണിസവും

തമിഴ്‌നാട്ടില്‍ നിന്നുള്ള കല്യാണക്കുറി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സേലത്ത് ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്ന വിവാഹത്തിലെ വധുവിന്റെയും വരന്റെയും പേരുകളാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. വധുവിന്റെ പേര് പി. മമത ബാനര്‍ജി. വരന്‍ എ.എം സോഷ്യലിസം. ആശംസകളുമായി സോഷ്യലിസത്തിന്റെ സഹോദരന്മാരായ ലെനിനിസവും കമ്മ്യൂണിസവും. കൗതുകമേറെയുള്ള കല്യാണക്കുറി ദേശ, ഭാഷാ അതിര്‍ത്തികള്‍ കടന്നും പ്രചരിക്കുകയാണ്.


സേലത്തെ സിപിഐ ജില്ലാ സെക്രട്ടറി എ മോഹന്റെ മകനാണ് സോഷ്യലിസം. മോഹന്റെ അച്ഛനും മുത്തശ്ശനുമൊക്കെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. 18 വയസ് മുതല്‍ മോഹനും സിപിഐക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പിന്നീട് പൂര്‍ണ സമയ പ്രവര്‍ത്തകനായി. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍, കമ്മ്യൂണിസം ഇല്ലാതായെന്ന് പലരും പറഞ്ഞത് ഏറെ വേദനയുണ്ടാക്കിയെന്ന് മോഹന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതോടെ, ഒരു തീരുമാനമെടുത്തു. തന്റെ മക്കള്‍ക്ക് പാര്‍ട്ടി പ്രത്യയശാസ്ത്രം പ്രതിഫലിപ്പിക്കുന്ന പേരുകള്‍ നല്‍കും. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിനും മുമ്പേയായിരുന്നു തീരുമാനം. വിവാഹശേഷം മക്കളായപ്പോള്‍ മോഹന്‍ അവര്‍ക്ക് പേരുകളിട്ടു, കമ്മ്യൂണിസം, ലെനിനിസം, സോഷ്യലിസം. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ലെനിന്‍, മാര്‍ക്‌സ് എന്നൊക്കെ മക്കള്‍ക്ക് പേരിടാറുണ്ട്. ആരെങ്കിലും സോഷ്യലിസം എന്നൊക്കെ പേരിട്ടിട്ടുണ്ടോയെന്ന് സംശയമാണെന്നും മോഹന്‍ പറയുന്നു.

അച്ഛന്റെ പാതയിലാണ് മക്കളുടെയും യാത്ര. മൂവരും പാര്‍ട്ടി പ്രവര്‍ത്തകരാണ്. മൂത്തമകന്‍ കമ്മ്യൂണിസം അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ചേര്‍ന്ന് വീട്ടില്‍തന്നെ ആഭരണ നിര്‍മാണശാല നടത്തുന്നു. ലെനിനിസത്തിന്റെ മകന് മാര്‍ക്‌സിസമെന്നാണ് പേരെന്നും മോഹന്‍ പറഞ്ഞു. 2016ല്‍ പീപ്പിള്‍ വെല്‍ഫെയര്‍ അലൈന്‍സിനൊപ്പം വീരപാണ്ടി മണ്ഡലത്തില്‍നിന്ന് മോഹന്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

അതേസമയം, മമത ബാനര്‍ജിക്ക് കമ്മ്യൂണിസ്റ്റ് ബന്ധമൊന്നുമില്ല. കുടുംബം പാരമ്പര്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. 20 വര്‍ഷംമുമ്പ് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനായി പട നയിച്ച മമത ബാനര്‍ജിയോടുള്ള സ്‌നേഹവും ആരാധനയുമാണ് മകളുടെ പേരിന് കാരണമായത്.

ലളിതമായ ചടങ്ങിലാണ് വിവാഹം. അടുത്ത ബന്ധുക്കളും ഏതാനും സിപിഐ നേതാക്കളും പങ്കെടുക്കും. പക്ഷേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വിവാഹത്തിന് ആശംസകള്‍ പ്രവഹിക്കുകയാണ്.


Next Story

Related Stories