TopTop
Begin typing your search above and press return to search.

എനിക്ക് അവാര്‍ഡ് കിട്ടിയെന്ന് ഞാന്‍ എങ്ങനെ വായിക്കും? അത് ചിന്തിച്ച എക്‌സ്‌പ്രെഷനാണ് വൈറല്‍ വീഡിയോയില്‍ കണ്ടത്

എനിക്ക് അവാര്‍ഡ് കിട്ടിയെന്ന് ഞാന്‍ എങ്ങനെ വായിക്കും? അത് ചിന്തിച്ച എക്‌സ്‌പ്രെഷനാണ് വൈറല്‍ വീഡിയോയില്‍ കണ്ടത്

2018 ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മികച്ച വാര്‍ത്ത അവതാരകയ്ക്കുള്ള അവാര്‍ഡ് ലഭിച്ച എന്‍ ശ്രീജ വാര്‍ത്ത വായിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വന്തം അവാര്‍ഡിന്റെ വാര്‍ത്ത ശ്രീജ തന്നെ വായിച്ചതാണ് വീഡിയോ വൈറലായതിന്റെ കാരണം. വീഡിയോയില്‍ സ്വന്തം പേരുവായിക്കാന്‍ ശ്രീജ പ്രയാസപ്പെടുന്നത് കാണാം. പക്വവും, ശാന്തവും വാര്‍ത്തയുടെ മര്‍മ്മം അറിഞ്ഞുള്ളതുമയ അവതരണമാണ് ശ്രീജയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം ശ്രീജ അഴിമുഖവുമായി പങ്കുവെയ്ക്കുന്നു.

'സത്യത്തില്‍ വാര്‍ത്ത വായിക്കുമ്ബോഴല്ല ശ്രീജ അവാര്‍ഡിനെക്കുറിച്ച്‌ അറിഞ്ഞത്. വായിക്കുന്നതിന് 4 മിനിറ്റു മുന്‍പ് ചെറുതായി ചില സൂചനകള്‍ കിട്ടിയിരുന്നു. 'വാര്‍ത്ത വായിക്കുന്നതിന്റെ ഇടവേളയില്‍ ഫോണില്‍ വയനാട് റിപ്പോര്‍ട്ടറുടെ അഭിനന്ദന മെസേജ് വന്നിരുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ നീ അറിഞ്ഞില്ലേ എന്നായിരുന്നു മറുപടി. ബാക്കി ചോദിക്കാനുള്ള സമയവും ലഭിച്ചില്ല. ഡെസ്‌ക്കില്‍ നിന്നും ശ്രീജേച്ചിക്ക് അവാര്‍ഡ് എന്നു വിളിച്ചു പറയുന്നത് കേട്ടു. എന്നാല്‍ വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുകയാണല്ലോ, മുഴുവനായും കേള്‍ക്കാനും പറ്റിയില്ല. വാര്‍ത്തയുടെ ഇടയില്‍ വിഷ്വല്‍ വന്നപ്പോള്‍ എല്ലാവരും ഓടി വന്ന് കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയുമൊക്കെ ചെയ്തു. അപ്പോള്‍ കാര്യം മനസിലായി. എന്നാല്‍ ഞാന്‍ തന്നെ എന്റെ പേര് എങ്ങനെ വായിക്കും എന്നെതായി അടുത്ത ടെന്‍ഷന്‍. ഈ വാര്‍ത്ത അടുത്ത ബുള്ളറ്റിനില്‍ കൊടുക്കാം എന്നു ഞാന്‍ പറഞ്ഞു. അതെല്ലാവരും ഒകെ പറഞ്ഞതുമാണ്. എന്നാല്‍ പെട്ടന്ന് സ്‌ക്രോള്‍ വന്നു. എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. പുരസ്‌കാരം മാതൃഭൂമി ന്യൂസിന് എന്നു മാത്രം വായിച്ചാല്‍ മതിയോ, എന്റെ പേര് ഞാന്‍ വായിക്കുന്നത് ശരിയല്ലല്ലോ എന്നൊക്കെ ഞാന്‍ വിചാരിച്ചു. ആ ആലോചിക്കുന്ന സമയമാണ് എല്ലാവരും കണ്ടത്'. തന്റെ വൈറലയ വീഡിയോയെക്കുറിച്ച്‌ ശ്രീജ പറഞ്ഞു.

അവാര്‍ഡ് കിട്ടിയെങ്കിലും സ്വന്തം പേര് എങ്ങനെ വായിക്കും എന്ന കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍. അവാര്‍ഡ് ലഭിച്ചു എന്നതിനെക്കാള്‍ ശ്രീജയെ സന്തോഷിപ്പിച്ചത് ജൂറി പറഞ്ഞ അവാര്‍ഡ് മാനദണ്ഡങ്ങളാണ്. 'അവാര്‍ഡ് നല്‍കുമ്ബോള്‍ ജൂറി പറഞ്ഞ മാനദണ്ഡങ്ങള്‍ എന്നെ സംബന്ധിച്ച്‌ വിലപ്പെട്ടതാണ്. ഞാന്‍ പ്ലസന്റായി വാര്‍ത്ത വായിക്കുന്നു എന്നതാണ് എന്റെ പേരിലുള്ള ചീത്തപ്പേര്. ചിലസമയങ്ങളില്‍ വാര്‍ത്ത വായിക്കുമ്ബോള്‍ കുറച്ചുകൂടി സീരിയസാവാന്‍ എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട് ഞാന്‍ കുറച്ചു പഴഞ്ചനായോ, അരങ്ങാഴിയേണ്ട സമയമായോ എന്നെല്ലാം. എന്തായാലും എന്റെ ക്വാളിറ്റി എന്ന് ഞാന്‍ വിചാരിക്കുകയും, എന്നാല്‍ എന്റെ പ്രശ്നമാണെന്ന് മറ്റുള്ളവര്‍ കരുതുന്നു എന്ന് എനിക്കു തോന്നുകയും ചെയ്യുന്ന ഒരു കാര്യം തന്നെ മാനദണ്ഡമായി ഈ അവാര്‍ഡ് കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്'.ശ്രീജ പറഞ്ഞു.

ഇത്രയും വര്‍ഷത്തെ കരിയറില്‍ കാര്യമായൊന്നും നടന്നില്ലല്ലോ എന്ന് തോന്നിക്കൊണ്ടിരിക്കുമ്ബോഴാണ് അവാര്‍ഡ് ലഭിക്കുന്നത് എന്നാണ് ശ്രീജ പറയുന്നത്. 'ഇപ്പോള്‍ കിട്ടുന്ന അഭിനന്ദനങ്ങളെല്ലാം, ഇനിയും ഈ ജോലി മുന്നോട്ടുകൊണ്ടു പോകാനുള്ള ഒരു പ്രോത്സാഹനമാണ്. എല്ലാവരും ഇപ്പോള്‍ നല്ലവാക്കൊക്കെ പറയുന്നുണ്ട്. ഇവര്‍ക്കിതൊക്കെ കുറച്ച്‌ നേരത്തെ പറയായിരുന്നില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.....'ചിരിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.

13 വര്‍ഷമായി ശ്രീജ മാധ്യമമേഖലയിലേക്ക് കടന്നു വന്നിട്ട്. ഇന്ത്യാവിഷനിലും, ഏഷ്യാനെറ്റിലും മാധ്യമപ്രവര്‍ത്തകയായിരുന്ന ശ്രീജ നിലവില്‍ മാതൃഭൂമിന്യൂസിലാണ്. ഇതിനു മുന്‍പ് ഇന്ത്യാവിഷനില്‍ കുടജാദ്രിയില്‍ എന്ന പരിപാടിക്ക് മികച്ച പ്രോഗ്രാം അവതാരകയ്ക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് ശ്രീജയ്ക്ക് ലഭിച്ചിട്ടുണ്ട്.Next Story

Related Stories