TopTop
Begin typing your search above and press return to search.

'രാമന്‍ സ്കൂളില്‍ ചേര്‍ത്ത കുട്ടി'; വൈറല്‍ വീഡിയോകള്‍ക്ക് പിന്നിലെ കഥ പറഞ്ഞ് ശ്രീകാന്ത് വെട്ടിയാര്‍

രാമന്‍ സ്കൂളില്‍ ചേര്‍ത്ത കുട്ടി; വൈറല്‍ വീഡിയോകള്‍ക്ക് പിന്നിലെ കഥ പറഞ്ഞ് ശ്രീകാന്ത് വെട്ടിയാര്‍

'ചളു' മീമുകളും 'ചളു' വീഡിയോകളും വൈറലാകുന്ന കാലമാണിത്. എന്നാല്‍ അത്ര 'ചളു'വല്ലാത്ത ചില വീഡിയോകളാണ് ശ്രീകാന്ത് വെട്ടിയാര്‍ എന്ന വ്യക്തിയെ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനാക്കിയത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ത്യയില്‍ തുടക്കമിട്ട സമയത്താണ് 'രാമന്‍ സ്‌കൂളില്‍ ചേര്‍ത്ത കുട്ടി' എന്ന വീഡിയോ വൈറലാകുന്നത്. ആ വീഡിയോയ്ക്ക് പിന്നില്‍ ശ്രീകാന്ത് വെട്ടിയാര്‍ എന്ന വ്യക്തിയായിരുന്നു. തന്റെ എതിര്‍പ്പ് രേഖപ്പെടുത്താന്‍ ശ്രീകാന്ത് വെട്ടിയാര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം വിമര്‍ശനാത്മകഹാസ്യ വീഡിയോകളാണ്. ഇപ്പോള്‍ ഒട്ടുമിക്ക സമകാലിക വിഷയങ്ങളിലും ഇത്തരത്തിലുള്ള ശ്രീകാന്ത് വെട്ടിയാറിന്റെ വീഡിയോകള്‍ കാണാന്‍ കഴിയും. ഈ വൈറല്‍ വീഡിയോകളുടെ പിന്നിലെ കഥ ശ്രീകാന്ത് വെട്ടിയാര്‍ പങ്കുവെക്കുന്നു.

ഒരു പ്രൊഫഷണല്‍ ചളിയന്‍

ആലപ്പുഴ ജില്ലയിലെ വെട്ടിയാര്‍ എന്ന ഗ്രാമത്തിലാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ ഒരു പ്രൊഫഷണല്‍ ചളിയനാണ്. ചളു മീമുകളാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ആദ്യം ഇത്തരം മീമുകളും വീഡിയോകളും ഇന്റെര്‍ നാഷ്ണല്‍ ചളു യൂണിയന്‍ (ഐസിയു) എന്ന പ്ലാറ്റ് ഫോമിലാണ് ഇട്ടുകൊണ്ടിരുന്നത്. അവിടെ നിന്നും ആളുകളുടെ സപ്പോര്‍ട്ട് കിട്ടിത്തുടങ്ങിയതോടെഅത് വിട്ട് ചളു വീഡിയോകള്‍ ഉണ്ടാക്കുന്നതിലേക്ക് മാറി. സിനിമയാണ് എന്റെ സ്വപ്നം. ഒരു സിനിമ എഴുതുക, സിനിമയില്‍ അഭിനയിക്കുക എന്നൊക്കെയുള്ളതാണ് ആഗ്രഹങ്ങള്‍.

രാമന്‍ സ്‌കൂളില്‍ ചേര്‍ത്ത കുട്ടി

രാമന്‍ സ്‌കൂളില്‍ ചേര്‍ത്ത കുട്ടി എന്ന വീഡിയോ കുറച്ചധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നത്തെ ആ ഒരു രാഷ്ട്രീയ സാഹചര്യം തന്നെയാണ് ആ വിഷയത്തിലേക്ക് എത്തിച്ചേരാനുണ്ടായ കാരണം. സംസസാരിക്കേണ്ട വിഷയമാണെന്നും, ആത് സംസാരിക്കണമെന്നും എനിക്ക് തോന്നി. നമ്മുടെ ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലൊരു വിഷയം നടക്കുമ്പോള്‍ അതിനെപ്പറ്റി സംസാരിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. അങ്ങനെയാണ് ആ ഒരു ആശയത്തിലേക്കും അങ്ങനെ ഒരു വീഡിയോയിലേക്കും എത്തിച്ചേരുന്നത്. എന്റെ ചിന്തകളും തീരുമാനങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എന്റെ വീഡിയോ.

ആളുകളിലേക്കെത്തുന്ന വിമര്‍ശന ഹാസ്യം

എന്റെ വീഡിയോകളില്‍ വിമര്‍ശന ഹാസ്യം ഉപയോഗിക്കാനുള്ള കാരണം എന്താണെന്നുവെച്ചാല്‍, നമ്മള്‍ ഒരു വിഷയം പറയുമ്പോള്‍ അത് ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണെങ്കില്‍ കുറച്ചുകൂടി റീച്ച് കിട്ടും എന്നു തോന്നി. നമ്മള്‍ പറയാനുദ്ദേശിക്കുന്ന വിഷയത്തിന്റെ ഗൗരവം ഒട്ടും കുറയാതെ, അതിനെ ഒട്ടും നിസ്സാരവത്കരിക്കാതെ ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണെങ്കില്‍ വിഷയം കൂടുതല്‍ ആളുകളിലേക്ക് എത്തുകയും അവര്‍ക്ക് അത് കാണാനുള്ള തോന്നലുണ്ടാവുകയും ചെയ്യും. അതുകൊണ്ടാണ് എന്റെ ആശയങ്ങള്‍ പറയാന്‍ ഇത്തരത്തിലൊരു മാര്‍ഗം സ്വീകരിച്ചത്.

മുന്നൊരുക്കങ്ങള്‍

ഒരോ വീഡിയോയ്ക്കും മുന്നൊരുക്കങ്ങള്‍ എന്നു പറഞ്ഞാല്‍, നമ്മുടെ സമൂഹത്തില്‍ പുതിയതായി എന്തെങ്കിലും സംഭവിക്കുമ്പോള്‍, അല്ലെങ്കില്‍ എനിക്കിഷ്ടമുള്ള വിഷയങ്ങള്‍ എടുത്തും ഞാന്‍ വീഡിയോ ചെയ്യാറുണ്ട്. ആദ്യം ആശയം എഴുതിവെക്കുകയും പിന്നീട് അത് എങ്ങനെ ചെയ്യാം എന്ന ആലോചിക്കുകയുമാണ് പതിവ്. വലിയ മുന്നൊരുക്കങ്ങളൊന്നും ഉണ്ടാകാറില്ല. ചിലത് ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ എടുക്കും. ചിലപ്പോള്‍ ഒരു ദിവസം കൊണ്ടായിരിക്കും ചെയ്യുന്നത്.

പ്രതികരണങ്ങള്‍

ചില വീഡിയോകളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നമ്മള്‍ പറയുന്ന വിഷയങ്ങള്‍ അതേ ചിന്താഗതിയുള്ള കുറച്ചു പേരൊക്കെ ഷെയര്‍ ചെയ്യുന്നുണ്ട്. അല്ലാത്തവര്‍ അതിന് എതിരഭിപ്രായങ്ങള്‍ അറിയിക്കാറുണ്ട്. ആരോഗ്യകരമായ പല ചര്‍ച്ചകളും ഉണ്ടാകാറുമുണ്ട്. എന്റെ വീഡിയോയോട് എതിര്‍പ്പുള്ള പലരും മാന്യമായ ഭാഷയില്‍ അത് പറയാറുണ്ട്. മോശമായ പല കമന്റുകളും വരാറുണ്ട്. അങ്ങനെ പലതിനേയും ഞാന്‍ അവഗണിക്കുകയാണ് പതിവ്. അവയൊന്നും മറുപടി അര്‍ക്കുന്നില്ല എന്നാണ് എന്റെ തോന്നല്‍.

പൊളിറ്റിക്കലി കറക്ടായിട്ടുള്ള വീഡിയോകള്‍

എന്റെ വീഡിയോകള്‍ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് എന്റെ വിമര്‍ശനങ്ങളും ചിന്തകളും എന്റെ വിയോജിപ്പുകളും അറിയിക്കുക എന്നതാണ്. പൊളിറ്റിക്കലി കറക്ടായിട്ടുള്ള വീഡിയോകള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. വ്യക്തിഹത്യയോ, സ്ത്രീവിരുദ്ധതയോ, വംശീയതയോ, ഹോമോഫോബിയയോ അങ്ങനെ ഒന്നുമില്ലാതെ പൊളിറ്റിക്കലി കറക്ടായി തന്നെ വീഡിയോ ചെയ്തു കാണിച്ചു കൊടുക്കണം എന്നൊരു ആഗ്രഹവുമുണ്ട്. അതിനായിട്ടുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇനിയും അതിനു വേണ്ടി തന്നെ ശ്രമിക്കും. ആളുകളുടെ പ്രതികരണം വെച്ചു നോക്കുമ്പോള്‍ എന്റെ ശ്രമങ്ങള്‍ വിജയിച്ചു വരുന്നുണ്ട് എന്നാണ് എന്റെ തോന്നല്‍.

ട്രോളുകളുടെ രാഷ്ട്രീയം

ചളു വീഡിയോകളും, ചളു മീമുകളും ആളുകളിലേക്ക് ഒരുപാട് എത്തുന്നൊരു സമയമാണ്. അത് ആളുകളെ സ്വാധീനിച്ചു തുടങ്ങിയിട്ടുമുണ്ട്. അതു കൊണ്ട് തന്നെ നമ്മള്‍ അധിക്ഷേപിക്കാതിരിക്കുക. ഇപ്പോള്‍ കാണുന്ന പലതും അധിക്ഷേപങ്ങളാണ്. തമാശയല്ല. സ്ത്രീ വിരുദ്ധത പറയുക, വ്യക്തിഹത്യ ചെയ്യുക, വംശീയ അധിക്ഷേപം നടത്തുക അതൊന്നും തമാശല്ല. നമ്മള്‍ ആരേയും അധിക്ഷേപിക്കാതിരുന്നാല്‍ മതി. വിമര്‍ശനങ്ങളും ചിന്തകളും പറയാന്‍ ആരേയും അധിക്ഷേപിക്കേണ്ട ആവശ്യം ഇല്ലല്ലോ. ഇത്രയും ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് പൊളിറ്റിക്കലി കറക്ടായ വീഡിയോസ് ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂ.

Next Story

Related Stories