TopTop
Begin typing your search above and press return to search.

'പാപിച്ച'; ആലുവ യു.സി കോളേജില്‍ അധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ Me Too മാതൃകയില്‍ വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തല്‍

പാപിച്ച; ആലുവ യു.സി കോളേജില്‍ അധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ Me Too മാതൃകയില്‍ വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തല്‍

"ഞാന്‍ ഡിഗ്രി തേര്‍ഡ് ഇയര്‍ പഠിക്കുന്ന സമയത്ത് എന്റെ കാമ്പസിലെ വളരെ പ്രഗത്ഭനും പ്രസിദ്ധനും വിദ്യാര്‍ഥികള്‍ക്കെല്ലാം പ്രിയങ്കരനുമായിട്ടുള്ള അധ്യാപകനില്‍ നിന്ന് എനിക്ക് സെക്ഷ്വല്‍ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ചായ കുടിച്ച് പുറത്തേക്കിറങ്ങുകയാണ്. ആ സമയത്ത് ഈ അധ്യാപകന്‍ എതിരെ വരുന്നുണ്ട്. എന്നെ കണ്ടപ്പോഴേക്കും ചിരിച്ചു. ഷേക്ക് ഹാന്‍ഡ് തരാന്‍ വേണ്ടി കൈ നീട്ടി. അയാള്‍ നീട്ടിയ കൈ നേരെ വന്ന് പിടിച്ചത് എന്റെ ഹിപ്പില്‍ ആയിരുന്നു. ഒന്നും സംഭവിക്കാത്തത് പോലെ അയാള്‍ നേരെ നടന്ന് ബാക്കോട്ട് പോയി. ഞാന്‍ പക്ഷെ ഭയങ്കരമായ ഷോക്കിലേക്ക് വീണ് പോയി. എനിക്ക് എന്റെ കയ്യും കാലും കുഴയുകയാണ്. കണ്ണില്‍ ഇരുട്ട് കയറുകയാണ്. കരച്ചില്‍ അടക്കാന്‍ പറ്റുന്നില്ല. ക്ലാസ്സില്‍ എനിക്ക് ഇരിക്കാന്‍ പറ്റുന്നില്ല. നേരെ ടോയ്‌ലെറ്റില്‍ പോയി കുറേ നേരം ഇരുന്ന് കരഞ്ഞു", കോളേജിലെ അധ്യാപകനില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് യു സി കോളേജ് പൂര്‍വ വിദ്യാര്‍ഥിനികളുടെ തുറന്ന് പറച്ചില്‍. കോളേജ് കാമ്പസില്‍ അധ്യാപകരില്‍ നിന്നുള്‍പ്പെടെ നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറയണമെന്ന കാമ്പയിനുമായി യുസി കോളേജ് പൂര്‍വ വിദ്യാര്‍ഥികളും നിലവില്‍ കോളേജില്‍ പഠിക്കുന്നവരും രംഗത്ത്. 'പാപിച്ച' എന്ന ഇന്‍സ്റ്റഗ്രാം ചാനലിലൂടെയാണ് വിദ്യാര്‍ഥികള്‍ അവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


"എനിക്ക് അധ്യാപകനില്‍ നിന്ന് ദുരനുഭവമുണ്ടായപ്പോള്‍ അത് നേരില്‍ പോയി ചോദ്യം ചെയ്തു. എന്നാല്‍ 'താനത് ആ രീതിയില്‍ എടുക്കുമെന്ന് വിചാരിച്ചാണ് ഞാനങ്ങനെ ചെയ്തത്. ഈ കാമ്പസില്‍ അറ്റാച്ച്‌മെന്റ് തോന്നിയിട്ടുള്ള ചുരുക്കം ചില വിദ്യാര്‍ഥികളില്‍ ഒരാളാണ് താന്‍. അതുകൊണ്ട് ഞാന്‍ സ്വാതന്ത്ര്യം എടുത്തതാണ്' എന്നായിരുന്നു അയാളുടെ മറുപടി. അധ്യാപകന്‍ വിദ്യാര്‍ഥിയുടെ ഇടുപ്പില്‍ കയറിപ്പിടിച്ചിട്ട് വിദ്യാര്‍ഥിനി അത് ആ രീതിയില്‍ എടുക്കണമെന്നും അയാള്‍ക്ക് ആ സ്വാതന്ത്ര്യം കാണിക്കാന്‍ അധികാരമുണ്ടെന്നും ആണ് അയാള്‍ പറഞ്ഞുവച്ചത്. ഇക്കാര്യം എന്നെ ഹര്‍ട്ട് ചെയ്തു എന്ന് ഓരോ തവണ പറയുമ്പോഴും നിന്റെ തെറ്റാണ്, നീയത് മനസ്സിലാക്കിയതിലെ തെറ്റാണ് എന്ന് പറഞ്ഞ് ആ രീതിയില്‍ എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ആ മെന്റല്‍ ട്രോമയില്‍ നിന്ന് പുറത്ത് വരാന്‍ ഒരുപാട് മാസങ്ങള്‍ എടുത്തിട്ടുണ്ട്", വിദ്യാര്‍ഥി പറയുന്നു.

തനിക്ക് ഈ മെന്റല്‍ ട്രോമയില്‍ നിന്ന് പുറത്ത് വരാന്‍ കഴിഞ്ഞു. ആ അധ്യാപകന്‍ ഇപ്പോള്‍ എച്ച്ഒഡിയാണ്. ഇനിയും വിദ്യാര്‍ഥികള്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് വൈകിയാണെങ്കിലും തുറന്ന് പറയാന്‍ തീരുമാനിച്ചത് എന്നും വിദ്യാര്‍ഥി പറയുന്നു. "അധ്യാപകരായാലും മറ്റാരായാലും ശരീരത്തിന് മുകളിലുള്ള കൈകടത്തലുകള്‍ അനുവദിക്കാനാവില്ല. കൂടുതല്‍ പേര്‍ തുറന്ന് പറയണം", മറ്റൊരു വിദ്യാര്‍ഥി ഇന്‍സ്റ്റഗ്രാം പേജിനെക്കുറിച്ച് പറയുന്നു.


കോളേജിന്റെ ബൌദ്ധിക മുഖവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമൊക്കെ നേടിയിട്ടുള്ള ഇതേ അധ്യാപകനില്‍ നിന്ന് തന്നെ മോശം പെരുമാറ്റം നേരിട്ട മറ്റ് പെണ്‍കുട്ടികളുമുണ്ടെന്നും അവര്‍ വിളിച്ച് സമാന അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും വിദ്യാര്‍ഥിനി പറയുന്നു. പൂര്‍വ വിദ്യാര്‍ഥികളും നിലവില്‍ പഠിക്കുന്നവരുമായ നിരവധി പേര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നുണ്ട്.


നിലവില്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.

കോളേജിലെ എസ്എഫ്ഐ യൂണിറ്റും വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

Related Stories