TopTop
Begin typing your search above and press return to search.

കെപിഎസിയുടെ ജനനം, സുലോചന-കെ എസ് ജോര്‍ജ്ജ് കൂട്ടുകെട്ടിന്റെയും; 'എന്റെ മകനാണ് ശരി' അരങ്ങിലേക്ക്

കെപിഎസിയുടെ ജനനം, സുലോചന-കെ എസ് ജോര്‍ജ്ജ്  കൂട്ടുകെട്ടിന്റെയും;

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭ കൊണ്ട് ധൂര്‍ത്തടിച്ച ഒരുപാടുപേരുടെ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വീശിയടിച്ച ഒരു നാടക പ്രസ്ഥാനത്തിന്റെ, ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു നാടക കാലത്തിന്റെ ആരും മറന്നുകാണാന്‍ ഇടയില്ലാത്ത ഒരു രാഷ്ട്രീയ കേരളത്തിന്റെയും കൂടി കഥയാണത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ എഴുതുന്ന കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു. ആദ്യ അഞ്ച് ഭാഗങ്ങള്‍ ഇവിടെ വായിക്കാം


ഭാഗം 6

'എന്റെ മകനാണ് ശരി'

തിരുവിതാംകൂറില്‍ ദിവാന്‍ വാഴ്ചക്കെതിരെയും ജനാധിപത്യ ഭരണത്തിന് വേണ്ടിയുമുള്ള ഉത്തരവാദിത്ത്വ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ് വീശിയടിക്കുന്ന നാളുകള്‍. ഏകമകനെ പഠിപ്പിച്ചു വലിയ നിലയിലെത്തിക്കാനായി കോളേജിലയച്ചു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കാരണവര്‍. അച്ഛനെ ശുശ്രൂഷി ച്ചും വീട്ടുകാര്യങ്ങള്‍ നോക്കിയും കഴിയുന്ന മകള്‍, അവളുടെ കാമുകനും കൂടിയായ കാരണവരുടെ അനന്തരവന്‍ എന്നിവരാണ് ഒപ്പമുള്ളത്. അച്ഛന്റെ സ്വപ്നങ്ങളൊക്കെ തകിടം മറിച്ചു കൊണ്ട് മകന്‍ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തു ചാടുന്നു. വൈകാതെ അറസ്റ്റിലായ അയാള്‍ ഒരു ദിവസം സാഹസികമായി തടവു ചാടി അച്ഛനെയും സഹോദരിയെയും കാണാനായി വീട്ടില്‍ വരുന്നു. മകന്റെ പ്രവൃത്തികളെ കണ്ണുമടച്ചെതിര്‍ക്കുന്ന രാജഭക്തനായ അച്ഛന്‍ അയാളെ വീട്ടില്‍ നിന്നടിച്ചിറക്കി.

പുരോഗമനവാദിയായ അനന്തരവന്‍ കാരണവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തു. അയാളോടും തന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആജ്ഞാപിക്കുകയാണ് കാരണവര്‍. ജയില്‍ ചാടിയ മകനെ അന്വേഷിച്ചു പോലീസുകാര്‍ അവിടെയെത്തുന്നത് അപ്പോഴാണ്. മകനെ താന്‍ വീട്ടില്‍ നിന്നു പുറത്താക്കിയ കാര്യം കാരണവര്‍ അഭിമാനത്തോടെ അവരെ അറിയിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി പോലീസുകാര്‍ കാരണവരെ പുലഭ്യം പറയുകയും പൊതിരെ തല്ലുകയും ചെയ്യുകയാണ് ഉണ്ടായത്.

പൊന്നുതമ്പുരാനോടും ദിവാന്‍ സ്വാമിയോടും കൂറും ഭയഭക്തിബഹുമാനങ്ങളും സൂക്ഷിക്കുന്ന തന്നോട് പോലീസ് എന്തിനാണ് ഇങ്ങനെ പെരുമാറിയത് എന്ന കാരണവരുടെ ചോദ്യത്തിന് അനന്തരവനാണ് മറുപടി നല്‍കിയത്. ജനങ്ങളെ മര്‍ദ്ദിച്ചു കൊല്ലുന്നതാണ് ഈ ഭരണത്തിന്റെ സ്വഭാവവും ചെയ്തികളും. കാരണവരെ ഇത് ഇരുത്തിച്ചിന്തിപ്പിച്ചു. കാര്യങ്ങളുടെ ശരിതെറ്റുകള്‍ ബോധ്യമായ അദ്ദേഹം അതേറ്റു പറഞ്ഞു :''ഞാനല്ല, എന്റെ മകന്‍ തന്നെയാണ് ശരി... ''

രാജവാഴ്ച്ചക്കെതിരെ ധീരോജ്ജ്വലമായി പോരാടിയ നിരവധി ത്യാഗധനരായ മനുഷ്യരുടെ കഥകളില്‍ നിന്നു പ്രചോദനം കൊണ്ടാണ് ജനാര്‍ദ്ദന കുറുപ്പും രാജഗോപാലന്‍ നായരും ചേര്‍ന്ന് പുതിയ ജനകീയ കലാസമിതിക്കു വേണ്ടി നാടകം രചിച്ചത്. നാടകത്തിന്റെ ആശയം കുറുപ്പിന്റേതായിരുന്നു. പക്ഷെ എഴുതിയത് രണ്ടു പേരും ചേര്‍ന്നാണ്. എം എന്‍ ഗോവിന്ദന്‍ നായരുടെ പ്രസിദ്ധമായ ജയില്‍ ചാട്ടവും അവര്‍ക്ക് പ്രചോദനം പകര്‍ന്നു. എഴുതി തീര്‍ന്നപ്പോള്‍ കുറുപ്പ് തന്നെ അതിനൊരു പേര് നിര്‍ദ്ദേശിച്ചു :''എന്റെ മകനാണ് ശരി ''സുഹൃത്തുക്കള്‍ അതു കൈയടിച്ചംഗീകരിച്ചു. അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു അഡ്വ കെ. എസ്. രാജാമണി.

അഡ്വ. കെ.എസ്. രാജാമണി


മാവേലിക്കരയിലെ ഒരു സമ്പന്ന ബ്രാഹ്മണ കുടുംബമായ പുത്തന്‍ മഠത്തിലെ പാപ്പാ സ്വാമി എന്നറിയപ്പെടുന്ന എസ്. കുളത്തു അയ്യരുടെ മകനായ രാജാമണി ആ സമയത്ത് തിരുവനന്തപുരത്ത് ശ്വശുരനായ അഡ്വ. നീലകണ്ഠയ്യരോടൊപ്പം അഭിഭാഷകനായി പരിശീലനം നേടുകയായിരുന്നു. എന്നാല്‍ രാജാമണിക്ക് ഒരുപാട് താല്‍പ്പര്യമുള്ള മറ്റൊരു ജോലി കൂടി ഇതിനോടൊപ്പം ചെയ്യുന്നുണ്ടായിരുന്നു. പ്രസിദ്ധ നിരൂപകനും അധ്യാപകനുമായ പ്രൊഫ. എം പി പോള്‍ നടത്തി വന്നിരുന്ന പോള്‍സ് ട്യൂട്ടോറിയല്‍ കോളേജിലെ അധ്യാപകപ്പണി ആയിരുന്നു അത്. രാജാമണി ആ കാലം ഓര്‍ക്കുന്നത് ഇങ്ങനെയാണ്:


''തിരുവനന്തപുരത്ത് നന്ദാവനം റോഡിലുള്ള എം പി പോള്‍ ട്യൂട്ടോറിയല്‍ കോളേജ് അന്ന് നഗരത്തിനു പുറത്തും പ്രസിദ്ധമായിരുന്നു.

എം പി പോള്‍


ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് അന്നവിടെ എത്തിയിരുന്നത്. ഒരു റെഗുലര്‍ കോളേജിനേക്കാള്‍ ചിട്ടയായ പ്രവര്‍ത്തനം. കോളേജിനടുത്ത് പാളയം റോഡില്‍ തന്നെയായിരുന്നു പോള്‍ സാറിന്റെ വീട്. സാഹിത്യചര്‍ച്ചകള്‍ കൊണ്ട് സമ്പന്നമായിരുന്നു അവിടുത്തെ സന്ധ്യകള്‍. വക്കീല്‍ പരിശീലനവുമായി തിരുവനന്തപുരത്ത് സ്ഥിരമായുണ്ടായിരുന്ന ഞാന്‍ പോള്‍സ് ട്യൂട്ടോറിയലില്‍ അധ്യാപകനായി ചേര്‍ന്നു. ഉദാത്തമായ ഒരു വ്യക്തി ബന്ധത്തിന്റെ വാതിലാണ് അദ്ദേഹം എനിക്കുവേണ്ടി തുറന്നു തന്നത്.

ഒരു ദിവസം നഗരത്തില്‍ വെച്ച് ജനാര്‍ദ്ദനക്കുറുപ്പിനെയും രാജനെയും കണ്ടു. സി പി സത്രമായിരുന്നു വേദി. നേരത്തെ ചര്‍ച്ച ചെയ്തിരുന്ന ജനകീയ കലാ സമിതിയും അതിനിടേണ്ട പേരുമായിരുന്നു ചര്‍ച്ച. മണിക്കൂറുകള്‍ ചെലവഴിച്ചു കാണുമെന്നു തോന്നുന്നു. സന്ധ്യയുടെ ചുവപ്പ് തമ്പാനൂര്‍ കവലയില്‍ എത്തിനോക്കാന്‍ തുടങ്ങിയിരുന്നു. ആ ദിവസവും സമയവും ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. അന്ന് സി പി സത്രത്തില്‍ വെച്ചാണ് കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ് (കെ പി എ സി )എന്ന ലക്ഷണമൊത്ത ആ പേര് പിറന്നു വീണത്. ''*

ഈ ചങ്ങാതിമാരോട് അടുപ്പവും സൗഹൃദവും പുലര്‍ത്തുന്ന വേറെ ചിലര്‍ കൂടി അപ്പോഴേക്കും ഈ കൂട്ടായ്മയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ അധ്യാപകനായിരുന്ന യുവകവി ഓഎന്‍വി കുറുപ്പ്, തിരുവനന്തപുരം നാടകവേദിയില്‍ സജീവമായ നടന്‍ ശ്രീനാരായണ പിള്ള, പൂജപ്പുര കൃഷ്ണന്‍ നായര്‍, എന്നിവരായിരുന്നു ഉത്സാഹക്കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. സര്‍ഗാത്മകമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമായി പ്രൊഫ. എം പി പോള്‍ അവര്‍ക്ക് പിന്തുണ നല്‍കി. ഓഎന്‍വിയും രാജാമണിയുമായിരുന്നു പോള്‍ സാറുമായി കെ പി എ സിയെ ബന്ധിപ്പിക്കുന്ന കണ്ണികള്‍. നാടകത്തോടും സംഗീതത്തോടും സര്‍വോപരി പുരോഗമനാശയങ്ങളോടെല്ലാം ആഭിമുഖ്യമുണ്ടായിരുന്ന പോള്‍ സാറിന് ഈ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാന്‍ സന്തോഷമായിരുന്നു. റിഹേഴ്‌സല്‍ നടത്താനായി കോളേജിന്റെ വലിയ ഹാള്‍ ഉപയോഗിച്ചുകൊള്ളാന്‍ അനുവാദവും കൊടുത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആലോചിട്ടും അനുവാദം വാങ്ങിയിട്ടുമൊന്നുമായിരുന്നല്ല കുറുപ്പും രാജഗോപാലന്‍ നായരും ഈ സംരംഭവുമായി ഇറങ്ങിത്തിരിച്ചത്. അതുകൊണ്ട് ആവശ്യമായ ഫണ്ട് കണ്ടെത്തേണ്ടതും അവരുടെ ചുമതലയായി. ആദ്യത്തെ സംഭാവന ജനാര്‍ദ്ദനക്കുറിപ്പിന്റെ ഭാര്യ ശ്രീദേവിയുടേതായിരുന്നു. തേങ്ങ വിറ്റുകിട്ടിയ നൂറു രൂപ.

അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് ഭാര്യ ശ്രീദേവിയ്ക്കും കുഞ്ഞിനുമൊപ്പം

കുറുപ്പ് പിരിവ് തുടങ്ങിയത് ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നാണ്. പറവൂര്‍ ടി കെ നാരായണ പിള്ളയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന എന്‍ കുഞ്ഞുരാമന് കുറുപ്പിനോട് അടുപ്പമുണ്ടായിരുന്നു. പക്ഷെ കമ്മ്യൂണിസ്റ്റു കാരുടെ നാടകം നടത്താന്‍ പണം കൊടുക്കുന്നതില്‍ വൈമനസ്യവും. അതുകൊണ്ട് പണം നല്‍കിയത് കുഞ്ഞിരാമന്റെ ഭാര്യയാണ്. പണത്തിന്റെ കാര്യത്തില്‍ മുട്ടു വരാതെ നോക്കാന്‍ രാജാമണിയുണ്ടായിരുന്നു. സാമാന്യം സമ്പന്നമായ ഒരു കുടുംബത്തില്‍ ജനിച്ച് മറ്റൊരു സമ്പന്ന കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച രാജാമണിക്ക് ഇങ്ങനെയൊരു കാര്യത്തിന് വേണ്ടി എത്ര വേണമെങ്കിലും ചെലവഴിക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല.


നാടകം പൂര്‍ത്തിയായി. ഇനി വേണ്ടത് അനുയോജ്യരായ അഭിനേതാക്കളാണ്. കാരണവരായി ജനാര്‍ദ്ദനക്കുറുപ്പും അനന്തരവനായി രാജഗോപാലന്‍ നായരും അഭിനയിക്കാമെന്ന് തീരുമാനിച്ചു. പാര്‍ട്ടി അനുഭാവി ആയ അഡ്വ. എം പി കുട്ടപ്പനാണ് മകന്റെ വേഷത്തില്‍. ഇനിയുള്ള റോളുകളില്‍ ശ്രീനാരായണ പിള്ളയും ടി.എ. മൈതീന്‍ കുഞ്ഞും അഭിനയിക്കും. 1948ലെ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ പി കെ കുഞ്ഞിനെതിരെ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു തിരുവതാംകൂര്‍ നിയമസഭയില്‍ ആദ്യ പ്രതിപക്ഷ അംഗമായി എത്തിയ ആളായിരുന്നു മൈതീന്‍ കുഞ്ഞ്. നെടുമങ്ങാട്ടുകാരനായ ശ്രീനാരായണപിള്ള വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ നാടകവേദിയില്‍ സജീവമായിരുന്നു. എംജി കോളജില്‍ അധ്യാപകനായി ജോലിയില്‍ ചേരാന്‍ തയാറെടുത്തിരിക്കുമ്പോഴാണ് പുതിയ സമിതിയില്‍ എത്തുന്നത്.

നായികയുടെ കാര്യമാണ് ഇനി തീരുമാനമാകാനുള്ളത്. കാരണവരുടെ സുന്ദരിയായ മകള്‍ക്ക് പാട്ടുകളുമുണ്ട്. അപ്പോള്‍ പാടുകയും കൂടി വേണം. പലവഴിക്കും അന്വേഷിച്ചു.ഫില്‍ഡി ലുള്ളവരെ ആരെയെങ്കിലും കിട്ടുമോന്ന് തിരക്കി. ഒന്നുമങ്ങോട്ട് ശരിയാകുന്നില്ല. അപ്പോഴാണ് രാജാമണി ഒരാളുടെ കാര്യം പറയുന്നത്. മാവേലിക്കരയിലെ തറവാടായ വലിയ മഠത്തിന്റെ അടുത്തു താമസിച്ചിരുന്ന ഒരു പോലീസുകാരന്‍ കുഞ്ഞുകുഞ്ഞിന്റെ മകളുടെ കാര്യം. കലാപാരമ്പര്യമുള്ള കുടുംബമായിരുന്നു രാജാമണിയുടേത്. പിതാവ് കുളത്തു അയ്യര്‍ക്കു നാടകത്തോടും സംഗീതത്തോടുമൊക്കെ വലിയ താല്പര്യമായിരുന്നു. അമ്മ സരസ്വതിയാകട്ടെ ഒരു കലാകാരി തന്നെയായിരുന്നു. പ്രസിദ്ധ നടി മാവേലിക്കര പൊന്നമ്മയുമൊരുമിച്ച് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശിവരാത്രിക്ക് നാടകം കളിച്ചിട്ടുണ്ട്. രാജാമണിയുടെ അച്ഛനോടും കുടുംബത്തോടുമൊക്കെ ഒരുപാട് നന്ദിയും കടപ്പാടുമുണ്ടായിരുന്നു കുഞ്ഞുകുഞ്ഞിനും കുടുംബക്കാര്‍ക്കും.

കുഞ്ഞുകുഞ്ഞിന്റെ മകള്‍ സുലോചന വളര്‍ന്നു വരുന്ന നല്ലൊരു ഗായിക ആണെന്നും ചില നാടകങ്ങളിലൊക്കെ അഭിനയിച്ചതായി കേട്ടിട്ടുണ്ടെന്നും രാജാമണി പ്രശംസാരൂപത്തില്‍ പറയുന്നതുകേട്ടപ്പോള്‍, എന്നാല്‍ ഒന്നുപോയി കണ്ടു കളയാമെന്നായി കുറുപ്പും രാജഗോപാലന്‍ നായരും. അടുത്ത ദിവസം തന്നെ മൂന്നുപേരും കൂടി മാഞ്ഞാലിക്കുളത്തുള്ള സുലോചനയുടെ വീട്ടില്‍ ചെന്നു. കുഞ്ഞുകുഞ്ഞ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. എന്തോ ആവശ്യവുമായി നാഗര്‍കോവില്‍ വരെ പോയിരിക്കുകയായിരുന്നു.

പെട്ടെന്ന് രാജാമണിയെ കണ്ടപ്പോള്‍ കല്യാണിയമ്മക്ക് ആകെ പരിഭ്രമമായി. വലിയ മഠത്തിലെ 'കൊച്ചുസ്വാമി 'എന്താ ഇവിടെ എന്നതായിരുന്നു പരിഭ്രമത്തിനു പിന്നില്‍. സുലോചനയും രാജാമണിയെ വിനയപൂര്‍വ്വം വണങ്ങി. ഒപ്പമുള്ളവരില്‍ ഒരാള്‍ എം എല്‍ എ യും മറ്റെയാള്‍ വക്കീലുമാണെന്നു കേട്ടപ്പോള്‍ അമ്മയുടെയും മകളുടെയും പരിഭ്രാന്തി കൂടി. ജനാര്‍ദ്ദനക്കുറുപ്പ് ആ രംഗം ഓര്‍ക്കുന്നു :'അന്ന് സുലോചനയെ കണ്ടാല്‍ കുമാരനാശാന്‍ പാടിയതുപോലെ 'ചമ്രനായകന്റെ കിടാത്തി 'യാണെന്ന് തോന്നും. കണ്വാശ്രമത്തില്‍ കണ്ട ശകുന്തളയുടെ ലാളിത്യവും സൗന്ദര്യവും അവര്‍ക്കുണ്ടായിരുന്നു. രാജന്‍ ഞങ്ങളുടെ ഉദ്ദേശ്യം തുറന്നു പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി ഒരു കലാസമിതിയുണ്ടാക്കിയെന്നും അതിനു വേണ്ടി 'എന്റെ മകനാണ് ശരി 'എന്ന നാടകത്തിനു പാട്ടു പാടി അഭിനയിക്കുന്ന നടിയെ വേണം. അതിനൊരുക്കമാണോ എന്നറിയാനാണ് ഞങ്ങള്‍ വന്നത് എന്നും പറഞ്ഞു. സുലോചന ഒന്നും പറഞ്ഞില്ല.

''പാരം വിസ്മയമാര്‍ന്ന വിസ്താരിതതാരയായ' ആ മൈക്കണ്ണി നിന്നു. മനോഹരമായ ഇരുനിറം. ആ കുട്ടി ആകര്‍ഷകത്വമുള്ള ഒരു കൊച്ചുസുന്ദരിയായിരുന്നു. അച്ഛന്‍ നാഗര്‍കോവിലില്‍ നിന്നു വന്നതിനുശേഷം മറുപടി അറിയിക്കാമെന്നവര്‍ പറഞ്ഞു.''**

രാജഗോപാലന്‍ നായര്‍ അപ്പോള്‍ മറ്റൊരു കാര്യം ചോദിച്ചു:''സുലോചന പാട്ടു പഠിച്ചിട്ടുണ്ടെന്നും കച്ചേരി നടത്താറുണ്ടെന്നും റേഡിയോയില്‍ ലളിത ഗാനങ്ങള്‍ പാടാറുണ്ടെന്നുമൊക്കെ രാജാമണി പറഞ്ഞറിയാം. കുറുപ്പുചേട്ടനും എനിക്കും സുലോചനയുടെ പാട്ടൊന്നു കേട്ടാല്‍ കൊള്ളാമായിരുന്നു.''

ഒന്നു മടിച്ചു നിന്നതിനുശേഷം സുലോചന മുകളിലത്തെ നിലയില്‍ വെച്ചിരുന്ന ഹാര്‍മോണിയ പെട്ടി എടുത്തുകൊണ്ടു വന്നു. രാജഗോപാലന്‍ നായര്‍ അതു കൈയില്‍ വാങ്ങിച്ചു. 'ശ്രുതി ഞാന്‍ മീട്ടിക്കൊള്ളാം. സുലോചന പാടിക്കോളൂ '

ആയിടെ സുലോചന റേഡിയോയില്‍ പാടിയ ഒരു ലളിതഗാനം ഒരുപാട് പ്രശംസ നേടിയിരുന്നു. സുലോചനക്കും വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടായിരുന്നു അത്.

'ദേവാ മമ ഹൃദയവനിയില്‍..... '

സുലോചന പാടാന്‍ തുടങ്ങി. സാമാന്യം സംഗീതബോധവും ജ്ഞാനവും ഉണ്ടായിരുന്ന അവര്‍ മൂന്നുപേരും ആ പെണ്‍കുട്ടിയുടെ പാട്ട് നിര്‍ന്നിമേഷം കേട്ടിരുന്നു. കേട്ടു പഴകിയ ആലാപന ശൈലിയില്‍ നിന്നും തീര്‍ത്തും വേറിട്ട് നില്‍ക്കുന്ന ഒന്നായിരുന്നു അത്. ശബ്ദത്തിനുമുണ്ട് എന്തോ ഒരു പ്രത്യേകത...പാട്ടു കേള്‍ക്കുന്ന ആരും ആരാണീ പാട്ടുകാരിയെന്ന് തിരിഞ്ഞു നിന്ന് ഒന്നന്വേഷിക്കാതെ കടന്നു പോകില്ല. തേടിവന്ന ആളെത്തന്നെയാണല്ലോ കണ്ടെത്തിയതെന്നോര്‍ത്തപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം കുറച്ചൊന്നുമല്ല. ഒപ്പം ഒരാശങ്കയും. തീരുമാനമെടുക്കേണ്ട കുഞ്ഞു കുഞ്ഞ് അവിടെയില്ലല്ലോ.

ജനാര്‍ദ്ദനക്കുറുപ്പ് തുറന്നുതന്നെ പറഞ്ഞു. ''ഞങ്ങളുടെ സമിതിയില്‍ നായികയും പ്രധാന ഗായികയുമായി സുലോചന തന്നെ വേണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധം തന്നെയുണ്ട്. അതു തള്ളിക്കളയരുത്. ഈ അഡ്വാന്‍സ് വാങ്ങുകയും വേണം.'' അഡ്വാന്‍സ് കൊടുക്കാന്‍ കൊണ്ടുവന്ന ഇരുപത്തിയഞ്ചു രൂപ കല്യാണിയമ്മയെ പിടിച്ചേല്‍പ്പിക്കാന്‍ അവര്‍ കുറേ പാടുപെട്ടു. കുഞ്ഞു കുഞ്ഞ് വന്നിട്ട് കാര്യത്തിനൊരു തീര്‍പ്പുണ്ടാകുകയാണെങ്കില്‍ എത്രയും പെട്ടെന്ന് മാഞ്ഞാലിക്കുളത്തുള്ള സ്വരാജ് ലോഡ്ജില്‍ വരണമെന്ന് പറഞ്ഞേല്‍പ്പിച്ചു. അവിടെയാണ് സമിതിയുടെ താല്‍ക്കാലിക ഓഫീസ്.

രാജാമണിയും കൂട്ടുകാരും പോയിക്കഴിഞ്ഞപ്പോള്‍ കല്യാണിയമ്മക്ക് ആകെ വെപ്രാളമായി. കുഞ്ഞു കുഞ്ഞ് വന്നാല്‍ എന്തു സമാധാനം പറയും? ചോദിക്കാതെ അഡ്വാന്‍സ് വാങ്ങിച്ചതിന് ബഹളമുണ്ടാക്കുമെന്നു തീര്‍ച്ച. കുഞ്ഞു കുഞ്ഞ് വന്നയുടനെ കാര്യം പറയാന്‍ പോയില്ല. അത്താഴമൊക്കെ കഴിഞ്ഞ് വീട്ടുകാര്യമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ പതുക്കെ രാജാമണി വന്നതിനെ കുറിച്ച് പറഞ്ഞു. എന്നിട്ടാണ് നാടകത്തിന്റെ കാര്യം അവതരിപ്പിച്ചത്. അഡ്വാന്‍സ് വാങ്ങിയ സംഗതി പറഞ്ഞപ്പോള്‍ വിചാരിച്ചതുപോലെ ദേഷ്യപ്പെട്ടു. കൊച്ചു സ്വാമി പറഞ്ഞ കാര്യമാണെന്നതൊക്കെ ശരി. പക്ഷെ ആരുപറഞ്ഞു അഡ്വാന്‍സ് വാങ്ങിയ്ക്കാന്‍? താന്‍ വന്നിട്ടാകാമെന്നു പറയാമായിരുന്നില്ലേ? ഇതിപ്പോള്‍ വല്ലപ്പോഴും ഒരു നാടകത്തിനു പോകുന്നതുപോലെയല്ലല്ലോ. ചേട്ടനോടും ഒരു വാക്ക് ചോദിക്കേണ്ടതല്ലേ? ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും കൊച്ചുസ്വാമി പറഞ്ഞ ഒരു കാര്യം അങ്ങനെയങ്ങു തള്ളിക്കളയാന്‍ പറ്റുമായിരുന്നില്ല കുഞ്ഞുകുഞ്ഞിന്. അത്രമാത്രം കടപ്പാടുണ്ട് ആ കുടുംബവുമായി.

പിറ്റേന്നു തന്നെ കൃഷ്ണന്‍ വൈദ്യനെ കാര്യങ്ങള്‍ ധരിപ്പിച്ചു. തിരിച്ചും മറിച്ചും കാര്യങ്ങളുടെ വരും വരായ്കകള്‍ ചര്‍ച്ച ചെയ്തു. ഒടുവില്‍ പോകുക തന്നെ എന്നു തീരുമാനിച്ചു. കൊച്ചുസ്വാമി കൊണ്ടുവന്ന ഒരു കാര്യം...അതും കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍പ്പോലും... ഒരു എം എല്‍ എ ഒക്കെക്കൂടി വന്നു വിളിച്ചത്...എല്ലാം മണിയുടെ നല്ലതിനായിരിക്കും. തമ്പാനൂരിന് സമീപത്തുള്ള മാഞ്ഞാലിക്കുളത്തെ സ്വരാജ് ലോഡ്ജ് കെ പി എ സി യുടെ ഒരഭ്യുദയകാംക്ഷി ആയ ഷണ്‍മുഖം പിള്ളയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. വാടകയൊന്നും വാങ്ങാതെ ഒരു മാസത്തേക്ക് ലോഡ്ജ് നാടകത്തിന്റെ റിഹേഴ്‌സലിനും ഓഫീസ് ആവശ്യങ്ങള്‍ക്കുമായി ഷണ്‍മുഖം പിള്ള വിട്ടുകൊടുത്തു. സുലോചനയുടെ വീട്ടില്‍ നിന്ന് നടന്നുപോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ അങ്ങോട്ടേക്ക്.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍കുഞ്ഞുകുഞ്ഞും സുലോചനയും കൂടി അവിടെ ചെന്നു. അവരെ കണ്ടപ്പോള്‍ കുറുപ്പിനും രാജഗോപാലന്‍ നായര്‍ക്കും ഇതില്‍പ്പരം സന്തോഷം തോന്നാനില്ല.അതിനേക്കാളേറെ ആശ്വാസവും. അവര്‍ കഥയും സുലോചനയുടെ കഥാപാത്രത്തെ കുറിച്ചുമൊക്കെ വിശദമായി പറഞ്ഞുകേള്‍പ്പിച്ചു. ശാരി എന്നാണ് കഥാപാത്രത്തിന്റെ പേര്. കുറേ പാട്ടുകള്‍ പാടാനുമുണ്ട്. അതൊക്കെ ചിട്ടപ്പെടുത്തി വരുന്നതേ യുള്ളൂ. 'എന്റെ മകനാണ് ശരി'യില്‍ അഭിനയിക്കാമെന്നും പാടാമെന്നും അടുത്ത ദിവസം തന്നെ റിഹേഴ്‌സലിന് എത്തിക്കോളാമെന്നും സമ്മതിച്ചു കൊണ്ടാണ് സുലോചനയും അച്ഛനും അന്നവിടെ നിന്നും മടങ്ങിയത്.

അങ്ങനെ നായികയുടെയും ഗായികയുടെയും കാര്യം തീര്‍ച്ചയായി. ഇനി വേണ്ടത് ഒരു ഗായകനെയാണ്. രാജഗോപാലന്‍ നായര്‍ തന്നെയാണ് സ്റ്റേജില്‍ പാടാന്‍ പോകുന്നത്. പക്ഷെ മറ്റുള്ളവര്‍ക്ക് പിന്നണി പാടാനും സംഘഗാനങ്ങള്‍ ലീഡ് ചെയ്യാനുമൊക്കെ സുലോചനയുടെ ശബ്ദവുമായി ഇണങ്ങുന്ന ഒരു പുരുഷശബ്ദം വേണം. സംഗീതനാടകങ്ങളിലെ രാഗവിസ്താരം കൊണ്ട് കസര്‍ത്ത് നടത്തുന്ന ഭാഗവതരുമാരെയല്ല വേണ്ടത്, തൊഴിലാളിവര്‍ഗസംസ്‌കാരം ഉള്‍ക്കൊണ്ടു പാടുന്ന ഉശിരുള്ള ഒരു പാട്ടുകാരനെയാണ്. അതാലോചിച്ചപ്പോള്‍ രാജഗോപാലന്‍ നായരുടെ ഓര്‍മ്മയില്‍ മിന്നലു പോലെ ഒരു മുഖം തെളിഞ്ഞു. ആ ശബ്ദവും.

''എലിക്കാട്ടൂരെ മീറ്റിംഗ് കുറുപ്പു ചേട്ടന് ഓര്‍മ്മയുണ്ടോ? അന്നവിടെ പാട്ടു പാടിക്കണമെന്നു പറഞ്ഞു വന്ന കൊച്ചനെ?'' കുറുപ്പിനോര്‍മ്മയുണ്ടായിരുന്നു.

'52ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം പുതിയ എം എല്‍ എ മാര്‍ക്ക് നാടൊട്ടുക്ക് സ്വീകരണം നടക്കുകയാണ്. പുനലൂരിനടുത്ത് എലിക്കാട്ടൂര്‍ എന്ന സ്ഥലത്ത് പാര്‍ട്ടിയും തൊഴിലാളി യൂണിയനും ചേര്‍ന്ന് രാജഗോപാലന്‍ നായര്‍ക്കും കാമ്പിശ്ശേരിക്കും സ്വീകരണം സംഘടിപ്പിച്ചു. ജനാര്‍ദ്ദനക്കുറുപ്പ് ആശംസാ പ്രസംഗകനായിരുന്നു. സ്വീകരണത്തിനും പ്രസംഗങ്ങള്‍ക്കും ശേഷം വിപ്ലവഗാനങ്ങളുമുണ്ട്.

കാമ്പിശ്ശേരി കരുണാകരന്‍, പുനലൂര്‍ എന്‍ രാജഗോപാലന്‍ നായര്‍

കലാപരിപാടിയാരംഭിച്ചപ്പോള്‍ സദസ്സിനിടയില്‍ നിന്ന് രാജഗോപാലന്‍ നായര്‍ക്ക് ഒരു കുറിപ്പ് കിട്ടി. അതെഴുതിയ ചെറുപ്പക്കാരന് ഒരു പാട്ടു പാടണമെന്ന ആവശ്യമായിരുന്നു കുറിപ്പില്‍. അന്നൊക്കെ പാര്‍ട്ടി മീറ്റിങ്ങുകളില്‍ ഇങ്ങനെ പാടണമെന്ന ആവശ്യവുമായി വരുന്ന സഖാക്കള്‍ക്ക് പാടാനവസരം കൊടുത്തിട്ട് പാടിയവരും പാടിച്ചവരും കേട്ടിരുന്നവരും ഒരുപോലെ വിഷമിച്ചുപോയ അനുഭവങ്ങളുണ്ട്. കമ്മ്യൂണിസത്തിന്റെ പേരില്‍ കലയെ കൊല ചെയ്യാനനുവദിക്കില്ല എന്ന കാര്യത്തില്‍ രാജഗോപാലന്‍ നായര്‍ക്കും ജനാര്‍ദ്ദന ക്കുറുപ്പിനും ഏകാഭിപ്രായമായിരുന്നു. അതുകൊണ്ട് പാടാനനുവദിക്കില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. പക്ഷെ പാടണമെന്ന ആവശ്യവുമായി വന്ന ആള്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.


''ഞാന്‍ പേപ്പര്‍ മില്ലിലെ ഒരു തൊഴിലാളിയാണ്. എനിക്കൊരു പാട്ട് പാടണം'' അയാള്‍ ഉറച്ചു നിന്നു.

പേപ്പര്‍മില്ലിലെ തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് കൂടിയായിരുന്ന രാജഗോപാലന്‍ നായര്‍ക്ക് ഒരു തൊഴിലാളിയുടെ ആത്മാര്‍ത്ഥമായ ആഗ്രഹത്തിന് വഴങ്ങാതെ തരമില്ലായിരുന്നു. അയാളെക്കൊണ്ട് പാടിക്കണമെന്ന് അപ്പോള്‍ കുറുപ്പും കാമ്പിശ്ശേരിയും പറഞ്ഞു. മഷിക്കറുപ്പ് നിറത്തില്‍ അസ്ഥികൂടം പോലെ മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍... ഇരുപതു വയസ്സു കഴിഞ്ഞിട്ടുണ്ടാകും... സ്റ്റേജില്‍ കയറി വന്നു പാടി:

'കുബേരന്മാര്‍ വാഴുമീ നാട്ടില്‍
കുചേലന്മാര്‍ വേണ്ടായോ... '

കേട്ടിരുന്നവരെല്ലാം കയ്യടിച്ചുപോയി. വീണ്ടും പാടണമെന്ന ആവശ്യമുര്‍ന്നപ്പോള്‍ സന്തോഷത്തോടെ അയാള്‍ പിന്നെയും പാടി. അയാളുടെ സവിശേഷമായ ശബ്ദവും പരുക്കന്‍ ഗാനാലാപന ശൈലിയും എല്ലാവരെയും ആകര്‍ഷിച്ചു. യോഗത്തിന് ശേഷം നേതാക്കള്‍ അയാളെ വിളിച്ചു വിവരങ്ങളൊക്കെ അന്വേഷിച്ചറിഞ്ഞു.

ഓച്ചിറയ്ക്കടുത്തുള്ള പുതുപ്പള്ളിയില്‍ നിന്ന് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലപ്പുഴയിലെത്തിയതാണ് സാമുവലും എട്ടുമക്കളുള്ള കുടുംബവും. വില്ല്യം ഗുഡേക്കര്‍ കമ്പനിയിലെ ഒരു പായ നെയ്ത്തു തൊഴിലാളിയായി സാമുവലിനു ജോലികിട്ടി. ആലപ്പുഴ ചവക്കോട്ട പള്ളിവക ഭൂമിയില്‍ കുടികിടപ്പുകാരായിട്ടാണ് ആ കുടുംബം കഴിയുന്നത്.സാമുവലിന്റെ കുടുംബത്തില്‍ മറ്റാര്‍ക്കുമില്ലാത്ത കലാവാസന മകന്‍ ജോര്‍ജിനാണ് കിട്ടിയത്. വീട്ടിലെ നിവൃത്തികേടു കൊണ്ട് നാലാം ക്ലാസ്സില്‍ വെച്ച് സ്‌കൂളിലെ പഠിപ്പ് അവസാനിപ്പിച്ച ജോര്‍ജിന് പക്ഷെ സംഗീതം പഠിക്കാന്‍ വലിയ ഉത്സാഹമായിരുന്നു. നിര്‍ബന്ധം സഹിക്കാതെ സാമുവല്‍ ആരെയോ കൊണ്ട് അല്പസ്വല്പമൊക്കെ പഠിപ്പിച്ചു.

പതിനാലാമത്തെ വയസ്സില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ തയ്യല്‍ ജോലിയില്‍ ചേര്‍ന്നെങ്കിലും രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ആരോടും പറയാതെ നാടുവിട്ടു. സംഗീതം പഠിക്കണമെന്ന ആഗ്രഹമായിരുന്നു അതിന്റെ പിന്നില്‍.

കുറേ സ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ മൈസൂരിലെ സാഗര എന്ന സ്ഥലത്ത്, പട്ടുകുപ്പ എന്ന വനത്തില്‍ വിറകുവെട്ടുകാരനായി. അതിനിടെ പട്ടാളത്തില്‍ ചേരാന്‍ നോക്കിയെങ്കിലും അവസാന പരിശോധനയില്‍ അണ്‍ഫിറ്റായി. പിന്നെ കുറേനാള്‍ ട്രെയിനില്‍ പാട്ടുപാടിയായിരുന്നു ജീവിതം. അതുകഴിഞ്ഞു ബാംഗ്ലൂരിലെത്തി അവിടെ മൂന്നുമാസക്കാലം യുണൈറ്റഡ് ടെന്നീസ് ക്ലബ്ബിലെ ഒരു ജീവനക്കാരനായി. നാട്ടില്‍ തിരിച്ചുവന്ന് ആലപ്പുഴ സി. വൈ. ടി കമ്പനിയില്‍ ബ്രഷ് കാര്‍പെന്റ് ജോലിക്കാരനായി കുറച്ചു കാലം. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ആ ഫാക്ടറിയിലെ ജോലി നിന്നുപോയതു കാരണം ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന്റെ വില്പനക്കാരനായി. പിന്നെ കുറേനാളുകള്‍ ഒരു സ്ട്രീറ്റ് ഫോട്ടോഗ്രാഫര്‍ ആയിട്ടായിരുന്നു ജീവിതം.

കാഞ്ഞിരപ്പള്ളിയില്‍ താമസിച്ചിരുന്ന സി എസ് കൃഷ്ണയ്യര്‍ എന്ന വിദ്വാനെ ചെന്നുകണ്ട് അവിടെ താമസിച്ച് കുറച്ചു നാള്‍ സംഗീതം പഠിച്ചു. ഉപജീവനത്തിനു വേണ്ടി കുറച്ചുപേരെ പഠിപ്പിക്കാനും തുടങ്ങി. സൈക്കിളില്‍ കൊണ്ടുനടന്നുള്ള തേയില വില്‍പ്പന ആയിരുന്നു അടുത്ത പരിപാടി. ഒപ്പം കെ ആര്‍ നാരായനുണ്ണിത്താന്‍ ഭാഗവതരുടെ അടുത്ത് സംഗീതപഠനവും. പിന്നേയും നാടുവിട്ടുപോയി ഈറോഡിലെ ഒരു ഹോട്ടലില്‍ പാത്രം കഴുകുന്ന പണിയെടുത്തു. തഞ്ചാവൂരില്‍ ചെന്നാല്‍ പാട്ടുപഠിക്കാന്‍ പറ്റുമെന്നാരോ പറഞ്ഞതുകേട്ട് അങ്ങോട്ട് പോകുമ്പോള്‍ ടിക്കറ്റ് എടുക്കാത്തതുകൊണ്ട് ട്രെയിനില്‍ നിന്ന് വഴിയിലിറക്കിവിട്ടു.

എവിടെ ചെന്നുപറ്റിയാലും അവിടെ ഒരു ജോലി തരപ്പെടുമോന്നു നോക്കുക എന്നതാണ് ജോര്‍ജിന്റെ ശീലം. പിടിച്ചിറക്കിവിട്ട സ്ഥലത്തു തന്നെ ഒരു വയറിംഗ് കോണ്‍ട്രാക്ടറുടെ കൂടെ മേയ്ക്കാട്ടു പണിക്കു കൂടി. ആഹാരം മാത്രമായിരുന്നു കൂലി. രണ്ടുകൊല്ലം കൊണ്ട് വയറിംഗ് നന്നായി പഠിച്ചു. പിന്നെയും നാട്ടിലേക്ക്. ബോംബെ കമ്പനിയില്‍ കയറില്‍ ചായം അടിക്കുന്ന സ്റ്റെന്‍സില്‍ ജോലിയാണടുത്തത്. കൂടെ ഉണ്ണിത്താന്‍ ഭാഗവതരുടെ അടുത്ത് പഠനവും. ചില നൃത്ത സംഘങ്ങളുടെ കൂടെ പാടാനും പോകും.

അന്ന് അരങ്ങത്തെ സൂപ്പര്‍ താരമായിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ കൈരളീ കലാകുസുമം എന്ന സമിതി പൊന്‍കുന്നം വര്‍ക്കി എഴുതിയ 'പൂജ ' എന്ന നാടകം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു.തന്നെ കൂടി നാടകത്തിലെടുക്കണമെന്ന അപേക്ഷയുമായി ജോര്‍ജ് ഭാഗവതരെ സമീപിച്ചു. നാടകത്തില്‍ ബാക്കിയുണ്ടായിരുന്നത് ഒരു പിച്ചക്കാരന്റെ വേഷമാണ്.

സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍

''നിനക്ക്പാട്ടുപാടാനറിയാമോ'' ഭാഗവതര്‍ ചോദിച്ചു. കാരണം പിച്ചക്കാരന്‍ ഒരു പാട്ടു പാടിക്കൊണ്ടാണ് അരങ്ങത്തു വരുന്നത്. ' ശിവകവി ' എന്ന തമിഴ് ചിത്രത്തില്‍ എം കെ ത്യാഗരാജ ഭാഗവതര്‍ പാടിയ 'സ്വപ്നവാഴ്വ് 'അന്ന് വളരെ പ്രചാരം നേടിയ പാട്ടായിരുന്നു. അതാണ് ജോര്‍ജ് പാടിയത്. ഭാഗവതര്‍ക്കതു കേട്ടപ്പോള്‍ റിക്കാര്‍ഡ് അതേപടി കേട്ടതുപോലെ തോന്നി. ജോര്‍ജിനെ നാടകത്തിലെടുത്തു.

ഒന്നുരണ്ടു രംഗങ്ങളില്‍ വന്നുപോകാനുണ്ടായിരുന്നു പിച്ചക്കാരന്. രണ്ടു പാട്ടും കുറച്ചു ഡയലോഗും. ജോര്‍ജ് സംഭവം തകര്‍ത്തു. കോഴിക്കോട് രാധാ തിയേറ്ററില്‍ നാടകം കളിക്കുമ്പോള്‍ രംഗത്ത് കീറിയ വസ്ത്രവും കാലില്‍ വെച്ചുകെട്ടുമായി പാടിക്കൊണ്ട് പിച്ചതെണ്ടുകയായിരുന്ന ജോര്‍ജിന് ആഡിയന്‍സ് നാണയമെറിഞ്ഞു കൊടുത്തു. അതെല്ലാം പെറുക്കിയെടുത്ത് ഒരു ഭാഗത്തു വന്നിരുന്ന് എണ്ണിനോക്കിയപ്പോള്‍ സകലരും ഞെട്ടിപ്പോയി. മൊത്തം എഴുപത്തിയഞ്ചു രൂപയുണ്ട്. എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എഴുപത്തിയഞ്ചു രൂപ!

നാടകത്തില്‍ അധികനാള്‍ തുടര്‍ന്നില്ല. അപ്പോഴാണ് പുനലൂര്‍ പേപ്പര്‍ മില്ലില്‍ ഒരു രൂപ പതിന്നാലര അണക്ക് കൂലിപ്പണിക്കാരനാകുന്നത്. അങ്ങനെ കഴിയുമ്പോള്‍ അടുത്തുള്ള എലിക്കാട്ടൂരില്‍ എം എല്‍ എ മാര്‍ക്ക് സ്വീകരണവും കലാപരിപാടിയുമൊക്കെ ഉണ്ടെന്നു കേട്ടു. എന്നാല്‍ അവരെയൊക്കെയൊന്നു നേരില്‍ കാണാം, പാട്ടും കേള്‍ക്കാം, പറ്റുമെങ്കില്‍ ഒരു പാട്ടു പാടുകയും ചെയ്യാം.ഇങ്ങനെയൊക്കെയുള്ള വിചാരത്തോടെയാണ് അന്ന് ജോര്‍ജ്ജ് അവിടെയെത്തിയത്.

ജോര്‍ജിന്റെ കാര്യം ഓര്‍മ്മ വന്നപ്പോള്‍ പിന്നെ ഒട്ടും താമസിച്ചില്ല. പുനലൂരുള്ള തങ്കപ്പന്‍ എന്ന സഖാവിനെ അയച്ച് ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു വന്നു.

കെ.എസ്. ജോര്‍ജ്

ജനാര്‍ദ്ദനക്കുറുപ്പ് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു.

''ഇത് നിന്നെപ്പോലെയുള്ള അധ്വാനവര്‍ഗ്ഗത്തിന്റെ ഒരു കലാസമിതിയാണ്. പാട്ടുപാടണമെന്നല്ലേ നിന്റെ ആഗ്രഹം? ഇതിലെ പ്രധാന പാട്ടുകാരനായി ചേരാനാണ് നിന്നെ വിളിപ്പിച്ചത്.എന്താണ് നിന്റെ തീരുമാനം? ''

ജോര്‍ജിന് ഒന്നുമാലോചിക്കാനുണ്ടായിരുന്നില്ല. ഇതുപോലൊരു കലാകാരനായി ജീവിതം നയിക്കാനാണാല്ലോ ഇക്കാലമത്രയും കഷ്ടപ്പെട്ടത്. അയാള്‍ അപ്പോള്‍ തന്നെ പുതിയ നാടക സമിതിയില്‍ അംഗമായി.

കെ എസ് ജോര്‍ജും കെ സുലോചനയും നയിക്കുന്ന നവയുഗ ഗായകരുടെ സംഘവുമായി കെ പി എ സി 'എന്റെ മകനാണ് ശരി 'എന്ന അവരുടെ ആദ്യത്തെ നാടകം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളാരംഭിച്ചു.


(അടുത്തഭാഗം 'യുവസഹജരെ പുലരി വരവായി)

അവലംബം:

*. ജി. ജനാര്‍ദ്ദനക്കുറുപ്പ്- എന്റെ ജീവിതം, ഡിസി ബുക്‌സ്, കോട്ടയം.
**. അഡ്വ. കെ.എസ് രാജാമണി-ഒളിമങ്ങാത്ത ഓര്‍മ്മകള്‍, ഡിസി ബുക്‌സ്, കോട്ടയം.


ബൈജു ചന്ദ്രന്‍

ബൈജു ചന്ദ്രന്‍

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

Next Story

Related Stories