യുഎസ് പാര്‍ലമെന്റിലേക്ക് റിപ്പബ്ലിക്കന്‍, ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ കാണപ്പെട്ട ഇന്ത്യയുടെ ത്രിവര്‍ണ പതാകയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. യുഎസ് തെരഞ്ഞെടുപ്പിനെ അംഗീകരിക്കാത്തവര്‍ ട്രംപ് 2024 എന്ന ബാനറുകളും റിപ്പബ്ലിക്കന്‍ കൊടികളുമേന്തി നടത്തിയ സമരത്തിനിടെയാണ് ഇന്ത്യന്‍ പതാകയും പാറിയത്. ജനാധിപത്യ നടപടിക്രമങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ ലോകത്തെ മികച്ച ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മൂവര്‍ണക്കൊടിയുമായി ആരാണ് പങ്കെടുക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. ഏത് വ്യക്തിയെന്നോ, കക്ഷിയെന്നോ സൂചനകളില്ലെങ്കിലും തീര്‍ച്ചയായും നാം പങ്കെടുക്കേണ്ട സമരമല്ലെന്നാണ് പൊതു അഭിപ്രായം.
'എന്തിനാണവിടെ ഇന്ത്യന്‍ പതാക? തീര്‍ച്ചയായും നമ്മള് പങ്കെടുക്കേണ്ട ഒരു പോരാട്ടമേ അല്ല അത്' എന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
യുഎസിലേത് ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമെന്ന് ഇന്ത്യയുള്‍പ്പെടെ അപലപിച്ചിരുന്നു. 'വാഷിംഗ്ടണ്‍ ഡിസിയിലെ കലാപത്തെയും അക്രമത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട് വിഷമിക്കുന്നു, സമാധാനപരമായ അധികാരകൈമാറ്റമാണ് തുടരേണ്ടത്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ അനുവദിക്കാനാവില്ല' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.