TopTop
Begin typing your search above and press return to search.

മുംബൈയിലെ ലൈംഗികക്കടത്തിൽ നിന്ന് രക്ഷപ്പെട്ട 128 പേരെ സുരക്ഷിതമാക്കിയത് സുനില്‍ ഷെട്ടി; 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് താരത്തിന്റെ പേര് വെളിപ്പെടുത്തി രക്ഷപെട്ടവര്‍

മുംബൈയിലെ ലൈംഗികക്കടത്തിൽ നിന്ന് രക്ഷപ്പെട്ട 128 പേരെ സുരക്ഷിതമാക്കിയത് സുനില്‍ ഷെട്ടി; 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് താരത്തിന്റെ പേര് വെളിപ്പെടുത്തി രക്ഷപെട്ടവര്‍

ബോളിവുഡ് ആക്ഷൻ ഹീറോയായിരുന്ന സുനിൽ ഷെട്ടി വെള്ളിത്തിരയിൽ പലരുടെയും രക്ഷയ്‌ക്കെത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ 'റീൽ ലൈഫ്' ഹീറോ ഒരു 'റിയല്‍ ലൈഫ് ഹീറോ' ആറി മാറിയത് അറിയുമോ? ലൈംഗികക്കടത്തിൽ നിന്ന് രക്ഷപ്പെട്ട 128 പേർ ഷെട്ടിയുടെ മനുഷ്യത്വപരമായ ഇടപെടല്‍മൂലം സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ കഥയാണത്.

ഷെട്ടി ഒരിക്കലും പുറത്തുപറയാന്‍ ആഗ്രഹിക്കാത്ത ആ സംഭവം നടക്കുന്നത് 24 വർഷങ്ങള്‍ക്ക് മുന്‍പ് 1996-ലാണ്. രക്ഷപ്പെടുത്തപ്പെട്ട സ്ത്രീകളിലൊരാളായ ചരിമയ തമാംഗ് അവരുടെ രക്ഷാപ്രവർത്തനത്തിൽ ഷെട്ടിയുടെ പങ്കിനെക്കുറിച്ച് ലോകത്തോട് വിളിച്ചു പറയാന്‍ തയ്യാറായതോടെയാണ്‌ സംഭവം പുറംലോകം അറിയുന്നത്. "സര്‍ക്കാര്‍ ഞങ്ങളെ എങ്ങനെ രക്ഷിക്കുമെന്ന ആശയക്കുഴപ്പത്തിലായപ്പോള്‍ ഇന്ത്യയുടെ സിനിമാ നായകൻ സുനിൽ ഷെട്ടിയാണ് ഞങ്ങള്‍ക്ക് പിന്തുണയുമായി വന്നത്"- നേപ്പാളിലെ മനുഷ്യക്കടത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന 'മറന്നുപോയവർ' എന്ന ഒരു ഡോക്യുമെന്ററിയിലൂടെ ചരിമയ തമാംഗ് പറയുന്നു.

24 വർഷം മുമ്പ് എന്താണ് സംഭവിച്ചത്?

1996 ഫെബ്രുവരി 5-ന് കാമാത്തിപ്പുര റെഡ് ലൈറ്റ് ഏരിയയിൽ മുംബൈ പോലീസ് റെയ്ഡ് നടത്തി. ലൈംഗികവൃത്തിക്കായി കടത്തപ്പെട്ട 14-നും 30-നും ഇടയിൽ പ്രായമുള്ള 456 പേരെ രക്ഷിച്ചു. രക്ഷപ്പെടുത്തിയ 456 സ്ത്രീകളിൽ 128 പേർ നേപ്പാളിൽ നിന്നുള്ളവരായിരുന്നു. എന്നാല്‍ അവരുടെ പൗരത്വം തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാതിരുന്നതിനാല്‍ അവരെ തിരികെ കൊണ്ടുപോകുന്നതിനെക്കുറിച്ച് നേപ്പാൾ സർക്കാരിന് പോലും ആശങ്കയുണ്ടായിരുന്നു.

ചരിമയ തമാംഗ്

സുരക്ഷിതമായി ഈ സ്ത്രീകളെ കാഠ്മണ്ഡുവിലേക്ക് തിരിച്ചയക്കാനുള്ള മാര്‍ഗ്ഗം തേടുകയായിരുന്നു എല്ലാവരും; ഷെട്ടിയും ആ വാർത്ത കേട്ടു. അദ്ദേഹം ആ സാഹചര്യം സ്വന്തമായി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. ഒരു ഫ്ലൈറ്റ് ക്രമീകരിച്ചു. 128 സ്ത്രീകളുടെയും ടിക്കറ്റുകൾ എടുത്തു നല്‍കി. അവര്‍ സുരക്ഷിതരായി വീട്ടിലെത്തി.

എന്നാല്‍ ഇതിന് മുംബൈ പോലീസിനെയും തന്റെ ഭാര്യാമാതാവും 'സേവ് ദി ചിൽഡ്രൻ' എൻ‌ജി‌ഒയുടെ സ്ഥാപകയുമായ വിപുല കദ്രിയെയും അഭിനന്ദിക്കുകയാണ് ഷെട്ടി ചെയ്തത്. തന്‍റെ പേര് ഇന്നുവരെ എവിടെയും ഷെട്ടി പരാമര്‍ശിച്ചിട്ടില്ല.

"ഞങ്ങളെത്തന്നെ മഹത്വപ്പെടുത്താൻ ഞങ്ങൾ താല്‍പ്പര്യപ്പെട്ടില്ല, മാത്രമല്ല, പെൺകുട്ടികളെ അപകടത്തിലാക്കാനും ഒട്ടും ആഗ്രഹിച്ചിരുന്നില്ല. പ്രത്യേകിച്ചും ഈ കേസിൽ വന്‍ മാഫിയ സംഘങ്ങള്‍ ഉള്‍പ്പെട്ട സാഹചര്യമായതിനാല്‍" എന്നാണ് റേഡിയോ സർഗാമിന് ഈയിടെ നൽകിയ അഭിമുഖത്തിൽ സുനില്‍ ഷെട്ടി മറുപടി നൽകിയത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളെപോലും വിഷയത്തില്‍നിന്നും സമര്‍ത്ഥമായി അകറ്റി നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാലിപ്പോള്‍ സംഭവം വീണ്ടും വാര്‍ത്തയായതോടെ നിരവധി സെലിബ്രിറ്റികൾ ഷെട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

റേഡിയോ സർഗവുമായി സംസാരിക്കുന്നതിനിടെ, ചരിമയ തമാംഗുമായി സംവദിക്കാന്‍ തനിക്കു ലഭിച്ച അവസരത്തെകുറിച്ചും ഷെട്ടി സൂചിപ്പിച്ചു. അന്നത്തെ സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാളാണ് അവര്‍ എന്നറിഞ്ഞപ്പോൾ അതിശയമാണ് തോന്നിയതെന്ന് അദ്ദേഹം പറയുന്നു. "ലൈംഗിക കടത്ത് അതിജീവിച്ചവർക്കായി അവര്‍ എങ്ങനെ സ്വന്തം സംഘടന ആരംഭിച്ചുവെന്നും അതിന് ലോകമെമ്പാടുമുള്ള അംഗീകാരം ലഭിച്ചതെങ്ങനെയെന്നും അവർ എന്നോട് പറഞ്ഞു. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക നിമിഷമായിരുന്നു", സുനിൽ ഷെട്ടി പറഞ്ഞു.

1996-ലെ സംഭവത്തിൽ നിന്ന് രക്ഷപ്പെട്ടവർ ആരംഭിച്ച നേപ്പാൾ ആസ്ഥാനമായുള്ള ശക്തി സമൂഹ എന്ന എൻ‌ജി‌ഒയുടെ സ്ഥാപക അംഗമാണ് ചരിമയ തമാംഗ്. ലൈംഗിക കടത്തിനെ അതിജീവിച്ചവരുടെ പുനരധിവാസത്തിനും സെക്സ്റ്റ് ട്രാഫിക്കിനും എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്നത്.

ശക്തി സമൂഹ അംഗങ്ങള്‍

ദക്ഷിണേഷ്യയിലെ ലൈംഗിക കടത്ത് കേസുകളിൽ നേപ്പാൾ ഒന്നാമത് നില്‍ക്കുമ്പോള്‍ ശക്തി സമൂഹ പോലുള്ള എൻ‌ജി‌ഒകൾ എല്ലാ ദിവസവും അതില്‍ നിന്നും ഒരു മാറ്റത്തിനായി പരിശ്രമിക്കുകയാണ്. വെറും 15 സ്ത്രീകളുമായി ആരംഭിച്ച ചാരിമയ തമാങ്ങിന്റെ ശക്തി സമൂഹയില്‍ ഇപ്പോള്‍ 135 അംഗങ്ങളുണ്ട്. 2013 ലെ റാമോൺ മാഗ്സസെ അവാർഡ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി അംഗീകാരങ്ങള്‍ നേടാന്‍ അവര്‍ക്കു കഴിഞ്ഞു.

(അഴിമുഖത്തിന്റെ കണ്ടന്റ് പാര്‍ട്ട്ണറായ ബെറ്റര്‍ ഇന്ത്യയില്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ മലയാള പരിഭാഷ)


സെറിന്‍ സാറ സക്കറിയ

സെറിന്‍ സാറ സക്കറിയ

ബെറ്റര്‍ ഇന്ത്യ കറസ്പോണ്ടന്റ്

Next Story

Related Stories