'ആ ഫോണ്‍ തരുമോ?' കൂടെയുള്ളത് സ്കൂളിലെ ടീച്ചര്‍ ആണെന്നു കരുതിയായിരുന്നു ആ ഒമ്പതുവയസുകാരന് അങ്ങനെ ചോദിച്ചത്. ആ ചോദ്യം പക്ഷേ, സിവില്‍ ഡ്രസ്സിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ ഒരു നിമിഷം നിശബ്ദയാക്കി. എന്തിനാണ് അവന് ഫോണ്‍ ചോദിച്ചതെന്നു കൂടിയറിഞ്ഞതോടെ മാള സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം ജി ഷാലിയുടെ നെഞ്ച് പിടഞ്ഞു.
ഒരു കൊലപാതക കേസിലെ തൊണ്ടി മുതലായ ഫോണായിരുന്നു ഒമ്പതു വയസുകാരന് തിരികെ ചോദിച്ചത്. കൊലപ്പെട്ടത് അവന്റെ അമ്മയായിരുന്നു, കൊന്നത് അച്ഛനും. തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം കേരളം കേട്ടത് ഈ മാസം ഏഴാം തീയതിയായിരുന്നു. അമ്മ മരിക്കുകയും അച്ഛന് ജയിലില്‍ ആവുകയും ചെയ്തതോടെ അനാഥരായവരാണ് ഈ ഒമ്പതുകാരനും അവന്റെ അനിയത്തിയും. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ വേണ്ടി ഷാലിക്കൊപ്പം തൃശൂരിലേക്ക് പോകും വഴിയായിരുന്നു ഫോണ്‍ ചോദിച്ചത്. അതവന്റെ അച്ഛന്റെ ഫോണ്‍ ആയിരുന്നു. വേറൊന്നിനുമായിരുന്നില്ല, ആ ഫോണ്‍ ഉപയോഗിച്ചായിരുന്നു ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത്.
ഈ അനുഭവം ഷാലി സ്റ്റേഷനില്‍ അറിയച്ചതിന്റെ പിറ്റേദിവസം പുതിയൊരു ഫോണുമായി പൊലീസുകാര്‍ അവനെ തേടി വീട്ടിലെത്തി. ഷാലിയില്‍ നിന്നും കുട്ടിയെക്കുറിച്ച് കേട്ടറിഞ്ഞ സ്റ്റേഷന് ഹൗസ് ഓഫിസര്‍ വി സജിന്‍ ശശി അദ്ദേഹത്തിന്റെ സുഹൃത്ത് ഡോ. കെ പി വര്‍ഗീസിനോട് കാര്യം പറയുകയും ഡോ. വര്‍ഗീസ് പുതിയൊരു ഫോണ്‍ വാങ്ങി ഏല്‍പ്പിക്കുകയുമായിരുന്നു. ഫോണുമായി പൊലീസുകാര്‍ എത്തിയപ്പോഴാണ്, താന്‍ ഫോണ്‍ ചോദിച്ചത് ടീച്ചറോടായിരുന്നില്ല, പൊലീസിനോടായിരുന്നുവെന്നു ഒമ്പതുകാരന് മനസിലായത്. പഠിച്ച് മിടുക്കനായി പൊലീസില്‍ ചേരണമെന്ന് ഉപദേശിച്ചാണ് പൊലീസുകാര്‍ വീട്ടില്‍ നിന്നും മടങ്ങിയത്. അമ്മയുടെ മാതാപിക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് രണ്ടു കുട്ടികളും ഇപ്പോള്‍ താമസിക്കുന്നത്. കൂലിപ്പണിയെടുത്താണ് അവര്‍ രണ്ടു കുട്ടികളുടെയും കാര്യങ്ങള്‍ നോക്കുന്നത്.