TopTop
Begin typing your search above and press return to search.

ഇന്ദിര കോൺഗ്രസുകാരനെ ആദ്യം സിപിഎമ്മും പിന്നീട് നക്സലുമാക്കിയ ബോംബെ; മഹാനഗരത്തിലെ വേറിട്ട മലയാളികള്‍

ഇന്ദിര കോൺഗ്രസുകാരനെ ആദ്യം സിപിഎമ്മും പിന്നീട് നക്സലുമാക്കിയ ബോംബെ; മഹാനഗരത്തിലെ വേറിട്ട മലയാളികള്‍

ഒരു വലിയ ചെമ്പിൽ പാകം ചെയ്തുകൊണ്ടിരിക്കുന്ന സോഷ്യലിസം അടുപ്പിൽ കിടന്ന് തിളക്കവേ ഒരു കയ്യിൽ (തവി) കൊണ്ട് അത് ഇളക്കുകയാണ് ഇന്ദിര ഗാന്ധി. 'കുറച്ചുകൂടി ക്ഷമിക്കൂ' (Have Little More Patience) എന്നാണ് പാത്രങ്ങളുമായി ചുറ്റും കൂടി നിൽക്കുന്ന വിശക്കുന്ന മനുഷ്യരോട് അവർ പറയുന്നത്. 60കളുടെ അവസാനമോ 70കളുടെ ആദ്യമോ ശങ്കേഴ്സ് വീക്ക് ലിയിൽ വന്ന ശങ്കറിൻ്റെ കാർട്ടൂൺ ആണിത്. രാജ്യത്ത് താൻ നടപ്പാക്കുന്ന സോഷ്യലിസത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റുകളെ ഒതുക്കാനാണ് അടിയന്തരാവസ്ഥ എന്നാണ് സോവിയറ്റ് യൂണിയനേയും സോഷ്യലിസ്റ്റ് ചേരിയേയും പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. സോവിയറ്റ് യൂണിയൻ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ദിര കോൺഗ്രസ് അനുഭാവിയായിരുന്ന ഒരു മലയാളി യുവാവ് 60കളുടെ അവസാനം ബോംബെയിലെത്തുകയും 70കളുടെ ആദ്യത്തിൽ ഒരു കമ്മ്യൂണിസ്റ്റും (സിപിഎം അനുഭാവി) അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ ഒരു നക്സലൈറ്റും ആയി മാറി. അക്കാലത്ത് തീവ്ര ഇടതുരാഷ്ട്രീയത്തിലേയ്ക്ക് ആകർഷിക്കപ്പെട്ട നിരവധി മലയാളി യുവാക്കളിൽ ഒരാൾ. എന്നാൽ അവരിൽ പലരേയും പോലെ മാർക്സിസമോ ഇടതുരാഷ്ട്രീയമോ അപ്രായോഗികവും അനാവശ്യവുമാണെന്ന നിഗമനത്തിലല്ല പിന്നീട് ഇദ്ദേഹം എത്തിയത്. മറിച്ച് തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായി തുടരുകയും സിപിഐ(എംഎൽ) റെഡ് ഫ്ലാഗ് കേന്ദ്ര കമ്മിറ്റി അംഗമാവുകയും ചെയ്തു.

1970കളുടെ ആദ്യ വർഷങ്ങൾ വരെ ഇന്ദിര ഗാന്ധിയുടെ സോഷ്യലിസത്തിലും കോൺഗ്രസ്സിൻ്റെ ജനാധിപത്യത്തിലും നെഹ്രുവിയൻ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലും വിശ്വാസമർപ്പിച്ചിരുന്ന മലയാളി യുവാക്കളിലൊരാളായിരുന്നു തിരുവനന്തപുരം പാലോട് സ്വദേശിയായ കെ ചന്ദ്രശേഖർ. തിരുവനന്തപുരത്തെ പ്രീഡിഗ്രി പഠനത്തിന് ശേഷമാണ് ചന്ദ്രശേഖർ ബോംബെയിലെ ഇന്ത്യൻ നേവൽ ഡോക്ക് യാർഡിൽ അപ്രന്റിസ് ആയി ചേരുന്നത്. ഡോക്ക് യാർഡ് ജീവിതം ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഉടച്ചുവാർത്തു. ആദ്യം സിപിഎമ്മിലേയ്ക്കും പിന്നീട് സിപിഐ(എംഎല്‍)ലേക്കും (നക്സൽ). അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണിലാണ് ചന്ദ്രശേഖർ നക്സൽ പ്രസ്ഥാനത്തിലേയ്ക്ക് ആകർഷിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയോടുള്ള സിപിഎമ്മിൻ്റെ സമീപനത്തിൽ അതൃപ്തരായ യുവാക്കളിലൊരാളായിരുന്നു ചന്ദ്രശേഖർ. എന്നാൽ 80കളുടെ രണ്ടാം പകുതിയിൽ ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനം ശിഥിലീകരിക്കപ്പെടുകയും കെ വേണു അടക്കമുള്ള നക്സലൈറ്റ് നേതാക്കൾ മാർക്സിസത്തെ തന്നെ തള്ളിപ്പറയുകയും ചെയ്തിട്ടും ചന്ദ്രശേഖറിൻ്റെ മാർക്സിസ്റ്റ് ബോധ്യങ്ങൾ കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്തത്. അടിയന്തരാവസ്ഥ രാഷ്ട്രീയമായി നിർണായകസ്വാധീനം ചെലുത്തിയ മലയാളി ഇടതുപക്ഷ യുവാക്കളിലൊരാൾ. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിന് പുറത്ത് ജോലി ചെയ്ത മലയാളികളുടെ രാഷ്ട്രീയജീവിതങ്ങളിലൊന്നാണ് ചന്ദ്രശേഖറിന്റേത്. ചന്ദ്രശേഖര്‍ സംസാരിക്കുന്നു.

ഭാഗം - 1

"1969 ജൂലായ് 21ന് മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയ ദിവസമാണ് ഞാൻ ബോംബെയിൽ കാല് കുത്തിയത്. 1967 മുതല്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. കോണ്‍ഗ്രസ് ജനാധിപത്യപാതയിലൂടെ സോഷ്യലിസം കൊണ്ടുവരുമെന്ന വിശ്വാസക്കാരനായിരുന്നു ഞാനന്ന്. ഇന്ദിര ഗാന്ധി ബാങ്ക് ദേശസാത്കരണം കൊണ്ടുവന്നതും രാജാക്കന്മാരുടെ പ്രിവി പഴ്‌സ് നിര്‍ത്തലാക്കിയതുമെല്ലാം അക്കാലത്ത് ആകര്‍ഷിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ് എന്നായിരുന്നു അന്നത്തെ ധാരണ. നേവല്‍ ഡോക്ക് യാര്‍ഡിലെ എന്റെ ട്രെയിനിംഗ് കഴിയാറായപ്പോളാണ് മാര്‍ക്‌സിസ്റ്റ് പുസ്‌കങ്ങള്‍ വായിച്ചുതുടങ്ങുകയും പിന്നീട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിയുകയും ചെയ്തത്. സിപിഎം നേതാക്കള്‍ നടത്തിയ സ്റ്റഡി ക്ലാസുകളിലൊക്കെ പങ്കെടുത്തു", അന്ന് ഡോക്ക് യാർഡിലുണ്ടായിരുന്ന തൃശ്ശൂർ തൃപ്രയാർ സ്വദേശി ലോഹിതാക്ഷനാണ് തനിക്ക് മാർക്സിസ്റ്റ് രാഷ്ട്രീയം പരിചയപ്പെടുത്തിയത് എന്ന് ചന്ദ്രശേഖർ പറയുന്നു. നാല് വർഷത്തെ അപ്രൻ്റിസ് കോഴ്സിൽ മികവ് പുലർത്തുന്നവർക്ക് ലഭിക്കുന്ന അധിക ട്രെയിനിംഗ് ചന്ദ്രശേഖറിന് ലഭിച്ചിരുന്നു. ഡോക്ക് യാർഡിൽ മെച്ചപ്പെട്ട പദവിയിലിരിക്കെയാണ് 1983ൽ ജോലി ഉപേക്ഷിച്ച് നക്സലൈറ്റ് പ്രവർത്തനങ്ങളിൽ സജീവമായത്.

"1969ല്‍ എംഎല്‍ പാര്‍ട്ടി (നക്‌സലൈറ്റ്) രൂപം കൊണ്ട ഘട്ടത്തിലൊക്കെ ഞാനതിന് എതിരായിരുന്നു. 1972 കാലമൊക്കെ ആയപ്പോളേക്ക് ഞാന്‍ കടുത്ത ഇന്ദിരാവിരുദ്ധനായി. 1972 മുതല്‍ 1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഘട്ടം വരെ സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 75 ജൂണില്‍ ഞാന്‍ എംഎല്‍ ഗ്രൂപ്പിന്റെ സ്റ്റഡി ക്ലാസില്‍ പങ്കെടുത്തു. അവിടെ മുതലാണ് നക്‌സല്‍ പ്രസ്ഥാനത്തിലേയ്ക്ക് പോയത്. 1975 ജൂണ്‍, ജൂലായ് മാസത്തോടെ പി സുന്ദരയ്യ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി നല്‍കി (അടിയന്തരാവസ്ഥയെ നേരിടുന്നതിലെ പാര്‍ട്ടിയുടെ സമീപനത്തോടുള്ള വിയോജിപ്പ് ചൂണ്ടിക്കാട്ടിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും രാജി വയ്ക്കുന്നതായി സുന്ദരയ്യ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയത്. സുന്ദരയ്യയുടെ രാജി സിപിഎം അംഗീകരിച്ചത് 1976ലാണ്. 76 മുതല്‍ ഇഎംഎസ് ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി). ആ സമയത്ത് ഇഎംഎസ് 25 ഇന പരിപാടി മുന്നോട്ടുവച്ചു. ബോംബെയിലെ കെ സി ഹാളിലും മറ്റും സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ ഇഎംഎസ് സംസാരിച്ചിരുന്നു. ഇന്ദിര ഗാന്ധിയുടെ 21ഇന പരിപാടിയില്‍ നിന്ന് വലിയ വ്യത്യാസം ഇതിനുള്ളതായി എനിക്ക് തോന്നിയില്ല. ഇത് സിപിഎമ്മില്‍ നിന്ന് എന്നെ അകറ്റി".

"സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നേരിട്ട് ഒളിവില്‍ പോയിട്ടുള്ള ആളല്ല ഞാന്‍. 1983ലാണ് ഡോക്ക് യാര്‍ഡിലെ ജോലി ഉപേക്ഷിച്ച് നാഗ്പൂരിലേയ്ക്ക് പോകുന്നതും അവിടെ മൂവ്‌മെന്റില്‍ സജീവമായതും. എനിക്ക് അക്കാലത്ത് കേരളവുമായി ബന്ധമുണ്ടായിരുന്നില്ല. ബോംബെയിലെ കമ്മ്യൂണിസ്റ്റുകളുമായി മാത്രമായിരുന്നു ബന്ധം. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് ഇന്ത്യയിലെ എംഎല്‍ ഗ്രൂപ്പുകള്‍ക്ക് കാര്യമായ വളര്‍ച്ചയുണ്ടായത്. എംഎല്‍ ഗ്രൂപ്പുകള്‍ പരസ്യമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രാജ്യത്ത് അഞ്ചോ ആറ് ഗ്രൂപ്പുകള്‍ വളര്‍ച്ച നേടി. കേരളത്തില്‍ കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകമാണുണ്ടായിരുന്നത്. ആന്ധ്രപ്രദേശില്‍ പീപ്പിള്‍സ് വാര്‍ വിട്ടുവന്ന ഗ്രൂപ്പുമായി ചേര്‍ന്ന് സിപിഐ (എംഎല്‍) റീ ഓര്‍ഗനൈസേഷന്‍ കമ്മിറ്റിയുണ്ടാക്കി. ഞാന്‍ മഹാരാഷ്ട്രയില്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ടു. സിപിഎം വിട്ടുവന്ന നിരവധി പേര്‍ ഈ ഗ്രൂപ്പിലേയ്ക്ക് വന്നു. പലരും അടിയന്തരാവസ്ഥയിലെ പാര്‍ട്ടി നിലപാടുകളോട് വിയോജിച്ചാണ് ഇതിലേക്ക് വന്നത്. എസ്എഫ്‌ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായിരുന്ന ആള്‍ ഞങ്ങളുടെ സംസ്ഥാന സെക്രട്ടറിയായി".

മില്ലുകൾ പിടിച്ചെടുക്കാനും തൊഴിലാളി യൂണിയനുകളെ തകർക്കാനുമുള്ള കോൺഗ്രസ്സിൻ്റേയും ശിവസേനയുടേയും ശ്രമങ്ങളുടെ ഭാഗമായാണ് കൃഷ്ണ ദേശായ് കൊല്ലപ്പെടുന്നത്. എന്നാൽ അന്ന് അതിനെതിരെ പ്രതിരോധമുയർത്താനോ ശിവസേനയ്ക്കെതിരെ ശക്തമായ മുന്നേറ്റമുണ്ടാക്കാനോ ഉള്ള ശേഷി കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉണ്ടായിരുന്നില്ല എന്നാണ് ചന്ദ്രശേഖർ പറയുന്നത്. അടിത്തട്ടിലെ പ്രതിരോധമില്ലായ്മ ബോംബെയിലെ തൊഴിലാളികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സ്വാധീനം കുറച്ചു എന്നും നേതൃത്വത്തിന്റെ ഭീരുത്വപരമായ നിലപാടായിരുന്നു ഇതിന് കാരണമെന്നുമുള്ള അഭിപ്രായങ്ങളെ ചന്ദ്രശേഖർ അംഗീകരിക്കുന്നില്ല. 70കളുടെ ആദ്യം ശിവസേനയുടെ വളർച്ചയുടെ ഘട്ടമായിരുന്നു. അവരെ നേരിടാനുള്ള ശേഷി കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അന്നുമുണ്ടായിരുന്നില്ല എന്ന് ചന്ദ്രശേഖർ കരുതുന്നു. "മറാത്തി യുവാക്കളുടെ തൊഴിലില്ലായ്മ അടക്കമുള്ള അസംതൃപ്തികളെ മുതലെടുത്ത് ഒരു സാമൂഹ്യപ്രസ്ഥാനമായാണ് ശിവസേന വളർന്നത്. വെറുമൊരു പാർട്ടിയായല്ല. അന്ന് ശിവസേന ഓഫീസിലേയ്ക്ക് വലിയൊരു മാർച്ചിന് സിപിഐ തന്നെ ശ്രമിച്ചിരുന്നു. എന്നാൽ നേതാക്കൾ ഇടപെട്ട് ഇതിൽ നിന്ന് പിന്തിരിപ്പിച്ചു. അത് രാഷ്ട്രീയ ആത്മഹത്യയാകുമെന്നും രണ്ട് പാർട്ടികൾ തമ്മിലുള്ള കായികമായ പോരാട്ടമായി മാറുമെന്നുമാണ് അവർ അഭിപ്രായപ്പെട്ടത്. നേതാക്കളുടെ ആ തീരുമാനം തെറ്റായിരുന്നു എന്ന് എനിക്ക് ഇപ്പോളും തോന്നുന്നില്ല. വളരുന്ന ശക്തികൾക്ക് തിരിച്ചടിക്കുന്ന സ്വഭാവമുണ്ടാവുക നല്ലതാണ്. എന്നാൽ തളർച്ചയിലുള്ളവർ അതിന് ശ്രമിച്ചാൽ അത് വിനാശകരമായിരിക്കും. പലരും ഫേസ്ബുക്കിലും വാട്സ് ആപ്പിലും മറ്റും എഴുതിക്കാണാറുണ്ട് - ആർഎസ്എസ്സിനെ കമ്മ്യൂണിസ്റ്റുകാർ തെരുവിൽ നേരിടണം എന്നൊക്കെ. ഇത് ശരിയാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. വളർച്ചയുടെ ഘട്ടങ്ങളിൽ മാത്രമേ ഈ പറഞ്ഞതെല്ലാം സാധിക്കൂ" - അദ്ദേഹം പറയുന്നു.

"ബോംബെ മലയാളികൾക്കിടയിൽ ഏറ്റവും ശക്തമായ സ്വാധീനമുണ്ടായിരുന്നതും സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിയിരുന്നതും കമ്മ്യൂണിസ്റ്റ് പാർട്ടികൾ, പ്രത്യേകിച്ച് സിപിഎം ആണ്. ഇന്ന് ബോംബെ മലയാളികൾക്കിടയിൽ വലതുപക്ഷ ശക്തികൾക്ക് സ്വാധീനം കൂടിയിരിക്കുന്നു. ചെമ്പൂരിലെ ആദർശ വിദ്യാലയ പോലുള്ള സ്കൂളുകളൊക്കെ ബോംബെയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നല്ല കാലത്ത് സംഭവിച്ചതാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സ്ഥാപനങ്ങൾ വളർത്തിയെടുക്കാൻ കഴിഞ്ഞത് അധികാരശക്തിയെന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ സൂചനകളായിരുന്നു. അതേസമയം ഇത്തരത്തിലൊരു സ്ഥാപനവത്കരണം സാധിക്കാത്തത് വളർച്ച മുരടിപ്പിക്കുമെന്ന് പറയാൻ കഴിയില്ല", എന്നും ചന്ദ്രശേഖർ പറയുന്നു. സ്ഥാപനവത്കരണം കൂടുതൽ കൂടുതൽ വ്യവസ്ഥയുടെ ഭാഗമാകുന്നതിലേയ്ക്ക് നയിക്കുമെന്ന് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയത്.

"ഞാനൊക്കെ നക്‌സല്‍ പ്രസ്ഥാനത്തിലേയ്ക്ക് വരാന്‍ കാരണം അടിയന്തരാവസ്ഥയാണ്. ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ രണ്ടാം ഘട്ടമായിരുന്നു അത്. 1985 കഴിഞ്ഞപ്പോള്‍ വീണ്ടും നക്‌സല്‍ പ്രസ്ഥാനം പിളര്‍പ്പുകളിലേയ്ക്ക് പോയി. അടിയന്തരാവസ്ഥയില്‍ ബോംബെയില്‍ ആര്‍എസ്എസ്സുകാര്‍ വലിയ തോതില്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി അറിയില്ല. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്സുകാര്‍ ജയിലിലുണ്ടായിരുന്നു എന്നത് വസ്തുതയാണ്. സോഷ്യലിസ്റ്റുകളും നക്‌സലൈറ്റുകളും സിപിഎം നേതാക്കളും അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ അടിയന്തരാവസ്ഥ കൊണ്ട് നേട്ടമുണ്ടാക്കിയത് ഹിന്ദുത്വ വലതുപക്ഷ ശക്തികളാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന് അടിയന്തരാവസ്ഥ നഷ്ടങ്ങളാണുണ്ടാക്കിയത്".

"ഇടതുപക്ഷം അപ്പോഴേക്ക് ശിഥിലീകരിക്കപ്പെടുന്ന ശക്തിയായി മാറിയിരുന്നു. വലതുപക്ഷം വളര്‍ന്നുവരുന്ന ശക്തിയായിരുന്നു. വിപ്ലവത്തിന്റെ ആവശ്യമില്ലെന്ന് ജനങ്ങള്‍ക്ക് തോന്നുന്ന കാലത്ത് പ്രതിവിപ്ലവ ശക്തികള്‍ വളരുന്നത് സ്വാഭാവികമാണ്. ഇന്ദിര ഗാന്ധിയ്ക്കുണ്ടായിരുന്ന പുരോഗമന സ്വഭാവങ്ങള്‍ പോലും അപ്രസക്തമാക്കി വലതുപക്ഷം വളരുകയാണുണ്ടായത്. എന്നാല്‍ ഹിന്ദുത്വശക്തികളുടെ യഥാര്‍ത്ഥ വളര്‍ച്ച പിന്നീടാണ് സംഭവിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1981-ല്‍ ഇന്ത്യ ആദ്യമായി ഐഎംഎഫ് ലോണ്‍ വാങ്ങുകയും 1982-ല്‍ വിശ്വഹിന്ദു പരിഷദ് രാജ്യത്താകെ പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഗംഗാജലം ഇന്ത്യയില്‍ മൊത്തം കൊണ്ടുവരുകയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി എന്ന പേരില്‍ പ്രചാരണം നടത്തുകയും ചെയ്യുന്നു. ആ ഘട്ടത്തിലാണ് ഹിന്ദുത്വ കക്ഷികള്‍ ശക്തിപ്പെടുന്നത്".

1983ല്‍ ചന്ദ്രശേഖര്‍ നേവൽ ഡോക്ക് യാർഡിലെ ജോലി രാജി വച്ച് നാഗ്പൂരിലേയ്ക്ക് പോയി. "അവിടെ ഫാക്ടറി തൊഴിലാളി സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റും പൊലീസ് മര്‍ദ്ദനവുമെല്ലാം അനുഭവിക്കുന്നത് ഇവിടെ നിന്നാണ്. തൊഴിലാളി സമരത്തിനിടെ ഞാന്‍ നക്‌സലൈറ്റ് മുദ്രാവാക്യം വിളിച്ചിരുന്നു. എന്നെ പൊലീസ് കമിഴ്ത്തിക്കിടത്തി മര്‍ദ്ദിച്ചാണ് ചോദ്യം ചെയ്തത്. 15 ദിവസം ജയിലില്‍ കിടന്നു. പിന്നീട് യുപിയിലേയ്ക്ക് പോയി. ഗോരഖ്പൂരിലാണ് താമസിച്ചിരുന്നത്. ബല്ലിയയിലെ കര്‍ഷകര്‍ക്കിടയിലാണ് കൂടുതലായും പ്രവര്‍ത്തിച്ചിരുന്നത്. രഹസ്യസ്വഭാവമുള്ള പ്രവര്‍ത്തനം തന്നെയായിരുന്നു അവിടെ. യുപിയില്‍ വച്ചും പൊലീസ് പിടിച്ചു. എന്നാല്‍ പെട്ടെന്ന് വിട്ടയച്ചു. നാഗ്പൂരിലും യുപിയിലുമെല്ലാം പേര് മാറ്റി പ്രവര്‍ത്തിച്ചു. ഒളിവുജീവിതം എന്നൊന്നും പറയാനാവില്ല. പിന്നീട് യുപിയില്‍ നിന്ന് ബോംബെയിലെത്തി അവിടെ പ്രവർത്തിച്ചു. 1986ല്‍ വിവാഹം കഴിഞ്ഞ ശേഷം പലയിടങ്ങളിലായി ജോലി ചെയ്തു. സാമ്പത്തികമായി നിവൃത്തിയില്ലാതാവുമ്പോള്‍ ജോലിക്ക് കയറും. കുറച്ചുകഴിയുമ്പോള്‍ ഉപേക്ഷിക്കും - അതായിരുന്നു പരിപാടി. ഇപ്പോള്‍ 10-12 വര്‍ഷമായി ജോലി ചെയ്യുന്നില്ല. ബോംബെ വിട്ടു. ബംഗളൂരുവില്‍ മകനൊപ്പമാണ് താമസം". സിപിഐ (എംഎൽ) റെഡ് ഫ്ളാഗിൻ്റെ കേന്ദ്ര കമ്മിറ്റി അംഗമായി തുടരുന്നു.

നാളെ: ഇന്ത്യയിൽ ജനാധിപത്യമുണ്ടോ എന്ന് ഒരാൾ മാത്രം ചോദിച്ചു - അടിയന്തരാവസ്ഥക്കാലത്ത് സോവിയറ്റ് യൂണിയനിൽ പോയ, കപ്പലിൽ ലോകം ചുറ്റിയ ഒരു മലയാളി


Next Story

Related Stories