ജമ്മുകാശ്മീരിലെ കുപ് വാര ജില്ലയിലെ ഐപി എസ് ഓഫീസറായാണ് അദ്ദേഹം ബാങ്കുകള്‍ക്ക് മുന്നിലും മറ്റ് സ്ഥാപനങ്ങള്‍ക്കു മുന്നിലും അവതരിച്ചത്. സ്ഥാപനങ്ങളില്‍ മാത്രമല്ല, പല പൊലീസ് സ്റ്റേഷനുകളും അദ്ദേഹം സന്ദര്‍ശിച്ചു. ഒരു പൊലീസ് ഓഫീസറായി. ആദ്യമൊന്നും ആരും തിരിച്ചറിഞ്ഞില്ല. എല്ലാറ്റിനും അമ്മ ശ്യാമളയും കൂട്ടുണ്ടായിരുന്നു. ഇന്‍ഫര്‍മേഷന്‍ ഓഫീസറായാണ് അവര്‍ മകന്റെ ആള്‍മാറാട്ടത്തിന് കൂട്ടുനിന്നത്. ഇങ്ങനെ പറ്റിച്ച് ലക്ഷകണക്കിന് രൂപയും കാറുകളുമാണ് അമ്മയും മകനും സ്വന്തമാക്കിയത്. ഐപിഎസ് ഓഫിസറായി വേഷം മാറി ബാങ്കുകളെയും നിരവധി ആളുകളെയും പറ്റിച്ച വിപിൻ കാർത്തിക്കിൻെറെ കഥയാണിത്.
29 കാരനായ വിപിൻ കാർത്തിക്കിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ്. ബാങ്കുകളെ വ്യാജ രേഖകള്‍ കാണിച്ച് പറ്റിച്ച് ഈ 'സുപ്രണ്ട് ഓഫ് പൊലീസ്' വാങ്ങിയത് 11 ആഡംബര കാറുകളാണ്. ഇന്ത്യന്‍ ഓവര്‍സീസ് ഗുരുവായൂര്‍ ബ്രാഞ്ചിലെ മാനേജര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഐപിഎസ് ഓഫീസറുടെ നിജസ്ഥിതി പൊലീസ് കണ്ടെത്തിയത്. 30 ലക്ഷം രൂപ വായ്പ എടുത്താണ് ഇയാള്‍ അവിടെ നിന്നും മുങ്ങിയത്. ഇതിന് പുറമെ പലരില്‍നിന്നായി 97 പവന് സ്വര്‍ണം ഇയള് കൈക്കലാക്കിയിരുന്നു. ഒരു സ്ത്രീയെ പറ്റിച്ച് വാങ്ങിച്ചത് 25 ലക്ഷം രൂപയാണെന്നും പൊലീസ് പറയുന്നു.
വിപിന്റെ അമ്മ ശ്യാമളയെ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫീസില്‍ ക്ലാസ് ഫോര്‍ ജീവനക്കാരിയാണ് ശ്യാമള. ഇവരെ സര്‍വീസില്‍നിന്ന് നീക്കിയിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തലശ്ശേരി, നാദാപുരം, കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പുകള്‍ ഇവര്‍ നടത്തിയതായും തെളിഞ്ഞിട്ടുണ്ട്.
ചില പെണ്‍കുട്ടികളെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പണം തട്ടുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുരുവായുരുള്ള ഒരു ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപവാസികള്‍ക്ക് സംശയം തോന്നി തുടങ്ങിയതിനെ തുടര്‍ന്നാണ് ഇവര്‍ അവിടുന്ന് മാറിയത്. പിന്നീട് കോഴിക്കോട് ബിലാത്തികുളത്ത് വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങി. അവിടെ വെച്ചാണ് ശ്യാമള അറസ്റ്റ് ചെയ്യപ്പെടുന്നത്.
പിന്നീട് ഒളിവില്‍ പോയ വിപിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും ചേർന്ന് ഒന്നരക്കോടിയോളം രൂപ യാണ് വിവിധ ബാങ്കുകളിൽ നിന്നും തട്ടിയെുത്തത്. ഇരുവർക്കുമെതിരെ 15 കേസുകളാണ് നിലവിലുള്ളത്.
2014 ൽ കൊച്ചിയിലെ സോഫ്റ്റ്വെയർ തൊഴിലാളിയെന്ന വ്യാജേനെ ഇയാള്‍ കോഴിക്കോട്ടെ ബാങ്കില്‍ നിന്നും ലോൺ എടുത്തിരുന്നു. അത് തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റും ചെയ്തിരുന്നു. എന്നാൽ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷമാണ് ഐപിഎസ് ഓഫീസറായി വേഷം മാറി കളവ് നടത്തിയത്.