TopTop
Begin typing your search above and press return to search.

ശൂലത്തിനു പകരം സിറിഞ്ചുമായി 'കൊറോണാസുര'നെ നിഗ്രഹിക്കുന്ന ദുര്‍ഗാദേവി; മഹാമാരിയുടെ കാലത്ത് ബംഗാള്‍ ഇങ്ങനെയാണ്

ശൂലത്തിനു പകരം സിറിഞ്ചുമായി കൊറോണാസുരനെ നിഗ്രഹിക്കുന്ന ദുര്‍ഗാദേവി;   മഹാമാരിയുടെ കാലത്ത് ബംഗാള്‍ ഇങ്ങനെയാണ്

കോവിഡ് പ്രതിസന്ധിക്കിടയിലും ബംഗാള്‍ ദുര്‍ഗാ പൂജയുടെ ആഘോഷത്തിലാണ്. അതിനിടെയാണ്, ഡോക്ടറുടെ രൂപത്തിലുള്ള ദുര്‍ഗ 'കൊറോണാസുര'നെ കൊല്ലുന്ന പ്രതിമയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതാകട്ടെ വളരെ വേഗം വൈറലാവുകയും ചെയ്തു.

ഡോക്ടര്‍മാര്‍ ധരിക്കുന്ന ഉടുപ്പും സ്‌റ്റെതസ്‌കോപ്പും ധരിച്ച ദുര്‍ഗാ ദേവി കൊറോണ വൈറസിന്റെ രൂപത്തിലുള്ള മഹിഷാസുരനെ കൊല്ലുന്നതാണ് ചിത്രങ്ങള്‍. സാധാരണ ദുര്‍ഗാദേവിക്കൊപ്പം കാണുന്ന ശൂലത്തിനു പകരം ഒരു വമ്പന്‍ സിറിഞ്ചാണ് 'കൊറോണാസുര'നെ കൊല്ലാനായി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദുര്‍ഗാ ദേവിയുടെ നാല് മക്കളെ കോവിഡിനെതിരെ പൊരുതുന്ന വിവിധ മേഖലകളിലുള്ളവരായും ചിത്രീകരിച്ചിരിക്കുന്നു. ഗണപതിയെ പോലീസ് ഓഫീസറായും ലക്ഷ്മിയെ നഴ്‌സായും സരസ്വതിയെ അധ്യാപികയായും സുബ്രഹ്മണ്യനെ ശുചീകരണം നടത്തുന്നയാളായും ചിത്രീകരിച്ചിരിക്കുന്നു.

വടക്കന്‍ ബംഗാളിലെ സിലിഗുരിയിലുള്ള ശില്‍പ്പി ജിതെന്‍ പോളാണ് ഈ പ്രതിമ നിര്‍മിച്ചതെന്നാണ് ഫേസ്ബുക്കില്‍ ഇക്കാര്യം പങ്കുവച്ചു കൊണ്ട് നിത്യ പോള്‍ എന്നയാള്‍ പറയുന്നു. എന്നാല്‍ ഇത് ഝാര്‍ഖണ്ഡിലേതാണെന്നും അസമിലേതാണെന്നും വാദങ്ങളുണ്ട്. നിത്യ പോള്‍ പങ്കുവച്ച ചിത്രം മാത്രം 74,,000-ത്തിലധികം പേരാണ് ഷെയര്‍ ചെയ്തത്. ഇതിനു പുറമെ ഇത് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ റെഡ്ഡിറ്റിലും വാട്‌സാപ്പുകളിലുമായി ഷെയര്‍ ചെയ്യപ്പെടുന്നു.

കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഉദ്യമത്തെ അഭിനന്ദിച്ച് രംഗത്തെത്തി.

കോവിഡിനെതിരെ പോരാടുന്ന ഓരോരുത്തര്‍ക്കും ബഹുമാനം നല്‍കുന്നതാണ് ഈ പ്രതിമയെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഇതിനെ വിമര്‍ശിക്കുന്നവരുമുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


കൊറോണക്കാലത്ത് പലായനം ചെയ്യേണ്ടി വന്ന കുടിയേറ്റ തൊഴിലാളിയായ അമ്മമാരുടെ രൂപത്തില്‍ ദുര്‍ഗാദേവിയെ അവതരിപ്പിച്ചും ബംഗാള്‍ ഈയിടെ ശ്രദ്ധ നേടിയിരുന്നു.


Next Story

Related Stories