കുട്ടിക്കുറുമ്പുകളുടെ വഴക്ക് കണ്ടിരിക്കുക വളരെ രസമാണ്. നിസാര കാര്യങ്ങള്‍ക്കായിരിക്കും ഗൗരവത്തോടെ അവര്‍ വഴക്കുകൂടുന്നത്. സ്നേഹവും വാശിയും കുസൃതിയുമൊക്കെ അതില്‍ ഒളിച്ചിരിക്കുന്നുണ്ടാകും. എന്നാല്‍ മാതാപിതാക്കള്‍ അതിലെങ്ങാനും ഇടപെട്ടാലോ? രണ്ടുപക്ഷത്തിനും പറയാന്‍ നിറയെ ന്യായീകരണങ്ങള്‍ ഉണ്ടാകും. അതൊക്കെ പറഞ്ഞുഫലിപ്പിക്കാന്‍ അവര്‍ നടത്തുന്ന പെടാപ്പാട് ആരെയാണ് ചിരിപ്പിക്കാത്തത്? അത്തരം കാഴ്ചകള്‍ കണ്ടാല്‍ ഒരുനിമിഷത്തേക്കെങ്കിലും തങ്ങളുടെ കുട്ടിക്കാലം ഓര്‍ക്കുകയും ചെയ്യും. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഒരു കൊച്ചു പെണ്‍കുട്ടി എന്തിനാണ് സഹോദരനെ തല്ലിയതെന്ന് വിശദീകരിക്കുയാണ് വീഡിയോയില്‍. അവള് സഹോദരനെ തല്ലിയത് വിശദീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന വീശദീകരണമുള്ള വീഡിയോ 53 സെക്കന്ഡാണുള്ളത്. മമ്മ എന്നെ കുഴപ്പത്തിലാക്കരുതെന്ന് പറഞ്ഞാണ് കൊച്ചുകുഞ്ഞ് കാര്യം വിശദീകരിക്കുന്നത്. മലാഖി എന്നെ ആദ്യം അടിച്ചു. പിന്നെയാണ് ഞാനവനെ തിരിച്ചടിച്ചത്. എന്നെ തനിയെ ഇരിക്കാന്‍ പോലും അവന് സമ്മതിച്ചില്ല. എനിക്കൊന്ന് ഒറ്റയ്ക്കിരിക്കണമായിരുന്നു. കരച്ചിലും സങ്കടവും പേടിയുമൊക്ക നിഴലിച്ച മുഖത്തോടെ വാക്കുകള്‍ കിട്ടാതെയും ബുദ്ധിമുട്ടിയും അവള് ഒരുവിധം പറഞ്ഞുതീര്‍ത്തു.
ഇപ്പോള്‍ തന്നെ സ്വന്തം കാര്യം പറഞ്ഞുനില്ക്കാന് പഠിച്ച ഇവള് തീര്‍ച്ചയായും ഒരു അഭിഭാഷകയാകും എന്നാണ് ചിലര്‍ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പ്രതികരിച്ചത്. പാവം കുഞ്ഞിനെ തനിയെ ഇരിക്കാന്‍ പോലും അനുവദിക്കാത്ത സഹോദരന് എവിടെയെന്ന് ചോദിച്ചവരുമുണ്ട്. കുട്ടിക്കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് എഴുതിയാണ് കൂടുതല്‍പേരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.