TopTop
Begin typing your search above and press return to search.

ഒരു മാനസാന്തരത്തിന്റെ കഥ; കരിക്കന്‍ വില്ലയിലെ 'മദ്രാസിലെ മോന്' പിന്നീട് സംഭവിച്ചത്-ഭാഗം 2

ഒരു മാനസാന്തരത്തിന്റെ കഥ; കരിക്കന്‍ വില്ലയിലെ മദ്രാസിലെ മോന് പിന്നീട് സംഭവിച്ചത്-ഭാഗം 2
യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കി ഒരു സിനിമ ഇറങ്ങുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ സിനിമയിലും അന്വേഷണ ഉദ്യോഗസ്ഥനായി വേഷമിടുന്നു. മലയാള സിനിമയില്‍ അപൂര്‍വ്വമായുണ്ടായ ഒരു സംഭവം. ഹിറ്റ് സിനിമകളുടെ സംവിധായകനായ ശശികുമാര്‍ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ 'മദ്രാസിലെ മോനെ' കുറിച്ചാണ് പറഞ്ഞു വരുന്നത്. കൊലയാളിയിലേക്ക് നയിച്ച ആദ്യ സൂചന കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ കെ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കി ഒരു സിനിമ ഇറങ്ങുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ സിനിമയിലും അന്വേഷണ ഉദ്യോഗസ്ഥനായി വേഷമിടുന്നു. മലയാള സിനിമയില്‍ അപൂര്‍വ്വമായുണ്ടായ ഒരു സംഭവം. ഹിറ്റ് സിനിമകളുടെ സംവിധായകനായ ശശികുമാര്‍ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ 'മദ്രാസിലെ മോനെ' കുറിച്ചാണ് പറഞ്ഞു വരുന്നത്. കൊലയാളിയിലേക്ക് നയിച്ച ആദ്യ സൂചന കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ കെ എന്‍ ബാല്‍ ആണ് അഭിനേതാവ്. കരിക്കന്‍വില്ല കൊലപാതകം നടന്ന തിരുവല്ല പട്ടണത്തിലെ പ്രമുഖ ജ്വല്ലറി ഉടമയായ മണി മല്യത്ത് ആണ് സിനിമ സംവിധാനം ചെയ്തത്. കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി തുടര്‍ച്ചയായി സിനിമകള്‍ വന്നിരുന്ന കാലം കൂടിയായിരുന്നു എണ്‍പതുകള്‍. ശശികുമാര്‍ ഹിറ്റ് സംവിധായകനായതും അത്തരം സിനിമകളിലൂടെയായിരുന്നു. അക്കാലത്ത് വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളില്‍ തിളങ്ങി നിന്ന രവീന്ദ്രന്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹന്‍ലാലും തമ്പി കണ്ണന്താനവും ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മദ്രാസിലെ മോന്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഒന്നാം പ്രതി റെനി ജോര്‍ജ്ജിന് ആദ്യത്തെ പരോള്‍ കിട്ടിത്. ആ സിനിമ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് റെനി സിനിമയുടെ നിര്‍മ്മാതാവ് മണി മല്ലിയത്തിന്റെ വീട്ടില്‍ പോയി ഭീഷണിപ്പെടുത്തി. തന്റെ കൂടെ ആളുണ്ടെന്നും കുത്തി ശരിയാക്കി കളയുമെന്നുമാണ് അയാള്‍ പറഞ്ഞതെന്ന് സിബി മാത്യൂസ് പറയുന്നു. അവരാകട്ടെ ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതിനു ശേഷം റെനി ആ വഴിക്ക് പോയില്ല.


1988ല്‍ വീണ്ടും പരോളില്‍ ഇറങ്ങിയ റെനി ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് സുഖമായി ജീവിക്കാനുള്ള പണമുണ്ടാക്കാന്‍ ഒരു വലിയ ബാങ്ക് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായി അയാള്‍ തന്നെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അതിന് വേണ്ടിയാണ് പരോള്‍ വാങ്ങിയതെന്നും ആ അഭിമുഖങ്ങളില്‍ റെനി വ്യക്തമാക്കിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് വന്‍കിട കവര്‍ച്ചകളാണ് അയാള്‍ ആസൂത്രണം ചെയ്തത്.

ജയിലില്‍ എല്ലാ മതക്കാരുടെയും പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ട്. പെട്ടെന്നൊന്നും ആ വഴിക്ക് അയാള്‍ തിരിഞ്ഞില്ല. ആറ് വര്‍ഷത്തിന് ശേഷം വീണ്ടും പരോളില്‍ ഇറങ്ങി വീട്ടിലിരിക്കുമ്പോള്‍ തിരുവല്ലയിലെവിടെയോ ഉള്ള റോയി എന്നയാള്‍ ഇയാളെ കാണാന്‍ ചെന്നു എന്നാണ് തന്റെ മാനസാന്തരത്തെക്കുറിച്ച് അയാള്‍ തന്നെ പറഞ്ഞിട്ടുള്ളത്. നല്ല മോഡേണ്‍ വസ്ത്രമൊക്കെ ധരിച്ച സമപ്രായക്കാരനായ അയാള്‍ക്കൊപ്പം റെനി പോകുകയും ചെയ്തു. തിരുവല്ലയിലെ തങ്ങളുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പിലാണ് റോയ് തന്നെ എത്തിച്ചതെന്നും ഇയാള്‍ പറഞ്ഞതായി സിബി മാത്യു ഓര്‍മ്മിക്കുന്നു.

1995ല്‍ റെനി ജോര്‍ജ്ജും മറ്റ് പ്രതികളും ജയില്‍ മോചിതരായി. മലേഷ്യന്‍ പൗരനായ ഗുണശേഖരനും മൗറീഷ്യസ് പൗരനായ ഹസന്‍ ഗുലാം മുഹമ്മദും കെനിയന്‍ പൗരനായ കിബ് ലോ ഡാനിയലും സ്വദേശങ്ങളിലേക്ക് മടങ്ങി. ജയിലിന് പുറത്ത് റെനിയെ കാത്തിരുന്നത് മറ്റൊരു ജീവിതമായിരുന്നു.

ഒരു മാനസാന്തരത്തിന്റെ കഥ

"ഒരു പരോളിനിടെ താന്‍ ക്രിസ്തുവിനെ കണ്ടുമുട്ടി"യെന്നാണ് റെനി ജോര്‍ജ്ജ് തന്നിലുണ്ടായ മാറ്റത്തെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. തന്റെ മുന്‍കാലത്തെ ചെയ്തികളെല്ലാം ക്രിസ്തു തനിക്ക് ഒരു സിനിമ പോലെ കാണിച്ച് തന്നുവെന്നും അതിലൂടെയാണ് ഒരു പുതിയ മനുഷ്യനാകാനുള്ള പ്രചോദനമുണ്ടായതെന്നും ഇയാള്‍ വിശദീകരിക്കുന്നു. ജയിലില്‍ തിരിച്ചെത്തി തനിക്കുണ്ടായ അനുഭവം മറ്റു തടവുകാരോട് വിശദീകരിച്ചപ്പോള്‍ പല കുറ്റവാളികളും ഈ മാറ്റത്തിന്റെ പാത പിന്തുടര്‍ന്നു. 1992ല്‍ ലഭിച്ച പരോളിന് ഇറങ്ങിയപ്പോള്‍ റെനി
ബഹ്‌റൈനില്‍ സൈന്യത്തിന്റെ ആശുപത്രിയി
ല്‍ നഴ്സായി ജോലി ചെയ്തിരുന്ന ടീനയെ വിവാഹം ചെയ്തു. ടീന ജോലി ഉപേക്ഷിച്ച് പ്രിസണ്‍ ഫെലോഷിപ്പ് ഇന്ത്യ എന്ന പേരില്‍ കോട്ടയത്ത് ഒരു സന്നദ്ധ സംഘടന ആരംഭിച്ചു. കര്‍ണ്ണാടകത്തിലെ ജയിലുകളില്‍ തടവുകാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സംഘടനയിലൂടെ ഇവര്‍ നടത്തിയത്.
തടവുകാരെ സാധാരണ മനുഷ്യരുടെ ഇടയിലേക്ക് എത്തിക്കാനും വിദ്യാഭ്യാസപരമായും സാമൂഹികപരമായും അവരെ ഉയര്‍ത്തിക്കൊണ്ട് വരാനും ആണ് പ്രിസണ്‍ ഫെലോഷിപ്പ് ശ്രമിക്കുന്നത്. 1995ല്‍ ജയില്‍ മോചിതനായ റെനി ഇവര്‍ക്കൊപ്പം ചേരുകയും സംഘടനയുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. നിലവില്‍ ലോകത്തിലെ വിവിധ ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ഇയാളുടെ അനുഭവങ്ങള്‍ വിവരിക്കുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തടവുകാര്‍ക്കും മുന്‍തടവുകാര്‍ക്കും കുറ്റവാളികള്‍ക്കും അതുമൂലം ഒറ്റപ്പെട്ട അവരുടെ മക്കള്‍ക്കും വേണ്ടി പ്രിസണ്‍ ഫെലോഷിപ്പ് ബംഗളൂരു ആസ്ഥാനമാക്കി സജീവമാണ്.


കരിക്കന്‍വില്ല കൊലക്കേസിന് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയായ വേളയില്‍ റെനി ജോര്‍ജ്ജിനെ അഴിമുഖം ബന്ധപ്പെട്ടുവെങ്കിലും ആ സംഭവത്തെക്കുറിച്ച് ഇനി ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്നാണ് റെനിയുടെ പ്രതിനിധി പറഞ്ഞത്. (ഈ റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം വായിക്കാം: കരിക്കന്‍ വില്ല കൊലക്കേസ് തെളിയിച്ചതാര്? 40 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തുറക്കുന്ന വിവാദം, 'മദ്രാസിലെ മോന്‍' എന്ന മൊഴിയില്ല എന്നു വെളിപ്പെടുത്തല്‍
)

റെനിയുടെ വിവാഹം, കുടുംബം (ചിത്രങ്ങള്‍ക്ക് കടപ്പാട്: renys-children.org/)

എന്താണ് ജയില്‍ ശിക്ഷയുടെ ലക്ഷ്യം?

ജയില്‍വാസം എന്തിന് വേണ്ടിയാണെന്ന ചോദ്യം കൂടിയാണ് കരിക്കന്‍വില്ല കേസ് നമുക്ക് മുന്നില്‍ വയ്ക്കുന്നത്. റെനിയ്ക്ക് സംഭവിച്ചത് പോലെയൊരു മാനസാന്തരം ഇവിടെ എല്ലാ കുറ്റവാളികള്‍ക്കും സംഭവിക്കാറില്ല. അതിനാല്‍ തന്നെ ജയില്‍ശിക്ഷ കുറ്റവാളികളുടെ നവീകരണത്തിന് വേണ്ടിയാണോ അതോ കുറച്ചുകാലം അയാളെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടിയാണോയെന്ന ചോദ്യം ഉയരുന്നു.

ജയില്‍വാസം നല്‍കുന്നത് ശിക്ഷ എന്ന നിലയില്‍ തന്നെയാണെന്നാണ് അഭിഭാഷകനായ സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. തടവുകാരുടെ നവീകരണത്തിന് വേണ്ടിയാകണം ജയില്‍ ശിക്ഷയെന്ന് മഹാത്മാഗാന്ധി പോലും പറഞ്ഞിട്ടുണ്ട്. അതിന് വ്യാപകമായ പ്രചാരവുമുണ്ട്. ഒരാള്‍ കുറ്റം ചെയ്താല്‍ നിയമവുമായി സംഘര്‍ഷത്തിലാകുകയാണ്. അയാളെ തിരുത്തി ശരിയായ വഴിക്ക് കൊണ്ടുവരിക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് വധശിക്ഷ പോലും വേണ്ടെന്ന് പറയുന്നത്. ന്യായീകരിക്കാന്‍ ആകാത്ത കൊലപാതകങ്ങള്‍ നമുക്ക് ചുറ്റിലും എപ്പോഴും സംഭവിക്കാറുണ്ട്. അങ്ങനെയുള്ളവരെ പോലും വധശിക്ഷയ്ക്ക് വിധിക്കരുത്. മാര്‍പ്പാപ്പയുടെ പുതിയ സര്‍ക്കുലറിലും അതാണ് ആവശ്യപ്പെടുന്നത്. അവരെ വെറുതെ വിടണം എന്നല്ല, അവര്‍ക്ക് പറ്റിയ തെറ്റ് തിരുത്തി സമൂഹത്തിലേക്ക് തിരിച്ച് വരാന്‍ അവരെ നമ്മള്‍ സഹായിക്കണം. ജയില്‍വാസത്തെക്കുറിച്ചും അതുതന്നെയാണ് പറയാനുള്ളത്. ജീവപര്യന്തം എന്നാല്‍ മരണം വരെയെന്നാണ് കോടതിയും പറയുന്നത്. അതേസമയം ഇളവുകള്‍ കൊടുക്കാം. ഇളവുകള്‍ കൊടുത്താലും കുറഞ്ഞത് പതിനാല് വര്‍ഷം ആകണം എന്നും കോടതി പറയുന്നുണ്ട്. കുറ്റവാളികളെ ജയിലിലിട്ട് തീറ്റിപ്പോറ്റേണ്ടതില്ലെന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. അതിന് ഉദാഹരണമായി ഇവിടെ ഗോവിന്ദച്ചാമിയെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അയാള്‍ ശാരീരികമായും മാനസികമായും നന്നാക്കിയെടുക്കാന്‍ സാധിച്ചുവെന്നാണ് അതില്‍ നിന്നും മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ പിന്നെ ഗോവിന്ദച്ചാമിയും പൊതുസമൂഹവും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. കുറ്റവാളിയെ നവീകരിച്ച് എടുക്കുന്നതിന് വേണ്ടി തന്നെയാകണം ജയില്‍ ശിക്ഷ. അതാണ് പുരോഗമനപരമായ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

എന്തിന് വേണ്ടിയാകണം ശിക്ഷയെന്നത് കുറച്ച് സങ്കീര്‍ണ്ണമായ വിഷയമാണെന്നാണ് മുന്‍ എഡിജിപി എ ഹേമചന്ദ്രന്‍ പറയുന്നത്. അതിലൊന്ന് നവീകരണത്തിന് ഒരു പുരോഗമനപരമായ വശമുണ്ട്. മനുഷ്യനെ തെറ്റില്‍ നിന്നും ശരിയിലേക്ക് കൊണ്ടുവരികയെന്നത് താത്വികമായി ആലോചിക്കുമ്പോള്‍ ഒരു നല്ല കാര്യമാണ്. എന്നാല്‍ കുറ്റകൃത്യത്തിന് ഇരയായ ആളെ സംബന്ധിച്ച് കുറ്റവാളിക്ക് അയാള്‍ ചെയ്ത കൃത്യത്തിന് വില നല്‍കേണ്ടി വരുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉദാഹരണത്തിന് ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേല ജയില്‍ മോചിതനായി വന്നപ്പോള്‍ ട്രൂത്ത് ആന്‍ഡ് റിക്കണ്‍സിലിയേഷന്‍ കമ്മിഷന്‍ എന്ന ഒരു സംഘടന ആരംഭിച്ചു. വംശീയമായ കുറ്റകൃത്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് അദ്ദേഹം അതിലൂടെ ചര്‍ച്ചയിലെത്തിച്ചത്. ചിലയിടത്ത് മാപ്പ്, ചിലയിടത്ത് നഷ്ടപരിഹാരം എന്ന രീതിയിലാണ് അതില്‍ പറഞ്ഞിരുന്നത്. പക്ഷെ അതിനെതിരെ ഉയര്‍ന്ന വിമര്‍ശനം ഇരകള്‍ അതില്‍ തൃപ്തരായില്ല എന്നതാണ്. ഒരാള്‍ കൊല്ലപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടുകയോ ചെയ്താല്‍ അയാളുടെ ബന്ധുക്കള്‍ മാപ്പ് കൊടുക്കാന്‍ തയ്യാറാകുമോ? എന്റെ ഓര്‍മ്മയില്‍ അങ്ങനെ തയ്യാറായിട്ടുള്ളത് ഒറീസയില്‍ ക്രിസ്ത്യന്‍ മിഷിനറിയായ ഗ്രഹാം സ്റ്റെയിന്‍സിനെ ഒരു സംഘപരിവാര്‍ സംഘടന കൊല ചെയ്ത സംഭവത്തിലാണ്. ആ സംഭവത്തില്‍ സ്റ്റെയിന്‍സിന്റെ ഭാര്യ പരസ്യമായി തന്നെ പ്രതികള്‍ക്ക് മാപ്പ് നല്‍കുകയുണ്ടായി. അത് പക്ഷെ അത്യപൂര്‍വ്വമാണ്.

കൊലപാതകത്തിന് വിവിധ തലങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചില കേസുകളെല്ലാം ഒരു സംഘര്‍ഷത്തിനിടെ അബദ്ധത്തില്‍ സംഭവിച്ചതാകും. മറ്റ് ചിലത് കോടതി അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമെന്ന് കോടതി വിശേഷിപ്പിക്കുന്ന വിധത്തിലുള്ളതും. വലിയ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ അതിന്റെ സ്വഭാവം അനുസരിച്ച് ശിക്ഷയാകാം. ചെയ്യുന്ന ഒരു കുറ്റകൃത്യം ജീവിതകാലം മുഴുവന്‍ പിന്തുടര്‍ന്നേക്കാം. സാഹിത്യത്തിലൊക്കെ അത്തരം സംഭവങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്തിട്ടുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളില്‍ ജീന്‍ വാല്‍ ജീന്‍ ഒരു മോഷണത്തിലൂടെ ജയിലില്‍ പോകുകയാണെങ്കിലും പിന്നീട് അയാള്‍ നവീകരിക്കപ്പെടുന്നു. എന്നാല്‍ നോവലിന്റെ അവസാനത്തില്‍ ബിഷപ്പില്‍ നിന്നും മോഷണം നടത്തുകയും ചെയ്യുന്നുണ്ട്. ബിഷപ്പ് നുണ പറഞ്ഞാണ് അയാളെ രക്ഷപ്പെടുത്തുന്നത്. അത് ബിഷപ്പ് അയാള്‍ക്ക് നല്‍കിയ മാപ്പായിരുന്നു.

നമ്മുടെ കുറ്റകൃത്യ നിയന്ത്രണ മാതൃക ബ്രിട്ടീഷ് പാരമ്പര്യത്തിന്റേതാണ്. അമേരിക്കയിലെ ജയില്‍ ജനസംഖ്യയില്‍ എഴുപത് എണ്‍പത് ശതമാനം ആളുകളും ശിക്ഷിക്കപ്പെട്ടവരാണ്. എന്നാല്‍ ഇന്ത്യയില്‍ അത് നേരെ തിരിച്ചാണ്. ഇവിടെ ജയിലുകളില്‍ കഴിയുന്നവരില്‍ എഴുപത് ശതമാനം പേരും വിചാരണ നേരിടുന്നവരോ പ്രിവന്റീവ് കസ്റ്റഡിയിലുള്ളവരോ ആയിരിക്കും. ശിക്ഷിക്കപ്പെടുന്ന ആളുകളുടെ എണ്ണം കുറവാണ്. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനുള്ള ഒരു പ്രക്രിയയായാണ് ഇവരെ ജയിലില്‍ സൂക്ഷിക്കുന്നത്. കുറ്റവാളികളെ സമൂഹം അകറ്റിനിര്‍ത്തുകയും വെറുക്കുകയുമാണ് ചെയ്യുന്നത്. വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് സാമൂഹിക അംഗീകാരം കിട്ടുന്നതിന് കാരണവും അതുതന്നെയാണ്. അവര്‍ ശിക്ഷ കഴിഞ്ഞ് തിരിച്ച് വന്നാലും അംഗീകരിക്കാന്‍ നമ്മള്‍ പലപ്പോഴും തയ്യാറാകാറില്ലെന്നതും ഹേമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റം ചെയ്യുന്നയാള്‍ ഏത് ഉന്നതനായാലും നിയമപരമായി ശിക്ഷിക്കപ്പെടുമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടാക്കേണ്ടത് നമ്മുടെ നിയമത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.


ജയിലില്‍ പ്രത്യേക ട്രെയിനിംഗ് പല വിധത്തില്‍ നടത്തുന്നുണ്ട് എന്നാണ് കേരളത്തിലെ ചീഫ് പ്രിസണ്‍ വെല്‍ഫെയര്‍ ഓഫീസര്‍ ആയ സുനില്‍കുമാര്‍ വി പി പറയുന്നത്. കൂടാതെ ജയില്‍പ്പുള്ളികള്‍ക്ക് പഠിക്കാനുള്ള സംവിധാനങ്ങളും ചെയ്ത് കൊടുക്കുന്നുണ്ട്. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ കേന്ദ്രങ്ങള്‍ പ്രധാനപ്പെട്ട ജയിലുകളില്‍ എല്ലാം ഉണ്ട്. കൂടാതെ ജയലിന് പുറത്തുള്ള എന്‍ജിഒകള്‍ നടത്തുന്ന ക്ലാസുകളും നടക്കുന്നുണ്ട്. പ്രധാനമായും തൊഴില്‍ പരിശീലനമാണ് പ്രധാനമായും നല്‍കുന്നത്. കണ്ണൂര്‍ ജയിലിലാണ് നല്ല രീതിയില്‍ കൃഷി നടക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രിയും കഥാകാരന്‍ ടി പദ്മനാഭനും ഒക്കെയാണ് അത് ഉദ്ഘാടനം ചെയ്തത്. കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ജയിലില്‍ പഠിപ്പിക്കുന്നുണ്ട്. ഫുഡ് ക്രാഫ്റ്റിന്റെ ട്രെയിനിംഗ് കൊടുക്കുന്നുണ്ട്. തൊഴില്‍ പരിശീലനത്തിന് മാത്രമായി സര്‍ക്കാര്‍ 71 ലക്ഷം രൂപയാണ് ഈ വര്‍ഷം മാറ്റി വച്ചിരിക്കുന്നത്. തെങ്ങ് കയറ്റം പോലുള്ള തൊഴില്‍ പരിശീലനങ്ങള്‍ക്കപ്പുറം സര്‍ഗ്ഗാത്മകത വളര്‍ത്താനും ജയിലില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പുനര്‍ജനി എന്ന ഒരു മാസിക വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇറക്കുന്നുണ്ട്. അതില്‍ ജയില്‍ നിവാസികള്‍ തന്നെയാണ് എഴുതുന്നത്. മറ്റ് ജോലികളെല്ലാം പോലീസുകാര്‍ ചെയ്യും. ഇനി മൂന്നാം ലക്കമാണ് ഇറക്കേണ്ടത്. സെന്‍ട്രല്‍ ജയിലുകളിലെല്ലാം ആ മാസിക ഇറക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വനിതാ ഓപ്പണ്‍ ജയിലിലെ കണ്ണൂര്‍ സ്വദേശിയായ ലിസി എന്ന തടവുകാരി എഴുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങും. അവര്‍ ഒരു കഞ്ചാവ് കേസിലെ പ്രതിയാണ്. വിയ്യൂര്‍ ജയിലില്‍ എഫ്എം റേഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്. ടെലിവിഷന്‍ പരിപാടികള്‍ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്യാറുണ്ട്.

2011ല്‍ 229 ജീവപര്യന്തം തടവുകാരെ മോചിപ്പിച്ചിരുന്നു. അടുത്തകാലത്ത് ആ തടവുകാരെ കേന്ദ്രീകരിച്ച് പഠനം നടത്തിയതില്‍ 22 പേര്‍ മാത്രമാണ് വീണ്ടും എന്തെങ്കിലും കേസുകളില്‍ പെട്ടിട്ടുള്ളത്. അതില്‍ത്തന്നെ ഗുരുതരമായ കേസുകളില്‍ പെട്ടവര്‍ തീരെ കുറവാണെന്നും സുനില്‍കുമാര്‍ പറയുന്നു. ജയിലില്‍ കിടക്കുന്നവര്‍ എന്തെങ്കിലും തൊഴില്‍ പരിശീലിക്കുന്നുണ്ട്. പെട്രോള്‍ പമ്പിലും ബ്യൂട്ടിപാര്‍ലറിലും എല്ലാം തടവുകാരെ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ നാല് ജയിലുകളിലാണ് ഇത് ഉപയോഗിക്കുന്നത്. ഇനി രണ്ടിടത്ത് കൂടി വരുന്നുണ്ട്. ഇത്തരം ജോലികള്‍ പരിചയപ്പെട്ടതിനാല്‍ പുറത്തിറങ്ങിയാലും തടവുകാര്‍ക്ക് ജീവിക്കാന്‍ വേറെയൊരു വഴിയുണ്ടാകുകയാണെന്നും അദ്ദേഹം പറയുന്നു.

ഇത്തരത്തില്‍ തടവുകാരെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പ് തന്നെ വിവിധ രീതികളിലൂടെ ചെയ്യുന്നുണ്ട്. ഒരാള്‍ കുറ്റം ചെയ്യുന്നതില്‍ സമൂഹത്തിനും ഉത്തരവാദിത്വമുണ്ട് എന്ന രീതിയിലാണ് സമീപകാലത്ത് നമ്മുടെ ജയില്‍ വകുപ്പ് കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത്. സുനില്‍കുമാര്‍ പറഞ്ഞ കണക്ക് അനുസരിച്ച് തിരിച്ചുവരുന്ന കുറ്റവാളികളുടെ എണ്ണം വലിയ തോതില്‍ കുറയുന്നത് ഈ പ്രവര്‍ത്തനങ്ങളെല്ലാം ഗുണം ചെയ്യുന്നു എന്നതിന്റെ തെളിവാണ്.

കരിക്കന്‍ വില്ലയ്ക്ക് എന്തു സംഭവിച്ചു?

കരിക്കന്‍ വില്ല കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച് വാങ്ങി തങ്ങളുടെ ഓഫീസായി കുറച്ച് കാലം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് അത് വിട്ടു. കുറച്ച് വര്‍ഷം മുമ്പ് മനോരമയുടെ വാര്‍ഷിക പതിപ്പിലേക്ക് ഒരു റൈറ്റ് അപ്പ് ചെയ്യാനായി തന്നെയും റെനിയെയും അവിടേക്ക് ക്ഷണിച്ചിരുന്നുവെന്ന് സിബി മാത്യൂസ് പറഞ്ഞു. എന്നാല്‍ റെനി വന്നില്ല. ആ വീട് തനിക്കിനി കാണണ്ട എന്നായിരുന്നു മറുപടി. ഞാനെന്തായാലും പോയി. അകത്ത് കയറി. പക്ഷെ പഴയതെല്ലാം മാറ്റിയായിരിക്കുമല്ലോ പിന്നീട് ഉപയോഗിച്ചിട്ടുണ്ടാകുക. കാട് പിടിച്ചെങ്കിലും വീട് അതുപോലെ തന്നെയുണ്ട്. കെ എന്‍ ബാലും അത് സമ്മതിക്കുന്നു. ഇപ്പോള്‍ താമസിക്കുന്നത് വടക്കന്‍ പറവൂരിലാണെങ്കിലും പല ബന്ധുക്കളും പത്തനംതിട്ടയിലുള്ളതിനാല്‍ മിക്കവാറും അതുവഴി പോകാറുണ്ട്. പോകുമ്പോഴെല്ലാം ആ വീട് കാണുകയും ചെയ്യും. കുറച്ച് കാലം മുമ്പ് പോയപ്പോള്‍ വരെയും മീന്തലക്കരയില്‍ നാട്ടുകാരുടെ പേടിസ്വപ്നമായി കരിക്കന്‍ വില്ല കാട് കയറി അവിടെ തന്നെയുണ്ടായിരുന്നു.


Next Story

Related Stories