TopTop
Begin typing your search above and press return to search.

"അത്രയും കാലം ശേഖർ എന്റെ അസിസ്റ്റന്റായിരുന്നു, അദ്ദേഹം മരണക്കിടക്കയിൽ ആയപ്പോൾ അവസാന ചിത്രത്തിന് ഞാൻ അസിസ്റ്റന്റായി" റഹ്മാന്റെ പിതാവിനെ കുറിച്ച് അര്‍ജ്ജുനന്‍ മാസ്റ്റര്‍ പറഞ്ഞത്

"അത്രയും കാലം ശേഖർ എന്റെ അസിസ്റ്റന്റായിരുന്നു, അദ്ദേഹം മരണക്കിടക്കയിൽ ആയപ്പോൾ അവസാന ചിത്രത്തിന് ഞാൻ അസിസ്റ്റന്റായി" റഹ്മാന്റെ പിതാവിനെ കുറിച്ച് അര്‍ജ്ജുനന്‍ മാസ്റ്റര്‍ പറഞ്ഞത്

അര്‍ജ്ജുനന്‍ മാസ്റ്റര്‍: സംഗീതം, ജീവിതം

ഭാഗം - 4 എം കെ അർജുനൻ പടത്തിന്റെ വർക്കിന് മദ്രാസിൽ എത്തിയാൽ പറ്റാവുന്ന സമയമൊക്കെ ആർ കെ ശേഖറിന്റെ കൂടെ ആയിരിക്കും. സംഗീതസംവിധായകന് അസ്സിസ്റ്റന്റിനോടുള്ള ഒരു പ്രൊഫഷണൽ ബന്ധമായിട്ടേ മറ്റുള്ളവർ അതിനെ കണ്ടുള്ളൂ. കാര്യങ്ങൾ നടന്നു കിട്ടാനുള്ള താൽക്കാലിക സൗഹൃദത്തിന് അപ്പുറം ആഴത്തിലുള്ള ആത്മബന്ധങ്ങൾ സിനിമാലോകത്തിനു പൊതുവെ അന്യമാണ്.പാട്ടിന്റെ വരികൾക്ക് ഈണമിട്ടു കഴിഞ്ഞാൽ ബാക്കി കാര്യത്തിന് സംഗീതസംവിധായകന് അസിസ്റ്റന്റിനെ ആശ്രയിച്ചേ പറ്റൂ. കാരണം പശ്ചാത്തല സംഗീതം ഒരുക്കണമെങ്കിൽ വെസ്റ്റേൺ ഓർക്കെസ്ട്രയുടെ തത്വങ്ങൾ അറിയുന്ന ആൾ തന്നെ വേണം. ഉപകരണത്തിൽ വായിക്കേണ്ട ഈണങ്ങൾ തയ്യാറാക്കി നൊട്ടേഷൻ എഴുതി ഓർക്കെസ്ട്രക്ക് പരിശീലനം നൽകി വേണം റെക്കോർഡിങ്ങിന് സജ്ജമാകാൻ. പാട്ടിന്റെ മൊത്തം ആസ്വാദ്യത കൂട്ടുന്നതിൽ അസ്സിസ്റ്റന്റിന്റെ പങ്ക് പ്രധാനമാണ്. എന്നാൽ പ്രമുഖ സംഗീത സംവിധായകർ മിക്കവരും സഹായിയുടെ സംഭാവനകൾ എടുത്തു പറയാതെ പാട്ടു മൊത്തം തന്റെ സ്വന്തം സൃഷ്ടി ആണെന്നാണ് ഭാവിക്കുക. അക്കൂട്ടത്തിൽ വ്യത്യസ്തനായിരുന്നു അർജുനൻ മാസ്റ്റർ. ശേഖറിന്റെ സഹായത്തെക്കുറിച്ചു തുറന്നു പറയാൻ അദ്ദേഹത്തിന് തെല്ലും മടിയുണ്ടായിരുന്നില്ല. ആദ്യകാലത്തെ പാട്ടുകളുടെ സൃഷ്ടിയെപ്പറ്റി മാസ്റ്റർ പറയുന്നത് ഇപ്രകാരം: "പാട്ടെഴുതിക്കിട്ടിയാൽ ശേഖറിന്റെ അടുത്തു ചെന്ന് കമ്പോസിംഗ് തുടങ്ങും. പകൽ മൊത്തം അദ്ദേഹത്തിന് സ്റ്റുഡിയോയിൽ തിരക്കിട്ട ജോലി ആയതിനാൽ അത് കഴിഞ്ഞു വീട്ടിൽ വച്ചായിരിക്കും കാണുക. പാട്ടു തമ്പിയുടേതാണെങ്കിൽ അദ്ദേഹവും കൂടെ ഉണ്ടാകും. ട്യൂൺ കേട്ട് ശേഖർ പ്രസക്തമായ അഭിപ്രായങ്ങൾ പറയും. വരികളുടെ ഈണം പൂർത്തിയാകുമ്പോഴേക്ക് ശേഖർ അതിന്റെ പശ്ചാത്തലസ്‌കോർ എഴുതി വച്ച് കഴിഞ്ഞിരിക്കും".പശ്ചാത്തലസംഗീതം എങ്ങനെ വേണമെന്ന് പറയാറുണ്ടോ എന്ന ചോദ്യത്തിന് "അതിൽ ഞാൻ ഇടപെടാറേ ഇല്ല" എന്ന് മറുപടി. "പാട്ടിന്റെ മൂഡിന് കണക്കായി ഏതേതു ഉപകരണങ്ങൾ വേണം എന്ന് ഒരുമിച്ചിരുന്നു തീരുമാനിക്കും. സ്റ്റുഡിയോയിൽ ചെല്ലുമ്പോഴേക്ക് ശേഖർ എല്ലാം റെഡിയാക്കി വച്ചിട്ടുണ്ടാകും. ഗായകരെ പാട്ടു പഠിപ്പിച്ചു നേരെ റെക്കോർഡിങ്ങിന് പോകാം".നിർമ്മാതാവിന് ആദ്യ ഈണം കേൾപ്പിച്ചു കൊടുക്കുമ്പോഴും ശേഖറിന്റെ സാന്നിധ്യം ഒരു പാട് ഗുണം ചെയ്തിരുന്നു എന്ന് അർജുനൻ മാസ്റ്റർ ഓർക്കുന്നു. കാരണം ഈണമിട്ടു തുടങ്ങുന്നത് ഹാർമോണിയത്തിന്റെ അകമ്പടിയോടെ വരികൾ പാടിയിട്ടാണ്. അത് ആകർഷണീയമായി തോന്നണമെന്നില്ല. നിർമ്മാതാവിന് ഇഷ്ടപ്പെടാതെ ഈണം ഉപേക്ഷിക്കുക വേദനയുള്ള കാര്യമാണ്. മിക്കപ്പോഴും പാട്ടു ഹിറ്റാകുമോ എന്നതിന് ശേഖറിന്റെ അഭിപ്രായം തേടും. അദ്ദേഹം 'നല്ലാരുക്കും' എന്ന് പറഞ്ഞാൽ നിർമാതാവ് മറുത്തു പറയില്ല. പശ്ചാത്തലസംഗീതം ഒരുക്കുക എന്നത് ഒരഭിനിവേശമായി കൊണ്ടുനടന്ന ആളായിരുന്നു ശേഖർ. അതിലായിരുന്നു അദ്ദേഹത്തിന്റെ പാടവം മുഴുവൻ. അറുപതുകൾ തൊട്ടു മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരുടെ എല്ലാം സഹായിയുടെ പണി ചെയ്തിരുന്ന ശേഖർ, പക്ഷേ, സ്വന്തമായി സംഗീതസംവിധാനം ചെയ്യാൻ ഇഷ്ടപ്പെട്ടില്ല. "ശേഖറിന്റെ പ്രതിഭ മനസ്സിലാക്കിയ നിർമ്മാതാക്കൾ സംഗീതസംവിധായകനാകാൻ അദ്ദേഹത്തെ ക്ഷണിക്കുമായിരുന്നു. എന്നാൽ പലപ്പോഴും ഇത്തരം ചാൻസുകൾ ശേഖർ എനിക്ക് തരികയായിരുന്നു പതിവ്" അർജുനൻ മാസ്റ്റർ പറഞ്ഞു.ആർ കെ ശേഖർ എന്ന സഹായിയുടെ ബലത്തിൽ അർജുനൻ മലയാളചലച്ചിത്ര ഗാനരംഗത്തു വെന്നിക്കൊടി പാറിക്കാൻ തുടങ്ങിയ ഘട്ടത്തിലാണ് ദുർവിധി ഒരു വേദനാജനകമായ മുഴയുടെ രൂപത്തിൽ ശേഖറിന്റെ വയറിൽ അള്ളിപ്പിടിച്ചത്. വേദന കടിച്ചുപിടിച്ചുകൊണ്ടു ശേഖർ സ്റ്റുഡിയോയിൽ നിരന്തരം പണിയെടുത്തു. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കണമല്ലോ. ട്യൂമറിന് തുടർച്ചയായ ചികിത്സ. ഇടയിൽ ദേവരാജൻ മാസ്റ്റർ ചെറിയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ശേഖറുമായി ഉടക്കിപ്പിരിഞ്ഞു. ചികിത്സക്കിടയിൽ കൃത്യമായി പൂർത്തിയാക്കാനാവുമെന്ന് ഉറപ്പില്ലാത്തതിനാൽ മറ്റുള്ളവരുടെ വർക്ക് ഏറ്റെടുക്കാനും മടി. ചികിത്സക്ക് പണം കണ്ടെത്തണമെന്നുള്ളതിനാൽ ജോലി മതിയാക്കാനും വയ്യ. അങ്ങനെ ശേഖർ പരിചയമുള്ള നിർമാതാക്കൾക്ക് വേണ്ടി സ്വന്തമായി സംഗീതസംവിധാനം ഏറ്റെടുത്തു. ഒരു പിടി നല്ല പാട്ടുകൾ മലയാളത്തിന് സംഭാവന ചെയ്തു. ആ സമയം വേദനിക്കുന്ന വയർ അമർത്തിപ്പിടിച്ചാണ് അദ്ദേഹം ഓർക്കസ്ട്ര നിയന്ത്രിച്ചിരുന്നത്. തീരെ അവശനായപ്പോൾ സ്റ്റുഡിയോയിൽ ബെഞ്ചിൽ കിടന്നുകൊണ്ട് നൊട്ടേഷൻ പറഞ്ഞു കൊടുക്കുന്ന അവസ്ഥയിൽ ജോലി തുടർന്നു. ശേഖർ അവസാനമായി ചെയ്തത് "ചോറ്റാനിക്കര അമ്മ" എന്ന ചിത്രമാണ് (1976). അതിലെ 'മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി' ഈണമിട്ടു തീർന്നപ്പോഴേക്കും അദ്ദേഹം അബോധാവസ്ഥയിൽ ആയി. വീണ്ടും ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും രക്ഷപ്പെട്ടില്ല.ഏറ്റെടുത്ത ജോലി അപൂർണമായി നിർമാതാവിന് നഷ്ടം വരരുത് എന്നാഗ്രഹിച്ച ശേഖറിന്റെ അവസാന ചിത്രത്തിലെ ഗാനങ്ങൾ പൂർത്തിയാക്കി റെക്കോർഡ്‌ ചെയ്യാൻ മുന്നിട്ടിറങ്ങിയത് അർജുനൻ മാസ്റ്ററാണ്. "അത്രയും കാലം ശേഖർ എനിക്ക് അസിസ്റ്റന്റ് ആയിരുന്നു. അദ്ദേഹം മരണക്കിടക്കയിൽ ആയിരുന്നപ്പോൾ അവസാന ചിത്രത്തിന് ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി."

ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം: "അർജുനനായാലും ശരി, ഭീമനായാലും ശരി, പണിക്കു കൊള്ളില്ലെങ്കിൽ പറഞ്ഞു വിടും"; ദേവരാജന്‍ മാഷുടെ നാടക കളരിയില്‍ നിന്നും കോടമ്പാക്കത്തേക്ക്"താനെന്നെ രക്ഷിച്ചു, പാട്ട് ഹിറ്റാവും; പടവും. ഇയാൾക്ക് ഞാൻ എന്റെ അടുത്ത പത്തു പടത്തിന്റെ വർക്കും കൊടുക്കും"; അര്‍ജ്ജുനന്‍ മാസ്റ്ററുടെ ജീവിതത്തെ മാറ്റിമറിച്ച വാക്കുകള്‍ഒരു ഹിറ്റ് മേക്കറെ കോടമ്പാക്കം തിരിച്ചറിയുന്നു; 1975ല്‍ പതിനാറ് സിനിമകള്‍, 96 പാട്ടുകള്‍


Next Story

Related Stories