TopTop
Begin typing your search above and press return to search.

മഹാവ്യാധിത്തുടര്‍ച്ചയിലെ വ്യാകുലതകളും അനിശ്ചിതത്വങ്ങളും, എന്നാണിതിനറുതിയാകുക?

മഹാവ്യാധിത്തുടര്‍ച്ചയിലെ വ്യാകുലതകളും അനിശ്ചിതത്വങ്ങളും, എന്നാണിതിനറുതിയാകുക?


എന്നോടു സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ അവര്‍ വല്ലാതെ ദുഖിതയായിരുന്നു. ക്ലാസ് മുറിയും കുട്ടികളും കാമ്പസിലെ അലച്ചിലുകളുമൊക്കെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന അധ്യാപികയായിരുന്നു അവര്‍. കുട്ടികള്‍ക്കിടയില്‍ സ്വയംമുഖം പൂഴ്ത്തി നടക്കുന്നതിന്റെ രസം. മറഞ്ഞിരുന്നു മാറുന്ന കാലങ്ങളേയും രുചികളേയും നോക്കുന്നതിന്റെ സുഖം. പലരും അടുക്കല്‍ വരും. മനസ്സുതുറക്കും. വേവലാതികള്‍ പകുക്കും. വര്‍ഷങ്ങളായുള്ള രീതികള്‍.

പക്ഷെ, ഇപ്പോഴിതാ മാസങ്ങളായി കുട്ടികളെ കാണുന്നതേയില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളെപ്പോലെ അവര്‍ക്കും വല്ലാതെ മടുത്തുതുടങ്ങിയിരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ നിന്നുള്ള കുട്ടികളാണ് അവരുടെ കോളജില്‍ അധികവും. പലരുമായി അവര്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ദുഖങ്ങളും വിഷമതകളും പറയാന്‍ കുട്ടികള്‍ മടികാണിച്ചിട്ടില്ല. കഴിയുന്ന ചില്ലറ സഹായങ്ങള്‍ ചെയ്യാന്‍ അവര്‍ മടിച്ചിരുന്നതുമില്ല. ഇക്കാലത്ത് ആര്‍ക്കും അത്ര വേണ്ടാതായി തുടങ്ങിയ ഭാഷയും സാഹിത്യവും പഴയ മട്ടില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക വിഷമകരം തന്നെ. ഭാഷയും സാഹിത്യവും വേണ്ടാതായെങ്കിലും അവരെ പക്ഷെ കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നു. അല്ലെങ്കില്‍ കുട്ടികള്‍ക്ക് ഇഷ്ടമാണെന്ന് അവര്‍ കരുതിയിരുന്നു. ഭാഷയുടെ ഗുപ്തകൗതുകങ്ങളേക്കാള്‍ ബിസിനസ് കമ്യൂണിക്കേഷന്റെ അടിസ്ഥാന പാഠങ്ങളായിരുന്നു കുട്ടികളില്‍ ഏറെപ്പേര്‍ക്കും വേണ്ടിയിരുന്നത്. വിജയങ്ങളെ കുറിച്ചുള്ള കുട്ടികളുടെ നിര്‍വചനങ്ങള്‍ അവരും മനസ്സിലാക്കിയിരുന്നു.

അടച്ചിരുപ്പു കാലവും അതിന്റെ കൗതുകങ്ങളും അവസാനിച്ച് ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ പണിയുമ്പോള്‍ അതില്‍ തന്നെ ഇങ്ങനെ മുഖം പൂഴ്ത്തി ദീര്‍ഘനാള്‍ ഇരിക്കേണ്ടിവരുമെന്നവര്‍ കരുതിയതല്ല. അന്തമില്ലാത്ത, തുറസ്സുകളില്ലാത്ത ഓണ്‍ലൈന്‍ മുറികളില്‍ ശ്വാസം മുട്ടിയ അന്തിയിലാണവര്‍ എന്നോടു സംസാരിച്ച് തുടങ്ങിയത്. ''ദിവസവും അഞ്ചു മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ കയറാനുള്ള ഡാറ്റ വാങ്ങാന്‍ എന്റെ കുട്ടികള്‍ക്കു ശേഷിയില്ല.'' അവരുടെ ശബ്ദം വല്ലാതെ വേവലാതികളില്‍ നിറഞ്ഞു.

ഇപ്പോഴും പൗരാണികതയുടേയും ദാരിദ്ര്യത്തിന്റേയും ഗന്ധം വിട്ടുമാറാത്ത ചെറുപട്ടണത്തിലാണ് അവരുടെ കോളേജിരിക്കുന്നത്. അതിന്റെ വഴികളൊക്കെ ചിരപരിചിതമാണ്. ഇരുപത്തിഅഞ്ചോ മുപ്പതോ വര്‍ഷം പിന്നിലുള്ള റോഡുകളും ഇടങ്ങിയ പീടികമുറികളും കള്ളുഷാപ്പുകളുമുള്ള പട്ടണം. കവികളും താടിക്കാരും അതിലേറെ നാട്യക്കാരും ഉള്ള പട്ടണം.

''നോക്കൂ. എന്റെ കുട്ടികള്‍. അവരില്‍ ഏറെപ്പേരും ജോലികള്‍ ചെയ്തു പണമുണ്ടാക്കിയാണ് പഠിക്കാനെത്തുന്നത്. പെണ്‍കുട്ടികള്‍ ട്യൂഷനെടുക്കും. ആണ്‍കുട്ടികള്‍ക്ക് ഓപ്ഷനുകള്‍ ഏറെയാണ്. കല്യാണ സദ്യ വിളമ്പാന്‍ പോകും, പന്തല്‍ പണി, അവധി ദിനങ്ങളില്‍ കെട്ടിടങ്ങളുടെ വാര്‍ക്കല്‍ പണികള്‍, ചെറു വള്ളങ്ങളില്‍ മീന്‍പിടുത്തം....ഇത്തരത്തില്‍ എന്തെങ്കിലും ജോലി ചെയ്തു കാശുണ്ടാക്കി പഠിക്കാനെത്തുന്നവര്‍ '' സര്‍ക്കാര്‍ ജോലിയ്ക്കായുള്ള പരീക്ഷ തയാറെടുപ്പുകളും ഇതിനിടയിലുണ്ടാകും. ഇത്തരം എല്ലാത്തിനും ഇടയില്‍ക്കൂടി പഠിപ്പിനൊരു ക്രമം അവര്‍ ഉണ്ടാക്കിയിട്ടുണ്ടാകും- ഓരോരുത്തരും തങ്ങളുടെ ജീവിതപരിസരത്തിന് അനുസരിച്ച്.

പക്ഷെ കൊറോണ തകര്‍ത്തുകളഞ്ഞത് അതാകുന്നു. കുട്ടികള്‍ക്കു മാത്രമല്ല അവരുടെ രക്ഷിതാക്കള്‍ക്കും ജോലികള്‍ നഷ്ടമായി. പലരുടേയും ചുമലില്‍ വായ്പകളുടെ വലിയ ഭാണ്ഡം. എടുത്തിരുന്ന ജോലികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആവുന്നില്ല. പുത്തന്‍ തുറവികളാവട്ടെ ഉണ്ടാകുന്നതുമില്ല. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള കൂട്ടായ്മകളായതോടെ നേരത്തെ ഉണ്ടായിരുന്ന തരത്തിലെ വിവാഹവും സദ്യയും വിളമ്പലും ഒക്കെ ഇല്ലാതെയായി. കുട്ടികളുടെ ജോലികളും. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ എല്ലാ ദിവസും ഡാററ നിറച്ച മൊബൈലോ ലാപ്‌ടോപ്പോ സഹിതം ക്ലാസ് കേള്‍ക്കാനിരിക്കാനവര്‍ക്ക് ആവുന്നില്ല. കൂടുതല്‍ പേരും മൊബൈലിനെയാണ് ആശ്രയിക്കുന്നത്. ലാപ്പും ടേബിള്‍ ടോപ്പുമൊക്കെ നല്ല പങ്കിനും ഇപ്പോഴും ആര്‍ഭാടമാകുന്നു. ശേഷികുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ പാതിവഴിയില്‍ പണിമുടക്കും. അല്ലെങ്കില്‍ ഡാറ്റ തീരും. അതുകൊണ്ട് റിയല്‍ടൈം ക്ലാസിനു നില്‍ക്കാറില്ല ഇപ്പോള്‍. റെക്കോഡ് ചെയ്ത് ഇടും. കുട്ടികള്‍ക്ക് സാധ്യമാകുന്ന സമയത്ത് അവര്‍ കാണട്ടെ.

എല്ലാ ക്ലാസുകളിലും ഒരു പത്തു ശതമാനം കുട്ടികളുണ്ടാകും. പഠിപ്പിസ്റ്റുകളുടെ ഗണത്തില്‍പ്പെട്ട, സൗകര്യങ്ങളെല്ലാമുള്ള, മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍. അവര്‍ക്കു കാര്യമായ പ്രശ്‌നമൊന്നുണ്ടാകുകയില്ല. പക്ഷെ ബഹുഭൂരിപക്ഷത്തിന്റേയും അവസ്ഥ അതല്ല. വലിയൊരു പരീക്ഷണത്തിലേക്കാണ് കുട്ടികളെ എടുത്തെറിഞ്ഞത്.പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ വിഷമിക്കുന്നുണ്ട്. കടുത്ത മനോവിഭ്രമങ്ങളിലേക്കും വിഷാദങ്ങളിലേക്കും അവര്‍ വീണുപോകുന്നതായി തോന്നുന്നു. സംസാരിക്കുമ്പോള്‍ തുറവികിട്ടാത്തവരെപ്പോലെ കുട്ടികളുടെ മനസ്സ് പതറുന്നതറിയുന്നു. എന്താണ് ചെയ്യുക? നമ്മള്‍ തന്നെ വല്ലാത്ത അവസ്ഥയിലാണ്. കുട്ടികളുടെ കാര്യം പറയണോ....എവിടെയാണിതിന്ത്യം?

ഒന്നര മണിക്കൂറിലേറെ ആ അധ്യാപിക വ്യാകുലതകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇത്തരം നൂറു കണക്കിന് അധ്യാപകര്‍ ഈ നാട്ടില്‍ എല്ലായിടത്തും ഉണ്ടാകും. പലതലങ്ങളില്‍ പഠിപ്പിക്കുന്നവര്‍. കുട്ടികളെ കുറിച്ച് നിരന്തരം വേവലാതിപ്പെടുന്നവര്‍. അധ്യാപനമല്ലെങ്കിലും മറ്റു പല തൊഴിലിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്കുമുണ്ടാകും മഹാവ്യാധിയുടെ ഭീതികള്‍ അന്തമില്ലാതെ തുടര്‍ന്നുപോകുന്ന ഇക്കാലത്ത് സമാനമായ ആന്തരിക സമ്മര്‍ദ്ദങ്ങളും വേവലാതികളും വ്യാകുലതകളും.


വ്യാകുലതകള്‍ രൂപപ്പെടുന്നത്; മറികടക്കുന്നത്
വ്യാകുലതാകാലം മറികടക്കാന്‍ എന്താണ് ചെയ്യാന്‍ ആവുക? അനിശ്ചിതത്വങ്ങളാല്‍ നിബിഡമാകുന്നു ജീവിതം എന്നു തത്വവിചാരം നടത്താന്‍ സാധിക്കും. വിശേഷിച്ചും പട്ടിണിയും മറ്റു തരത്തിലുള്ള വിഷമകരമായ സാഹചര്യങ്ങളും നേരിട്ട് അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക്. മഹാവ്യാധീകാലങ്ങളില്‍ ഇത്തരം അനിശ്ചിതത്വങ്ങള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ടായിട്ടുണ്ടെന്നും മറ്റും പറഞ്ഞുകൊണ്ടേയിരിക്കാം. ഇത്തരം വാചകമടികള്‍ക്കിടെ ജീവിതത്തില്‍ നിന്നും സ്വയം ഇറങ്ങിപ്പോകുന്നവരെ കുറിച്ചുള്ള, ജീവതമെന്ന മഹാസാധ്യതയെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസവും പുറത്തുവരുന്നുണ്ട്. ആരെങ്കിലും അതൊക്കെ ശ്രദ്ധിയ്ക്കുന്നുണ്ടോ? നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെ കുറിച്ച് വേവലാതിപ്പെട്ടിട്ടെന്തെന്നും ചോദിക്കാം. പക്ഷെ, നേരത്തെ കണ്ട ടീച്ചര്‍ പങ്കുവെച്ച, അവരുടെ കുട്ടികള്‍ കടന്നുപോകുന്ന വിഷമതകള്‍ക്കുള്ള പരിഹാരങ്ങള്‍ ആകുന്നില്ല അത്തരം യുക്തിവിചാരങ്ങളൊന്നും.

അനിശ്ചിതത്വം മറ്റൊരു കാലത്തും ഇല്ലാത്ത തരത്തില്‍ ജീവിതത്തെ അപ്പാടെ ഗ്രസിച്ചുകഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യം തന്നെ. കൊറോണ മഹാവ്യാധി സമ്പദ് വ്യവസ്ഥയെ, തൊഴിലിനെ, ധനസ്ഥാപനങ്ങളെ, ബന്ധസ്വരൂപങ്ങളെ, പഠിപ്പിനെ എന്തിന് വൈകാരികതയേയും മനോവ്യാപരങ്ങളേയും പോലും ആഴത്തില്‍ ബാധിച്ചു. ജീവിതത്തിന്റെ പതിവിടങ്ങളെ പുനര്‍നിര്‍വചിച്ചു. നിരന്തരം അടച്ചുപൂട്ടലിനു വിധേയമാകുന്ന തൊഴിലിടങ്ങള്‍, വേതന പിടുത്തങ്ങള്‍. തൊഴില്‍ നഷ്ടങ്ങള്‍. കടുത്ത ആരോഗ്യ വെല്ലുവിളികള്‍ക്കു നടുവിലും ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ. ഇങ്ങനെ തീഷ്ണമായ ജീവിതസാഹചര്യങ്ങളോട് മല്ലടിച്ചാണ് ഓരോ ദിവസവും കടന്നുപോകുന്നത്. വലിയ വിഭാഗം ആളുകള്‍ വീടുകളിലേക്ക് ഒതുങ്ങേണ്ടിവന്നുവെങ്കില്‍ മറ്റൊരു വിഭാഗം, വിശേഷിച്ചും പ്രഫഷണലുകളും ദിവസവേതനക്കാരുമടക്കം തീര്‍ത്തും ഗുണാത്മകമല്ലാത്ത സാഹചര്യത്തില്‍ നീണ്ട നേരം ജോലി ചെയ്യേണ്ടിവരുന്നു. സ്ത്രീകളും മറ്റും രാത്രി വൈകിയും തൊഴിലിടങ്ങളില്‍ തുടരേണ്ട അവസ്ഥ.

ഇതിനൊപ്പമാണ് നഷ്ടമാകുന്ന സാമൂഹിക ജീവിതം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. കൂട്ടായ്മകള്‍ക്ക് മേലെ നിയന്ത്രണങ്ങള്‍ വന്നുവീണു. പൊതു ഇടങ്ങളിലെ ജീവിതം തന്നെ ഇല്ലാതെയായി. പലവിധ ഭീതികള്‍ എല്ലാവരേയും പകുത്തെടുത്തിരിക്കുന്നു. മറ്റു ജീവജാലങ്ങളേക്കാള്‍ സുരക്ഷിതത്വത്തിന് പ്രാമുഖ്യം കാണിക്കുന്നവരാണ് മനുഷ്യര്‍. എതിരുകളെ കാഴ്ചവട്ടങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക എന്നതാണ് മനുഷ്യപ്രകൃതി. ഈ ത്വര മഹാവ്യാധീകാല ജീവിതത്തെ അന്യത്ര കാണാത്തവണ്ണം പ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞു. എപ്പോഴും സുരക്ഷിതരായിരിക്കണമെന്നും സ്വാസ്ഥ്യം അനുഭവിക്കണമെന്നുമുള്ള അടിസ്ഥാന ശീലത്തില്‍ നിന്നും പുറത്താവുമ്പോള്‍ എല്ലാവരും അസ്വസ്ഥ ചിത്തരാകുന്നു. നമ്മുടെ ചുറ്റുമുള്ള സാഹചര്യങ്ങളെ വരുതിയ്ക്കു നിര്‍ത്താന്‍ ശ്രമിച്ച് കഴിയാതെ വരുമ്പോള്‍ വ്യക്തി എന്നതുപൊലെ അവരുടെ സംഘജീവിതത്തെ നയിക്കുന്ന ബൃഹദാഖ്യാനങ്ങളായ-മെറ്റാനറേറ്റീവുകളായ- ഭരണകൂടങ്ങളും മതസ്ഥാപനങ്ങളും മറ്റ് വ്യവസ്ഥാപിതമായ എല്ലാ നെടുംതൂണുകളും ചാഞ്ചാട്ടം തുടങ്ങുന്നു. ജനങ്ങള്‍ ഇത്തരം സംവിധാനങ്ങളെ കുറിച്ച് ആശങ്കാകുലരാവുകയും അവയ്‌ക്കെതിരെ തിരിയുകയും ചെയ്യും. സാമൂഹിക ജീവിതത്തെ വല്ലാതെ ഉലയ്ക്കുന്ന ആധിബാധ്യതകളായി ഇവയെല്ലാം ചേര്‍ന്ന് പരിണമിക്കുന്നു.

എവിടെയാണിതിനവസാനം എന്നാരാഞ്ഞാരാഞ്ഞ് ഉത്തരം കിട്ടാതെയാകുന്ന വ്യക്തികളാവട്ടെ സ്വന്തം സ്വച്ഛതകള്‍ കണ്ടെത്താനായി നടത്തുന്ന നെട്ടോട്ടം എവിടേയും എത്താതെ വരുമ്പോള്‍ പലതരത്തിലുള്ള കുഴമറിച്ചിലുകളില്‍ പെടുന്നു. കടുത്ത സ്വത്വാനിശ്ചിതയിലേക്ക് ഇത് അവരെ കൊണ്ടുപോകുന്നു. ഊണും ഉറക്കവും നഷ്ടപ്പെട്ടവരായി , അക്ഷരാര്‍ത്ഥത്തില്‍ പൊറുതി മുട്ടിയവരായി മാറുന്ന അവര്‍ അതുവരെ വിശ്വസിച്ചുകൊണ്ടിരുന്നവയെ എല്ലാം കടുത്ത അവിശ്വാസത്തിന്റെ കള്ളിയിലാക്കി തിരിച്ചു നിര്‍ത്തുന്നു. ജീവിതം അപ്പാടെ തന്നെ വലിയ ബാധ്യതയായി പരിണമിക്കുകയും സ്വാസ്ഥ്യം അന്യമാകുകയും പൊറുതി അറ്റവരായി തീരുകയും ചെയ്യും. മഹാവ്യാധി കാലത്തെ കടുത്ത ക്ലേശം (Pandemic Fatigue) എന്നും മറ്റും മനോരോഗ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്ന അവസ്ഥ വന്നുപെടുന്നു. അത്യന്ത വിഷാദം, കടുത്ത ഉദ്കണ്ഠ, ഭീതി, ഉറക്കമില്ലായ്മ, അസ്വസ്ഥത തുടങ്ങിയ രോഗാവസ്ഥകളിലേക്ക് ജനങ്ങളെ അപ്പാടെ നയിച്ചു കൊണ്ടുപോകുന്ന അവസ്ഥ. വ്യക്തിനിഷ്ഠവും സമൂഹനിഷ്ഠവുമായ രോഗാവസ്ഥകളില്‍ പെട്ട് പൊറുതിമുട്ടിയവരുടെ മഹാസമുദ്രമായി കൊവിഡ് കാലത്തെ ലോകം മാറി.

ഇതിനൊക്കെ അറുതിയുണ്ടോ? നാളെ എന്താകും എന്നുതുടങ്ങിയ ആധികള്‍ എല്ലാവരേയും പിടികൂടി.ഏറ്റവും വിഷമം പിടിച്ച അവസ്ഥയാണിത്. ഡോ. ജെയിംസ് എഫ് സെന്‍ഡര്‍(James F. Zender) എഴുതുന്നു: ''In the field of traumatology, a traumatic situation that is ongoing and without a discrete endpoint is considered one of the most difficult to manage.'' ഇതിനൊപ്പം കൊറോണാ വൈറസിനെ കുറിച്ചും അതുണ്ടാക്കിയിരിക്കുന്ന ആരോഗ്യപരവും സാമൂഹികവുമായ അവസ്ഥാവിശേഷങ്ങളെ കുറിച്ചും പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും ആളുകളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന തരത്തിലാവുന്നു. ഇതിനാരേയും പഴി പറഞ്ഞിട്ടുകാര്യമില്ല. ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ പരസ്പരം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമായി തോന്നിയേക്കാം.

വിവരങ്ങള്‍ അപ്പാടെ കുഴമറിച്ച (Information chaos) അവസ്ഥയിലേക്ക് ആളുകളെ ഇത് എത്തിച്ചുവെന്നും വന്നേക്കാം. വിദൂരങ്ങളില്‍ ഇരുന്ന് ക്ലാസ് എടുക്കുന്നവരും പഠിക്കേണ്ടിവരുന്നവരുമൊക്കെ ഇത്തരം കുഴമറിച്ചിലുകളുടെ ഇരകളായി പെട്ടന്നു തന്നെ മാറുന്നു:
''One of the things we're struggling with is the daily influx of new and often conflicting information about the virus. Parents of school-age children are tasked with having to make difficult decisions about in-person or distance learning. Already stressed out and stretched to the limit, teachers are trying to navigate these difficult waters as educators while dealing with their own personal anxieties and concerns. Parents of college-age children are stressed out not only setting up their children to live away from home, some for the first time, but are worried thinking their child could get exposed to a serious virus and fall ill.''

ഇത്തരത്തിലെ ആധികളും ഭീതികളും അനിശ്ചിതത്വങ്ങളും ഓരോരുത്തരിലും കടുത്ത സമ്മര്‍ദ്ദങ്ങളും ഉദ്കണ്ഠകളും ശക്തിക്ഷയവും സൃഷ്ടിക്കുന്നു. ആത്യന്തികമായി ജീവിതത്തിന്റെ ദിശനഷ്ടപ്പെട്ട അവസ്ഥ. വൈകാരികമായ വറുതിയിലകപ്പെട്ട് ഓരോരുത്തരും തുഴ നഷ്ടപ്പെട്ട് ജീവിതത്തിന്റെ ആഴക്കയത്തിലേക്ക് നിപതിക്കുകയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ജീവിതം. മഹാവ്യാധികള്‍ സൃഷ്ടിക്കുന്ന ഇത്തരം കടുത്ത മാനസികാഘാതങ്ങള്‍ വ്യാധികാലം കഴിഞ്ഞാലും കുറെക്കാലം കൂടി തുടരുന്നതായിട്ടാണ് കണ്ടുവരാറുള്ളത്. അനിശ്ചതത്വം നിറഞ്ഞ സാമൂഹ്യസാഹചര്യങ്ങള്‍ നീളുന്നത് ഒരു കൂട്ടം മനോവ്യാധികളെ സമൂഹത്തിന് സമ്മാനിക്കുന്നതായി ഡോ. അന്റോണി പെലിസ്സോളോ( Antoine Pelissolo ) പോലുള്ള മനശാസ്ത്ര വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: ''Nothing fuels anxiety like uncertainty.''


ഇത്തരം പ്രതിസന്ധിഘട്ടങ്ങളുടെ അതിജീവനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഓരോ വ്യക്തിയുടേയും സഹനശേഷിയും സ്ഥൈര്യവും പരിഗണിക്കേണ്ടതുണ്ട്. പ്രവചനാതീതവും പ്രതിസന്ധികള്‍ നിറഞ്ഞതുമായ ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ ചില ആളുകള്‍ അനുപമമായ സര്‍ഗാത്മകതയും ധീരതയും പ്രകടിപ്പക്കുന്നതായി കാണാം. പക്ഷെ ഭൂരിപക്ഷം ആളുകളുടേയും അവസ്ഥ അതല്ല. അവര്‍ വളരെ പൊടുന്നനവെ തന്നെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടുകയും പ്രത്യാശ അറ്റവരായി തീരുകയും ചെയ്യും. വിപരീതങ്ങളുടെ ആധിക്യത്തില്‍ ജീവിക്കേണ്ടിവരുമ്പോള്‍ എത്രമേല്‍ പ്രത്യാശരഹിതമായ സാഹചര്യമാണെങ്കിലും അവയില്‍ നിന്നും പുറത്തുകടക്കുന്നതിന് സാധിക്കുമെന്ന ആത്മവിശ്വാസം ആര്‍ജ്ജിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.
സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളേയും നമുക്ക് നിയന്ത്രിച്ച് നിര്‍ത്താനോ നമ്മുടെ പരിധിയില്‍ കൊണ്ടുവരാനോ സാധിക്കില്ല.അനിശ്ചിതത്വം എന്നത് ജീവിതത്തിന്റെ സഹജമായ സ്വഭാവമാണെന്ന് തിരിച്ചറിയാനുള്ള ശേഷിയാണ് പ്രാഥമികമായി വേണ്ടത്. ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളൊക്കേയും നമ്മുടെ ഇച്ഛയ്ക്കനുസരിച്ചാവില്ലെന്ന അറിവ് അനിവാര്യമാണ്. കൊറോണ വൈറസ് ലോകത്താകമാനം പടര്‍ന്നുപിടിച്ചതോടെ ജീവിതം അതുവരെ സാധ്യമായ തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതെയായി. ഉറങ്ങിയെണീറ്റപ്പോള്‍ ഉറ്റവരെ നഷ്ടപ്പെടുകയും തൊഴിലിടം പൂട്ടിപോവുകയും രോഗാതുരരാകുകയും അഷ്ടിക്കുമുട്ടുണ്ടാവുകയും ഒക്കെ ചെയ്തിട്ടുണ്ടാകാം. നാടു മുഴുവന്‍ വ്യാധി പടരുമ്പോള്‍ ഭരണകൂടങ്ങളും അധികാരസ്ഥാനങ്ങളും വ്യവസ്ഥിതി അപ്പാടെ തന്നേയും പലപ്പോഴും നിസ്സഹായരായി തീരുകയും ചെയ്‌തേക്കാം. ജീവിതത്തിന്റെ സാധാരണനില ഒരിയ്ക്കലും തിരിച്ചുകിട്ടുകയില്ലെന്ന ഭീതി സൃഷ്ടമായിട്ടുണ്ടാകാം. ആശയറ്റുപോകാന്‍ നൂറു കാരണങ്ങള്‍ ചുറ്റും ദിവസം തോറും രൂപപ്പെടുകയും ചെയ്‌തേക്കാം. അവിടെ നാം മുട്ടിവീഴാതിരിക്കുക എന്നതാണ് പ്രധാനം.

വ്യാകുലപ്പെടുക എന്നത് പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു കവചമായി തീരുമെന്ന് പല ഗവേഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു പരിധിവരെയുള്ള വ്യാകുലത ഗുണാത്മകം-positive stressor-ആയിത്തീരുന്നു. പക്ഷെ അത് നീണ്ടുപോകുന്നത് നല്ലതല്ല. ഉറങ്ങിയുണരുമ്പോള്‍ എല്ലാം ഒരു സ്വപ്‌നം പോലെ മാറിമറിയുമെന്ന തരത്തിലുള്ള ശൂന്യപ്രത്യാശകളില്‍ നിന്നും പുറത്തുകടക്കാന്‍ വ്യാകുലത സഹായിക്കുമെന്ന് അവര്‍ പറയുന്നു. തീര്‍ത്തും ഗൂണാത്മകമല്ലാത്ത സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കുന്നതിനുള്ള പല സൂചനകളും വ്യാകുല ചിന്തകള്‍ വ്യക്തികളിലേക്ക് എത്തിച്ചേക്കാം. അല്ലെങ്കില്‍ ഏറ്റവും മോശമായ സാഹചര്യത്തെ ഉള്‍ക്കൊള്ളാന്‍ മനസ്സുകൊണ്ട് ഓരോരുത്തരേയും പ്രാപ്തരാക്കാന്‍ ഇത്തരം വ്യാകുലതാഭാവങ്ങള്‍ സഹായകരമായേക്കാം. നിരന്തരം ഒരേ കാര്യത്തെ കുറിച്ച് ചിന്തിക്കുകയും അത് പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുകയും ചെയ്യുമ്പോള്‍ അറിയാതെ തന്നെ ഒരു പരിഹാര ചിന്ത രൂപപ്പെട്ടേക്കാം. അഥവാ, അതിന്റെ ആഘാതത്തെ ഉള്‍ക്കൊള്ളാന്‍ സ്വയം പരുവപ്പെട്ടേക്കാം. ഈ തരത്തിലാണ് വ്യാകുലതയും സമ്മര്‍ദ്ദങ്ങളും ഗുണകരമാകുമെന്ന് പറയുന്നത്.

പക്ഷെ ഇത്തരത്തില്‍ രൂപപ്പെടുന്ന പരിഹാര ചിന്തകളൊന്നും പ്രതിസന്ധികളില്‍ നിന്നും ഒരാളെ പുറത്തുകൊണ്ടുവരണമെന്നില്ല. ദീര്‍ഘദീര്‍ഘങ്ങളായ വ്യാകുലതകള്‍ ഒരുകാരണവശാലും ഗുണകരമായ തരത്തില്‍ മനസ്സിനെ പരുവപ്പെടുത്താനിടയില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. നീണ്ടുനില്‍ക്കുന്ന വ്യാകുലതകള്‍ ആകെ പിടിവിട്ടുപോകുന്ന സാഹചര്യങ്ങളിലേക്ക് ആളുകളെ കൊണ്ടുചെന്നെത്തിക്കും. ചുറ്റുമുള്ള കാര്യങ്ങളെ യഥാതഥമായി മനസ്സിലാക്കാനും അവയെ സൂക്ഷ്മവും വസ്തുനിഷ്ഠവുമായി നിരീക്ഷിക്കാനും മനനം ചെയ്യാനും പറ്റാത്ത അവസ്ഥയിലാക്കുകയും ചെയ്യും. അതുകൊണ്ടു വര്‍ത്തമാനകാലത്തെ യുക്തിസഹമായി ഉള്‍ക്കൊണ്ട് സ്വയം വിശദീകരിക്കാനും ബോധ്യപ്പെടാനുമുള്ള ഇക്കോസിസ്റ്റം രൂപപ്പെടുത്തുക എന്നതാണ് പ്രധാനം.

പരമാവധി ഉദ്കണ്ഠ കുറച്ചുകൊണ്ടുവരണം. മനോസമ്മര്‍ദ്ദത്തിന്റെ നിലയും അതുപോലെ കുറയ്ക്കാന്‍ സാധിക്കണം. അനിശ്ചിതത്വങ്ങളെ ഉള്‍ക്കൊള്ളാനാകില്ലെന്ന മനോനിലയില്‍ നിന്നും പുറത്തുവരണം. സഹനവും സഹിഷ്ണുതയും കഴിയാവുന്നത്ര സ്വായത്തമാക്കണം. നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്ന കാര്യങ്ങളില്‍ മനസ്സ് കേന്ദ്രീകരിക്കണം. എല്ലാം നിശ്ചിതമായ വഴികളിലൂടെ തന്നെ പോകണമെന്ന നിഷ്ടയെ സ്വയം വെല്ലുവിളിക്കാന്‍ സാധിക്കണം. അത് അനിശ്ചിതത്വങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് നേടിത്തരും.
എന്നാണിതിനറുതിയാകുക എന്ന് നമ്മള്‍ ആദ്യം കണ്ട അധ്യാപികയെപ്പോലെ ഓരോരുത്തരും ചോദിച്ചുകൊണ്ടിരിക്കുകയാണ്. ചിന്തിയ്ക്കുകയും വ്യാകുലപ്പെടുകയുമാണ്. കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ ഒരു വ്യക്തിക്ക് ആവില്ലെന്ന് വന്നേക്കാം. അതുപോലെ തന്നെ സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് വരില്ല. പക്ഷെ, പലതും കൈപ്പിടിയിലുണ്ടെന്ന കാര്യം മറക്കരുത്. ഓരോരുത്തരടേയും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ പലതും ചാരെ തന്നെയുണ്ടാകും. പക്ഷെ കടുത്ത വികാര വിക്ഷോഭങ്ങളില്‍ പെട്ടുപോയി അവയെ കാണാനാവാത്ത സാഹചര്യം ഉണ്ടാക്കരുത്. മഹാവ്യാധികള്‍ ഓരോരുത്തരിലും പുതിയ സ്വഭാവ സവിശേഷതകള്‍ രൂപപ്പെടുത്തുന്നുണ്ടാകും. ക്ഷമയോടേയും സഹിഷ്ണുതയോടേയും അവയെ നിരീക്ഷിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കണം. അന്തമില്ലാതെ നീണ്ടുപോകുന്ന മഹാവ്യാധികാലത്ത് വൈകാരികാവസ്ഥകളെ ഫലപ്രദമായി മാനേജ്‌ചെയ്യുക എന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. പലപ്പോഴും മറ്റുള്ളവരില്‍ നിന്നും പഠിച്ചെടുക്കുന്നതിലേറെ സ്വയം ശീലിച്ചെടുക്കേണ്ടകാര്യം.
അവലംബം:
1. Depression and Pandemic Pandemic Fatigue þJames F. Zen-der, Psychology today, Sep 09, 2020
2. FEAR IN THE TIME OF PANDEMIC, Sciences Po
3. Stress resilience during the coronavirus pandemic, Elsevier Public Health Emergency Collection, May 11, 2020Next Story

Related Stories