TopTop
Begin typing your search above and press return to search.

NEWS WRAP | ഒന്ന് ശിവശങ്കറിന്റെ കയ്യില്‍, വില കൂടിയ ആ ഐ ഫോണ്‍ എവിടെ?

NEWS WRAP | ഒന്ന് ശിവശങ്കറിന്റെ കയ്യില്‍, വില കൂടിയ ആ ഐ ഫോണ്‍ എവിടെ?


നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർ ചെയ്ത കേസിൽ എം. ശിവശങ്കർ അഞ്ചാംപ്രതി. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇന്നലെ സാമ്പത്തിക കുറ്റകൃത്യകേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി ശിവശങ്കറിനെ ഏഴുദിവസത്തേക്കാണ് ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതേസമയം തുടര്‍ച്ചയായി ചോദ്യം ചെയ്യരുത് എന്നതടക്കമുള്ള കര്‍ശന നിബന്ധനകളും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ആറാം പ്രതി. ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ നാലുദിവസത്തേക്ക് ഇ.ഡി.യുടെ കസ്റ്റഡിയിൽ വിട്ടു.

ബംഗളൂരു മയക്കുമരുന്നു കേസില്‍ കേന്ദ്ര നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ എറണാകുളം സ്വദേശി അനൂപ് മുഹമ്മദിനെ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിനീഷിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കിട്ടിയത്. അനൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വന്നത് ബിനീഷിന്റെ അറിവോടെയാണെന്നാണു ഇ ഡിയുടെ കണ്ടെത്തല്‍. "20 അക്കൗണ്ടുകളിൽനിന്നായി വന്ന 50 ലക്ഷം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷിന് അറിയാമെന്ന മുഹമ്മദ് അനൂപിന്റെ മൊഴിയാണ് അറസ്റ്റിലേക്കു നയിച്ചത്. അക്കൗണ്ടുകൾവഴി ലഭിച്ച പണം ഉപയോഗിച്ചാണ് അനൂപ് ലഹരിമരുന്നുകച്ചവടം നടത്തിയത്. ലഹരിക്കേസിൽ അന്വേഷണം നടത്തുന്ന എൻ.സി.ബി.യും ബിനീഷിനെതിരേ കേസെടുക്കും" എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഇരട്ട ഇഡി' എന്ന തലക്കെട്ടോടെയാണ് മാതൃഭൂമി ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തിരിക്കുന്നത്.

അതേസമയം ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ ബിനീഷ് കൊടിയേരിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞില്ല എന്ന കാര്യവും അകത്തെ പേജിലെ വാര്‍ത്തയുടെ സൂചന നല്‍കിക്കൊണ്ട് ഒന്നാം പേജില്‍ കൊടുത്ത് വിവാദ വിഷയത്തില്‍ മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്ന് അറിയാനുള്ള ആകാംക്ഷയെ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ശിവശങ്കര്‍ വിഷയത്തിലുള്ള വിശദീകരണം മുഖ്യമന്ത്രി എഴുതിവായിക്കുകയായിരുന്നു എന്ന കാര്യവും സൂചിപ്പിച്ചിട്ടുണ്ട്.

ഇന്നത്തെ കാപ്സൂളിന് ലേശം മയക്കം ഉണ്ടാവും എന്നു കോടിയേരി പിണറായിയോട് പറയുന്ന കാര്‍ട്ടൂണോടെയാണ് മലയാള മനോരമ ലീഡ് വാര്‍ത്തയായി ബിനീഷ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. കൊടിയേരിയുടെ പിറകില്‍ സി പി എമ്മിന്റെ സാമൂഹ്യ മാധ്യമ ഇടപെടല്‍ സംബന്ധിച്ചു നയം വ്യക്തമാക്കിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ശിവശങ്കര്‍ കാപ്സൂള്‍ ബോക്സ് തോളില്‍ തൂക്കിയും ബിനീഷ് കാപ്സൂള്‍ പെട്ടി കയ്യില്‍ പിടിച്ചും അനുഗമിക്കുന്നത് കാണാം. തങ്ങളെ നിരന്തരം നവമാധ്യമങ്ങളില്‍ ആക്രമിക്കുന്ന സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ക്കുള്ള കൊട്ട് കൂടിയാണ് മനോരമയുടെ ഈ കാര്‍ട്ടൂണ്‍.

മനോരമ ഓണ്‍ലൈന്‍ ബിനീഷുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കഥകള്‍ അടക്കം അയാളുടെ വ്യക്തിചിത്രം വിശദമായി തന്നെ നല്‍കാന്‍ വിവിധ സ്റ്റോറികളിലൂടെ ശ്രമിച്ചത് കാണാം. ലഹരിപ്പുകമറ: കന്നഡ ലഹരിക്കേസിലേക്ക് സിനിമയ്ക്കൊപ്പം രാഷ്ട്രീയച്ചേരുവയും, ബികെ 36:വിവാദങ്ങൾ, രണ്ടേ രണ്ടു സമ്പാദ്യം! ഡസൻകണക്കിന് കേസുകൾ; ആർഭാട ജീവിതം, ബിനീഷ് എന്നാൽ 'ബെനാമി'; ഉന്നതബന്ധങ്ങൾ, എന്നും വിവാദതോഴൻ, ഒടുവിൽ അറസ്റ്റിൽ -എന്നിങ്ങനെ വിവിധ തലക്കെട്ടുകളോടെയാണ് വാര്‍ത്തകള്‍.

വായിക്കാം: ബിസിനസ് മുതൽ ക്രിക്കറ്റ് വരെയുള്ള താത്പര്യങ്ങൾ, കവിയൂർ മുതൽ ലഹരി മരുന്നു കേസുവരെയുള്ള ആരോപണങ്ങൾ, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെന്ന നിലയിൽ ബിനീഷിന്റെ ജീവിതം
ശിവശങ്കറുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വാര്‍ത്ത മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത് വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ്. യൂണിടാക് സി ഇ ഒ സന്തോഷ ഈപ്പന്‍ നല്‍കിയ ഒരു ഐ ഫോണ്‍ ശിവശങ്കറാണ് ഉപയോഗിക്കുന്നത് എന്നാണ് വാര്‍ത്ത. സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഐഫോണിന്റെ ഐ എം ഇ ഐ നംബറും ശിവശങ്കര്‍ ഉപയോഗിയ്ക്കുന്ന ഫോണ്‍ സംബന്ധിച്ചു ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലെ ഐ ഫോണിന്റെ ഐ എം ഇ ഐ നംബറും ഒന്നാണ് എന്നാണ് മനോരമയുടെ വാര്‍ത്ത പറയുന്നത്. രണ്ടു രേഖകളും വാര്‍ത്തയ്ക്കൊപ്പം നല്‍കിക്കൊണ്ട് വാര്‍ത്തയുടെ ആധികാരികത ഉറപ്പിക്കാന്‍ മലയാള മനോരമ ശ്രമിച്ചിട്ടുണ്ട്.

സന്തോഷ് ഈപ്പന്‍ നല്‍കിയ ഒരു ഫോണ്‍ രമേശ് ചെന്നിത്തലയ്ക്കാണ് കൊടുത്തത് എന്നു പറഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ചെന്നിത്തല ഈപ്പനെതിരെ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തിരുന്നു. അതേസമയം സന്തോഷ് ഈപ്പന്‍ കൈമാറിയ 6 ഫോണുകളില്‍ 1.14 ലക്ഷം വില വരുന്ന ഫോണ്‍ ആരുടെ കയ്യിലാണ് എന്നു കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി എന്നൊരു വാര്‍ത്തയും ബോക്സില്‍ ഒന്നാം പേജില്‍ തന്നെ മനോരമ കൊടുത്തിട്ടുണ്ട്.

കോവാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍

ഇന്ത്യയുടെ കോവിഡ് 19 വാക്സിനായ കോവാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍സില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരെ ആയിരിയ്ക്കും ഉള്‍പ്പെടുത്തുക. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഐ സി എം ആറുമായി സഹകരിച്ച ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്സിന്‍ ആണ് കോവാക്സിന്‍. മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിനുള്ള ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഈ ആടുത്തകാലത്താണ് കിട്ടിയത്. ട്രയല്‍സ് നടത്തുന്നതിനായി ഭാരത് ബയോടെക് ഡല്‍ഹി സര്‍ക്കാരിനെ ശമീപിച്ചതായി ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴുത്തറുക്കുന്ന ഭീകരത

തെക്കന്‍ ഫ്രെഞ്ച് നഗരമായ നൈസിലെ ഒരു പള്ളിയില്‍ അക്രമി മൂന്നു പേരെ കുത്തിയും കഴുത്തറുത്തും കൊന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കത്തി ഉപയോഗിച്ച് യുവതിയുടെ തലയറുക്കുകയായിരുന്നു. മറ്റു രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തു. അക്രമത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. അതേസമയം, സംഭവം ഭീകരാക്രമണമാണെന്ന് സിറ്റി മേയര്‍ ക്രിസ്റ്റ്യന്‍ എറ്റോര്‍സി അറിയിച്ചു. കത്തിയുമായെത്തിയ ആള്‍ അല്ലാഹു അക്ബര്‍ എന്നു ചൊല്ലിയാണ് അക്രമം നടത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ദേശീയ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ ആക്രമണം ഫ്രെഞ്ച് ജനതയെ ഞെട്ടിച്ചിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ കാണിച്ച് അഭിപ്രായ സ്വാന്ത്ര്യത്തെക്കുറിച്ച് പഠിപ്പിച്ചതിനെത്തുടര്‍ന്നാണ് അധ്യാപകനായ പാറ്റിയുടെ തലയറുത്തത്. കാര്‍ട്ടൂണിലൂടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഭിപ്രായ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫ്രഞ്ച് അധികൃതര്‍ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിക്കുകയും ജനങ്ങള്‍ പാറ്റിക്ക് ഐക്യദാര്‍ഢ്യവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു. അതേസമയം, ഫ്രാന്‍സില്‍ ഇമ്മാനുവേല്‍ മാക്രോണ്‍ ഭരണകൂടം ഇസ്ലാം വിരുദ്ധ അജണ്ട പിന്തുടരുകയാണെന്നാരോപിച്ച് രാജ്യത്തിനകത്തെയും പുറത്തെയും മുംസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

2016ല്‍ അക്രമി ട്രക്ക് ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ട നോത്രെ ദാം പള്ളിയുടെ സമീപത്തായാണ് കത്തി ആക്രമണം നടന്നിരിക്കുന്നത്. ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ചെചെന്‍ വംശജന്‍ തലയറുത്ത് കൊലപ്പെടുത്തിയിന്റെ ഞെട്ടലില്‍നിന്ന് രാജ്യം പതുക്കെ മുക്തിനേടുന്നതിനിടെയാണ് പുതിയ ആക്രമണം.

ജെറമി കോര്‍ബിന്‍ പുറത്ത്

ജൂതവിരുദ്ധ നിലപാടുകളെത്തുടര്‍ന്ന് ജെറമി കോര്‍ബിനെ ലേബര്‍ പാര്‍ട്ടില്‍നിന്നും പുറത്താക്കി. ജൂത വിരുദ്ധതയെക്കുറിച്ചുള്ള ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ വിമര്‍ശനാത്മക റിപ്പോര്‍ട്ടിനെക്കുറിച്ച് നടത്തിയ പ്രതികരണത്തെത്തുടര്‍ന്നാണ് നടപടി. കോര്‍ബിന്റെ നേതൃ കാലയളവില്‍ നടന്ന നിയമവിരുദ്ധ അവഹേളനത്തിനും വിവേചനത്തിനും ലേബര്‍ പാര്‍ട്ടി ഉത്തരവാദികളാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, തന്റെ കാലത്ത് ലഭിച്ച പരാതികളുടെ എണ്ണം രാഷ്ട്രീയ കാരണങ്ങളാല്‍ എതിരാളികള്‍ നാടകീയമായി പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്നായിരുന്നു കോര്‍ബിന്റെ പ്രതികരണം. വിവാദ പ്രതികരണത്തിനൊപ്പം അവ പിന്‍വലിക്കാന്‍ കോര്‍ബിന്‍ വിസമ്മതിക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയ്ര്‍ സ്റ്റാര്‍മെര്‍ പറഞ്ഞു. അതേസമയം, തനിക്കെതിരായ നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും ശക്തമായി അതിനെ എതിര്‍ക്കുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി. എല്ലാ തരത്തിലുള്ള വംശീയതയും ഇല്ലാതാക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ് താന്‍ പുലര്‍ത്തിയിരുന്നതെന്ന് കോര്‍ബിന്‍ പ്രതികരിച്ചു. അതെല്ലാം നടപ്പാക്കാന്‍ കൂടുതല്‍ സമയമെടുത്തു.

കൂടുതല്‍ വായിക്കാം

മറഡോണ

ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് 60-ാം പിറന്നാളാണ് കായിക ലോകം ആഘോഷിക്കുന്ന പ്രധാന വാര്‍ത്ത. 1960 ഒക്ടോബര്‍ 30നു അരാജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് മറഡോണയുടെ ജനനം. പതിനാറാം വയസിലാണ് അരങ്ങേറ്റം. 1986 ഫിഫ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കുമ്പോൾ മാറഡോണയ്ക്ക് 26 വയസ്സ് മാത്രമാണുണ്ടായിരുന്നത്. 1990 ലോകകപ്പിൽ അർജന്റീന ഫൈനലിലെത്തുമ്പോഴും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories