TopTop
Begin typing your search above and press return to search.

ഗുരുനിന്ദയെ കുറിച്ച് വ്യാകുലപ്പെടുന്ന എസ്എന്‍ഡിപി യോഗം ഓര്‍മിക്കേണ്ട ചരിത്രഗതികള്‍; ഇന്‍ജംങ്ഷന്‍ ഉത്തരവില്‍ മുടങ്ങിയത് സമാധിക്കു ശേഷമുള്ള മഹാമണ്ഡല പൂജ

ഗുരുനിന്ദയെ കുറിച്ച് വ്യാകുലപ്പെടുന്ന എസ്എന്‍ഡിപി യോഗം ഓര്‍മിക്കേണ്ട ചരിത്രഗതികള്‍; ഇന്‍ജംങ്ഷന്‍ ഉത്തരവില്‍ മുടങ്ങിയത് സമാധിക്കു ശേഷമുള്ള മഹാമണ്ഡല പൂജ


നാരായണ ഗുരുവിന്റെ ജന്മദിനത്തില്‍ സിപിഎം കരിദിനാചരണം നടത്തിയത് ഗുരുനിന്ദയാണെന്ന് വിമര്‍ശിക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എല്ലാ അവകാശങ്ങളുമുണ്ട്. മറ്റൊരു വിഷയത്തിലെ തങ്ങളുടെ രാഷ്ട്രീയ നിലപാട് അറിയിക്കാനായി അത്തരമൊരു പ്രതിഷേധം നടത്താന്‍ സിപിഎമ്മിനും അവകാശമുണ്ട്. ഇതിനായി ഒരു പ്രത്യേക ദിവസം എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന കാര്യം വിശദീകരിക്കേണ്ടത് സിപിഎമ്മാണ്. എല്ലാവരും താന്താങ്ങളുടെ നിലപാടുകള്‍ പറയട്ടെ.

നാരായണഗുരുവിന്റെ തത്വങ്ങളാല്‍ പ്രചോദിതമായി, അദ്ദേഹത്തിന്റെ പേര് ശീര്‍ഷകത്തില്‍ കൊണ്ടുനടക്കുന്ന സംഘടനയുടെ നേതാവ് എന്ന നിലയിലും നാരായണ ഗുരുവിന്റെ തത്വങ്ങളാല്‍ ആകൃഷ്ടനായ ബഹുമാന്യ വ്യക്തിത്വം എന്ന നിലയിലും വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശം സമൂഹം ശ്രദ്ധിയ്ക്കുകയും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. നല്ല കാര്യം. പക്ഷെ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ഉയര്‍ത്തിയിട്ടുള്ള ഗുരുനിന്ദ എന്ന വിമര്‍ശം ഈ ലേഖകനെ കുറെ പഴയ കാര്യങ്ങളിലേക്ക് കൊണ്ടുപോകുന്നു. യഥാര്‍ത്ഥത്തില്‍ ഗുരുനിന്ദയുടെ കാര്യത്തില്‍ ആരാണ് പിന്നില്‍?

നാരായണ ഗുരു ലോകം വെടിഞ്ഞ് 41-ാം ദിവസം ശിവഗിരിയില്‍ സന്യാസി സംഘത്തിനെന്തുകൊണ്ടാണ് മഹാമണ്ഡല പൂജ നടത്താനാവാതെ പോയതെന്ന കാര്യം ചരിത്രത്തില്‍ ഉണ്ടല്ലോ. അത് നടത്താതിരിക്കാനായി ഇന്‍ജംങ്ഷന്‍ ഉത്തരവ് സമ്പാദിച്ചതാരായിരുന്നു? സമാധിയോട് അനുബന്ധിച്ചുള്ള 41-ാം അടിയന്തരം ആചരിക്കുന്നതിനായി വലിയ തയാറെടുപ്പുകളും നടത്തി. അവിടെയുണ്ടായിരുന്ന കെട്ടിടങ്ങളും ഷെഡ്ഡുകളും മതിയാവില്ലെന്ന് കണ്ട് ശിവഗിരി വയലിന്റെ വടക്കേക്കരയിലുള്ള പിലാവിള കേശവന്‍ മേസ്ത്രിയുടെ കെട്ടിടവും അതിനോട് ചേര്‍ന്ന നീണ്ട പുരകളും കെട്ടിച്ച് വലിയ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. സിലോണ്‍, കാശി. പ്രയാഗ്, ഹരിദ്വാര്‍ തുടങ്ങിയ നാനാ ദിക്കുകളില്‍ നിന്നും നാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായിരുന്ന സന്യാസി വര്യന്മാരുടെ നീണ്ട നിര തന്നെ കാലേകൂട്ടി എത്തിയിരുന്നു. ധര്‍മ്മ സംഘത്തിലെ സന്യാസിമാര്‍ തന്നെ ഏറെപ്പേരെ ക്ഷണിയ്ക്കുകയും ചെയ്തിരുന്നു. സദ്യയ്ക്കും പൂജയ്ക്കും മറ്റുമായി മധുര, തിരുനെല്‍വേലി, ട്രിച്ചി, മദ്രാസ്, കാഞ്ചിപുരം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ നിന്നും ആള്‍വഴിയായും ട്രെയിന്‍ വഴിയായും എത്തിച്ചേര്‍ന്ന പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും കണക്കില്ലായിരുന്നുവെന്ന് സ്വാമി ധര്‍മ്മാനന്ദജി എഴുതി എന്‍ബിഎസ് പ്രസിദ്ധീകരിച്ച 'ശ്രീനാരായണഗുരുദേവന്‍' എന്ന പുസ്തകത്തില്‍ കാണാം.

അത്തരത്തില്‍ മണ്ഡലമഹാപൂജയ്ക്കും അന്നദാനം മുതലായവയക്കും സകല സജ്ജീകരണങ്ങളും നടത്തിയശേഷം ആഘോഷങ്ങള്‍ക്കൊരുമ്പെട്ടപ്പോള്‍ 'പതിവില്‍ക്കവിഞ്ഞ യാതൊരു വിശേഷാല്‍ച്ചടങ്ങളുകളും ശിവഗിരിയിലോ പരിസര പ്രദേശങ്ങളിലോ വെച്ചുനടത്താന്‍ പാടില്ലെ' ന്നു ഇന്‍ജംങ്ഷന്‍ ഓര്‍ഡര്‍ സമ്പാദിച്ചത് ആരായിരുന്നു? എന്തായിരുന്നു അവരെ അതിനു പ്രേരിപ്പിച്ചത്? ഇപ്പോള്‍ ഈ ഗുരുനിന്ദയെ കുറിച്ച് മാഴ്കുന്ന സംഘടയ്‌ക്കെന്തായിരുന്നു അതിലെ പങ്കാളിത്തം? ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി വ്യക്തിപരമായി ആ ചിത്രത്തില്‍ എങ്ങുമുണ്ടായിരുന്നില്ലെന്നത് സത്യം തന്നെ. അദ്ദേഹം ജനിച്ചിട്ടുപോലുമുണ്ടായിരുന്നില്ല അന്ന്. എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരായിരുന്നു സന്യാസി സംഘത്തിന്റെ മഹാമണ്ഡലാചരണം തടയാന്‍ ഉത്തരവ് സമ്പാദിച്ചതെന്നത് ശ്രീനാരായണ പ്രസ്ഥാനങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുള്ള ഡോ. ടി.കെ രവീന്ദ്രനെയും ജി. പ്രീയദര്‍ശനേയും പോലുള്ളവര്‍ പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് മണ്ഡലാചരണത്തിനായി ധര്‍മ്മസംഘം സംഭരിച്ചുവെച്ച സാധനങ്ങളൊന്നും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമായി. പച്ചക്കറി സാധനങ്ങളും പുഷ്പമാല്യങ്ങളും മുറികളില്‍ കുന്നുകൂടി. ഉത്തരവ് ലംഘിക്കപ്പെട്ടേയ്ക്കുമെന്ന് പാരാതിക്കാരായ യോഗം പ്രവര്‍ത്തകര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ജില്ല മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചു. ഒരു സമാധാന ഭംഞ്ജനവും ഇല്ലാതെ ചടങ്ങു നടത്തിക്കൊള്ളാമെന്ന് ഇക്കാര്യം രേഖാമൂലം ഉറപ്പു നല്‍കാമെന്നുമൊക്കെ സംഘാടകര്‍ അറിയിച്ചു. അവിടെ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ അത് ബോധ്യപ്പെടുത്താനായെങ്കിലും ഉത്തരവ് ഭേദം ചെയ്യാന്‍ ആവില്ലെന്ന് ജില്ല മജിസ്‌ട്രേറ്റ് വ്യക്തമാക്കിയതോടെ വഴിമുട്ടി. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരൈയ്യരായിരുന്നു ആ ഉത്തരവ് പുറപ്പെടുവിച്ച ജില്ല മജിസ്‌ട്രേറ്റെന്ന കാര്യവും പറയാതെ വയ്യ. സമാധാന ലംഘനം ഉണ്ടാകുന്ന പരിതസ്ഥിതികള്‍ യാതൊന്നുമില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടും മജിസ്‌ട്രേറ്റ് ഉത്തരവിനെ നിര്‍ദാഷണ്യം പരിപാലിച്ചതായി സ്വാമി ധര്‍മ്മാനന്ദജി പറയുന്നു.

ദൂരദിക്കുകളില്‍ നിന്നും എത്തിയ സന്യാസിമാര്‍ക്കും ക്ഷണിച്ചുവരുത്തിയ അതിഥികള്‍ക്കും ആഹാരമുണ്ടാക്കികൊടുത്തോട്ടെയെന്ന അപേക്ഷയുമായി ആലുംമൂട്ടിലെ എ.കെ. ഗോവിന്ദദാസെത്തി. അത് വിശേഷാല്‍ ചടങ്ങാണെന്നും ഓര്‍ഡര്‍ അനുസരിച്ച് പാടില്ലെന്നും സ്ഥലത്തുണ്ടായിരുന്ന ജില്ല മജിസ്‌ട്രേറ്റ് വ്യക്തമാക്കി. പുഷ്പമാല്യങ്ങള്‍ മുറുക്കുള്ളില്‍ കിടന്ന് അഴുകുന്നു. അത് കെട്ടിത്തൂക്കുകയെങ്കിലും ചെയ്‌തോട്ടെയെന്ന് രണ്ടാമതും ചോദിച്ചു. അതും വിശേഷാല്‍ ചടങ്ങാണെന്നും ഓര്‍ഡര്‍ അനുസരിച്ച് നടത്താന്‍ പാടില്ലെന്നും പറഞ്ഞു തടയുകയായിരുന്നു. ക്ഷണിച്ചുവരുത്തിയവര്‍ക്കുപോലും ഭക്ഷണം കൊടുക്കാന്‍ സാധിക്കാതെ ഇരുന്നതിനാല്‍ ആ ദിവസം എല്ലാവരും നിരാഹാരവ്രതം നടത്തി. മഹാമണഡലാചാരണം മുടങ്ങി. പുഷ്പമാല്യങ്ങളും പച്ചക്കറികളും സദ്യവട്ടങ്ങളുമൊക്കെ അവിടെ കിടന്നു നശിച്ചു. താന്‍ നേരിട്ട കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെന്ന തരത്തിലാണ് സ്വാമി ധര്‍മ്മാനന്ദജി ഇക്കാര്യങ്ങളൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത്.

നാരായണ ഗുരു മരിച്ച് 41 ദിവസം ആകുന്നതിനു മുന്‍പേ ശിവഗിരി കുന്നിലേക്ക് പോലീസിനെ എത്തിച്ചവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ ഗുരുനിന്ദയെ കുറിച്ച് പറയുന്നത്.

'വ്യവഹാര' നിന്ദകള്‍

''ക്രിസ്തുവര്‍ഷം 824ലെ സുപ്രസിദ്ധമായ രാജകീയ ശാസനപ്പടി തളപ്പുകയര്‍ അവകാശക്കാരനും ഏണി അവകാശക്കാരനും മാത്രമായിരുന്ന ഈഴവനെ കേരള ഭരണത്തലവനാക്കാന്‍ പോലുള്ള അവകാശത്തിലേക്ക് എത്തിച്ച ഒരു നൂറ്റാണ്ട് കാലത്തെ ഐതിഹാസികമായ നിരന്തര സമരത്തിന്റെ ചരിത്രമുള്ള'' എസ്എന്‍ഡിപി യോഗം നാരായണ ഗുരുവിന്റെ മരണാനന്തരം നടത്തിയ സ്വത്ത് വ്യവഹാരങ്ങളുടെ ചരിത്രത്തിലേക്കുകൂടി നോക്കിയാല്‍ ഗുരുനിന്ദയുടെ മുഖം കൂടുതല്‍ വ്യക്തമാകും.

നാരായണ ഗുരുവിന്റെ ബുദ്ധിശക്തികള്‍ അന്ത്യകാലത്ത് 'സുപ്തമാ'യിരുന്നുവെന്ന് വ്യവഹാര ആവശ്യത്തിലേക്കാണെങ്കിലും രേഖപ്പെടുത്തിയ പ്രസ്ഥാനമാണ് എസ്എന്‍ഡിപി. ശ്രീനാരായണ ഗുരുവിന്റെ വില്‍പ്പത്രം റദ്ദുചെയ്യണമെന്നും ശിവഗിരിയിലെ സന്യാസി സംഘത്തിന് അദ്ദേഹം സ്വത്തുക്കള്‍ എഴുതിവച്ചത് അസ്ഥിരപ്പെടുത്തണമെന്നും കാണിച്ച് ഗുരുവിന്റെ മരണശേഷം എസ്എന്‍ഡിപി യോഗം തിരുവനന്തപുരം ജില്ല സിവില്‍ കോടതിയില്‍ 1104-ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത അന്യായത്തിലെ 14-ാം ഖണ്ഡിക കാണുക:

''വിവാദ വില്‍പത്രവും ഉടമ്പടിയും നിയമപ്രകാരം അസാധുവും ലൗകിക വിഷയങ്ങളില്‍ തീരെ ആസ്ഥയില്ലാതെയും രോഗപീഢ കൊണ്ടു ക്ലേശിച്ചും വാര്‍ധക്യമതിക്രമിച്ചും ബുദ്ധിശക്തികള്‍ സുപ്തമായും ഇരുന്ന സ്വാമിതൃപ്പാദങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവിടെന്നുകൂടി സമ്മതിച്ചതായ നാട്യത്തിലും ഒന്നാം പ്രതി മുതല്‍പ്പേര്‍ ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ളതും ആകുന്നു.'' ഇതേ ഹര്‍ജിയുടെ 12-ാം ഖണ്ഡികയില്‍ പറയുന്നത് ''സ്വാമി തൃപ്പാദങ്ങള്‍ക്ക് ശിവഗിരി മുതലായ സ്ഥാപനങ്ങളെയും സ്വത്തുക്കളെയും സംബന്ധിച്ച് വില്പത്രമെഴുതാന്‍ അധികാരമില്ലെ''ന്നായിരുന്നു. ആ വക സ്വത്തുക്കളെല്ലാം ഈഴവ സമുദായത്തിന്റെ ഗുണത്തിനുണ്ടായിട്ടുള്ളതാണെന്നും ദേവസ്വങ്ങളായി പരിണമിച്ചിട്ടുള്ളതും വാദികമ്പനിക്കു സമര്‍പ്പിതമായി കമ്പനി വകയായി ലഭിച്ചിട്ടുള്ളതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്നത്തെ യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന സി.വി. കുഞ്ഞിരാമന്‍ ഫയല്‍ ചെയ്ത അന്യായത്തില്‍ പ്രതിചേര്‍ത്തിരുന്നത് ധര്‍മ്മസംഘത്തിലെ സന്യാസികളും ഡോ. പി. പല്‍പ്പുവും അടക്കം ഏഴുപേരെ ആയിരുന്നു. ശ്രീനാരായണനു ലഭിച്ച സ്വത്തുക്കളുടെ അവകാശമായിരുന്നു പ്രശ്നം.

അന്യായത്തില്‍ നിറയുന്ന 'ഗുരുനിന്ദകളുടെ ഭീകരമുഖ'ത്തെ കുറിച്ച് ഡോ. ടി.കെ. രവീന്ദ്രന്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് തോന്നുന്നു:

''ഒന്‍പതു പേജുള്ള അന്യായത്തില്‍ സമാധി പ്രാപിച്ച ഗുരുവാണ് പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കാതെ തന്നെ പ്രധാനപ്രതിയായി, ആരോപണത്തിനു വിധേയനായി നിഷ്പ്രഭനായി നില്‍ക്കുന്നത്. ഒസ്യത്ത് വഞ്ചനാപരമായ ഒരു കൃത്യമാണെന്ന വാദമാണ് ഇവിടെ യോഗം മുഴക്കുന്നത്. അരുവിപ്പുറം ക്ഷേത്രവും മഠവും സ്വത്തുക്കളും മറ്റും 'ശ്രീനാരായണ ഗുരു സ്വാമികള്‍ ഈഴവ സമുദായത്തിന്റെ സഹായത്തോടുകൂടി സ്ഥാപിക്കുകയും സമ്പാദിക്കുകയും ചെയ്തതിട്ടുള്ളതാകുന്നു.' (ഖണ്ഡിക-2) 'അവ എസ്എന്‍ഡിപി യോഗത്തിന്റെ ധനമായി കമ്പനിയുടെ കൂട്ടു നിബന്ധനയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ചിട്ടുള്ളതും ഈഴവ സമൂദായത്തിന്റെ വൈദികവും ലൗകികമായ ശ്രേയസ്സുകളെ ലക്ഷീകരിച്ച് സ്ഥാപിച്ചിട്ടുള്ളതും ആകുന്നു.'(ഖണ്ഡിക-3) 'യോഗം വക മുതല്‍ ചെലവു ചെയ്ത് വര്‍ക്കല ശിവഗിരി എന്നു പറയുന്നിടത്ത് ഗുരുസ്വാമികളുടെ പേരില്‍ കുറെ സ്ഥലം പുതുവല്‍പതിക്കുകയും അവിടെ ഒരു മഠവും ക്ഷേത്രങ്ങളും മറ്റും പണികഴിപ്പിക്കുകയും...ചെയ്തിട്ടുള്ളതാകുന്നു. മഠക്ഷേത്രാദികള്‍ എസ്എന്‍ഡിപി യോഗത്തിന്റേയും ഈഴവ സമുദായത്തിന്റേയും പൊതുശ്രേയസ്സിനുവേണ്ടി ആരംഭിക്കുന്നതാണെന്ന് ഗുരു സ്വാമികള്‍ ജനങ്ങളെ സ്പഷ്ടമായി ധരിപ്പിച്ചിട്ടുള്ളതും തന്നിമിത്തം മുന്‍ പറഞ്ഞ സംഭാവനകളും കാണിക്കകളും മറ്റും സിദ്ധിച്ചിട്ടുള്ളതും അതിനു വിപരീതമായി വാദിക്കാന്‍ ആര്‍ക്കും വാദതടസമുള്ളതും ആ ധാരണയെ അടിസ്ഥാനപ്പെടുത്തി യോഗത്തില്‍ ജനങ്ങള്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ളതും ആകുന്നു.'(ഖണ്ഡിക 4)

മേല്‍ പ്രസ്താവനകളില്‍ നിന്നും വ്യക്തമാകുന്നത്, തന്റേതല്ലാത്ത കാരണങ്ങളാല്‍ ഗുരു സ്വത്തുക്കള്‍ തന്റേതാക്കി മാറ്റി ഒസ്യത്തിലൂടെ സന്യാസിസംഘത്തിന് കൈമാറിയത് നിയമവും ധാര്‍മ്മിക മര്യാദയും ലംഘിച്ചുകൊണ്ടാണ്, ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചതിനു വിപരീതമായാണ് സ്വാമി പ്രവര്‍ത്തിച്ചത് എന്നെല്ലാമാണ്. വിശ്വാസവഞ്ചനയെന്ന പദമുപയോഗിച്ചിട്ടില്ലെങ്കിലും വാദത്തില്‍ മുഴങ്ങുന്നത് അതിന്റെ ധ്വനിയാണ്. അതായത്, ഗുരു കബളിപ്പിച്ച് യോഗത്തിനു ലഭിക്കേണ്ട സ്വത്തുക്കള്‍ സ്വന്തമാക്കി എന്നാണ്. ഇതിനേക്കാള്‍ കൊടിയ ഗുരുനിന്ദ നമുക്കെവിടെ കാണാന്‍ കഴിയും.'

ഗുരുനിന്ദയെ കുറിച്ച് വ്യാകുലപ്പെടുന്നവര്‍ക്ക് ഈ ചോദ്യത്തെ അഭിമുഖം കാണാതിരിക്കാന്‍ ആവില്ല.

ഗുരുനിന്ദയെ കുറിച്ച് വ്യാകുലപ്പെടുന്ന യോഗം ഭാരവാഹികള്‍ ഈ ചരിത്രമൊക്കെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. വില്‍പത്ര പ്രകാരമുള്ള ഭൗതികാര്‍ത്ഥങ്ങള്‍ ശിവഗിരിയിലെ സന്യാസി സംഘത്തില്‍ ഏല്‍പ്പിക്കപ്പെട്ടെങ്കിലും പില്‍ക്കാലത്ത് അവര്‍ക്കും ഗുരുദര്‍ശനത്തെ എത്രമേല്‍ മുറുകെപ്പിടിക്കാന്‍ കഴിഞ്ഞുവെന്നത് ചോദ്യകരം. ശിവഗിരിയിലെ പോലീസ് നടപടികളും മറ്റും ഏറെ പണ്ടൊന്നുമല്ല. എല്ലാവരും ഭൗതികാര്‍ത്ഥങ്ങളില്‍ പെട്ടുപോയവര്‍ തന്നെ.

സാക്ഷാല്‍ ആര്‍. ശങ്കര്‍ തലപ്പത്ത് വന്ന കാലത്തായിരുന്നല്ലോ സര്‍ സിപിയുടെ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദത്തിന് എസ്എന്‍ഡിപി യോഗം പിന്തുണയുമായി പരസ്യമായി രംഗത്ത് വന്നത്. രാജ്യം സ്വാതന്ത്ര്യത്തിനായി ഐതിഹാസികമായ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുകയും ഇന്ത്യ എന്ന വികാരം തുടിച്ചു നില്‍ക്കുകയും ചെയ്തിരുന്നപ്പോള്‍ കാലത്തിന്റെ ചുമരെഴുത്ത് മനസ്സിലാക്കാനാവാതെ പോയിരുന്നു ശ്രീനാരായണന്റെ പേര് ശിരസ്സില്‍ പേറിയ സംഘടനയ്ക്കെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. സര്‍വരാലും അക്കാലത്ത് എതിര്‍ക്കപ്പെട്ടിരുന്ന സര്‍ സിപിയെ പോലുള്ള ഒരാളെ പിന്തുണയ്ക്കാന്‍ അവരെ പ്രേരിപ്പിച്ചത് എന്താവാം? അതിന്റെ ഉത്തരം യോഗത്തിന്റെ ഭാഷയില്‍ 'സുപ്ത'മായിരിക്കുന്നുവെന്ന് പറയാം. ചിന്താശീലര്‍ക്ക് വെളിവാകുന്ന പാകത്തില്‍ തന്നെ.

(അവലംബം: 1. എസ്എന്‍ഡിപി യോഗ ചരിത്രം-പ്രഫ. പി.എസ്. വേലായുധന്‍, ശ്രീനാരായ ധര്‍മ്മ പരിപാലന യോഗം, കൊല്ലം
2. ശ്രീനാരായണ ഗുരു ഒരു പഠനം-ഡോ. ടി.കെ. രവീന്ദ്രന്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്,
3. ശ്രീനാരായണ ഗുരു, ചരിത്രയാഥാര്‍ഥ്യങ്ങള്‍-ജി. പ്രീയദര്‍ശനന്‍, പൂര്‍ണ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷീംഗ് ഹൗസ്, വര്‍ക്കല)


Next Story

Related Stories