TopTop
Begin typing your search above and press return to search.

ആരാണ് അമീര്‍ ഹൈദര്‍ ഖാന്‍? അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങി, സുന്ദരയ്യയെ കണ്ടെത്തി, ദക്ഷിണേന്ത്യയിലും പാകിസ്താനിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച വിപ്ലവകാരി

ആരാണ് അമീര്‍ ഹൈദര്‍ ഖാന്‍? അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങി, സുന്ദരയ്യയെ കണ്ടെത്തി, ദക്ഷിണേന്ത്യയിലും പാകിസ്താനിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച വിപ്ലവകാരി

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം 1920 ഒക്ടോബര്‍ 17ന്, അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്താനിലെ താഷ്‌കെന്‌റിലായിരുന്നുവെന്ന് സിപിഎമ്മും, അതല്ല 1925 ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ (അന്ന് യുണൈറ്റഡ് പ്രൊവിന്‍സ്) കാണ്‍പൂരിലായിരുന്നുവെന്ന് സിപിഐയും പറയുന്ന ചരിത്രപരമായ തര്‍ക്കങ്ങള്‍ക്കിടെ തര്‍ക്കമില്ലാത്ത വസ്തുത. 1920ല്‍ താഷ്‌കെന്‌റിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌റെ ചരിത്രം തുടങ്ങുന്നത് എന്നാണ്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തുടക്കമിട്ടവരില്‍ വലിയൊരു വിഭാഗം പേരും മുസ്ലീം സമുദായത്തില്‍പ്പെട്ടവരായിരുന്നു.

കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത് 1937ല്‍ പി സുന്ദരയ്യയും എസ് വി ഘാട്ടെയുമാണ്. സുന്ദരയ്യയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചത് ഇന്ന് പാകിസ്താന്‌റെ ഭാഗമായ റാവല്‍പിണ്ടി സ്വദേശിയായ അമീര്‍ ഹൈദര്‍ ഖാനാണ്. ദക്ഷിണേന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് കേഡര്‍മാരെ കണ്ടെത്തിയതില്‍ സുപ്രധാന പങ്ക് വഹിച്ച നേതാവ്. 1914ല്‍ 14ാം വയസ്സില്‍ ജോലി തേടി ബോംബെയിലെത്തിയ അമീര്‍ ഹൈദര്‍ ഖാന്‍ ഒരു ബ്രിട്ടീഷ് കപ്പലില്‍ തൊഴിലാളിയായി. 1918ല്‍ അമേരിക്കന്‍ കപ്പലില്‍ തൊഴിലാളിയായി ലോകം ചുറ്റിയതിന് ശേഷമാണ് അമീര്‍ ഹൈദര്‍ ഖാന്റെ ജീവിതം മാറിയത്. കൊളോണിയല്‍ ഭരണമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടേയും കര്‍ഷകരടേയും ജീവിതവും അന്താരാഷ്ട്രബന്ധങ്ങളും അമീര്‍ ഹൈദര്‍ ഖാന്‍ മനസ്സിലാക്കിയത് യൂറോപ്പും അമേരിക്കയുമെല്ലാം ചുറ്റിയുള്ള ഈ യാത്രകളിലാണ്. 1920ല്‍ ന്യൂയോര്‍ക്കില്‍ ഗദര്‍ പാര്‍ട്ടി നേതാക്കളെ പരിചയപ്പെട്ടതോടെ അമീര്‍ ഹൈദര്‍ ഖാന്‍ കൂടുതല്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടു.

ഒന്നാം ലോക യുദ്ധാനന്തരം ലോകത്ത് രൂപപ്പെട്ട തൊഴിലാളി വര്‍ഗ സമരങ്ങളുടെ ഭാഗമായി നടന്ന ഒരു സമരത്തില്‍ പങ്കെടുത്തതിന് 1922ല്‍ ഷിപ്പിംഗ് ജോലിയില്‍ നിന്ന് അമീര്‍ ഹൈദര്‍ ഖാന്‍ പുറത്താക്കപ്പെട്ടു. പിന്നീട് ബോയ്‌ലര്‍ എഞ്ചിനിയര്‍, വിമാന പൈലറ്റ്, ഓട്ടോമൊബൈല്‍ തൊഴിലാളി എന്നിങ്ങനെ യുഎസ്സില്‍ ജോലി ചെയ്തു. ഈ കാലത്ത് ഗദര്‍ പാര്‍ട്ടിയുടേയും ആന്റി ഇംപീരിയലിസ്റ്റ് ലീഗിന്റേയും വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് യുഎസ്എയുടേയും പ്രവര്‍ത്തകരായി.

1926ല്‍ പഠനത്തിനായി സോവിയറ്റ് യൂണിയനിലേയ്ക്ക്. മോസ്‌കോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ദ ടോയിലേഴ്‌സ് ഓഫ് ദ ഈസ്റ്റില്‍ പഠനം. കോളനി രാജ്യങ്ങളില്‍ കമ്മ്യൂണിസ്്റ്റ് പാര്‍ട്ടി സംഘടിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ശ്രമിച്ചുകൊണ്ടിരുന്ന കാലത്താണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവായ എം എന്‍ റോയ് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഇന്ത്യന്‍ വംശജരായ കേഡര്‍മാരെ ആവശ്യപ്പെടുന്നത്. അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗദര്‍ പാര്‍ട്ടിയുടെ സഹായം തേടുകയും ഇത് പ്രകാരം ഗദര്‍ പാര്‍ട്ടി അഞ്ച് പേരുകള്‍ നല്‍കുകയും ചെയ്തു. അതിലൊരാളായിരുന്നു അമീര്‍ ഹൈദര്‍ ഖാന്‍. സകാറോവ് എന്ന വ്യാജ പേരിലാണ് രണ്ട് വര്‍ഷം മാര്‍ക്‌സിസം ലെനിനിസം വിദ്യാര്‍ത്ഥിയായി അമീര്‍ ഹൈദര്‍ ഖാന്‍ മോസ്‌കോയില്‍ പഠിച്ചത്. അക്കാലത്ത് രഹസ്യസ്വഭാവം നിലനിര്‍ത്താനായി കൊളോണിയല്‍ രാജ്യങ്ങളിലെ യുവ കമ്മ്യൂണിസ്റ്റുകള്‍ വ്യാജ പേരുകള്‍ സ്വീകരിച്ചിരുന്നു.

1928ല്‍ ബോംബെയിലെത്തിയ അമീര്‍ ഹൈദര്‍ ഖാന്‍ എസ് വി ഘാട്ടെ, എസ് എ ഡാങ്കെ, പി സി ജോഷി, ബി ടി രണദിവെ, ബെന്‍ ബ്രാഡ്‌ലി തുടങ്ങിയവരുമായി ബന്ധപ്പെട്ടു. ജനറല്‍ മോട്ടോര്‍സില്‍ തൊഴിലാളിയായി ചേര്‍ന്നു. ജനറല്‍ മോട്ടോര്‍സിലേയും ടെക്‌സ്‌റ്റൈല്‍ മില്ലുകളിലേയും തൊഴിലാളികളെ സംഘടിപ്പിച്ചു. അമീര്‍ ഹൈദര്‍ ഖാനെ ബ്രിട്ടീഷ് അധികൃതര്‍ മീററ്റ് ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ത്തു. പൊലീസിന്റെ കണ്ണുവെട്ടിച്ച് അറസ്റ്റ് ഒഴിവാക്കി അമീര്‍ ഹൈദര്‍ ഖാന്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ഒരു കപ്പലില്‍ മോസ്‌കോയിലേയ്ക്ക് കടന്നു. ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സില്‍ പ്രസീഡിയം അംഗമായി. 1930ല്‍ സി പി എസ് യുവിന്റെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്‍) കോണ്‍ഗ്രസ്സില്‍ പങ്കെടുത്തു.(അമീർ ഹൈദർ ഖാൻ 1988ൽ ന്യൂഡൽഹിയിലെത്തിയപ്പോൾ - സിപിഎം നേതാക്കളായ ഇഎംഎസ് നമ്പൂതിരിപ്പാട്, ഹർകിഷൻ സിംഗ് സുർജിത്ത്, ബി ടി രണദിവെ, ജ്യോതി ബസു തുടങ്ങിയവർക്കൊപ്പം)

മീററ്റ് ഗൂഢാലോചനക്കേസിലെ പ്രതിയായി തുടരവെ 1931ലാണ് അമീര്‍ ഹൈദര്‍ ഖാന്‍ വീണ്ടും ഇന്ത്യയിലെത്തിയത്. പൊലീസിന്റെ പിടിയില്‍ പെടാതെ മദ്രാസിലെത്തി. ശങ്കര്‍ എന്ന പേരില്‍ ദക്ഷിണേന്ത്യയിലാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. 1932ല്‍ യംഗ് വര്‍ക്കേഴ്‌സ് ലീഗ് സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായും ബന്ധപ്പെട്ടു. കിസാന്‍ സഭ പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്ക് വഹിച്ച അമീർ ഹൈദർ ഖാൻ ഇക്കാലത്താണ് മദ്രാസ് ലയോള കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന ആന്ധ്രാക്കാരന്‍ പുചലപ്പള്ളി സുന്ദരരാമ റെഡ്ഡിയെ (പിന്നീട് പി സുന്ദരയ്യ) പരിചയപ്പെടുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിക്കുന്നതും. ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ പുകഴ്ത്തിയുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത അമീര്‍ ഹൈദര്‍ ഖാനെ 1932 മേയില്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. 1939ല്‍ ബോംബെയില്‍ വച്ച് ഡിഫന്‍സ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം വീണ്ടം അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. ജയിലില്‍ വച്ചെഴുതിയ കുറിപ്പുകളാണ് Chains to lose: Life and Struggles of a Revolutionary – Memoirs of Dada Amir Haider Khan എന്ന പേരില്‍ പുസ്തകമായത്.

1942ല്‍ നാസി ജര്‍മ്മനി സോവിയറ്റ് യൂണിയനെ ആക്രമിക്കുകയും സോവിയറ്റ് യൂണിയനും ബ്രിട്ടനും ഒരേ ചേരിയില്‍ വരുകയും രണ്ടാം ലോകയുദ്ധം സാമ്രാജ്യത്വ യുദ്ധമാണെന്ന 1939ലെ രാഷ്ട്രീയലൈനില്‍ നിന്ന് അത് ജനകീയ യുദ്ധമാണെന്ന ലൈനിലേയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറുകയും ചെയ്തു. ഇതോടെ അമീര്‍ ഹൈദര്‍ ഖാന്‍ അടക്കമുള്ളവര്‍ ജയില്‍മോചിതരായി. പിന്നീട് പാകിസ്താന്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. വിഭജനകാലത്ത് പാകിസ്താനിലെ ഹിന്ദു കുടുംബങ്ങളെ സംരക്ഷിക്കാന്‍ മുന്നില്‍ നിന്നു. പാകിസ്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. 1949ല്‍ അമീര്‍ ഹൈദര്‍ ഖാനെ പാകിസ്താന്‍ കോടതി കമ്മ്യൂണില്‍ ആക്ട് പ്രകാരം 15 മാസത്തെ തടവിന് ശിക്ഷിച്ചു. 1958ല്‍ ജനറല്‍ ഖാന്റ പാകിസ്താനില്‍ പട്ടാളഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ അമീര്‍ ഹൈദര്‍ ഖാന്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം അമീര്‍ ഹൈദര്‍ ഖാന്‍ ഒരേയൊരു തവണയാണ് ഇന്ത്യയിലെത്തിയത് - 1988ല്‍. ബി ടി രണദിവെ അടക്കമുള്ള പഴയ സഖാക്കളെ അമീര്‍ ഹൈദര്‍ ഖാന്‍ കണ്ടു. 1989 ഡിസംബര്‍ 27ന് അമീര്‍ ഹൈദര്‍ ഖാന്‍ അന്തരിച്ചു. വീടില്ലാതെ അലഞ്ഞുതിരിയുന്നവന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അമീര്‍ ഹൈദര്‍ ഖാന്‍, തനിക്ക് കുടുംബസ്വത്തായി കിട്ടിയ സ്ഥലം ഒരു സ്‌കൂള്‍ നിര്‍മ്മിക്കാന്‍ വിട്ടുകൊടുത്തിരുന്നു.


Next Story

Related Stories