Top

മരടില്‍ ഫ്‌ളാറ്റ് പൊളിക്കാന്‍ എത്തുന്ന ഗിന്നസ് ശരത്ത് ചന്ദ്ര സാര്‍വത്തെ ചില്ലറക്കാരനല്ല

മരടില്‍ ഫ്‌ളാറ്റ് പൊളിക്കാന്‍ എത്തുന്ന ഗിന്നസ് ശരത്ത് ചന്ദ്ര സാര്‍വത്തെ ചില്ലറക്കാരനല്ല

കൊച്ചിയിലെ മരടില്‍ നിയമവിരുദ്ധമായി പണിത ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള വിദഗ്ധ ഉപദേശത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്നത് രാജ്യത്തെ 'എക്‌സ്‌പ്ലോഷന്‍ എക്‌സ്‌പേര്‍ട്ട്' എന്ന് വിഖ്യാതനായ എസ്.ബി സാര്‍വത്തെയാണ്. പല സംസ്ഥാനങ്ങളിലും അനധികൃതമായി പണിത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ വിദഗ്ധ സ്‌ഫോടനങ്ങള്‍ നടത്തിയതിന്റെ ആസൂത്രകന്‍ സാര്‍വത്തെയായിരുന്നു. 2013 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ബോംബുകള്‍ ഉപയോഗിച്ച് ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ള സ്‌ഫോടന വിദഗ്ദ്ധനായ എന്‍ജിനീയറാണ് എസ്. ബി. സാര്‍വത്തെ.

വിദേശരാജ്യങ്ങള്‍ പിന്തുടരുന്ന നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കുന്ന രീതി രാജ്യത്ത് ഏറ്റവും കൂടുതല്‍ നടപ്പിലാക്കിയ എഞ്ചിനീയര്‍ കൂടിയാണ് അദ്ദേഹം. കെട്ടിടത്തിനുള്ളില്‍ സ്‌ഫോടക വസ്തുകള്‍ കൃത്യമായ ആസൂത്രണത്തോടെ വച്ച്, കെട്ടിടം ഉള്ളിലേക്ക് തന്നെ പൊളിഞ്ഞു വീഴുന്ന രീതിയിലാണ് സ്‌ഫോടനങ്ങള്‍ നടത്തുക. കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം നടത്തി ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും സര്‍വത്തെയുടെ പേരിലാണ്.

എഴുപതുകാരനായ എസ്.ബി സാര്‍വത്തെ മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയാണ്. 1965-ല്‍ പുല്‍ഗാവ് ക്യാമ്പിലെ സ്റ്റേഷന്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം 1966-ല്‍ നാഗ്പൂരിലെ ധാന്‍വാഡെ നാഷണല്‍ കോളേജില്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഖനന എന്‍ജിനീയറായ ഇദ്ദേഹം ഡൈമന്‍ഷണല്‍ കല്ല് ഖനനം, നിയന്ത്രിത സ്‌ഫോടനം നടത്തുക, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള കെട്ടിടങ്ങള്‍ പൊളിക്കുക തുടങ്ങിയ മേഖലകളില്‍ അഗ്രഗണ്യനാണ്.

ഹൈദരാബാദിലെ വിജയ സ്റ്റോണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഹൈദരാബാദിലെ ഉത്തം ബ്ലാസ്റ്റെക് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബോര്‍ഡംഗവും, ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സിന്റെ ഇന്‍ഡോര്‍ ചാപ്റ്ററിന്റെ സെക്രട്ടറിയുമാണ്. ഇപ്പോള്‍ മൈനിംഗ് പ്രൊജക്ട് കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചുവരുകയാണ് അദ്ദേഹം. ക്വാറികളില്‍ നിന്നുള്ള ഡൈമെന്‍ഷണല്‍ കല്ലുകളുടെ ഉത്പാദനം (production of Dimensional stones from quarries), ഖനികളുടെ യന്ത്രവല്‍ക്കരണം (Mechanization of Mines), വന്‍ കെട്ടിടങ്ങളുടെ പൊളിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇദ്ദേഹം ഉപദേശം നല്‍കുന്നുണ്ട്.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും കെട്ടിടങ്ങള്‍ വളരെ ശാസ്ത്രീയമായും നൂതനമായും ഡിറ്റണേറ്റര്‍ ഉപയോഗിച്ച് വിജയകരമായി പൊളിച്ചിട്ടുള്ള സാര്‍വതെ കേരള സര്‍ക്കാരിന്റെ ഉപദേശകനായി വ്യാഴാഴ്ച കൊച്ചിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കുക സാര്‍വത്തെയായിരിക്കും

നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി അഞ്ചു കെട്ടിടങ്ങളാണ് മരടില്‍ പൊളിക്കാനുള്ളത്. ഫ്‌ളാറ്റ് പൊളിക്കാന്‍ നിലവില്‍ മൂന്നു കമ്പനികള്‍ ചുരുക്ക പട്ടികയിലുണ്ട്. ഇതില്‍ നിശ്ചിത സമയത്തിനുള്ളില്‍ പൊളിച്ചു തീര്‍ക്കാന്‍ സാധിക്കുന്ന രണ്ടു കമ്പനികള്‍ക്കായിരിക്കും പൊളിക്കാനുള്ള കരാര്‍ നല്‍കുക. സാര്‍വത്തേയുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാകും ഫ്‌ളാറ്റ് പൊളിക്കാനുള്ള കരാര്‍ ഏത് കമ്പനിക്ക് നല്‍കണമെന്ന് നിശ്ചയിക്കുക.


Next Story

Related Stories