Top

സഭകളും പുരോഹിതരും ചര്‍ച്ച് ആക്ടിനെ ഭയക്കുന്നതെന്തുകൊണ്ട്? നടപ്പിലാക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം ശക്തമാകുന്നു

സഭകളും പുരോഹിതരും ചര്‍ച്ച് ആക്ടിനെ ഭയക്കുന്നതെന്തുകൊണ്ട്? നടപ്പിലാക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം ശക്തമാകുന്നു

ഒരു ഇടവേളക്ക് ശേഷം ചര്‍ച്ച് ആക്ട് വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ക്രൈസ്തവ സഭാ വിശ്വാസികള്‍. ക്രൈസ്തവ സഭകളുടെയും വിവിധ ക്രൈസ്തവ വിഭാഗങ്ങളുടേയും സ്വത്ത് ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ഉതകുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.കേരള സംസ്ഥാന നിയമ പരിഷ്‌ക്കാര കമ്മീഷന്‍ വെബ്‌സൈറ്റില്‍ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ദ കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷഷന്‍സ്) ബില്‍ 2019 എന്ന പേരിലാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ വിവിധ ക്രൈസ്തവ സഭകളില്‍ നിന്ന് ഇതിനെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി. നയപരമായ തീരുമാനമെടുത്ത് സര്‍ക്കാര്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നതാണ് ഒരു വിഭാഗം വിശ്വാസികളുടെ ആവശ്യം.

കഴിഞ്ഞ ദിവസം ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞു. കത്തോലിക്ക സഭാ നവീകരണ പ്രസ്ഥാനം, ലത്തീന്‍ കാത്തലിക് അസോസിയേഷന്‍, കാത്തലിക് ലേമെന്‍ അസോസിയേഷന്‍, യൂഹന്നാന്‍ റമ്പാന്റെ നേതൃത്വത്തിലുള്ള മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ബില്‍ (മക്കാബി) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ സംഘടിച്ചത്. തുടര്‍ന്ന് ആക്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന ഗവര്‍ണറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ അതേ സമയം തന്നെ വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാര്‍ ഗവര്‍ണറെ കാണുകയും തങ്ങളുടെ അറിവോടെയല്ല സമരം നടന്നതെന്ന് അറിയിക്കുകയും ചെയ്തു. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിലെ വിയോജിപ്പും അവര്‍ അറിയിച്ചു. പള്ളികളും സ്വത്തുക്കളും ഭരിക്കപ്പെടുന്നത് സംബന്ധിച്ച് ക്രൈസ്തവ സഭയ്ക്കുള്ളില്‍ വര്‍ഷങ്ങളായി ആശയ പോരാട്ടം നടന്ന് വരികയാണ്. സഭാ അധ്യക്ഷന്‍മാര്‍ക്കും വൈദികര്‍ക്കും സമ്പൂര്‍ണ അധികാരം എന്നതില്‍ നിന്ന് മാറി ഇടവകകള്‍ ഇടവക്കാര്‍ ഭരിക്കണമെന്ന ആവശ്യം ഒരു കൂട്ടം വിശ്വാസികളും സംഘടനകളും കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പിലെത്താന്‍ സര്‍ക്കാരിനായിട്ടില്ല.

മക്കാബി സെക്രട്ടറി അഡ്വ. ബോബന്‍ വര്‍ഗീസ് പറയുന്നു, 'സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്ത് ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഗോവയിലും എല്ലാം ചര്‍ച്ചുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയ്യാറാവാത്തതെന്നാണ് ചോദ്യം. 2009ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ തയ്യാറാക്കി നല്‍കിയതാണ് ചര്‍ച്ച് ബില്‍. എന്നാല്‍ ഇതേവരെയായിട്ടും അത് പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യരായിട്ടില്ല. ചര്‍ച്ച് ആക്ട് നടപ്പില്‍ വന്നാല്‍ സഭകളുമായി ബന്ധപ്പെട്ട് ഇന്ന് ഉയര്‍ന്നിരിക്കുന്ന പല വിവാദങ്ങള്‍ക്കും പരിഹാരമാവും. കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഭൂമി കൈമാറ്റവും സ്വത്ത് കൈകാര്യം ചെയ്യലും തുടങ്ങി എല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും.'

ചര്‍ച്ച് ആക്ട്

2009ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കപ്പെട്ടതാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബില്‍. വിഎസ് സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിക്കപ്പെട്ട ബില്‍ പിന്നീട് പത്ത് വര്‍ഷത്തോളം ഫ്രീസറിലായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതകള്‍ക്ക് കീഴില്‍ നടന്ന ഭൂമി കച്ചവട വിവാദവും ക്രമക്കേടുകളും പുറത്ത് വന്നതോടെ ഒരുകൂട്ടം വിശ്വാസികളും സഭാ നവീകരണത്തിനായി നിലകൊള്ളുന്ന ആളുകളും ചര്‍ച്ച് ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യവുമായി എത്തി. ഇവര്‍ നിരന്തരമായി സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഫെബ്രുവരി 14നാണ് ജസ്റ്റിസ് കെടി തോമസ് ചെയര്‍മാനായും കെ ശശിധരന്‍ നായര്‍ വൈസ് ചെയര്‍മാനായും കെ ജോര്‍ജ് ഉമ്മന്‍, എന്‍ കെ ജയകുമാര്‍, ലിസമ്മ അഗസ്റ്റിന്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്ന നിയമ പരിഷ്‌കരണ കമ്മീഷന്‍ വെബ്സൈറ്റില്‍ കരട് ബില്‍ പ്രസിദ്ധീകരിച്ചത്. ക്രിസ്തീയ സഭകളെ ഏറെക്കുറെ പ്രതിസന്ധിയിലാക്കുന്നതാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കരട് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍. ഇക്കാലമത്രയും സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യന്‍ സഭാ സ്വത്ത് വിനിമയത്തെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളോടെയും ഭരണരീതികളില്‍ പോലും കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുമാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കരട് ബില്‍. പള്ളികളുടെ ഭരണത്തില്‍ വിശ്വാസികള്‍ക്കും കൂടി പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ബില്‍ ആണിത്. സഭാസ്വത്ത് കൈകാര്യം ചെയ്യുന്നതിലും കൈമാറ്റം ചെയ്യുന്നതിലുമടക്കം പള്ളികള്‍ക്കും സഭകള്‍ക്കും പിഴവുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ഇവ നിയന്ത്രിക്കുന്നതിന് ഒരു നിയമം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 26(ഡി) അനുഛേദ പ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും നിയമാനുസൃതം വസ്തുവകകള്‍ കൈകാര്യം ചെയ്യാന്‍ അവകാശമുണ്ട്. നിലവില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ വസ്തുവകകള്‍ കൈാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. കേരളത്തിലെ ക്രൈസ്തവ സഭകള്‍ കാലകാലങ്ങളായി ആര്‍ജിച്ചിരിക്കുന്ന സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്. മതിയായ കൂടിയാലോചനകളും മറ്റുമില്ലാതെ വസ്തുവകകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും പണയപ്പെടുത്തിയും ദേവാലയങ്ങള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വിശ്വാസികളുടെ മനോവീര്യത്തെ തകര്‍ക്കുന്നു. നിലവില്‍ ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അത്തരത്തില്‍ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നതുകൊണ്ടാണ് ഈ കരട് ബില്‍ അവതരിപ്പിക്കുന്നത് എന്ന് സര്‍ക്കാര്‍ അതില്‍ വ്യക്തമാക്കുന്നു. കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും പള്ളികളും സഭകളും ബില്ലിന്റെ പരിധിയില്‍ വരും.

ക്രൈസ്തവ സഭകളുടേയും വിവിധ ക്രൈസ്ത വിഭാഗങ്ങളുടെയും മുഴുവന്‍ സ്ഥാവര-ജംഗമ സ്വത്തുക്കളും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളോടെയാണ് ബില്‍. വരവ് ചെലവ് കണക്കുകള്‍ വര്‍ഷാവര്‍ഷം സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെയായിരിക്കണം ഇത് സമര്‍പ്പിക്കേണ്ടത്. ക്രൈസ്തവ സഭകളുടേയും മറ്റ് വിഭാഗങ്ങളുടേയും മുഴുവന്‍ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യും. ഇടവക തലം മുതല്‍ ഇത് നടപ്പാക്കും. ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് കൈമാറുകയും ഈ ഉദ്യോഗസ്ഥന്‍ സഭയുടേയോ ഇതരവിഭാഗങ്ങളുടേയോ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യും. സഭയുടെ മുഴുവന്‍ സ്വത്തുക്കളുടേയും കണക്കുകള്‍ സര്‍ക്കാരില്‍ ബോധിപ്പിക്കണം. മെമ്പര്‍ഷിപ്പ് തുക, സംഭാവനകള്‍, വിശ്വാസികള്‍ നല്‍കുന്ന സംഭാവനകള്‍, സേവനപ്രവര്‍ത്തനങ്ങളും ശുശ്രൂഷകളും നടത്തുന്നതിനുള്ള ഫണ്ട് എന്നിങ്ങനെ എല്ലാ വരവുചെലവ് കണക്കുകളും സര്‍ക്കാരില്‍ ബോധിപ്പിക്കണം. എപ്പിസ്‌കോപ്പിക്കല്‍ സഭകളും പെന്തക്കോസ്ത് വിഭാഗങ്ങളുമുള്‍പ്പെടെ കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിയമം ബാധകമാവും. ഇടവക പൊതുയോഗം വഴി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സഭയുടെ ത്രിതല ട്രസ്റ്റ്കളെ ഭരിക്കുന്ന സംവിധാനം ആണ് ചര്‍ച്ച് ആക്ട്. ഈ കരട് നിയമ പ്രകാരം ഇടവകയും, ഭദ്രാസനവും, സഭയും മൂന്നു സ്വതന്ത്ര്യ ട്രസ്റ്റുകള്‍ ആയിരിക്കും.

സഭാസ്വത്ത് ഭരണത്തിലോ വ്യവഹാരങ്ങളിലോ വിനിയോഗത്തിലോ തര്‍ക്കമുണ്ടായാല്‍ അത് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ക്രൈസ്തവ സഭയിലോ ഇതരവിഭാഗങ്ങളിലോ ഉള്ള ആര്‍ക്കും ഫണ്ട് വിനിയോഗമോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്നയാളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ ജില്ലാ ജഡ്ജി അധ്യക്ഷനായും ജില്ലാ ജഡ്ജി ആവാന്‍ യോഗ്യതയുള്ള രണ്ട് പേരും ഉള്‍പ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലോ ആണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പ് എട്ട് പ്രകാരമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്ന ഈ ട്രൈബ്യൂണല്‍ നിലവില്‍ വരിക. ഭരണകാര്യങ്ങളിലും കാര്യമായ മാറ്റം ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സഭയുടെ വസ്തുവകകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ഡിനോമിനേഷനുകള്‍ക്കായിരിക്കും. വരിസംഖ്യ, സംഭാവന, നേര്‍ച്ചകളായി ലഭിക്കുന്ന തുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുന്ന ഫണ്ട് തുടങ്ങി എല്ലാ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഈ ഡിനോമിനേഷന് അധികാരമുണ്ടാവും. തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെട്ട ഇടവകകളുടെ ഭരണചുമതലയും ഡിനോമിനേഷനാവും. ചര്‍ച്ച് കമ്മിഷണറുമുണ്ടാവും. ഇടവക മുതല്‍ രൂപതവരെയുള്ള കമ്മിറ്റികളില്‍ വിശ്വാസികള്‍ക്കും ഇടവകക്കാര്‍ക്കും പങ്കാളിത്തമുണ്ടാവും. ബില്‍ നിയമമാവുന്ന അന്ന് മുതല്‍ ഇതെല്ലാം നടപ്പില്‍ വരും.

കരട് ബില്ല് വന്നപ്പോള്‍

ക്രിസ്തീയ സഭകളുടെ ഏറെക്കുറെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കരട് ബില്‍ പ്രസിദ്ധീകരിച്ചത്. ഇക്കാലമത്രയും സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യന്‍ സഭാ സ്വത്ത് വിനിമയത്തെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളോടെയും ഭരണരീതികളില്‍ പോലും കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുമാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. കരട് വിജ്ഞാപനത്തോട് പരസ്യമായും രഹസ്യമായും പ്രതികൂലിച്ച് ക്രിസ്തീയ വിഭാഗങ്ങള്‍ എത്തി. 10 വര്‍ഷത്തിലധികമായി അനക്കമില്ലാതെ കിടന്ന ബില്ലാണ് പൊടിതട്ടിയെടുത്ത് കെ ടി തോമസിന്റെ നേതൃത്വത്തിലുള്ള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ വീണ്ടും അവതരിപ്പിച്ചത്. ബില്ലുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചതിനാലാണ് കരട് ബില്‍ പ്രസിദ്ധീകരിച്ചതെന്നായിരുന്നു കമ്മീഷന്‍ അംഗങ്ങളുടെ വാദം. കരട് ബില്ല് പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ കമ്മീഷന്‍ സമയം നല്‍കിയിരുന്നു. തുടര്‍ന്ന് അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിനും അക്കാര്യം ചര്‍ച്ച ചെയ്യാനായി സിറ്റിങ് നടത്തുന്ന തീയതിയും കമ്മീഷന്‍ പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് സിറ്റിങ് നടന്നില്ല. പബ്ലിക് ഹിയറിങ് ആണെന്ന് തെറ്റിദ്ധരിച്ച് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായവര്‍ സിറ്റിങ് നടത്താനുദ്ദേശിച്ച സ്ഥലത്തേക്ക് തള്ളിക്കയറാന്‍ സാധ്യതയുള്ളതിനാലാണ് സിറ്റിങ് മാറ്റി വച്ചതെന്നായിരുന്നു നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസ് അഴിമഖത്തോട് അന്ന് പറഞ്ഞത്. കരട് ബില്ലും സര്‍ക്കാരും തമ്മില്‍ ബന്ധമില്ലെന്നും കമ്മീഷന്‍ സൈറ്റില്‍ കരട് ബില്‍ പ്രസിദ്ധീകരിച്ചത് സര്‍ക്കാര്‍ അറിഞഅഞിട്ടുപോലുമില്ല എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സര്‍ക്കാരിന് ബില്‍ കൈമാറണമോ എന്ന തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ നിയമം കൊണ്ടുവന്ന് ക്രൈസ്തവ സഭകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചു.ഈ കാര്യം സര്‍ക്കാരിന്റെ ആലോചനയിലില്ല. സര്‍ക്കാര്‍ നിയമനിര്‍മാണത്തിനു പോകുന്നെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഭാ നിയമങ്ങള്‍ നിലവിലുള്ളപ്പോള്‍ മറ്റൊരു നിയമത്തിന്റെ ആവശ്യമില്ല. ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാര്‍ നിലപാടല്ല. കേവലം ചര്‍ച്ചയ്ക്കുവേണ്ടിയാണ് ബില്‍ തയ്യാറാക്കിയതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമല്ലെന്നുമാണ് കോടിയേരി വ്യക്തമാക്കിയത്. ഇതോടെ സര്‍ക്കാരും തങ്ങള്‍ ചര്‍ച്ച് ആക്ട് നടപ്പാക്കുന്ന കാര്യം ആലോചിച്ചിട്ടില്ല എന്നറിയിച്ചു.

പ്രസിദ്ധീകരിച്ച കരട് ബില്ല് വീണ്ടും അവതരിപ്പിച്ച് ആക്ട് നടപ്പാക്കണമെന്നാണ് ഒരു വിഭാഗം വിശ്വാസികളുടേയും സഭാ നവീകരണ വാദികളുടേയും ആവശ്യം.


Next Story

Related Stories