1960കളുടെ ഒടുക്കം, കൃത്യമായി പറഞ്ഞാല്‍ 1967 മെയ് 25 ലെ നക്സല്‍ബാരി വിപ്ളവം ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളില്‍ പിളര്‍പ്പുകള്‍ രൂപപ്പെടുത്തി. പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വിപ്ളവത്തിന്റെ പ്രായോഗിക പദ്ധതികളെക്കുറിച്ചുള്ള വ്യത്യസ്ത 'ലൈനുകള്‍' തമ്മില്‍ പരസ്പരം കലഹിക്കുന്ന സന്ദര്‍ഭം കൂടിയായിരുന്നത്. വരേണ്യ മധ്യവര്‍ഗ യുവാക്കളില്‍ ചിലരുടെ ഉത്കണ്ഠകള്‍, ഗ്രാമീണ ജീവിതത്തില്‍...

വൈദ്യശാസ്ത്ര പഠനത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് എട്ടു വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച ദളിത് വിദ്യാര്‍ത്ഥി, ഡോ. കെകെ മന്മഥന് എന്തുകൊണ്ട് നക്സലൈറ്റ് ചരിത്ര രേഖകളില്‍ ഇടം പിടിച്ചില്ല?


ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.
നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

1960കളുടെ ഒടുക്കം, കൃത്യമായി പറഞ്ഞാല്‍ 1967 മെയ് 25 ലെ നക്സല്‍ബാരി വിപ്ളവം ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളില്‍ പിളര്‍പ്പുകള്‍ രൂപപ്പെടുത്തി. പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വിപ്ളവത്തിന്റെ പ്രായോഗിക പദ്ധതികളെക്കുറിച്ചുള്ള വ്യത്യസ്ത 'ലൈനുകള്‍' തമ്മില്‍ പരസ്പരം കലഹിക്കുന്ന സന്ദര്‍ഭം കൂടിയായിരുന്നത്. വരേണ്യ മധ്യവര്‍ഗ യുവാക്കളില്‍ ചിലരുടെ ഉത്കണ്ഠകള്‍, ഗ്രാമീണ ജീവിതത്തില്‍ നിലനിന്ന ഇല്ലായ്മകളിലേക്കും അരക്ഷിതാവസ്ഥകളിലേക്കും സന്നിവേശിപ്പിച്ച് ആസന്നമായ വിപ്ളവത്തിലേക്ക് നയിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. സാമൂഹിക പരിവര്‍ത്തനത്തിന് പാകമായ മൂര്‍ത്ത സാഹചര്യങ്ങളും സ്ഥലങ്ങളും കണ്ടെത്തുകയെന്ന ഉത്തരവാദിത്തം കൃത്യതയോടെ നിര്‍വഹിക്കാനുള്ള വ്യഗ്രതയായിരുന്നു എവിടെയും ദൃശ്യമായത്. 'വസന്തത്തിന്റെ ഇടിമുഴക്കം' പോലുള്ള സ്വപ്നസന്നിഭമായ പ്രയോഗങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുപോലും പരിചിതമായിത്തീര്‍ന്നു. സമത്വാധിഷ്ഠിതവും ചൂഷണമുക്തവുമായ സാമൂഹിക സംവിധാനം രൂപപ്പെടുമെന്ന പ്രതീക്ഷയായിരുന്നു ഈ പരിവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം. വ്യവസായ മൂലധനത്തിന്റെ ലാഭക്കൊതിയും സവര്‍ണ ഫ്യൂഡലിസത്തിന്റെ അധികാരഗര്‍വും ചോദ്യം ചെയ്യപ്പെട്ടതിനാല്‍, തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ നിരവധി ബഹുജനങ്ങള്‍ ഈ മുന്നേറ്റങ്ങളില്‍ പങ്കാളികളായി. പീക്കിങ് റേഡിയോയ്ക്ക് ഇന്ത്യയുടെ തെക്കേയറ്റമായ കേരളത്തിലും ശ്രോതാക്കളുണ്ടായി. ആഗോള/ദേശീയ സാഹചര്യങ്ങള്‍ വിപ്ളവത്തിന് അനുകൂലമാകുന്ന ഘട്ടം ഉടനെയുണ്ടാകുമെന്നും അതിനായി അര്‍ധ കൊളോണിയല്‍/അര്‍ധ ഫ്യൂഡല്‍ വ്യവസ്ഥയെ പിഴുതെറിയണമെന്നുള്ള ആഹ്വാനം യുവതയെ ആകര്‍ഷിച്ചു. ഇപ്രകാരം ചരിത്രത്തിന്റെ പരിവര്‍ത്തനഘട്ടം തങ്ങളുടെ നിഷ്ക്രിയത്വം കൊണ്ട് നിര്ജീവമാകരുത് എന്നാഗ്രഹിച്ച ഒട്ടനവധി ഇന്ത്യന്‍ യുവാക്കളില്‍ ഒരാളായിരുന്നു ഡോ.കെ.കെ. മന്മഥന്.(1947-2004) ദളിത് സാമൂഹികാനുഭവങ്ങളുടെ വിപുലമായ മണ്ഡലത്തില്‍ ഒളിച്ചു വയ്ക്കപ്പെട്ട സ്ഫോടനാത്മകതയെ, ഇന്ത്യയിലെ കാര്‍ഷിക വിപ്ളവവുമായി കണ്ണി ചേര്‍ത്ത് പുതിയ മാറ്റം സ്വപ്നം കാണുകയായിരുന്നു അദ്ദേഹം.കോട്ടയം ജില്ലയിലെ അമരയില്‍ കല്ലുകുളം വീട്ടില്‍ കൊച്ചുകുഞ്ഞിന്റെയും അമ്മ സുലോചനയുടെയും മകനായി 1947-ല്‍ ആയിരുന്നു മന്മഥന്റെ ജനനം. പി.ആര്.ഡി.എസ്. എല്‍.പി.സ്കൂള്‍ അമര, എന്‍.എസ്.എസ്. ഹൈസ്കൂള്‍ കുന്നന്താനം എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പഠനത്തിലെ അസാധാരണമായ മിടുക്കും ഫുട്ബോളിലെ ചടുലമായ മുന്നേറ്റങ്ങളുമൊക്കെ ചേര്‍ന്ന് അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 1963-ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സ്കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി. ഫുട്ബോള്‍ ടീം ക്യാപ്റ്റനായി തിളങ്ങിയ സ്കൂള്‍ ജീവിതം മുതല്‍ പിന്നീട് ജീവിതത്തിലുടനീളം കാല്‍പന്തിനോട് അസാധാരണവും ഭ്രാന്തവുമായ ഒരു താത്പര്യം സൂക്ഷിച്ചു. എന്‍.എസ്.എസ് ഹിന്ദു കോളേജ് പെരുന്നയില്‍ നിന്ന് പ്രീ യൂണിവേഴ്സിറ്റി മികച്ച രീതിയില്‍ പാസായശേഷം, 1966-ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഇന്ത്യയിലെമ്പാടും വിദ്യാസമ്പന്നരായ യുവാക്കളെ ആകര്‍ഷിച്ച, സാമൂഹിക മാറ്റത്തിനായുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ട കാലത്തായിരുന്നു കെ.കെ. മന്മഥന്റെ മെഡിക്കല്‍ വിദ്യാഭ്യാസം. സ്വന്തം ജനതയുടെ വിമോചനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ഉപയുക്തമായ പ്രത്യയശാസ്ത്രമെന്ന നിലയ്ക്കാണ് മാര്‍ക്സിസവും അതിനുമപ്പുറം മാവോയുടെ കാര്‍ഷിക വിപ്ളവം എന്ന ആശയത്തെയും അദ്ദേഹം സ്വീകരിച്ചത്. കേരളത്തില്‍ അക്കാലത്ത് വേരോടിത്തുടങ്ങിയ തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തില്‍ മാത്രം പ്രതീക്ഷ വയ്ക്കാതെ കേരളാ സ്റ്റൈപന്ററി സ്റ്റുഡന്റ്സ് അസോസിയേഷന് (KSSA), സീഡിയന്‍ എന്നീ സംഘടനകളുടെ സംയുക്തവേദിയായ അംബേദ്കര്‍ റവല്യൂഷനറി മൂവ്മെന്റ് (ARM)ന്റെ രൂപീകരണത്തിലും നേതൃത്വപരമായ പങ്കുവഹിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഇക്കാരണത്താലാണ്. ചാരുമജുംദാര്‍, കനു സന്യാല്‍, സന്തോഷ് റാണ, വിനോദ്മിശ്ര തുടങ്ങിയവരുടെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക് സ്വീകാര്യത ഉണ്ടായിരുന്നെങ്കിലും, ജാര്‍ഖണ്ഡിലെ ആദിവാസി നേതാവുകൂടിയായിരുന്ന സന്തോഷ് റാണയോട് കേരളത്തിലെ ദളിത് നേതൃത്വത്തിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു എന്നത് വസ്തുതയത്രെ. "മാര്‍ക്സിസത്തില്‍ അസാധാരണമായ അവഗാഹമുള്ള ഒരു യുവാവായാണ് ഞാന്‍ മന്മഥനെ ആദ്യം കാണുന്നത്" എന്നാണ് ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അദ്ദേഹത്തെ ഓര്‍ത്തെടുക്കുന്നത്. പില്ക്കാലത്ത്, സീഡിയന്‍ സര്‍വീസ് സൊസൈറ്റിയുടെ കേന്ദ്ര കമ്മിറ്റിയംഗമായും സീഡിയന്‍ മാസികയുടെ എഡിറ്ററായും കെ.കെ. കൊച്ചിനെ നിയമിക്കുന്നതിനു പിന്നിലും കെ.കെ.മന്മഥന്റെ പ്രത്യേക താല്പര്യം ഉണ്ടായിരുന്നത്രെ. എം.ബി.ബി.എസ് പഠനത്തിന്റെ നാലാം വര്‍ഷത്തിലാണ് കെ.കെ. മന്മഥന് അറസ്റ്റിലാകുന്നത്. ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രയോഗപാഠങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന കോങ്ങാട്, വെളളത്തൂവല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുമായുള്ള ബന്ധമായിരുന്നു അറസ്റ്റിനു കാരണം. ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് കൊച്ചുതോവാളയിലെ ബന്ധുവീട്ടില്‍ വച്ചാണ് അദ്ദേഹം പിടിയിലാകുന്നത്. ഫിലിപ്പ് എം.പ്രസാദ്, വെള്ളത്തൂവല്‍ സ്റ്റീഫന്‍, സോമദത്തന്‍, വി.എസ്. നാരായണന് തുടങ്ങിയവരുമായുള്ള അടുപ്പം പ്രസ്ഥാനത്തില്‍ സജീവമായി ഇടപെടുന്ന ഒരാളായി അദ്ദേഹത്തെ മാറ്റി. എന്നാല്‍ ആശയപരമായ താല്പര്യങ്ങള്ക്കുപരി, സംഘടനയുടെ പ്രധാന വക്താവായി ഡോ. മന്മഥന് ഒരിക്കലും പ്രത്യക്ഷപ്പെട്ടില്ല. ചിലപ്പോഴൊക്കെ ബ്രാഹ്മണിക്കല്‍ മാര്‍ക്സിസത്തിന്റെ അധീശ സ്വഭാവത്തോട് കലഹിക്കുവാനും, നേതാക്കന്മാരോട് വിയോജിപ്പ് പ്രകടിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ എട്ടുവര്‍ഷത്തെ തടവുകാലത്താണ് 'ജയപ്രകാശിന്റെ ജീവിതകഥ' എന്ന ഗ്രന്ഥം എഴുതിയത്. അഴിമതി, അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതിത്വം തുടങ്ങി ദേശീയ രാഷ്ട്രീയത്തിന്റെ അപചയ ഘടകങ്ങള്‍ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റം, ഇന്ത്യയിലെ അധസ്ഥിത-കാര്‍ഷിക ജനതയെ അധികാരത്തിലേക്ക് പ്രവേശിക്കുവാന്‍ സഹായിക്കും എന്ന വിശ്വാസമായിരിക്കാം ഈ പുസ്തകരചനയുടെ അടിസ്ഥാനം. സഹതടവുകാരനായിരുന്ന ജനതാപാര്‍ട്ടി നേതാവ് കെ. ചന്ദ്രശേഖരനുമായുള്ള സംവാദങ്ങളും പ്രയോജനപ്പെട്ടതായി ഡോ.മന്മഥന് പില്ക്കാലത്ത് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. രണ്ടാം സ്വാതന്ത്യ്രസമരം എന്ന വിമോചന സങ്കല്പനം, തന്റെ സൈദ്ധാന്തിക നിലപാടുകളുമായി പൊരുത്തപ്പെടുന്നതായും അദ്ദേഹത്തിന് തോന്നിയിരിക്കാം. കോട്ടയം ലേണേഴ്സ് പ്രസില്‍ നിന്നാണ് നൂറില്‍പ്പരം പുറങ്ങളുള്ള പുസ്തകം പുറത്തിറങ്ങിയത്. 1977ല്‍ സി. അച്യുതമേനോന് സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെ ജയില്‍ വിമോചിതനായ കെ.കെ. മന്മഥന് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വീണ്ടും മെഡിക്കല്‍ കോളേജിലെത്തി. അപ്പോഴേക്കും അദ്ദേഹത്തിന്റെ സഹപാഠികളില്‍ പലരും അവിടെ അധ്യാപകരായി മാറിയിരുന്നു. മെഡിക്കല്‍ കോളേജിലെ രണ്ടാം ഘട്ട ജീവിതമായിരുന്നു അത്. മെഡിക്കല്‍ ബിരുദമെടുത്തശേഷം പല സ്ഥലങ്ങളിലും സ്വകാര്യ പ്രാക്ടീസ് നടത്തി. 'ശാന്തിനികേതന്‍' എന്ന പേരായിരുന്നു വിവിധസ്ഥലങ്ങളില്‍ സ്ഥാപിച്ച ക്ളിനിക്കുകള്‍ക്ക് അദ്ദേഹം നല്‍കിയത്. പിറവത്തിനടുത്തുള്ള മണീട്, വൈക്കത്തിനു സമീപം എസ്.എന്‍.പുരം, എരുമേലിക്കടുത്ത് കണമല, പത്തനാട്, കോട്ടമുറി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തന്റെ പ്രാക്ടീസ് അദ്ദേഹം തുടര്‍ന്നു. ഇടുക്കി ജില്ലയിലെ ഏലപ്പാറയിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ 'ശാന്തിനികേതന്‍' പ്രവര്‍ത്തിച്ചത്. 1970 ല്‍ വിദ്യാഭ്യാസകാലത്തുതന്നെ വിവാഹിതനായ ഡോ. മന്മഥന് സ്വകാര്യജീവിതത്തിന് അപ്പുറം പൊതുജീവിതത്തിനാണ് പ്രാധാന്യം കല്പിച്ചത്. 1975 മെയ്ദിനത്തില്‍ ആദ്യലക്കം പുറത്തിറക്കി, ആധുനിക ദളിതവബോധത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറയിട്ട സീഡിയന്‍ മാസികയില്‍ ഡോ. കെ.കെ. മന്മഥന്റെ ഒരു ചര്‍ച്ച നമുക്ക് കാണാം. സീഡിയന്‍ സര്‍വീസ് സൊസൈറ്റിയുടെ ആറാമത് സംസ്ഥാന സമ്മേളനത്തിലെ സിംപോസിയത്തില്‍ വി. പത്മനാഭന് അവതരിപ്പിച്ച 'ജാതിയും വര്‍ഗവും – ഇന്ത്യന്‍ ജനതയുടെ വിമോചന സമരത്തിന്റെ രൂപനിര്‍ണയത്തില്‍ ഇവയ്ക്കുള്ള സ്ഥാനം' എന്ന പ്രബന്ധത്തോടുള്ള പ്രതികരണമാണ് ആ ചര്‍ച്ച. ക്ളാസിക്കല്‍ മാര്‍ക്സിസത്തിന്റെ പരികല്പനകളെ വിശേഷിച്ചും അടിത്തറ/മേല്‍പ്പുര സിദ്ധാന്തത്തെ അതേപടി ആവര്ത്തിക്കുവാനാണ് പത്മനാഭന് ശ്രമിക്കുന്നത്. എന്നാല്‍ ഡോ. മന്മഥന് അതില്‍ നിന്ന് അല്പം കൂടി മാറി ചിന്തിക്കുവാന്‍ തയാറാകുന്നുണ്ട്. അദ്ദേഹം എഴുതുന്നു: 'ഇന്ത്യയില്‍ ദേശീയതയുടെ കാര്യത്തില്‍ ജാതിവ്യവസ്ഥയ്ക്ക് എന്തു സഥാനമാണോ ഉള്ളത് അത്ര പ്രധാനമായ ഒരു സ്ഥാനം ഇന്ത്യയിലെ വര്‍ഗസമരത്തിന്റെ രൂപനിര്‍ണയത്തിലും ജാതിവ്യവസ്ഥയ്ക്കുണ്ട്'. (സീഡീയന്, 1979 മെയ് 30, ലക്കം 24, പുറം 5) ജാതി ഒരു വിശകലന ഗണമായി മാര്‍ക്സിസത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും അതിനുള്ളിലെ അധികാര/വിനിമയ തന്ത്രങ്ങള്‍ വിലയിരുത്തേണ്ടതുമാണെന്നുള്ള ബോധ്യം കെ.കെ. മന്മഥന് ഉണ്ടായിരുന്നു എന്നാണ് ഇതു തെളിയിക്കുന്നത്. പാര്‍ലമെന്ററി രാഷ്ട്രീയവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നത മൂലം മരവിച്ചു നിന്ന സീഡിയന്‍ പ്രസ്ഥാനത്തെ പുനഃസംഘടിപ്പിക്കുന്നതിനു പിന്നിലും ഡോ. നല്ല തമ്പിതേരയും ഡോ. കെ.കെ. മന്മഥനും ഉണ്ടായിരുന്നു. ആര്‍പ്പൂക്കര തങ്കച്ചന്, ഗോപിദാസ്, എം.ഡി. തോമസ് തുടങ്ങി കെ.എസ്.എസ്.എ യുടെ നേതൃത്വം 1983ല്‍ സീഡിയനില്‍ ലയിക്കാന്‍ തീരുമാനിക്കുന്നതിനു പിന്നിലും പ്രേരണയായത് ഡോ. മന്മഥനായിരുന്നു. ഇപ്രകാരം പുഃനസംഘടിപ്പിക്കപ്പെട്ട സീഡിയന്റെ ആദ്യത്തെ ചെയര്‍മാനായി ഐക്യകണ്ഠേന അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ദളിത് പ്രസ്ഥാനങ്ങളും നേതൃത്വവും മൌലികമായ ചില പ്രക്ഷോഭങ്ങളിലേക്കും വ്യവഹാരമണ്ഡലത്തിലേക്കും പ്രവേശിച്ചത് ഇക്കാലത്തോടെയാണ്. പിന്നീട് സീഡിയന്‍, കേരള യുക്തിവാദി സംഘം, സി.പി ഐ.എം.എല്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ കോ-ഓര്‍ഡിനേഷനായ ജാതിവിരുദ്ധ മതേതരവേദിയുടെ ചെയര്‍മാനും ഇദ്ദേഹം തന്നെയായിരുന്നു. തലയോലപ്പറമ്പില്‍ ചേര്‍ന്ന ആദ്യത്തെ കണ്‍വന്‍ഷനില്‍ സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിച്ച, യുക്തിവാദി നേതാവ് പരമേശ്വരന്, കുട്ടികൃഷ്ണന് എന്നിവര്‍ക്ക് മറുപടി കൊടുക്കുവാന്‍ ചുമതല ഏറ്റെടുത്തതും കെ.കെ. മന്മഥനായിരുന്നു. 1987ല്‍ വൈപ്പിനില്‍വച്ച് ആദിശങ്കരനെ കത്തിക്കുന്ന പ്രക്ഷോഭത്തിലും, പിന്നീട് കാര്‍ഷികസമരത്തിലും നേതൃത്വപരമായ പങ്കുവഹിച്ചു. ഏറെ സൂക്ഷ്മവും പ്രകോപനപരവുമായിരുന്നു അക്കാലത്തെ മന്മഥന്റെ പ്രഭാഷണങ്ങള്‍. 'ഇന്ത്യയില്‍ ഏത് ജനാധിപത്യ വിപ്ളവത്തിനാണ് ശങ്കരന് നേതൃത്വം കൊടുത്തത്? അദ്ദേഹം ഞങ്ങള്‍ക്ക് ആദിശങ്കരനല്ല. ജാതിശങ്കരനാണ്.'എന്നിങ്ങനെ ജാതിവിമര്‍ശനത്തിന്റെ മണ്ഡലത്തില്‍, സാമാന്യജനങ്ങളുടെ യുക്തിക്ക് കൂടി പ്രാധാന്യം നല്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. സീഡിയന്‍ മാസികയുടെ ഉള്ളടക്കവും ഭാഷയും സംബന്ധിച്ച് കല്ലറ സുകുമാരനെപ്പോലുള്ളവര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് 'അണികള്‍ക്ക് വേണ്ടിയുള്ളതല്ല സീഡിയന്‍ അത് നേതാക്കന്മാര്ക്ക് വേണ്ടിയുള്ളതാണ്' എന്ന മറുപടിയാണ് നല്‍കിയത്. 20 കോടിയോളം വരുന്ന ദളിതര്‍ കാര്‍ഷിക വിപ്ളവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതും എന്ന ഉത്തമവിശ്വാസമായിരുന്നു ഡോ. കെ.കെ. മന്മഥന്റേത്. സമുദായത്തിന്റെ സാഹസികതയും വിപ്ളവോന്മുഖതയും അദ്ദേഹം ഒരു ഘട്ടത്തിലും അവിശ്വസിച്ചില്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നിലപാടുകളില്‍ നിന്ന് അല്പം വ്യതിചലിച്ച്, ദളിതര്‍ക്ക് ഒരു ജനാധിപത്യപാര്‍ട്ടി ആകാം എന്നുവരെ അദ്ദേഹം വിശ്വസിച്ചു. നാഷണല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ടി(NDLF) ന്റെ നേതൃത്വത്തില്‍ അവസാനകാലത്തു തുടരുമ്പോഴും , അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞിരുന്നില്ല. പ്രതിഭാശാലിത്വവും പ്രതിബദ്ധതയും തന്റെ സമൂഹത്തിന്റെ മുന്നേറ്റങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുമ്പോള്‍ സംവാദാത്മകമായ മനസ്സ് ഡോക്ടര്‍ക്കുണ്ടായിരുന്നു. അവസര സമത്വ പ്രക്ഷോഭ ജാഥ, സി.ടി സുകുമാരന്‍ ഐ.എ.എ.സിന്റെ മരണത്തോടനുബന്ധിച്ച് നടന്ന സമരങ്ങള്‍ തുടങ്ങി ദളിത് പരിണാമത്തിന്റെ നാലു ദശകങ്ങള്‍ ഡോ. കെ.കെ.മന്മഥന്റേതു കൂടിയായിരുന്നു.സ്വകാര്യജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ പൊതു പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിചിത്രമായ ഭാവനകളും യുക്തികളും അതിനുമപ്പുറത്തെ പ്രയോഗവുമായിരുന്നു ഡോ.മന്മഥന് ജീവിതം. നേര്‍വരയിലൂടെയുള്ള യാത്ര അപരിചിതവും അസ്വീകാര്യവുമായിരുന്നു. എം.ബി.ബി.എസിനു പഠിക്കുമ്പോള്‍ കടുവാകളിക്കു പോവുക, ഒളിവു ജീവിതത്തില്‍ മേസ്ത്രിമാരുടെ സഹായി ആവുക, ടാറിംഗ് തൊഴിലാളി ആവുക, തുടങ്ങി സാധാരണ നാം കാണാത്ത ഒട്ടനവധി ജീവിതകാഴ്ചകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രസികത്തം തുളുമ്പുന്ന സംഭാഷണങ്ങളും സൂക്ഷ്മമായ വിശകലനപാടവവും, തികഞ്ഞ വാഗ്മിത്വവും ലളിതജീവിതവും എല്ലാം ഡോ. മന്മഥന് ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ സമകാലികര്‍ അനുസ്മരിക്കുന്നു.താളംതെറ്റിയ മനസിനെ മെരുക്കുവാനാണ് മൂന്നാംഘട്ടത്തില്‍ അദ്ദേഹം കോട്ടയം മെഡിക്കല്‍കോളേജില്‍ എത്തുന്നത്. ഒപ്പം പഠിച്ചവര്‍ അപ്പോഴേക്കും അദ്ദേഹത്തിന്റെ ചികിത്സകരായി കഴിഞ്ഞിരുന്നു. അലോപ്പതി ചികിത്സാവിധിയില്‍ ഒട്ടൊക്കെ അവിശ്വാസം ഉണ്ടായി തുടങ്ങുന്നതും ഇക്കാലത്താണ്. വിപ്ളവകാരിക്ക് ഏറ്റവും സുരക്ഷിതത്വം തരുന്ന ഇടമായി ആശുപത്രിയെ വിശേഷിപ്പിക്കുവാന്‍ അദ്ദേഹം പലപ്പോഴും ശ്രമിച്ചിരുന്നു. അണ്ടര്‍ ഗ്രൌണ്ട് ജീവിതമായി ആശുപത്രിവാസത്തെ ആസ്വദിക്കുക, ഏറ്റവും സന്തോഷഭരിതമായ ജീവിതകാലമായി ജയില്‍വാസത്തെ കാണുക, സ്വന്തം വാച്ചിലെ സൂചിയുടെ ചലനശബ്ദങ്ങള്‍ റഷ്യയില്‍നിന്നുള്ള സന്ദേശങ്ങളായി വ്യാഖ്യാനിക്കുക, ജോര്‍ദാന്‍, സിറിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള റേഡിയോ പ്രക്ഷേപണങ്ങള്‍ ശ്രവിച്ച് ലോകവിപ്ളവം സ്വപ്നം കാണുക… അങ്ങനെ പോകുന്നു ഡോ. മന്മഥന് നിര്‍മിച്ച വിചിത്രവും വ്യാഖ്യാനാതീതവുമായ ലോകങ്ങള്‍.വിപ്ളവം സ്വപ്നം കണ്ട്, ഹതാശരായി വിഭ്രാന്തിയുടെ ലോകത്തേയ്ക്ക് പോയ പ്രതിഭാശാലികളുടെ ഗണത്തില്‍പെടുന്നില്ല ഡോക്ടര്‍. അവിശ്വാസം അദ്ദേഹത്തിന് ഒരിക്കലുമുണ്ടായിരുന്നില്ല. എന്നാല്‍ തലച്ചോറിലെ നാഡീവ്യൂഹങ്ങള്‍ പ്രവചനാതീതമായ ഒരു ലോകത്തിലേക്ക്, കാലത്തെ പിന്തള്ളി അദ്ദേഹത്തെ നയിച്ചു, മനുഷ്യാനുഭവങ്ങളുടെ വ്യഥിതവും ഏകാന്തവുമായ തുരുത്തിലേക്ക് ആശുപത്രികള്‍ക്കും വ്യത്യസ്തങ്ങളായ ചികിത്സാവിധികള്‍ക്കും പരിഹരിക്കാനാവാത്തവിധം സങ്കീര്‍ണതകളിലൂടെ ആ ജീവിതം മുന്നോട്ടുപോയി; 2004 ഡിസംബര്‍ 24 വരെ.ദളിത് സമുദായത്തിലെ ഈ പ്രതിഭാശാലിയുടെ വേര്‍പാടിനു ശേഷവും അദ്ദേഹത്തിന്റെ സ്വപ്നം പൂര്‍ത്തിയാകാതെ കിടന്നു. ഒരു പക്ഷെ, ഡോക്ടര്‍ കെ.കെ. മന്മഥന് പ്രതിനിധാനം ചെയ്ത സാമൂഹിക-സാംസ്കാരികാവബോധവുമെല്ലാം വിഭിന്ന വഴികളിലൂടെ, വ്യത്യസ്തരൂപങ്ങളില്‍ മുന്നോട്ടു പോകുന്നുണ്ടെന്നു പറയാം. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗം അവശേഷിപ്പിക്കുന്നത് പ്രയോഗത്തെ സംബന്ധിച്ച വീണ്ടു വിചാരങ്ങളും പ്രത്യയശാസ്ത്രപരമായ പുനരാലോചനകളുമാണെന്നത് തീര്‍ച്ചയാണ്. ഒരു ജീവിതത്തിന്റെ സമര്‍പ്പണം അര്‍ഥവത്താകുന്നത് ഇപ്രകാരമാണെന്നാണ് ഡോ.കെ.കെ. മന്മഥന് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. ജാതിയെന്ന മൂര്‍ത്ത സ്ഥാപനത്തെക്കുറിച്ചുള്ള ബോധപൂര്‍വമായ അജ്ഞത കമ്യൂണിസ്റ്റുകള്‍ക്കും തീവ്ര ഇടതുപക്ഷങ്ങള്‍ക്കും ഏറെ നാള് തുടരുവാന്‍ കഴിയാത്തതിനു പിന്നില്‍ ഡോ. മന്മഥനെപ്പോലുള്ളവരുടെ ഇടപെടലുകള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നക്സലൈറ്റ് പ്രസ്ഥാനത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്ന് സൂക്ഷ്മമായ അര്‍ഥത്തില്‍ കാണാം. അതുകൊണ്ടാവാം വിപ്ളവകാരികളുടെ ചരിത്രരേഖകളില്‍ അദ്ദേഹത്തിന് ഇടമില്ലാതെ പോയത്. അറുപതുകളില്‍ വൈദ്യശാസ്ത്ര പഠനത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് എട്ടു വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച ഒരു ദളിത് വിദ്യാര്‍ത്ഥി പിന്നീട് ആഘോഷങ്ങളിലോ അനുസ്മരണങ്ങളിലോ പോലും കടന്നുവരാത്തതിന്റെ കാരണവും യുക്തിയും എന്താണ്? 'നക്സലൈറ്റ് ഭൂത'ത്തെ ഗവേഷണം ചെയ്ത് മുഖ്യധാരാ മാസികകളില്‍ ചിരിച്ചും ചെരിഞ്ഞും പാതി ഷേഡിട്ട് പോസുചെയ്തും ജീവിതം പറയുന്നവരാണ് ഈ ചോദ്യത്തിന് മറുപടി തരേണ്ടത്. കാലം അതിനായി നീണ്ടു നിവര്‍ന്ന്, കാതോര്‍ത്തു കിടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
*കെ.കെ.കൊച്ച്, കെ.കെ. എസ്.ദാസ്, സുധാകരന്, ഡോ. കെ.കെ.മന്മഥന്റെ സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍ തുടങ്ങിയവരുമായുള്ള സംഭാഷണങ്ങള്‍ ഈ കുറിപ്പ് തയാറാക്കാന്‍ സഹായിച്ചിട്ടുണ്ട്.
(ഡോ. സന്തോഷ് ഒകെ 2012ല്‍ ഉത്തരകാലത്തില് പ്രസിദ്ധീകരിച്ച ലേഖനം അദ്ദേഹത്തിന്റെ അനുമതിയോടെ കോങ്ങാട്: ഉന്മൂലന പരീക്ഷണത്തിന്റെ 50 വര്‍ഷങ്ങള്‍ എന്ന പരമ്പരയില്പുനഃപ്രസിദ്ധീകരിക്കുന്നു. ഈ ലേഖനം ഡോ. കെ കെ മന്മഥനെ കുറിച്ച് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.)
Next Story