TopTop
Begin typing your search above and press return to search.

മലബാര്‍ കലാപം എന്ന ജിഹാദ്; കുമ്മനം പുതു ചരിത്രരചന നടത്തുമ്പോള്‍

മലബാര്‍ കലാപം എന്ന ജിഹാദ്; കുമ്മനം പുതു ചരിത്രരചന നടത്തുമ്പോള്‍

ഒരര്‍ത്ഥത്തില്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞത് ശരിയാണ്. ജിഹാദി എന്ന അറബി പദത്തിന്റെ അര്‍ത്ഥമറിയാതെ തട്ടിയതാണെങ്കിലും; തലനരച്ചതുകൊണ്ട് വിടുവായത്തവും ചിലപ്പോള്‍ വിവേകമതിത്വമാകാം. മലബാര്‍ കലാപം ആദ്യത്തെ ജിഹാദി പോരാട്ടമാണെന്ന് കുമ്മനം പറയുമ്പോള്‍, അത് ജില്ലയുടെ രൂപീകരണ കാലം മുതല്‍, അഖിലേന്ത്യാടിസ്ഥാനത്തില്‍ സംഘപരിവാരം ഏറ്റെടുത്ത പ്രചാരണത്തിന്റെ തുടര്‍ച്ചയാണെന്നു വരാം. ഒരുപടി കൂടി കടന്ന് പറയുകയാണെങ്കില്‍, മംഗോളിയന്‍ പ്രാകൃത ജനത പന്ത്രണ്ടാം നൂറ്റാണ്ടില്‍ നാഗരികതകള്‍ക്കു നേരെ നടത്തിയ ആക്രമണ പരമ്പര പോലെ, ഇന്ന് ഇന്ത്യയില്‍ സംഘപരിവാരത്തിന്റെ അഞ്ചാംപത്തി നടത്തുന്ന ആക്രമണവും കൊള്ളിവെപ്പും കാര്യങ്ങള്‍ പുതിയ തലത്തില്‍ എത്തിച്ചിരിക്കുന്നു.

ജിഹാദ് എന്നാല്‍ ഒരു ആശയത്തിന്റെ പ്രചാരണത്തിനും ബോധ്യപ്പെടുത്തലിനും വേണ്ടി നടത്തുന്ന പോരാട്ടം എന്ന അര്‍ത്ഥം കുമ്മനത്തിന്റെ നിഖണ്ഡുവില്‍ ഉണ്ടാകില്ല. എന്നാല്‍ അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ ആ പദം പ്രയോഗിക്കുകയാണെങ്കില്‍, മലബാര്‍ കലാപം അത്തരമൊരു ആദ്യ ജിഹാദ് തന്നെയായിരുന്നു. ഇന്ത്യന്‍ ജനകീയ-ദേശീയത എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ട കലാപങ്ങളിലൊന്നായിരുന്നു മലബാര്‍ കലാപം. ഇക്കാര്യം ഗാന്ധിജിക്കും ദേശീയ നേതാക്കള്‍ക്കും അറിയാമായിരുന്നതു കൊണ്ടാണല്ലോ, ഗാന്ധിജി രാഷ്ട്രീയ പ്രവേശനം നടത്തിയ 1920കളില്‍ തന്നെ അദ്ദേഹം ഏറ്റെടുത്ത ആദ്യ സമരങ്ങളുടെ ഫലശ്രുതി കൂടിയായി മലബാര്‍ കലാപം മാറിയത്. ഗാന്ധിജിയെ കൊന്ന കുമ്മനത്തിന്റെ നേതാവ് ഗോഡ്സേയുടെ കൂട്ടര്‍, ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തും മാപ്പ് എഴുതിക്കൊടുത്തും രക്ഷപ്പെട്ട കഥയും അങ്ങാടിപ്പാട്ടാണല്ലോ.

ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തു നില്‍പ്പുകള്‍ക്ക് തുടക്കങ്ങളിലൊന്നായിരുന്നു, കുടിയാന്മാരായ കര്‍ഷകര്‍ പതിനേഴാം നൂറ്റാണ്ടു മുതല്‍ പല വിധത്തില്‍ നടത്തിയ ചെറുത്തുനില്‍പുകള്‍ എന്ന് സംഘപരിവാര്‍ കഥയെഴുത്തുകാര്‍ ഒഴിച്ചുള്ള എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്ന വസ്തുതയാണ്. അതിനെ ദേശീയ പ്രക്ഷോഭവുമായി അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം കണ്ണിചേര്‍ത്തപ്പോള്‍, ഏതാനും നമ്പൂതിരി പ്രക്ഷോഭകാരികളും ഒരു ഘട്ടത്തില്‍ നായര്‍ വിഭാഗങ്ങളും തീയ-ദളിത് സമുദായങ്ങളും അതില്‍ പങ്കു ചേര്‍ന്നിരുന്നു എന്നും കാണാം. ദളിതര്‍ ഭൂരിഭാഗവും അവസാനം വരെ പ്രക്ഷോഭകാരികളെ സഹായിച്ചു പോരികയും ചെയ്തു.

ഇന്ത്യയില്‍ ഹിന്ദുക്കളുടെ ഇടയില്‍ സാമൂഹ്യ നവോത്ഥാനത്തിന് തുടക്കമിട്ട സാക്ഷാല്‍ വിവേകാനന്ദ സ്വാമിയുടെ ബന്ധു തന്നെയാണ് മലബാര്‍ കലാപത്തിന്റെ ചരിത്ര പ്രസക്തിയെക്കുറിച്ച് എഴുതിയത് എന്ന കാര്യവും കുമ്മനത്തിന്റെ കുബുദ്ധിക്ക് അറിയാത്തതല്ല. സൗമ്യേന്ദ്ര നാഥ ടാഗോറിന്റെ ഈ വിശകലനത്തില്‍ പ്രചോദിമായിട്ടാവണം, പില്‍ക്കാലത്ത് മാര്‍ക്സിസത്തിന്റെ പഠനരീതി ഉപയോഗിച്ച്, ഇഎംഎസ് നമ്പൂതിരിപ്പാട് മലബാര്‍ കലാപത്തെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടാകുക.

തുടര്‍ന്ന് ആധുനിക കാലത്ത്, ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍, ആദ്യകാല ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളെയും സമരങ്ങളെയും കുറിച്ച് പഠിച്ച ഡോ. കെ എന്‍ പണിക്കരും മലബാര്‍ കലാപത്തെക്കുറിച്ച് മനോഹരമായ ഒരു ചരിത്ര പുസ്തകം രചിക്കുകയുണ്ടായി. സാക്ഷാല്‍ വൈദിക ബ്രാഹ്മണനായിരുന്ന ഇഎംഎസും ഒന്നാം തരം ഹിന്ദുവായ കെ എന്‍ പണിക്കരും അടങ്ങുന്ന നിരവധി ഹിന്ദുക്കള്‍ മലബാര്‍ കലാപത്തെക്കുറിച്ച് വസ്തുനിഷ്ഠമായി നടത്തിയ വിശകലനവും പ്രശംസയും കുമ്മനത്തിന്റെയും സംഘികളുടെയും സാമ്രാജ്യത്വ ദാസ്യവേലയ്ക്ക് എന്തും കൊണ്ടും പഥ്യമാവില്ല എന്നു തീര്‍ച്ചയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories