TopTop

ഉത്തരേന്ത്യന്‍ ആള്‍ദൈവങ്ങള്‍ ദക്ഷിണേന്ത്യക്കാരെ കണ്ടു പഠിക്കണം: പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും

ഉത്തരേന്ത്യന്‍ ആള്‍ദൈവങ്ങള്‍ ദക്ഷിണേന്ത്യക്കാരെ കണ്ടു പഠിക്കണം: പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും
ആള്‍ദൈവങ്ങള്‍ രണ്ട് തരത്തിലുണ്ട് - പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും. ഉദാഹരണത്തിന് പിടിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിംഗും പിടിക്കപ്പെടാത്ത മാതാ അമൃതാനന്ദമയിയും. ക്രിമിനല്‍ കേസില്‍ പ്രതിയായ, ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹീമും ഇന്നേവരെ ഒരു ക്രിമിനല്‍ കേസിലും പ്രതിയാകാത്ത അമൃതാനന്ദമയിയും എങ്ങനെയാണ് ഒരുപോലെയാവുക എന്ന് ചോദിക്കാം.

വിശ്വാസത്തിന്റെയും അനുയായി വൃന്ദത്തിന്റെയും പേരില്‍ ഇരുവരും പടുത്തുയര്‍ത്തിയ വലിയ മൂലധനത്തിന്റെ വ്യവസായ സാമ്രാജ്യവും സമാന്തര വ്യവസ്ഥയും ഇവര്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളും തന്നെയാണ് റാം റഹീം സിംഗിനേയും അമൃതാനന്ദമയിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ ബാബ രാം ദേവിനേയും മരിച്ചുപോയ സത്യസായി ബാബയേയും ബലാത്സംഗ കേസില്‍ അകത്ത് കിടക്കുന്ന ആശാറാം ബാപ്പുവിനേയും ഒരേ കണ്ണിയില്‍ ചേര്‍ക്കുന്നത്.

ഭരണകൂടങ്ങളുമായി, സര്‍ക്കാരിനെ നയിക്കുന്നവരുമായി എല്ലാ കാലത്തും ഊഷ്മളമായ ബന്ധം നിലനിര്‍ത്താനും എല്ലാ പ്രിവിലേജുകളും അനുഭവിക്കാനും ക്രിമിനല്‍ പ്രവൃത്തികള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും ഏറ്റവും നല്ല മറയാക്കാവുന്ന ആതുരസേവനം എന്ന പരിപാടി ഉപയോഗപ്പെടുത്താനും എല്ലാ വിധ പരിശോധനകളില്‍ നിന്നും ഒഴിവാകാനും സാധിക്കുന്നവരുമാണ് ഈ ആള്‍ദൈവങ്ങള്‍.

പൊതുസമൂഹത്തിലെ പ്രത്യക്ഷപ്പെടലുകള്‍ക്കും സംസാര, വസ്ത്രധാരണ രീതികളിലും ശരീരഭാഷയിലുമെല്ലാം ഇവര്‍ വ്യത്യസ്തരായിരിക്കാം. എന്നാല്‍ അധികാര ബന്ധങ്ങളിലും സമാന്തര വ്യവസ്ഥിതി സൃഷ്ടിക്കുന്നതിലും ഈ ആത്മീയ വ്യവസായികളെല്ലാം ഒന്ന് തന്നെ. വിക്കിപീഡിയയെ സംബന്ധിച്ച്, ഈ പറഞ്ഞവരെല്ലാം ഒന്നുകില്‍ 'സ്പിരിച്വല്‍ ലീഡര്‍' അല്ലെങ്കില്‍ ഗുരു ആണ്. ഇന്ത്യയ്ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഗുരുക്കന്മാര്‍. ശ്രീ ശ്രീ രവിശങ്കറിനെ പോലുള്ള ചിലര്‍ മാത്രമാണ് അവതാര പ്രതീതി കുറഞ്ഞ ആത്മീയ വ്യവസായികള്‍. അദ്ദേഹത്തിന്റെ ശ്രദ്ധ ജീവനകലയിലൂടെ നവോത്ഥാനത്തിലാണ്. ജീവിതമെന്ന കല എങ്ങനെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാം - അതിനുള്ള എളുപ്പവഴികളും അതിന്റെ സമര്‍ത്ഥമായ വിപണനവും. പിന്നെ യമുനാതീരത്തെ അടിമുടി മാറ്റുന്നത് പോലുള്ള ആത്മീയ മഹോത്സവങ്ങളിലാണ്. യമുനാ തടം നശിപ്പിച്ചതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ച് കോടി രൂപ പിഴയിട്ട ഇദ്ദേഹത്തിന്റെ, നദീസംരക്ഷണത്തിനായുള്ള 'മഹത്തായ സംഭാവന'കളാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്. ശ്രീ ശ്രീക്ക് പണി കൊടുത്ത ദേശീയ ഹരിത ട്രൈബ്യൂണല്‍ തന്നെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

മറ്റൊരു ഗുരുവായ ജഗ്ഗി വാസുദേവും ഇന്ത്യയിലെ നദികളെ സംരക്ഷിക്കാതെ വെറുതെ വിടില്ലെന്ന വാശിയുള്ളയാളാണ്. അദ്ദേഹം ഇതിനായുള്ള വലിയ സോഷ്യല്‍ മീഡിയ പ്രചാരണത്തിലാണ്. പിന്നെ ലോക സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനം നടത്തിക്കൊണ്ട് വെറുതെ ലോകം ചുറ്റിയടിക്കുന്നയാളല്ല ശ്രീ ശ്രീ. അദ്ദേഹം കൊളംബിയയിലെ ഫാര്‍ക് ഗറില്ലകളുമായും ഗവണ്‍മെന്റുമായും വരെ സംസാരിച്ച് അവരുടെ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ച് സമാധാനം ഉണ്ടാക്കുന്നയാളും, ഇതിന് പിന്നാലെ തരാം എന്ന പറഞ്ഞ സമാധാന നൊബേല്‍, അതും ഗാന്ധിജിക്ക് പോലും കിട്ടാത്ത നൊബേല്‍ വേണ്ടെന്ന് വച്ച് മാതൃകയാവുന്ന വ്യക്തിയുമാണ്. ഇങ്ങനെയുള്ള വ്യത്യസ്തരായ മനുഷ്യരെ മറന്നുകൊണ്ടല്ല ഈ ആള്‍ദൈവ സാമാന്യവത്കരണം. എന്നാല്‍ അങ്ങനെയുള്ള ശ്രീ ശ്രീ രവിശങ്കറെ പോലും ആള്‍ദൈവമെന്ന് വിളിച്ച് അപകീര്‍ത്തിപ്പെടുന്ന അസൂയാലുക്കള്‍ നാട്ടിലുണ്ട് എന്നതാണ് വസ്തുത.ദേര സച്ച സൗദ എന്ന പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ ആത്മീയാചാര്യന്‍-കം-തലവനായി റാം റഹീം സിംഗ് ചുമതലയേല്‍ക്കുന്നത് 1990ലാണ്; അതും തന്റെ 23-മത്തെ വയസില്‍. രാജസ്ഥാനിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച, ഇപ്പോള്‍ 50 വയസ് പ്രായമുള്ള റാം റഹീമിന്റെ പിതാവ്, അതിനു മുമ്പുള്ള ദേര സച്ച തലവന്‍ സത്നാം സിംഗിന്റെ കടുത്ത വിശ്വാസിയായിരുന്നു. അങ്ങനെ ചെറുപ്പത്തിലേ ആശ്രമത്തിലെത്തപ്പെട്ട റാം റഹീം പടിപടിയായി അടുത്ത ഗുരു എന്ന പദവിയിലേക്ക് എത്തപ്പെടുകയും ചെയ്തു.

കേരളത്തില്‍ കൊല്ലത്തെ തീരദേശഗ്രാമത്തില്‍ ഹിസ്റ്റീരിയ ബാധിച്ച പോലെ പൊടിമണലില്‍ കിടന്നുരുണ്ട് 'ഭാവം' കൊണ്ടിരുന്ന പെണ്‍കുട്ടിയായിരുന്ന സുധാമണിയെ (ജനനം - 1953) മുന്‍നിര്‍ത്തി പടുത്തുയര്‍ത്തിയ ആശ്രമം ക്ലച്ച് പിടിക്കുന്നതും ഏതാണ്ട് ഇക്കാലത്താണ്. പിന്നീട് രാഷ്ട്രീയാതീതമായി ഏത് പാര്‍ട്ടി ഭരിക്കുമ്പോളും റാം റഹീം സിംഗും അമൃതാനന്ദമയിയും ഒക്കെ എല്ലാ പ്രിവിലേജുകളോടും കൂടി വിരാജിച്ചു. ചില ദോഷൈകദൃക്കുകള്‍ ഇടയ്ക്ക് നികുതി വെട്ടിപ്പ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടതും മറ്റ് ചില 'ചെറിയ' കൊലപാതക, ബലാത്സംഗ ആരോപണങ്ങള്‍ ഉന്നയിച്ചതുമൊഴിച്ചാല്‍ വേറെ ശല്യമൊന്നുമുണ്ടായിരുന്നില്ല.

നവഉദാരവത്കരണ, ആഗോളവത്കരണ നയങ്ങള്‍ക്ക് മുമ്പ് തന്നെ ആള്‍ദൈവങ്ങളും 'ആത്മീയ ലഹരി' പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചിരുന്നു. ശീതയുദ്ധകാലത്ത് തന്നെ ഹരേകൃഷ്ണ പ്രസ്ഥാനവും ഓഷോ രജനീഷുമെല്ലാം മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ചുവടുറപ്പിച്ചു. സത്യനാരായണ രാജു തന്റെ 14ാം വയസില്‍ തന്നെ സ്വയം ദൈവമായി പ്രഖ്യാപിച്ച ആളാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ 1940ലാണ് ഷിര്‍ദ്ദിസായി ബാബയുടെ പിന്‍ഗാമിയായും മഹാവിഷ്ണുവിന്റെ അവതാരമായും സത്യനാരായണ രാജു സ്വയം പ്രഖ്യാപിക്കുന്നതും സത്യസായി ബാബയായി സ്വയം അവരോധിക്കുന്നതും. 70-കളില്‍ സായി ബാബയുടെ സാമ്രാജ്യം ശക്തി പ്രാപിച്ചു. രാജ്യത്തെ ഒരു മുന്‍ രാഷ്ട്രപതി പോലും ആ കാല്‍ക്കല്‍ കൈകൂപ്പി ഇരുന്നു.

ക്രിമിനല്‍ കേസുകള്‍, നികുതിവെട്ടിപ്പുകള്‍, ബലാത്സംഗ, കൊലപാതക ആരോപണങ്ങള്‍ തുടങ്ങിയവയിലെല്ലാം കൈകാര്യം ചെയ്യുന്നതിലും പൊതുസമൂഹത്തിലെ പെരുമാറ്റത്തിലും അധികാര ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നതിലുമെല്ലാം റാം റഹീമും ആശാറാം ബാപ്പുവെല്ലാം പുലര്‍ത്തുന്ന കാപട്യരഹിതമായ സമീപനം അവര്‍ സത്യത്തില്‍ തിരുത്തേണ്ടതാണ്. ആര്‍ത്തി പിടിച്ചപോലെ, കെട്ട് പൊട്ടിച്ച പോലെ ഇങ്ങനെ നടക്കരുത്. ആത്മീയ വ്യവസായത്തിന് അത് ഗുണം ചെയ്യില്ല. ഏതെങ്കിലും ഘട്ടത്തില്‍ കോടതികളില്‍ നിന്ന് പണി കിട്ടാന്‍ സാധ്യതയുണ്ട്.

അവിടെയാണ് സായി ബാബയേയും അമൃതാനന്ദമയിയേയും പോലുള്ള സമ്പൂര്‍ണ ആള്‍ദൈവങ്ങളേയും ശ്രീ ശ്രീ രവിശങ്കറിനെ പോലുള്ള അതിജീവന ഗുരുദൈവങ്ങളേയും ഇവര്‍ മാതൃകയാക്കേണ്ടത്. ചിലപ്പോള്‍ ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥകളുടെ വ്യത്യാസങ്ങളായിരിക്കാം ഈ ആള്‍ദൈവങ്ങളുടെ പെരുമാറ്റ രീതികളിലും പ്രകടമാകുന്നത്. ഉത്തരേന്ത്യന്‍ ആള്‍ദൈവങ്ങള്‍ ചില പ്രത്യേക ഘട്ടങ്ങളില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളോടും അടുപ്പം കാണിക്കുന്നത് പോലെ ദക്ഷിണേന്ത്യന്‍ ദൈവങ്ങള്‍ കാണിക്കാറില്ല. അവര്‍ നിഷ്പക്ഷരാണ്. എല്ലാ രാഷ്ട്രീയക്കാരെയും അവര്‍ക്ക് വേണം.

ഗുര്‍മീത് റാം റഹീം സിംഗ് അനുയായികളെ ഇറക്കി അക്രമമഴിച്ചു വിടുന്ന പോലെ അമൃതാനന്ദമയിക്ക് കേരളത്തില്‍ ഒരിക്കലും സാധിക്കില്ല എന്ന കാര്യം വ്യക്തമാണ്. ആശ്രമത്തിലോ ആശുപത്രിയിലോ ചിലപ്പോള്‍ ഗുണ്ടാ മര്‍ദ്ദനങ്ങള്‍ നടത്താന്‍ കഴിഞ്ഞേക്കും. ജീവിതച്ചെലവിന് പോലുമുള്ള ശമ്പളം നല്‍കുന്നില്ല എന്നാരോപിച്ച് അമൃത ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിന് ഇറങ്ങിയപ്പോള്‍ തല്ലിയോടിക്കാന്‍ അമൃതാശ്രമ, സംഘപരിവാര്‍ ഗുണ്ടകള്‍ രംഗപ്രവേശം ചെയ്തതിന് കേരളം സാക്ഷിയായതാണ്.എക്കാലത്തും സമൂഹത്തിലെ വലിയ വൈരുദ്ധ്യങ്ങള്‍ ഈ ആള്‍ദൈവ സാമ്രാജ്യങ്ങള്‍ക്ക് സഹായകമായിരുന്നു. പുരോഗമനത്തിന്റെയും യുക്തിചിന്തയുടേയും കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ നമ്പര്‍ വണ്‍ സര്‍ട്ടിഫിക്കറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ ഇക്കാലമത്രയും കൈവശം വയ്ക്കുന്ന കേരളത്തിലാണ് സുധാമണിയെന്ന ഒരു സാധാരണ പെണ്‍കുട്ടി വലിയ വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയത്. തുടക്കത്തിലെ മാന്ത്രികവിദ്യാ - രോഗശമന തട്ടിപ്പുകളൊന്നും ആവശ്യമില്ലാത്ത തലത്തിലേയ്ക്ക് അവര്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു.

ആന്ധ്രാപ്രദേശില്‍ നക്‌സലൈറ്റുകള്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന പ്രദേശങ്ങള്‍ക്ക് സമീപമാണ് സായിബാബയുടെ ആസ്ഥാനമായ പുട്ടപര്‍ത്തി. നക്‌സലൈറ്റുകളുടെ ഭാഗത്ത് നിന്ന് ഒരു ഘട്ടത്തില്‍ പോലും പിന്തിരിപ്പന്‍ ആള്‍ദൈവമായ, ജനങ്ങളെ അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടുന്ന സായി ബാബയ്‌ക്കെതിരെ ഒരു നീക്കവുണ്ടായിട്ടില്ല. മുന്‍ നക്‌സലൈറ്റും പിന്നീട് വലിയ സായിഭക്തനുമായി മാറിയ ഫിലിപ്പ് എം പ്രസാദ് ആണ് ഒരിക്കല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സായിബാബയുടെ ആശുപത്രിയില്‍ കൊടുക്കുന്ന സൗജന്യ ചികിത്സയെ കുറിച്ചും സുനാമി ബാധിതര്‍ക്ക് അമൃതാനന്ദമയി വീട് വച്ച് കൊടുക്കുന്നതിനെ കുറിച്ചും വാചാലരാകുന്ന ഭക്തര്‍ ഇതിനുള്ള പണം എവിടെ നിന്ന് വരുന്നു എന്ന് എന്വേഷിക്കാന്‍ യാതൊരു സാധ്യതയുമില്ലല്ലോ.

"ഒരു സാധാരണ മുക്കുവ കുടുംബത്തില്‍ നിന്ന് വന്ന പെണ്ണ്, അങ്ങനെ ഒരുത്തി" - അതായത് ജാതിപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടി - "ഇത്തരത്തില്‍ ആത്മീയ നേതാവായി ഉയര്‍ന്നു വരികയാണ് ചെയ്തതെന്നും അതുകൊണ്ട് അവര്‍ക്കെതിരായ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നു"മാണ് പ്രതിപക്ഷ നേതാവായിരിക്കെ വിഎസ് അച്യുതാനന്ദന്‍ ഒരിക്കല്‍ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞത് (മീഡിയ വണ്‍ അഭിമുഖം). ആശ്രമത്തില്‍ 12 വര്‍ഷക്കാലം അമൃതാനന്ദമയിയുടെ അടുത്ത ശിഷ്യയായിരിക്കുകയും അവിടെ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോയ ഓസ്‌ട്രേലിയക്കാരിയുമായ ഗെയില്‍ ട്രെഡ് വെല്ലുമായി, ജോണ്‍ ബ്രിട്ടാസ് കൈരളി ടിവിയില്‍ അഭിമുഖം നടത്തിയിരുന്നു. Holly Hell (വിശുദ്ധ നരകം) എന്ന പുസ്തകത്തില്‍ അമൃതാനന്ദമയിക്കും ആശ്രമത്തിനും എതിരെ അവര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. പല തവണ ലൈംഗിക പീഡനത്തിനിരയായി എന്നതടക്കമുള്ള കാര്യങ്ങള്‍ ഗെയ്ല്‍ പറഞ്ഞിരുന്നു. അവര്‍ അമൃതാനന്ദമയിക്കും മഠത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുമ്പോളാണ് വിഎസ് ഇത്തരത്തിലുള്ള വിചിത്രമായ വാദം ഉന്നയിച്ചത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അടുത്ത കാലത്തായിരുന്നു ഗെയ്ല്‍ ട്രെഡ് വെല്ലിന്റെ വിവാദ വെളിപ്പെടുത്തലുകള്‍. അമൃതാനന്ദമയിക്ക് തീരദേശത്ത് ഏതെങ്കിലും തരത്തില്‍ ശക്തമായ വോട്ട് ബാങ്കുണ്ടാകും എന്ന് കരുതിയിട്ടാണോ ഇത്തരത്തിലുള്ള പ്രതികരണം എന്ന് വ്യക്തമല്ല.

ഏതാണ്ട് ഇതിനോടടുത്ത സമയത്ത് സത്‌നാം സിംഗിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവര്‍ത്തിച്ച് ആവശ്യപ്പെട്ട വിഎസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത് എന്നത് ശ്രദ്ധേയം. താരതമ്യേന ഛോട്ടാ ആള്‍ ദൈവങ്ങളായിരുന്നെങ്കിലും ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് സന്തോഷ് മാധവനെ പോലുള്ള ആത്മീയ കച്ചവടക്കാര്‍ കേരളത്തില്‍ അറസ്റ്റിലായത് വിഎസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. അമൃതാനന്ദമയി ആശ്രമത്തിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ഒരിക്കല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഎം അടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടികളും ഈ ആള്‍ദൈവത്തിനോ അവരുടെ വ്യവസായ സാമ്രാജ്യത്തിനോ എതിരെ കാര്യമായ എതിര്‍പ്പൊന്നും ഉയര്‍ത്തിയിട്ടില്ല. ഏതായാലും ഒരു 'മുക്കുവ സ്ത്രീ'യുടെ കാല്‍ക്കല്‍ വീണ് കേരളത്തിലെ പല നായന്മാരും സവര്‍ണന്മാരും (മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും ഉള്‍പ്പടെ) നമസ്‌കരിച്ചത് ചില്ലറ കാര്യമല്ല. ഭയങ്കര വിപ്ലവം തന്നെയാണ്.നിരവധി അസ്വാഭാവിക മരണങ്ങള്‍ നടന്നിട്ടുള്ള ഒന്നാണ് അമൃതാനന്ദമയിയുടെ ആസ്ഥാനമായ കൊല്ലത്തെ ആശ്രമം. മുന്‍ മുഖ്യമന്ത്രി സി. അച്യുത മേനോന്റെ അകന്ന ബന്ധുവായ നാരായണന്‍ കുട്ടി അടക്കം, ഏറ്റവുമൊടുവില്‍ ബിഹാര്‍ സ്വദേശിയായ സത്‌നാം സിംഗ് വരെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടുണ്ട്. സത്‌നാം സിംഗിന്റെ മരണം മഠത്തിന് പുറത്തായിരുന്നുവെങ്കിലും ആശ്രമത്തില്‍ നിന്നേറ്റ മര്‍ദ്ദനം സംബന്ധിച്ച ആരോപണമുണ്ട്. സത്‌നാം സിംഗിന്റെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിതാവ് പല തവണ കേരളത്തിലെ വിവിധ നേതാക്കളെയും മുഖ്യമന്ത്രി അടക്കമുള്ളവരേയും കണ്ടെങ്കിലും ഒന്നും സംഭവിച്ചില്ല. അമൃതാനന്ദമയിയുമായി അടുപ്പമുണ്ടെന്ന് പറയുന്ന ഉദ്യോസ്ഥരെ തന്നെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.

1990-ല്‍ നാരായണന്‍ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ക്ക്, അച്യുത മേനോന്‍ കത്തയച്ചിരുന്നു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള പത്രങ്ങള്‍ അത് പ്രാധാന്യത്തോടെ കൊടുക്കുകയും ചെയ്തിരുന്നു. അമൃതാനന്ദമയിയുടെ വ്യവസായ സാമ്രാജ്യം ഇന്നത്തേതിന്റെ പകുതി പോലും ഇല്ലാതിരുന്ന കാലത്താണ് ഇത്. പക്ഷെ അച്യുത മേനോന്റെ ആവശ്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല. ശ്രീനി പട്ടത്താനത്തിന്റെ 'അമൃതാനന്ദ മയി - വിശ്വാസവും യാഥാര്‍ത്ഥ്യവും' എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് പറയുന്നത്. സുധാമണിയുടെ സഹോദരന്‍ സുനില്‍കുമാറിന്റെ മരണം അടക്കമുള്ളവയില്‍ പുസ്തകത്തില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. ദുരംധര്‍, നാരായണന്‍കുട്ടി, സിദ്ധരാമന്‍, ഭാസ്‌കര ദാസ്, സത്‌നാം സിംഗ് - ദുരൂഹ മരണങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടു. ചോദ്യങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ. ഉത്തരങ്ങള്‍ ഒന്നിനുമുണ്ടായിരുന്നില്ല.

മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ഗവര്‍ണര്‍മാരും രാഷ്ട്രപതിമാരും അമൃതാന്ദമയിക്കൊപ്പം വേദി പങ്കിട്ടു. ചിലര്‍ കാല്‍ക്കല്‍ വീണ് തൊഴുതു. ചിലര്‍ സ്‌നേഹത്തോടെ ആലിംഗനം ചെയ്ത് നിര്‍വൃതി നേടി. എകെ ആന്റണിയെ പോലുള്ള മുഖ്യമന്ത്രിമാര്‍ അമ്മയുടെ സാമീപ്യം നല്‍കുന്ന ആത്മീയാനുഭൂതിയെ കുറിച്ച് വാചാലരായി. കോണ്‍ഗ്രസുകാരും ബിജെപിക്കാരുമാണ് കൂടുതലും അമൃതാനന്ദമയി മഠത്തിന്റെ പരിപാടികളില്‍ പങ്കെടുത്തത്. സിപിഎമ്മിന്റെ മുഖ്യമന്ത്രിമാരെ ആരെയും ഇതുവരെ അമൃതാനന്ദമയിയുടെ വേദിയില്‍ കണ്ടിട്ടില്ല. സിപിഎമ്മില്‍ നിന്ന് മന്ത്രിമാരായിരുന്ന എകെ ബാലനും തോമസ് ഐസകുമാണ് അമൃതാനന്ദമയി മഠത്തിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളത്. വിദ്യാഭ്യാസ, ആരോഗ്യ, ഗവേഷണ മേഖലകളില്‍ വലിയ 'സംഭാവനകള്‍' നല്‍കുന്ന അമൃതാനന്ദമയി മഠം പരിപാടികള്‍ക്ക് ക്ഷണിച്ചാല്‍ മന്ത്രിയെന്ന നിലയില്‍ പോകാതിരിക്കാനാവില്ലെന്നായിരുന്നു ഐസകിന്റെ ന്യായീകരണം.അമൃതാനന്ദമയി കേരളത്തിലെ വലിയ മൂലധന ശക്തിയും രാഷ്ട്രീയ സ്വാധീനമുള്ളയാളും ആണെങ്കിലും ഗുര്‍മീത് റാം റഹീം സിംഗിനെ പോലെ കേരളത്തില്‍ ഒരു വലിയ കലാപം ഉണ്ടാക്കാന്‍ കഴിയുന്നയാളാണ് എന്ന് കരുതാനാവില്ല. അതേസമയം അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യും. ഗുര്‍മീത് റാം റഹീം സിംഗ് എന്ന സുന്ദരമായ മതേതര പേരിനുള്ളില്‍ ഒളിച്ചിരിക്കുന്ന, കലാകാരനായ ഈ ആത്മീയ വ്യവസായി ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നയാളാണ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി അദ്ദേഹം നടത്തിയെന്ന് പറയുന്ന മഹത്തായ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ബാബ റാം റഹീം സിംഗിനേയും അദ്ദേഹത്തിന്റേയും അനുയായികളുടേയും പ്രവര്‍ത്തനങ്ങളേയും മുഴുവന്‍ ഇന്ത്യക്കാരും മാതൃകയാക്കണമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.

ഇന്നലെ ബലാത്സംഗ കേസില്‍ റാം റഹീം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് അയാളുടെ അനുയായികള്‍ അഴിച്ചുവിട്ട വ്യാപക അക്രമങ്ങളും മാതൃകയാക്കിയാല്‍ ഗംഭീരമാകും. 31 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഹരിയാനയിലും പഞ്ചാബിലും വ്യാപക അക്രമങ്ങളുണ്ടായതിന് പുറമെ ഡല്‍ഹിയിലേയ്ക്കും രാജസ്ഥാനിലേയ്ക്കും ഉത്തര്‍പ്രദേശിലേയ്ക്കും അക്രമം പടര്‍ന്നു. 10,000-ത്തോളം വരുന്ന അനുയായികള്‍ക്കൊപ്പം കോടതിയിലെത്താന്‍ രാം റഹിമിന് കഴിയുന്നു എന്നതും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും സൈന്യത്തെ വിന്യസിച്ചിട്ടും പോലും സര്‍ക്കാര്‍ സംവിധാനത്തിന് കലാപം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ അതിന് ശ്രമിക്കുന്നില്ല.

കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തോക്കേന്തിയ കരിമ്പൂച്ചകളുടെ അകമ്പടിയോടെ വാഹനവ്യൂഹങ്ങളുമായി റാം റഹീം പലപ്പോഴും പാഞ്ഞുപോയിട്ടുണ്ട്. കേരളത്തില്‍ 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് 2015ല്‍ നീക്കം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളത്തില്‍ ഒരു 'സ്പിരിച്വല്‍ മ്യൂസിക്' സ്വകാര്യ ചാനല്‍ തുടങ്ങാനും ഗുര്‍മീന്ദര്‍ പദ്ധതിയിട്ടിരുന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുര്‍മീതിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ഒരു മലയാള നടന് വന്‍തുക വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ഹരിയാന പൊലീസ് സേനയുടെ വലയത്തില്‍ അദ്ദേഹം നടത്തിയ കേരള സന്ദര്‍ശനം വിവാദമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന കേരളത്തിന്റെ ചോദ്യത്തിന് ഹരിയാന പൊലീസ് മറുപടി നല്‍കിയില്ല. ഇതേക്കുറിച്ച് കേരള സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് കത്തയച്ചിരുന്നു. സ്വകാര്യ ബിസിനസ് താത്പര്യങ്ങള്‍ക്ക് വേണ്ടി സന്ദര്‍ശനം നടത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പൊലീസിനെ നിയോഗിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തേയും കേരള സര്‍ക്കാര്‍ അറിയിച്ചു. ഇതര സംസ്ഥാന സേനകളുടെയോ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെയോ വലയത്തില്‍ കേരളം സന്ദര്‍ശിച്ചാല്‍ ഗുര്‍മീത് സിങ്ങിനൊപ്പമുള്ളവരുടെ മുഴുവന്‍ വിവരങ്ങളും കേരളത്തിന് മുന്‍കൂട്ടി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. കൊച്ചിയില്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ 'മ്യൂസിക് ഷോ' നടത്താനും ഗുര്‍മീതിന് പദ്ധതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മലയാളികള്‍ തെറിവിളിയുമായി രംഗത്തെത്തിയതോടെ ഈ പരിപാടി ഉപേക്ഷിച്ചതായാണ് പറയുന്നത്.പിടിക്കപ്പെട്ട റാം റഹീമും പിടിക്കപ്പെടാത്ത ബാബ രാംദേവുമെല്ലാം മോദിക്കും ബിജെപിക്കുമെല്ലാം പ്രിയങ്കരരാണ്. കോണ്‍ഗ്രസിന്റെ അടുപ്പക്കാരനായിരുന്നു ആദ്യം ഗുര്‍മീത്. പാരമ്പര്യ സിഖ് വാദികള്‍ ശക്തമായി എതിര്‍ത്തിരുന്നയാള്‍. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ പല ഘട്ടങ്ങളിലും രാജ്യത്ത് അഞ്ച് കോടി അനുയായികളുണ്ടെന്ന് അവകാശപ്പെടുന്ന ഗുര്‍മീതിന്റെ സഹായം തേടിയെത്തി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് ഗുര്‍മീത് ബിജെപിയുമായി അടുക്കുന്നത്. 2014ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ശക്തമായി ഗുര്‍മീത് റാം റഹീം പിന്തുണച്ചു. അമിത് ഷാ നേരിട്ടായിരുന്നു കച്ചവടം. 47 ബിജെപി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിയുടെ ഹരിയാന ചുമതലയുള്ള കൈലാഷ് വിജയ്‌ വര്‍ഗിയയുടെ നേതൃത്വത്തില്‍ ആശ്രമത്തിലെത്തി ഗുര്‍മീതിന്‍റെ കാല്‍ക്കല്‍ വീണു. ജയിച്ചവരില്‍ ഭൂരിഭാഗവും നന്ദി പ്രകടനവുമായി വീണ്ടും ആശ്രമത്തിലെത്തി. കൃഷി മന്ത്രി അനില്‍ വിജ് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ആശ്രമം സന്ദര്‍ശിച്ചു പ്രഖ്യാപിച്ച സഹായം മാത്രം ഒന്നര കോടി രൂപ. പ്രാദേശിക കായിക ഇനങ്ങള്‍ വളര്‍ത്തുന്നതില്‍ ദേര തലവന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള സഹായാമായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറിനുമെല്ലാം ഗുര്‍മീത് പ്രിയങ്കരനായി മാറി. യുപിഎ ഭരണകാലത്തും ഈ ബാബമാര്‍ക്ക് ഭീഷണിയൊന്നുമുണ്ടായിരുന്നില്ല. മനുഷ്യന്റെ തലയോട്ടിയും കാട്ടുപൂച്ചയുടെ വൃഷ്ണവും രാംദേവിന്റെ ആയുര്‍വേദ മരുന്നില്‍ പൊടിച്ചു ചേര്‍ക്കുന്നതായി ആരോപണമുയര്‍ന്നത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. മരുന്ന് ഫാക്ടറിയിലെ ജീവനക്കാര്‍ തന്നെയാണ് ആരോപണം ഉന്നയിച്ചത് - കാരണമില്ലാതെ പിരിച്ചുവിടപ്പെട്ടവര്‍. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഇക്കാര്യം ഉന്നയിച്ചു. ദേശീയ മാധ്യങ്ങളില്‍ ചര്‍ച്ചയായി. യുപിഎ സര്‍ക്കാരിന് സിപിഎം പിന്തുണ നല്‍കുന്ന കാലമാണ്. അന്വേഷണം നടന്നു, ആയുഷ് വകുപ്പിന്റെ പരിശോധനയും. മരുന്നില്‍ മനുഷ്യന്റേയും മൃഗങ്ങളുടെയും ഡിഎന്‍എ കണ്ടെത്തി. അന്ന് രാംദേവ് ഇന്നത്തെപോലെ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയിരുന്നില്ല. അതുകൊണ്ട് ഏതാണ്ട് എല്ലാ ദേശീയ മാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പിന്നീട് ഒന്നും സംഭവിച്ചില്ല.

രാംദേവിനെതിരെ ഒരു നടപടിയുമുണ്ടായില്ല. ഇതേത്തുടര്‍ന്ന് ബൃന്ദ കാരാട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന എന്‍.ഡി തിവാരിയെ (അന്ന് തിവാരി കോണ്‍ഗ്രസിലാണ്) കണ്ട് പരാതി പറഞ്ഞു. "ബൃന്ദാജി, തൊഴിലാളികളുടെ കാര്യം ഞാന്‍ സംസാരിക്കാം. അവരെ തിരിച്ചെടുക്കുന്നതിനോ നഷ്ടപരിഹാരം കിട്ടാനോ നടപടിയെടുക്കാം. പക്ഷെ ബാബയ്ക്കെതിരെ ഒന്നും പറയരുത്. അതിലെനിക്ക് ഒന്നും ചെയ്യാനാവില്ല" - ഇതായിരുന്നു തിവാരിയുടെ മറുപടി. രാംദേവ് ബിജെപി പാളയത്തിലേക്ക് പോയതും കോണ്‍ഗ്രസിനെതിരെ ശക്തമായ ആക്രമണങ്ങളുമായി രംഗത്തെത്തിയതും രാംദേവിനെ പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതും എന്നാല്‍ ഭരിക്കുന്നവരുടെ പിടിയിലൊതുങ്ങാത്ത വിധം രാംദേവ് വളര്‍ന്നതുമെല്ലാം പിന്നീടുള്ള ചരിത്രം.

ഏതായാലും ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആത്മീയ വ്യവസായി - ആള്‍ദൈവം പിടിക്കപ്പെട്ടിരിക്കുന്നു. ഉത്തരേന്ത്യയില്‍ കലാപമുണ്ടാക്കാന്‍ തക്ക സ്വാധീനമുള്ള റാം റഹീം സിംഗിനേയും ആശാറാം ബാപ്പുവിനേയും പോലുള്ള ആള്‍ദൈവങ്ങള്‍ പിടിക്കപ്പെടുമ്പോള്‍ അമൃതാനന്ദമയിയെ പോലെ നില്‍ക്കാനറിയുന്ന ആള്‍ദൈവങ്ങള്‍ ഒരിക്കലും പിടിക്കപ്പെടുന്നില്ല. അവര്‍ കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കുറച്ച് കഴുത്തറുപ്പന്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ എന്ന 'മഹത്തായ' സംഭാവന നല്‍കിയും ഉദാരമായ ആതുര സേവന പ്രവര്‍ത്തനങ്ങളുമായും മുന്നോട്ട് പോവുകയാണ്.

Next Story

Related Stories