Top

ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിത ജിംനാസ്റ്റില്‍ നമ്മുടെ പ്രതീക്ഷകള്‍

ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിത ജിംനാസ്റ്റില്‍ നമ്മുടെ പ്രതീക്ഷകള്‍

അഴിമുഖം പ്രതിനിധി

ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിത ജിംനാസ്റ്റായ ത്രിപുരയില്‍ നിന്നുള്ള ദീപ കര്‍മാകര്‍ തന്റെ കന്നി ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുകയാണ്. അമ്പത്തിരണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ഒളിംപിക്‌സിന് യോഗ്യത നേടുന്നത്. അതുകൊണ്ടു തന്നെ രാജ്യം ദീപയില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നു. വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തിലേക്കാണ് ദീപയ്ക്ക് യോഗ്യത ലഭിച്ചിരിക്കുന്നത്. ഒളിംപിക് യോഗ്യതാ മല്‍സരത്തില്‍ മൊത്തം 52.698 പോയിന്റ് നേടിയാണ് ഇരുപത്തിരണ്ടുകാരിയായ ദീപ ഒളിംപിക് കടമ്പ കടന്നത്.

1961 ലാണ് ഒരു ഇന്ത്യന്‍ താരം അവസാനമായി ഒളിംപിക് ജിംനാസ്റ്റിക്‌സില്‍ മല്‍സരിച്ചത്. 1952, 56, 64 ഒളിംപിക്‌സുകയളിലായി ആകെ 11 ഇന്ത്യന്‍ താരങ്ങള്‍ ജിംനാസ്റ്റിക്‌സില്‍ മാറ്റുരച്ചിട്ടുണ്ട്. നവംബറില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനത്തായതിനാല്‍ ദീപയ്ക്ക് യോഗ്യത നേടാനായിരുന്നില്ല. എന്നാല്‍ അവസാന യോഗ്യതാ മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ദീപയ്ക്ക് റിയോയിലേക്ക് പറക്കാന്‍ കഴിഞ്ഞു.

യോഗ്യതാ മല്‍സരത്തില്‍ ഏറെ കടുപ്പം നിറഞ്ഞ പ്രൊഡുനോവയില്‍ 15.066 പോയിന്റ് നേടി ദീപ മുന്നിട്ടു നിന്നിരുന്നു. എന്നാല്‍ അണ്‍ ഈവന്‍ ബാറില്‍ ദീപയ്ക്ക് അടിതെറ്റി. ഇതില്‍ 11.700 പോയിന്റ് മാത്രമേ അവര്‍ക്ക് സ്വന്തമാക്കാനായുള്ളൂ. ഈ റൗണ്ടില്‍ ആകെയുള്ള 14 മല്‍സരാര്‍ത്ഥികളില്‍ 12 ാം സ്ഥാനത്തായിരുന്നു ദീപ. ബീമില്‍ 13.366 പോയിന്റും ഫ്‌ളോര്‍ എക്‌സര്‍സൈസില്‍ 11.700 പോയിന്റുമാണ് ദീപ സ്വന്തമാക്കിയത്.

1993 ഓഗസ്റ്റ് 9ന് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ ജനിച്ച ദീപ തന്റെ ആറാമാത്തെ വയസിലാണ് ജിംനാസ്റ്റിക്‌സിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് രംഗത്തെ പ്രശ്‌സ്തനായ ബിശ്‌ബേശ്വര്‍ നന്ദിയുടെ കീഴില്‍ പരിശീലനം ആരംഭിച്ചു. സായിയില്‍ പരിശീലകനായ അച്ഛനാണ് ദീപയെ ജിംനാസ്റ്റിക്‌സിലേക്ക് കൊണ്ടുവന്നത്. 2007 ല്‍ ജൂനിയര്‍ നാഷണല്‍ കിരീടം നേടിയതോടെ തന്റെ വഴി ഇതുതന്നെയെന്ന് ദീപ ഉറപ്പിച്ചു. 2011 ല്‍ ദേശീയ കായികമേളയില്‍ ത്രിപുരയ്ക്കു വേണ്ടി അഞ്ച് സ്വര്‍ണമാണ് ദീപ വാരിക്കൂട്ടിയത്.

2014 ലെ കോമണ്‍വെല്‍ത്ത് ഗയിംസില്‍ വെങ്കല മെഡല്‍ നേടി ജിംനാസ്റ്റിക് വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മാറിയതോടെയാണ് ദീപ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഏറെ വിഷമമുള്ള പ്രൊഡുനോവ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ ലോകത്തെ അഞ്ച് പേരിലൊരാളാകാനും 15.11 എന്ന മികച്ച സ്‌കോര്‍ കണ്ടെത്താനും ദീപയ്ക്ക് സാധിച്ചു. ആശിഷ് കുമാറിനു ശേഷം മെഡല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരം എന്ന ബഹുമതിയും ദീപയ്ക്ക് ലഭിച്ചു. 2010 ലെ ഡെല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആശിഷ് കുമാര്‍ രാജ്യത്തിനു വേണ്ടി ജിംനാസ്റ്റിക്‌സില്‍ ആദ്യ മെഡല്‍ നേടിയത് തനിക്ക് ഏറെ പ്രചോദനമായെന്നും ഇന്ത്യയ്ക്ക് വേണ്ടി ഒരു മെഡല്‍ നേടുകയെന്നത് താന്‍ അപ്പോഴേ മനസ്സില്‍ ഉറപ്പിച്ചെന്നുമായിരുന്നു മെഡല്‍ നേട്ടത്തിനു ശേഷം ദീപ പറഞ്ഞത്. സൂപ്പര്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ അഭിനന്ദനം തനിക്കു ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ അംഗീകാരമാണെന്നും ദീപ പറഞ്ഞു.

2014 ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനത്തായെങ്കിലും മികച്ച പോരാട്ടമാണ് ദീപ മല്‍സരത്തിലുടനീളം കാഴ്ച വച്ചത്. 2015 ലെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വുമണ്‍സ് വോള്‍ട്ടിലും വെങ്കല മെഡല്‍ നേട്ടം ആവര്‍ത്തിച്ച ദീപ വേള്‍ഡ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ജിംനാസ്റ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഈ നേട്ടങ്ങള്‍ കൈവരിക്കുന്നത് എന്നതാണ് ദീപയുടെ ഏറ്റവും വലിയ സവിശേഷത. സംസ്ഥാന, ദേശീയ, രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നായി ഇതുവരെ 77 മെഡലുകളാണ് ഈ മിടുക്കി സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 67 എണ്ണവും സ്വര്‍ണ മെഡലുകളാണെന്നത് ദീപയുടെ പ്രതിഭ വിളിച്ചോതുന്നു.ജിംനാസ്റ്റിക്‌സിലെ ഏറ്റവും കടുപ്പമേറിയ പ്രൊഡുനോവയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ദീപയുടെ പേരിലാണ്. 15.300. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ യാമിലെറ്റ് പെന, ഈജിപ്തിന്റെ ഫത്വ മഹ്മൂദ് എന്നിവര്‍ക്ക് മാത്രമാണ് പ്രൊഡുനോവയില്‍ നേട്ടം കൊയ്യാനായത് എന്നത് തന്നെ ദീപയുടെ പ്രതിഭ വരച്ച് കാട്ടുന്നു. രണ്ട് മലക്കം മറിച്ചിലുകള്‍ക്ക് ശേഷം ലാന്‍ഡ് ചെയ്യുമ്പോള്‍ കാലിലേക്കെത്തുന്ന ശരീരഭാരം ഇരട്ടിയാകുമെന്നതിനാല്‍ ചെറിയ പിഴവുകള്‍ പോലും അപകടമുണ്ടാക്കുകയും നാഡീവ്യവ്‌സഥയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നതിന് കാരണമാകും ചെയ്യുമെന്നതാണ് പ്രൊഡുനോവയെ അപകടകാരിയാക്കുന്നത്. ഇതിന് ഏറെ ക്ഷമയും പരിശീലനവും അത്യാവശ്യമാണ്. 1990 ല്‍ റഷ്യന്‍ ചാമ്പ്യനായിരുന്ന എലേന പ്രൊഡുനോവ പരീക്ഷിച്ചതിനേത്തുടര്‍ന്നാണ് ഈ അഭ്യാസമുറയ്ക്ക് പ്രൊഡുനോവ എന്ന് പേര് വന്നത്. ദീപയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമാണ് ഇതുവരെ ഈ കടമ്പ കടക്കാന്‍ സാധിച്ചത്. ഏറെ അപകടമായ ഈ രീതി ഉപേക്ഷിക്കണമെന്ന് ജിംനാസ്റ്റിക് പ്രേമികള്‍ വാദിക്കുന്നുണ്ടെങ്കിലും ഇത് ഇപ്പോഴും തുടരുന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനത്തു നിന്ന് രാജ്യത്തിന്റെ കായികരംഗത്ത് വെന്നിക്കൊടി പാറിച്ച വ്യക്തിയാണ് ബോക്‌സിങ് താരം മേരി കോം. മേരിയുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍ പേര്‍ എത്തുന്നതിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണമാണ് ദീപ. യോഗ്യത സ്വന്തമാക്കിയതിനു പിന്നാലെ ഒളിംപിക് മെഡലാണ് തന്റെ ലക്ഷ്യമെന്ന് ഇന്റര്‍നാഷണല്‍ ജിനാസ്റ്റിക് ഫെഡറേഷന്റെ ഫേസ്ബുക് പേജിലൂടെ ദീപ ആഗ്രഹം പങ്കുവച്ചിരുന്നു. ദീപയ്ക്ക് അഭിനന്ദനവും പിന്തുണയുമാറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ അഭിമാന താരത്തിന് മികച്ച പരിശീലനത്തിന് വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതുവരെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ദീപയ്ക്ക് കരുത്തായ നിശ്ചയദാര്‍ഢ്യം റിയോയിലും ഈ മിടുക്കിയെ തുണയ്ക്കുമെന്നാണ് ഏവരും കരുതുന്നത്. 31 ാം ഒളിംപിക്‌സ് ദീപയുടെ സുവര്‍ണ്ണ നേട്ടത്തിന് സാക്ഷിയാകുമെന്ന് പ്രതീക്ഷിക്കാം.


Next Story

Related Stories