TopTop
Begin typing your search above and press return to search.

ഓം പുരി: സമാന്തര ധാരകള്‍ വെട്ടിത്തുറന്ന അതികായന്‍

ഓം പുരി: സമാന്തര ധാരകള്‍ വെട്ടിത്തുറന്ന അതികായന്‍

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുമെല്ലാം അഭിനയ ജീവിതത്തില്‍ സഹായിച്ചിട്ടുണ്ടെങ്കിലും സ്വതസിദ്ധമായ അതുല്യ പ്രതിഭയും കടുപ്പമുള്ള ജീവിതാനുഭവങ്ങളും തന്നെയാണ് ഓം പുരിയിലെ നടനെ വാര്‍ത്തെടുത്ത്. ബാല്യം അത്ര സുഖകരമായിരുന്നില്ല. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. ഓം പുരിയുടെ ജനനത്തീയതി കൃത്യമായി അറിയില്ല. സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അമ്മാവനാണ് 1950 മാര്‍ച്ച് 9 എന്ന് ചേര്‍ത്തത്. ഓംപുരി പിന്നീട് 1950 ഒക്ടോബര്‍ 18 എന്ന് ജനനതീയതി മാറ്റി.

സിനിമാഭിനയ മോഹം കാരണം ഓം പുരി ബോംബെയിലേയ്ക്ക് കുടിയേറി. വിജയ് ടെണ്ടുല്‍ക്കറുടെ മറാത്തി നാടകം ഖാഷിറാം കോട്വാള്‍ 1976ല്‍ മറാത്തിയില്‍ സിനിമയായപ്പോള്‍ ഓം പുരി സിനിമാ അരങ്ങേറ്റം കുറിച്ചു. മണി കൌളും കെ ഹരിഹരനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. മറാത്ത സാമ്രാജ്യത്തിലെ ദിവാനായിരുന്ന നാന ഫഡ്‌നാവിസിന്‌റെ ജീവിതം പ്രമേയമാക്കിയ നാടകം, ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ കഥയായിരുന്നു. മഹാരാഷ്ട്രയില്‍ ശക്തി പ്രാപിച്ചു കൊണ്ടിരുന്ന ശിവസേനയുടെ അപ്രമാദിത്വത്തിനോടുള്ള പ്രതികരണമായിട്ടായിരുന്നു വിജയ് ടെണ്ടുല്‍ക്കര്‍ ഈ നാടകം എഴുതിയത്. അധികാര താല്‍പര്യങ്ങള്‍ എങ്ങനെ പ്രത്യയശാസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു എന്നതിന്‌റെ പരിശോധനയായിരുന്നു ഖാഷിറാം കോട്വാള്‍.

നസ്‌റുദീന്‍ ഷാ, ഷബാന ആസ്മി, സ്മിത പാട്ടീല്‍, അമരീഷ് പുരി തുടങ്ങിയ അഭിനേതാക്കള്‍ക്കും ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി തുടങ്ങിയ സംവിധായകര്‍ക്കുമൊപ്പം ബോളിവുഡിന്‌റെ മുഖ്യധാരയില്‍ നിന്ന് വിട്ടുള്ള സമാന്തര ഹിന്ദി സിനിമയെ സജീവമാക്കുന്നതില്‍ വലിയ പങ്കാണ് ഓം പുരിക്കുള്ളത്. ഈ ധാരയിലുള്ള മിക്ക അഭിനേതാക്കളേയും പോലെ നാടകവേദിയില്‍ നിന്നാണ് ഓം പുരിയും ചലച്ചിത്ര ലോകത്ത് എത്തുന്നത്. ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സഹപാഠിയായിരുന്ന നസ്‌റുദീന്‍ ഷായും ഓംപുരിയും ഏതാണ്ട് ഒരേ കാലത്ത് അഭിനയ രംഗത്ത് എത്തുകയും തീര്‍ത്തും വ്യത്യസ്തമായ ശൈലികളിലൂടെ രാജ്യത്തെ മികച്ച അഭിനേതാക്കളെന്ന് പേരെടുക്കുകയും ചെയ്തവരാണ്.

നസ്‌റുദീന്‍ ഷാ, ഓംപുരി, ഷബാന ആസ്മി, സ്മിത പാട്ടീല്‍ എന്നീ നാല് അതുല്യ പ്രതിഭകള്‍ 70കളിലും 80കളിലും ഹിന്ദി സമാന്തര സിനിമയില്‍ അവിഭാജ്യ ഘടകങ്ങളായിരുന്നു. ചിത്രങ്ങളില്‍ മിക്കതും കലാമൂല്യത്തോടൊപ്പം ശക്തമായ ഇടതുപക്ഷ രാഷ്ട്രീയവും പങ്കുവയ്ക്കുകയും മനുഷ്യാവകാശങ്ങളോടും തൊഴിലാളി, കര്‍ഷക, ദളിത്, ആദിവാസി പ്രശ്‌നങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അനന്ത് നാഗ്, അമോല്‍ പലേക്കര്‍, സാധുമെഹര്‍, രോഹിണി ഹട്ടംഗഡി, എംകെ റെയ്‌ന, കെക റെയ്‌ന, ദീപ്തി നവേല്‍ തുടങ്ങി നിരവധി പ്രതിഭാധനരായ അഭിനേതാക്കള്‍ ഇത്തരം സിനിമകളുടെ ഭാഗമായി. ഓം പുരിയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ മിക്കതിനും തിരക്കഥയെഴുതിയത് വിജയ് ടെണ്ടുല്‍ക്കറാണ്.

ശ്യാം ബെനഗലിന്‌റെ ആരോഹണ്‍ (1981) അല്‍പ്പം ഡോക്യുമെന്‌ററി സ്വഭാവത്തിലുള്ള ചിത്രമായിരുന്നു. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിലേയ്ക്ക് വഴി തെളിച്ച സാമൂഹ്യ - രാഷ്ട്രീയ സാഹചര്യമാണ് ആരോഹണ്‍ പറഞ്ഞത്. ചിത്രത്തിലെ ഹരി മണ്ഡല്‍ എന്ന കഥാപാത്രത്തിലൂടെ ഓം പുരി ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. അതിഭാവുകത്വമാര്‍ന്ന അഭിനയരീതികള്‍ക്കും മെലോഡ്രാമയ്ക്കും അധികം പിടികൊടുക്കാതിരുന്ന ഓം പുരിയുടെ കഥാപാത്രങ്ങള്‍ ബഹളങ്ങള്‍ക്കിടയില്‍ നിശബ്ദത കൊണ്ട് കരുത്ത് തെളിയിച്ചു. ശബ്ദം ആവശ്യമുള്ളിടത്തെല്ലാം കഥാപാത്രത്തിനായി അത് ഏറ്റവും ഉചിതമായി ഉപയോഗിച്ചു.

ഗോവിന്ദ് നിഹലാനിയുടെ ആക്രോശില്‍ അവസാനരംഗം ഉള്‍പ്പടെയുള്ള രണ്ട് രംഗങ്ങളില്‍ മാത്രമാണ് ഓം പുരിയുടെ കഥാപാത്രത്തിന്‌റെ ശബ്ദം കേള്‍ക്കുന്നത്. ഫ്യൂഡല്‍ ജന്മിമാരുടെയും ഗുണ്ടകളുടേയും പൊലീസിന്‌റേയും ക്രൂരമായ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും ഇരയാകുന്ന കര്‍ഷകത്തൊഴിലാളിയുടെ വേഷമാണ് ഓം പുരി ചെയ്തതത്. ജന്മിയുടെ ആളുകളാല്‍ ബലാത്സംഗത്തിന് ഇരയാവുന്ന ലഹണ്യയുടെ ഭാര്യ (സ്മിത പാട്ടീല്‍) ആത്മഹത്യ ചെയ്യുന്നു. അയാളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ ഇടുന്നു. അയാളുടെ മാനസികനില തെറ്റിയിരിക്കുകയാണ്. അഭിഭാഷകന്‍ (നസ്‌റുദീന്‍ ഷാ) അയാളില്‍ നിന്ന് വിവരം തേടാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും പറയാന്‍ അയാള്‍ തയ്യാറാവുന്നില്ല. ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനും അതിക്രമത്തിനും ഇരയാകുന്ന അയാള്‍ തന്‌റെ സഹോദരിയെ അതില്‍ നിന്ന് രക്ഷിക്കാനും ഉപയോഗിക്കുന്നത് അതേ വയലന്‍സ് തന്നെ. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഒരു അധ:സ്ഥിതന്‌റെ രോഷപ്രകടനമായി അവസാന രംഗത്തെ അലര്‍ച്ച മാത്രമാണ് പിന്നീട് കേള്‍ക്കുന്നത്.

അര്‍ദ്ധസത്യയിലെ പൊലീസ് കഥാപാത്രം - ഇന്‍സ്‌പെക്ടര്‍ അനന്ത് വേലങ്കാര്‍, ഓംപുരിയുടെ അഭിനയ ജീവത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ഈ ചിത്രത്തിലൂടെ രണ്ടാം തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഓം പുരി നേടി. ഭരണവര്‍ഗ - മാഫിയ കൂട്ടുകെട്ടിന് ഇടയില്‍ സത്യസന്ധനായ അനന്ത് വേലങ്കാര്‍ അനുഭവിക്കുന്ന സംഘര്‍ഷം ഓം പുരി മികച്ച രീതിയില്‍ പ്രതിഫലിപ്പിച്ചു. ഉദ്ദേശശുദ്ധിയോടെ അയാള്‍ ചെയ്യുന്ന കാര്യങ്ങളൊന്നും ഉദ്ദേശിച്ച രീതിയില്‍ വരുന്നില്ല. സ്വത്വ പ്രതിസന്ധി അയാളെ അലട്ടുന്നു. വ്യവസ്ഥിതിയുടെ പ്രതിലോമ സ്വഭാവത്താല്‍ കഴിവ് തെളിയിക്കാനാകാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥനായി തുടരേണ്ടി വരുന്നതിന്‌റെ അസ്വസ്ഥത അയാള്‍ക്കുണ്ട്. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരു പോലെ ഒറ്റപ്പെടുന്നതായും പരാജയപ്പെടുന്നതുമായുള്ള അനുഭവമാണ് ഉള്ളത്. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാനാവുന്നില്ല. വയലന്‍സിന് എതിരാണെങ്കില്‍ പോലും അതില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാന്‍ അയാള്‍ക്ക് കഴിയുന്നില്ല. ഓംപുരിക്ക് മാത്രം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്ന വേഷം.

വസൂരിക്കലയും തിളങ്ങുന്ന കണ്ണുകളും ഉള്ള ഓം പുരിയിലൂടെ ഇന്ത്യ അതിന്‍റെ യഥാര്‍ത്ഥ നായകന്മാരേയും യഥാര്‍ത്ഥ ജീവിതങ്ങളെയും അറിഞ്ഞു. സത്യജിത് റായിയുടെ സദ്ഗതി (1981), കേതന്‍ മേത്തയുടെ മിര്‍ച്ച് മസാല (1987), ഗോവിന്ദ് നിഹലാനിയുടെ ദ്രോഹ് കാല്‍ (1994) അങ്ങനെ എടുത്ത് പറയാവുന്ന നിരവധി ചിത്രങ്ങളില്‍ അവിസ്മരണീയമായ പ്രകടനങ്ങളുമായി ഓം പുരി എത്തി. 1992ല്‍ ഡോമിനിക് ലാപ്പിയറിന്‍റെ കൊല്‍ക്കത്തയെ കുറിച്ചുള്ള പ്രശസ്തമായ നോവല്‍ 'സിറ്റി ഓഫ് ജോയ്' അതേപേരില്‍ റോളണ്ട് ജോഫി സിനിമയാക്കിയപ്പോള്‍ (ഇംഗ്ലീഷ്) ഓം പുരിക്ക് റിക്ഷാക്കാരന്‍റെ വേഷമായിരുന്നു. ഓം പുരി ശരിക്കും റിക്ഷാക്കാരനാണെന്ന് ധരിച്ചവരും കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍റെ പുരാവൃത്തം (1988), കണ്ണന്‍ പെരുമലയന്‍റെ ആടുപുലിയാട്ടം (2016) എന്നീ ചിത്രങ്ങളിലാണ് ഓം പുരി അഭിനയിച്ചത്. പഞ്ചാബി, കന്നട, തെലുങ്ക്, ബംഗാളി ചിത്രങ്ങളിലും ഓം പുരി വേഷമിട്ടു.

1984ല്‍ ദ ജുവല്‍ ഇന്‍ ദ ക്രൌണ്‍ എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ആഗോള തലത്തില്‍ ഓം പുരി ശ്രദ്ധിക്കപ്പെടുന്നത്. 1994ല്‍ വോള്‍ഫ് എന്ന ചിത്രത്തിലൂടെ ഹോളിവുഡിലെത്തി. ബ്രദേഴ്‌സ് ഇൻ ട്രബിൾ, മൈ സൺ ദ ഫനാറ്റിക്, ഈസ്റ്റ് ഈസ് ഈസ്റ്റ്, വെസ്റ്റ്‌ ഈസ് വെസ്റ്റ്‌ തുടങ്ങിയ ബ്രിട്ടീഷ് ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി. സച്ച് എ ലോംഗ് ജേണി കനേഡിയന്‍ ഇംഗ്ലീഷ് ചിത്രമായിരുന്നു. ദ ഗോസ്റ്റ് ആന്‍ഡ് ദ ഡാര്‍ക്ക്നെസ്, ചാര്‍ളി വില്‍സണ്‍സ് വാര്‍, ദ ഹണ്‍ഡ്രഡ് ഫൂട്ട് ജേണി തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും ഓം പുരി വേഷമിട്ടു. ഹോളിവുഡ് ചിത്രങ്ങളേക്കാള്‍ ബ്രിട്ടീഷ് ചിത്രങ്ങളിലാണ് ഓം പുരി കൂടുതലായി അഭിനയിച്ചത്. നിരവധി ബ്രിട്ടീഷ് ടിവി പരമ്പരകളില്‍ ഓം പുരി അഭിനയിച്ചു. പാക്കിസ്ഥാനി ചിത്രം 'ആക്ടര്‍ ഇന്‍ ലോ'യില്‍ (2016) റഫാക്കത്ത് മിര്‍സ എന്ന കഥാപാത്രമായി ഓം പുരി എത്തി.

ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത തമസ് (1987) എന്ന ടെലിഫിലിമും ഭാരത്‌ ഏക്‌ ഖോജ് (1988), കാക്കാജി കഹീ (1988) എന്നീ പരമ്പരകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ഡിസ്കവറി ഓഫ് ഇന്ത്യയ്ക്ക് ഭാരത്‌ ഏക്‌ ഖോജ് എന്ന പേരില്‍ ശ്യാം ബെനഗല്‍ ദൃശ്യാവിഷ്കാരം നല്‍കിയപ്പോള്‍ അതില്‍ മികച്ച പ്രകടനം കൊണ്ട് നിറഞ്ഞ് നിന്നതും ശബ്ദവിവരണം നല്കിയതും ഓം പുരി ആയിരുന്നു. ഇന്ത്യ - പാക് വിഭജനത്തിന്‍റെ ദുരന്തം പ്രമേയമാക്കിയ ഗോവിന്ദ് നിഹലാനിയുടെ തമസിലും (1987) കേന്ദ്ര കഥാപാത്രമായത് ഓം പുരിയാണ്. തമസ് ഒരു ഫീച്ചര്‍ സിനിമയായി തന്നെയാണ് തുടക്കത്തില്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബസു ചാറ്റര്‍ജിയുടെ കാക്കാജി കഹീ വളരെയധികം ജനപ്രീതി പിടിച്ചുപറ്റിയ രാഷ്ട്രീയ ആക്ഷേപഹാസ്യ പരമ്പരയായിരുന്നു. ഹാസ്യം അതിമനോഹരമായി കൈകാര്യം ചെയ്യാനാവുമെന്ന് സിനിമകളിലും ടിവി പരമ്പരകളിലും എല്ലാ മുന്‍വിധികളേയും മുന്‍ധാരണകളേയും അപ്രസക്തമാക്കി കൊണ്ട് ഓം പുരി തെളിയിച്ചിട്ടുണ്ട്. ഈ മൂന്ന് ദൂരദര്‍ശന്‍ ചിത്രങ്ങളും സിനിമകളെക്കാളും ഓം പുരി എന്ന നടന് ജനപ്രീതി നേടിക്കൊടുത്തിട്ടുണ്ട്. പലപ്പോഴും ഓം പുരി ഇന്ത്യന്‍ ഗ്രാമീണ കര്‍ഷകന്‍റെയും തൊഴിലാളിയുടെയും അംബാസഡര്‍ ആയി മാറി. അവരെ പ്രതിനിധീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ മുഖവും രൂപവും ജീവിതാനുഭവങ്ങളും സൂക്ഷ്മമായ നിരീക്ഷണബോധവും, നസറുദീന്‍ ഷായുടെ ഭാഷയില്‍ പറഞ്ഞാല്‍ വായില്‍ മരക്കരണ്ടിയുമായി ജനിച്ച ഓം പുരിക്ക് ഉണ്ടായിരുന്നു. 1990ല്‍ പത്മശ്രീ പുരസ്കാരം ഓം പുരിയെ തേടിയെത്തി. 2004ല്‍ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ്‌ എംപയര്‍ പുരസ്കാരം.

ചെറിയ വേഷങ്ങളില്‍ പോലും ഓം പുരി ശ്രദ്ധയാകര്‍ഷിച്ചു. റിച്ചാര്‍ഡ് ആറ്റന്‍ബറോവിന്‌റെ ഗാന്ധിയില്‍ ഒരു ചെറിയ വേഷത്തിലാണ് ഓം പുരി എത്തിയത്, വര്‍ഗീയ ലഹള അവസാനിപ്പിക്കാനായി നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുകയാണ് എംകെ ഗാന്ധി. അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുന്നതിനായി ആയുധം ഉപേക്ഷിക്കുന്ന ഒരു കലാപകാരിയുടെ വേഷത്തിലാണ് ഓം പുരി എത്തിയത്. ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുള്ള മികച്ച രാഷ്ട്രീയ വിമര്‍ശന ചിത്രങ്ങളില്‍ ഒന്നായ ഗോവിന്ദ് നിഹലാനിയുടെ 'പാര്‍ട്ടി' (1984) യില്‍ താരതമ്യേന ചെറിയ വേഷമായിരുന്നു അദ്ദേഹത്തിന്. ഫറാന്‍ അക്തറിന്‌റെ ലക്ഷ്യയില്‍ (2004) സൈന്യത്തിലെ പാചകക്കാരനായിരുന്നു ഓം പുരി. രാകേഷ് ഓം പ്രകാശ് മെഹ്‌റയുടെ രംഗ് ദെ ബസന്ദി (2006) യില്‍ കുനാല്‍ കപൂര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌റെ പിതാവിന്‌റെ റോളില്‍. ഈ ചിത്രങ്ങളില്‍ ഓം പുരി അഭിനയിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. അത്രമേല്‍ കഥാപാത്രത്തിനുള്ളില്‍ മറഞ്ഞിരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളില്‍ തന്‌റെ നിലപാട് വ്യക്തമാക്കാന്‍ ഓംപുരി മടി കാണിച്ചിരുന്നില്ല. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സീരിയല്‍ നടനും ബിജെപി അംഗവുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഓം പുരി രംഗത്തെത്തി. സിനിമയെക്കുറിച്ച് വല്ല ബോധവുമുള്ളവര്‍ വേണം ഈ സ്ഥാനത്തിരിക്കാനെന്ന് ഓം പുരി പറഞ്ഞു. ഗോവധം നിരോധിക്കണമെന്ന് പറയുന്നവര്‍ ഒന്നാന്തരം കാപട്യക്കാരാണെന്ന് ഓംപുരി പറഞ്ഞു. വലിയ തോതില്‍ പശുവിറച്ചി അടക്കം ബീഫ് കയറ്റി അയച്ച് കാശുണ്ടാക്കുന്നവരാണ് ഗോവധത്തെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.

അതേസമയം മറ്റ് ചില കാര്യങ്ങളില്‍ തീര്‍ത്തും വ്യത്യസ്ത നിലപാടാണ് ഓം പുരിക്കുണ്ടായിരുന്നത്. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുകയാണെന്ന ആമിര്‍ ഖാന്‌റെ പരാമര്‍ശത്തെ ഓം പുരി ചോദ്യം ചെയ്തു. ആമിറിന്‌റെ പരാമര്‍ശം അതിര് കടന്നെന്നും ആമിറിനാണ് യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുതയെന്നും ഓം അഭിപ്രായപ്പെട്ടു. എന്നാല്‍ അതിര്‍ത്തി- സൈന്യം എന്ന പതിവ് പല്ലവികള്‍ ടി.വി സ്റ്റുഡിയോകളില്‍ മുഴങ്ങിതുടങ്ങിയപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചവരിലൊരാളും ഓം പുരി ആയിരുന്നു. സൈന്യത്തില്‍ ചേരാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടല്ല അവര്‍ ചേരുന്നത് എന്ന അദ്ദേഹഹത്തിന്റെ പ്രസ്താവനയും വിവാദമായി. ഒരു ഘട്ടത്തില്‍ ടൈംസ് നൌ എഡിറ്ററായിരുന്ന അര്‍ണാബ് ഗോസ്വാമിയുമായി ഒരു സംവാദത്തിനിടെ അദ്ദേഹം കൊമ്പു കോര്‍ക്കുകയും ചെയ്തു. ഏറ്റവും അവസാനമായി മോദി സര്‍ക്കാരിന്‌റെ നോട്ട് അസാധുവാക്കല്‍ നടപടിയെ ന്യായീകരിച്ച് ഓം പുരി രംഗത്തെത്തി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട് എന്നത് സത്യമാണെങ്കിലും ഇത് നല്ല തീരുമാനമാണെന്ന് ഓം പുരി അഭിപ്രായപ്പെട്ടു.

ജീവചരിത്രമായ ഓം പുരി - 'ദ അണ്‍ലൈക്ക്‌ലി ഹീറോ' എന്ന പുസ്തകം രചിച്ചത് ഭാര്യയായിരുന്ന നന്ദിത സി പുരിയാണ്. ഈ പുസ്തകവുമായി ബന്ധപ്പെട്ടും വിവാദമുണ്ടായി. പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത സ്വകാര്യനിമിഷങ്ങള്‍ എഴുതിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഓം പുരി രംഗത്തെത്തി. ഓം പുരിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായി നന്ദിതയും രംഗത്ത് വന്നു. 20 വര്‍ഷത്തെ വിവാഹബന്ധം ഇവര്‍ 2013-ല്‍ അവസാനിപ്പിച്ചു. ഒരു മകനുണ്ട് - ഇഷാന്‍ പുരി.


Next Story

Related Stories