TopTop
Begin typing your search above and press return to search.

പിണറായിയില്‍നിന്ന് പുതുപ്പള്ളിയിലേയ്ക്കുള്ള ദൂരം- കെ.ജെ ജേക്കബ് എഴുതുന്നു

പിണറായിയില്‍നിന്ന് പുതുപ്പള്ളിയിലേയ്ക്കുള്ള ദൂരം- കെ.ജെ ജേക്കബ് എഴുതുന്നു

കെ.ജെ ജേക്കബ്


മദ്യനയത്തില്‍ ഖിന്നനായി പ്രസ്താവനകള്‍ ഇറക്കുന്ന വി.എം സുധീരനില്‍ ഒരു വി എസ് അച്യുതാനന്ദനെ കാണുന്നവരുണ്ട്. ഉമ്മന്‍ ചാണ്ടിയില്‍ ഒരു പിണറായിയെ ആരോപിച്ച് സുധീരന് സഹതാപത്തണലില്‍ വളരാമെന്ന് കരുതുന്നവര്‍. അവരുടെ ദ്വന്ദ കല്പനകളോട് യോജിക്കാനാവുന്നില്ല.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരുകാലത്ത് എതിരില്ലാതിരുന്ന നേതാവായിരുന്നിട്ടും പൊതുമണ്ഡലത്തില്‍ അത്ര സ്വീകാര്യനോ ഒന്നാംനിരക്കാരനോ പോലുമല്ലാതിരുന്ന വി.എസ് രണ്ടാം വരവില്‍ ഏറ്റെടുത്തതും ആഘോഷിച്ചതും വന്‍ മാധ്യമ പിന്തുണയുള്ളതും സാധാരണ മലയാളിക്ക് എളുപ്പം യോജിക്കാന്‍ പറ്റുന്നതുമായ വിഷയങ്ങളാണ്. അഴിമതി, പരിസ്ഥിതി, സ്ത്രീ സുരക്ഷ എന്നിങ്ങനെ മലയാളിക്ക് വലിയ ചിലവുവരാത്ത, വന്നാലും സ്വകാര്യമായി പരിഹാരം കാണാന്‍ പറ്റുന്ന കാര്യങ്ങള്‍ കൊണ്ടുനടന്നാണ് വി.എസ് സ്വീകാര്യനായത്. ഓരോ സമയത്തും സി.പി.എം കൃത്യമായി ചെന്ന് സ്വയം പ്രതിക്കൂട്ടില്‍ കയറിയതും വി.എസിന് അനുകൂലമായി. പാര്‍ട്ടിയിലെ മറുപക്ഷത്ത് ലാവലിന്‍ ചെളിയേറുകൊണ്ടയാള്‍ എന്നതുമാത്രമല്ല, മിക്കവാറും നേര്‍രേഖയില്‍ മാത്രം കളിക്കാനറിയാവുന്ന മലബാറുകാരനായ പിണറായിയാണ് എന്നതുകൊണ്ട് വി.എസ്സിനു രണ്ടു കൈയുംവിട്ട കളി കളിക്കാന്‍ പറ്റി. ഓരോ സമയത്തും തരംപോലെ സ്വന്തം കാര്‍ഡും മാധ്യമകാര്‍ഡും കേന്ദ്രപിന്തുണ കാര്‍ഡും ജനപിന്തുണ കാര്‍ഡും ഇറക്കി കളിക്കുന്ന വി.എസെവിടെ, സ്വന്തം കാലിനടിയില്‍ കുറച്ചുമാത്രമുള്ള മണ്ണ് ഒലിച്ചുപോകുന്നത് പോലും തിരിച്ചറിയാന്‍ പറ്റാതിരുന്ന സുധീരനെവിടെ!?

സുധീരന്‍ കളിച്ചത് ഉമ്മന്‍ ചാണ്ടിയോടാണ്. മദ്യനയത്തില്‍ സുധീരന്റെ നിലപാടിനെ നേരിട്ടെതിര്‍ത്താല്‍ സുധീരന് അഡ്വാന്‍ന്റെജ് ആകും എന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചറിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ടു സുധീരന്റെ നിലപാടിനു ജനപിന്തുണയുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി അതിനെ നേരിട്ടെതിര്‍ക്കുമായിരുന്നേനെ. പകരം ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാതിരുന്ന സമ്പൂര്‍ണ്ണ മദ്യ നിരോധനം കൊണ്ടുവന്ന്‍ ഏതാണ് തന്റെ നിലപാട്, ഏതാണ് സര്‍ക്കാരിന്റെ നിലപാട് എന്ന് സുധീരന് പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധം കാര്യങ്ങള്‍ വഷളാക്കി ചാണ്ടി സുധീരനെ വില്ലനാക്കി.

'മനോരമ'യടക്കം മുഴുവന്‍ മാധ്യമങ്ങളും മദ്യനയത്തിനെതിരെ മുന്നോട്ടു വന്നത് ഉമ്മന്‍ ചാണ്ടിയോടുള്ള താല്പ്പര്യം കൊണ്ടു മാത്രമല്ല, അത് കേരളത്തിന്റെ നിലനില്പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു ഭ്രാന്തന്‍ തീരുമാനം ആയതുകൊണ്ടാണ്. അതിന്റെ പാപഭാരം മുഴുവന്‍ സുധീരന്റെ തലയില്‍ വരികയും ചെയ്തു. മദ്യനയത്തില്‍ ഉമ്മന്‍ ചാണ്ടി പൂഴിക്കടകന്‍ പ്രയോഗം നടത്തിയപ്പോള്‍ കണ്ണില്‍ മണ്ണുപോയി നിലത്തിരുന്ന സുധീരന് മാത്രമല്ല, അങ്കത്തട്ടിലെ പൊടിപടലത്തില്‍ കാഴ്ച മങ്ങിയ നാട്ടുകാര്‍ക്കും കാര്യമൊന്നും പിടികിട്ടിയില്ല. ആ തരികിട കളി തിരിച്ചറിയാനോ, നിലപാട് മാറ്റി തിരിച്ചടിക്കാനോ സുധീരനായില്ല. കേന്ദ്രനേതൃത്വത്തെ ഇടപെടുവിക്കാനോ, പാര്‍ട്ടിയില്‍ത്തന്നെ പിന്തുണയുണ്ടാക്കാനോ സുധീരന് കഴിഞ്ഞില്ല. കള്ളക്കോലഭ്യാസം നല്ലവണ്ണം പയറ്റിയിട്ടുള്ള ഉമ്മന്‍ ചാണ്ടിയ്ക്ക് പറ്റിയ ഇരയേയല്ല സുധീരന്‍.

ഉമ്മന്‍ ചാണ്ടിയുടെയും കെ.എം മാണിയുടെയും പൊതുജീവിതകാലം ഏകദേശം തുല്യമാണ്. രണ്ടുപേരും നാട്ടുകാരുമാണ്. മാണിസാറ് എന്നേ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗത്തെ വിളിക്കൂ. മന്ത്രിസഭാ യോഗം കൂടുമ്പോള്‍ കാര്യം പറഞ്ഞാല്‍ മനസ്സിലാകുന്ന രണ്ടോ മൂന്നോ പേരില്‍ ഒരാള്‍ മാണിയാണ്. ഏകദേശം അമ്പതു വര്‍ഷം നീണ്ട രണ്ടുപേരുടെയും പൊതുജീവിതത്തില്‍ രണ്ടര കൊല്ലമൊഴികെ ഒരുമിച്ചു പ്രവര്‍ത്തിച്ച ആ മാണിയുടെ മുഖ്യമന്ത്രിമോഹം ഇനിയൊരിക്കലും ആ കാര്യം സ്വപ്നത്തില്‍ പോലും വരാത്തവിധം ഞെരിച്ചുടച്ച ചാണ്ടിയെവിടെ, വി.എസിനെ ഒഴിവാക്കാന്‍ 2006-ല്‍ ഹാസ്യനാടകവും, 2011-ല്‍ ദുരന്തനാടകവും നടത്തി സ്വന്തം പേര് ചീത്തയാക്കി എന്ന് മാത്രമല്ല, വി.എസിനെ അംഗീകരിച്ചുതന്നെ പ്രവര്‍ത്തിക്കേണ്ടിക്കൂടിവന്ന പിണറായി എവിടെ!

കടുപ്പക്കാരനായ കമ്യൂണിസ്റ്റ് എന്ന ലേബലില്‍ കഴിഞ്ഞയാളാണ് വി.എസ്. എന്നിട്ടും മാധ്യമങ്ങളുടെ പിന്തുണയോടെ പ്രതിച്ഛായ മെച്ചപ്പെടുത്തല്‍ പരിപാടിയുടെ ഭാഗമായി വി.എസ് എടുത്ത നിലപാടുകള്‍ മൂലം ഒരുകാലത്തും സി പി എമ്മിനെയോ വി.എസിനെയോ അംഗീകരിക്കാത്ത ആളുകള്‍ പോലും 'അയാള്‍ പറയുന്നതില്‍ കാര്യമുണ്ടെ'ന്നു പറഞ്ഞു തുടങ്ങിയിരുന്നു.

അപ്പുറത്ത്, കരുണാകരനെ വെള്ളം കുടിപ്പിച്ച സ്പീക്കര്‍ എന്ന നിലയിലും അഴിമതി തൊട്ടു തീണ്ടാത്ത ഭരണാധികാരിയെന്ന നിലയിലും ഉമ്മന്‍ ചാണ്ടിയുടെ 'പ്രായോഗിക' രാഷ്ട്രീയത്തിന്റെ എതിരാളി എന്ന നിലയിലും ഉള്ള പൊതുസമ്മതിയുമായാണ് സുധീരന്‍ കെ പി സി സി അധ്യക്ഷനായി രണ്ടാം ജന്മം തുടങ്ങുന്നത്. എന്നിട്ടും സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന അവിഹിത ഗര്‍ഭത്തിന്റെ ഉടമ സുധീരനായി. കോണ്‍ഗ്രസിനെയും സുധീരനെയും ഇഷ്ടപ്പെടുന്നവര്‍പ്പോലും 'ഇയാളെന്തൊക്കെയാ ഈ പറയുന്നത്' എന്ന് പറഞ്ഞു തുടങ്ങി, ഒരു സഹതാപം പോലും അര്‍ഹിക്കാത്ത നേതാവായി സുധീരന്‍ മാറി.

തുഗ്ലക്കിനെ വെല്ലുന്ന വിധത്തില്‍ നാടിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന തീരുമാനങ്ങളെടുത്ത ജനാധിപത്യ ഭരണാധികാരി ''എന്റെ സ്വന്തം തീരുമാനമായിരുന്നു ഞായറാഴ്ച മദ്യനിരോധനം' എന്ന് പറഞ്ഞു കുമ്പസാരിച്ചിട്ടും അയാള്‍ക്കെതിരെ ഒരു ശബ്ദവും ഉയരുന്നുമില്ല.

അതായത്, വി.എസ് - പിണറായി, സുധീരന്‍- ഉമ്മന്‍ ചാണ്ടി ദ്വന്ദങ്ങള്‍ തമ്മില്‍ താരതമ്യമില്ല. അതിനാല്‍ത്തന്നെ സുധീരനൊരു വി.എസ് മോഡല്‍ പുനര്‍ജ്ജന്മം എളുപ്പമല്ല. പിണറായിയില്‍നിന്ന് പുതുപ്പള്ളിയിലേയ്ക്കുള്ള ദൂരം അളന്നു തീര്‍ക്കാന്‍ പ്രകാശ വര്‍ഷങ്ങള്‍തന്നെ വേണ്ടിവരും

അഴിമുഖം പ്രസിദ്ധീകരിച്ച കെ.ജെ ജേക്കബിന്റെ മറ്റു ലേഖനങ്ങള്‍

ഉത്തരം പറയേണ്ടുന്ന നേരം
അയലത്തെ അദ്ദേഹം
മതേതരത്വം ആരുടെ ആവശ്യമാണ്? ശിവസേന നല്‍കുന്ന ദുരന്തസൂചന
പച്ച കത്തുമ്പോള്‍
വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കേണ്ട സമയം

(പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് ലേഖകന്‍)

*Views are personal


Next Story

Related Stories