TopTop
Begin typing your search above and press return to search.

ഓണത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക ഉപയോഗം ഒരു മിത്തല്ല

ഓണത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക ഉപയോഗം ഒരു മിത്തല്ല

എന്‍.പി ആഷ്‌ലി

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ സ്ത്രീവാദികളില്‍ നിന്നാണ് രാഷ്ട്രീയത്തെപ്പറ്റിയെന്നപോലെ, ഓണത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തെപ്പറ്റിയും കേട്ടു തുടങ്ങിയത്. 2001-ല്‍ വേറെ ആരും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നില്ല. കസവു നേര്യതും സ്വര്‍ണ്ണക്കരയുള്ള അണ്‍ബ്ലീച്ച്ഡ് മുണ്ടുമുടുത്ത് തിരുവാതിരയിലൂടെയും പൂക്കളങ്ങളിലൂടെയും നായര്‍ തറവാടുകളിലെ രീതികളെ സകല മലയാളികളുടേതുമാക്കി മാറ്റകയാണ് ഓണത്തിന് നടക്കുന്നതെന്ന്, സ്ത്രീശരീരത്തോട് ഈ ആഘോഷപരിപാടികള്‍ ഇന്നാവശ്യപ്പെടുന്ന ലാസ്യത തികച്ചും പുരുഷാധിപത്യപരമാണെന്ന്, മീനും ഇറച്ചിയും കൂട്ടി ഊണുകഴിക്കുന്ന മലയാളി ഓണത്തിനു മാത്രം പച്ചക്കറി സദ്യ കേരളീയ ഭക്ഷണമെന്ന പേരില്‍ അവതരിപ്പിക്കുന്നത്- എം.എന്‍ വിജയന്‍ മാഷ് മലയാളഭാഷയുടെ കാര്യത്തില്‍ പറഞ്ഞത് കടമെടുത്തു പറഞ്ഞാല്‍ 'കേരളം നമുക്ക് ജീവിക്കാനല്ല, ആരാധിക്കാനുള്ള സ്ഥലമായി മാറിയിരിക്കുന്നു' എന്നതിന്റെ ലക്ഷണമാണെന്നും അത് ചില വിഭാഗങ്ങളുടെ രീതികളെയും ശീലങ്ങളെയും അന്യായമായി ആദര്‍ശവത്ക്കരിക്കുന്നുണ്ടെന്ന് സോഷ്യല്‍ സയന്‍സ് ബ്ലോക്കില്‍ നടന്ന 'ഓണം മീറ്റിംഗില്‍' ശര്‍മ്മിള ശ്രീകുമാറും ബിന്ദു കെസിയും സ്മൃതിയും ശാലിനിയും അടങ്ങുന്ന സ്ത്രീവാദികളായ സീനിയേഴ്‌സ് വാദിച്ചപ്പോള്‍ അമ്പരപ്പോടും എതിര്‍പ്പോടും കൂടി കേട്ടിരുന്നത് ഇന്നുമോര്‍മിക്കുന്നു.

ഒന്നര ദശാബ്ദം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ഓണത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ നാലു കോണുകളില്‍ നിന്നുള്ള വിമര്‍ശനങ്ങളിലൂടെ മനസ്സിലാക്കാമെന്ന് തോന്നുന്നു.

സമുദായങ്ങള്‍ ഉണ്ടാവുന്നതിന്റെ ഒരു രീതി ഏതെങ്കിലും ഒരു നഷ്ടബോധത്തിന്റെ ചുറ്റുമായാണ്. മലയാളികള്‍ തങ്ങളോട് തങ്ങളെപ്പറ്റി പറയുന്ന സാമാന്യ നഷ്ടത്തിന്റെ കഥയാണ് ഓണമെങ്കിലും 1961-ല്‍ ദേശീയ ആഘോഷമായി അംഗീകരിക്കപ്പെടുകയും എണ്‍പതുകളോടെ ടൂറിസ്റ്റ് വാരാഘോഷത്തിലേയ്ക്കും എണ്‍പതുകളോടെ ചെലവാക്കാനുള്ള പണം പ്രവാസമൂലധനം വഴി ഉണ്ടായിവന്ന കേരളത്തിലും പുറത്തുമുള്ള മലയാളിയുടെ സാമൂഹ്യഭാവനയിലേയ്ക്കും എത്തിപ്പെടുകയും ചെയ്ത ഓണാഘോഷം കേരളീയതയുടെ ആഘോഷമായി, മലയാളിയുടെ വിജയചിഹ്നമായാണ് കൊണ്ടാടപ്പെടുന്നത്. അതുകൊണ്ട് തന്നെ കേരളീയ മാതൃകയുടെ പുറത്ത്, അതിന്റെ സാംസ്‌കാരികവും സാമൂഹ്യവുമായ അനീതികളുടെ പാത്രമായ സ്ത്രീകളും ദളിതുകളുമടങ്ങുന്ന വിഭാഗങ്ങളാണ് ഓണത്തെ വിമര്‍ശിച്ചുകൊണ്ട് ആദ്യം രംഗത്തുവന്നത്. നവസാമൂഹ്യമുന്നേറ്റങ്ങള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗങ്ങള്‍ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ ലോകബോധനിര്‍മ്മിതിയെക്കുറിച്ച് അവബോധമുള്ളവരായിരുന്നു. ഓണത്തിനു ചുറ്റും ഉണ്ടായ 'ഐഡിയല്‍ മലയാളി'യുടെ ജാതിയെയും പുരുഷമൂലധനങ്ങളെക്കുറിച്ചും ഇവര്‍ നിരന്തരം പറയാനുള്ള കാരണവും ഇതുതന്നെ.ഓണം കേരളത്തിന്റെ ആഘോഷമാണെന്ന ധാരണയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒരു ചര്‍ച്ച കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രബലമാവുന്നതായി കാണുന്നുണ്ട്. അസുരചക്രവര്‍ത്തിയായ മഹാബലിയല്ല, വിഷ്ണുവിന്റെ അവതാരമായ വാമനനെയാണ് ആരാധിക്കേണ്ടതെന്നും വാമനജയന്തിയായാണ് ഓണം ആചരിക്കേണ്ടതെന്നുമാണ് ഹിന്ദുരാഷ്ട്രീയക്കാരുടെ നിലപാട്. കേരളീയ ദേശീയതയുടെ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുകടന്ന്, സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട ഹിന്ദു ദേശീയതാബോധത്തിലേക്ക് ഓണത്തെ പറിച്ചുനടക്കാനുള്ള നീക്കം ഉടനെയൊന്നും ലക്ഷ്യം കാണാന്‍ സാധ്യതയില്ല എന്നു വിചാരിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്: ചരിത്രപരമായി മലയാളി മെമ്മോറിയലില്‍ തുടങ്ങുന്ന നായര്‍ സ്വത്വത്തിന്റെ അധീശത്വപ്രവണതകളാണല്ലോ ഓണത്തിന്റെ പരിമിതിയായി പറയപ്പെടുന്നത്. ഈ നായര്‍ ബോധം ഉണ്ടായത് തന്നെ തമിഴ് ബ്രാഹ്മണര്‍ക്കെതിരെയാണ്. കൂടാതെ, 40-ലധികം വര്‍ഷമായി കേരളീയ ദേശീയത, ഭാഷാപരമായും സാമൂഹ്യമായും സാമ്പത്തികമായും സ്ഥാപിച്ചെടുത്ത ചട്ടക്കൂടിനെ തള്ളിക്കളയല്‍ മലയാളിസ്വത്വബോധത്തിനും അതിന്റെ സ്വന്തത്തോടുള്ള പ്രത്യേകതാവാദത്തിനും (Expectionalism) യോജിക്കുമെന്നു കരുതാനും പ്രയാസമാണ്. കെട്ടുകാഴ്ചകളിലൂടെ വൈരുദ്ധ്യങ്ങളെ അദൃശ്യമാക്കുക സാധ്യമാണെങ്കിലും (ഇങ്ങനെ തന്നെയാണ് ഓണത്തിന്റെ സവര്‍ണവത്ക്കരണം നടക്കുന്നതെങ്കിലും) ഭാഷയുടെയും പ്രദേശത്തിന്റെയും സ്വീകരിക്കപ്പെട്ട മിത്തുകളുടെയും പശ്ചാത്തലത്തെ ഉത്തരേന്ത്യന്‍വത്ക്കരണത്തിനായി കയ്യൊഴിയുക ബുദ്ധിമുട്ട് തന്നെ.

ഈയിടെയായി കേട്ടുവരുന്ന മറ്റൊരു ചര്‍ച്ച സലഫി വിഭാഗത്തില്‍പ്പെട്ട ചില മുസ്ലീം പ്രാസംഗികരുടേതാണ്. സദ്യ ഉണ്ണുന്നതും പൂക്കളമിടുന്നതും ഇസ്ലാമിക വിശ്വാസത്തിനെതിരാണെന്നതത്രേ കാരണം. ഈ ചര്‍ച്ചയിലെ കൗതുകകരമായൊരു കാര്യം ഈ ആലോചനകള്‍ക്കെതിരെ വന്ന ലേഖനങ്ങളിലൂടെയാണ് ഈ ചര്‍ച്ചയെക്കുറിച്ചു തന്നെ മലയാളി പൊതുമണ്ഡലം മനസ്സിലാക്കിപ്പോരുന്നത് എന്നതാണ്. (ഈ ധാരണകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് മാതൃഭൂമി പത്രത്തില്‍ യാസര്‍ അറഫാത്ത് എഴുതിയ ലേഖനവും മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ യോഗത്തില്‍ അശ്‌റഫ് കടക്കല്‍ നടത്തിയ പ്രസംഗവും സ്മരണീയമാണ്). സദ്യ ഹറാമാണെന്ന് പറഞ്ഞ് കഴിക്കാതിരിക്കുന്ന ഒരു മുസ്ലിമിനെയും ഞാനിതുവരെ കണ്ടിട്ടില്ല (അത് ഈ ചര്‍ച്ചയെ നിസ്സാരവത്ക്കരിക്കാന്‍ കാരണമല്ല താനും). പ്രാദേശിക ജീവിതസാഹചര്യങ്ങളെക്കുറിച്ചും സാമൂഹ്യജീവിതത്തെക്കുറിച്ചും ചരിത്രപരമായ അന്ധത പുലര്‍ത്തുന്ന ഈ നിലപാടിനെ കൂട്ടുജീവിതത്തെ തകരാറിലാക്കുന്നു എന്നതിനാല്‍ മിക്ക മുസ്ലീം സംഘടനകളും തള്ളിക്കളഞ്ഞിട്ടുണ്ട്. (നാട്ടുനടപ്പുകളോട് ക്രിയാത്മകമായി സംവദിച്ച്, അവയില്‍ നിന്ന് എടുക്കാവുന്നതെല്ലാം സ്വാംശീകരിച്ച് ഉണ്ടായിവന്ന ഇസ്ലാംമതത്തിന്റെ അനുയായികള്‍ തികഞ്ഞ യാന്ത്രികതയോടെ പ്രാദേശികത്വത്തെ തള്ളിപ്പറയുന്നത് ഇസ്ലാമിന്റെ സത്തയ്ക്കും മുസ്ലിം ചരിത്രത്തിനും നിരക്കാത്തതാണെന്ന് സി.ടി അബ്ദുള്‍ റഹീം വാദിക്കുന്നു). പരസ്പര സംശയവും സ്വസമുദായ പക്ഷപാതിത്വവും വാഴുന്ന മലയാളി സമൂഹത്തില്‍ ഈ ചര്‍ച്ചയുണ്ടാക്കുന്ന അപകടങ്ങളെ തടയാനുള്ള സൈദ്ധാന്തിക വ്യക്തത മുസ്ലീം സമുദായത്തിനില്ല എന്നാണ് എനിക്ക് തോന്നുന്നത് - കേരളീയമായ കൂട്ടായ ഇന്നലെകളുടെ ഗൃഹാതുരത്വത്തില്‍ നിന്നുകൊണ്ട് ആഗോളിയായ മലയാളിക്ക് ഈ വെല്ലുവിളികളെ തടുക്കാനാവുകയുമില്ല.ഏവര്‍ക്കുമറിയാമെങ്കിലും ആരും അധികം ഏറ്റെടുത്തു കണ്ടിട്ടില്ലാത്ത ഒരു വിമര്‍ശനം കമ്പോളബന്ധിതമാണ്. സെയിലുകളുടെയും സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളുടെയും ഓണവിപണി കഴിഞ 20 കൊല്ലമായിട്ടെങ്കിലും ആലോചനയുടെയും ക്രിയാത്മകതയുടെയും കാര്യത്തില്‍ നിശ്ചലമാണെന്നു കാണാന്‍ ഓണപ്പതിപ്പുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. മുമ്പാരോ പറഞ്ഞതുപോലെ പരസ്യങ്ങള്‍ക്കിടയില്‍ അകലമിടാന്‍ പാകത്തില്‍ കുറേ സ്ഥിരം എഴുത്തുകാരെ നിരത്തി വച്ചിരിക്കുന്നു. സി.ആര്‍ പരമേശ്വരന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ 'ഖസാക്കുകാരന്‍ ചവച്ചുതുപ്പിയ ഭാഷ'യുമായി നടക്കുന്ന അഭിമുഖക്കാരും 'ഞാനുമിവിടെയുണ്ട്' എന്ന് കഥകൊണ്ടും കവിതകൊണ്ടും ഹാജര്‍ വയ്ക്കുന്ന മിനി സെലിബ്രിറ്റികളും കേരളത്തിന്റെ പുതിയ മിത്തിക്കല്‍ സ്രോതസ്സായ ഐക്കണിക് ഫിലിം ഡയലോഗ്‌സും ചേര്‍ന്ന മിശ്രിതം ഓണമെന്ന ചെലവഴിക്കല്‍ പദ്ധതിയുടെ, അതുണ്ടാക്കുന്ന ജഡാവസ്ഥയുടെ ലളിതവും വ്യക്തവുമായ ഉദാഹരണമായതിനാലാണ്. രാഷ്ട്രീയത്തിനോ സിനിമയ്‌ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഇല്ലാത്ത ഉത്തരവാദിത്വം സാഹിത്യത്തിനുണ്ടായതുകൊണ്ടല്ല ഇതെടുത്ത് പറയുന്നത്. ഓണത്തിന്റെ മാര്‍ക്കറ്റ് യുക്തികളെ വിശദീകരിക്കേണ്ട ഇടതുപക്ഷം പൂര്‍വ്വകാല മഹിമകളെ വിശേഷിപ്പിച്ചും നവോത്ഥാനകാലത്തെ ഉയര്‍ത്തിപ്പിടിക്കല്‍ ഒരു ശീലമാക്കിയിട്ടുള്ളതിനാല്‍ ഓണത്തിന്റെ സാമൂഹ്യ-സാമ്പത്തിക വശങ്ങളെക്കുറിച്ച് സംസാരിക്കാറുതന്നെയില്ല. ഇടതുപക്ഷചിന്തയുടെ വിമര്‍ശകരായി വന്ന സ്ത്രീ-ദളിത് ഗവേഷകര്‍ മാര്‍ക്കറ്റിന്റെ പ്രശ്‌നങ്ങളെ പരിഗണിക്കുന്നതില്‍ വൈമുഖ്യമുള്ളവരാണ്. മിതവാദചര്‍ച്ചക്കാര്‍ക്ക് കമ്പോളത്തെ അദൃശ്യമാക്കുന്നതില്‍ വൈദഗ്ധ്യം തന്നെയുണ്ട് താനും.

ഇതൊക്കെയാണെങ്കിലും ഇന്ന് 2016-ല്‍ ഓണത്തിന് സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രസക്തിയുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

''ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.'' എന്ന നാരായണഗുരുവിന്റെ വാചകത്തെ രണ്ടുതരത്തില്‍ വായിക്കാം. സമൂഹനിര്‍മ്മിതിക്കുള്ള ആഹ്വാനമായും കേരളീയ സമൂഹത്തെകുറിച്ചുള്ള വിവരണമായും ദര്‍ശനത്തെക്കുറിച്ചുള്ള വിവരണമായും. ആദ്യത്തേത് ദര്‍ശനമാണ്, രണ്ടാമത്തേത് ഉപരിപ്ലവവും അസത്യവും ആയ പ്രസ്താവനയാണ്. ഇതുപോലെ ''മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ'' എന്നതിനെയും വായിക്കാന്‍ കഴിയേണ്ടതുണ്ട്. ഒരു ജനത എന്ന നിലയ്ക്ക് കേരളീയര്‍ക്ക് സ്വയമറിയാനുള്ള വേദിയായി ഒരു ആഘോഷവേള ഉണ്ടാവുന്നത് നന്നായിരിക്കും. ഇപ്പോള്‍ നടക്കുന്ന മതിഭ്രമത്തോടടുക്കുന്ന ആചാരപരതയും വാര്‍പ്പുമാതൃകാപരുവത്തിലുള്ള പ്രകടനങ്ങളും മാറ്റിവെച്ച് ഓണാഘോഷാത്തിനും പുതുതും ശക്തവുമായ ഒരാത്മാവ് ഉണ്ടാക്കിയെടുക്കാവുന്നതാണ്; ഉണ്ടാവേണ്ടതാണ്. ഭാഷയും പ്രദേശവും ജീവിതാനുഭവങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും സ്വന്തമായുള്ള ഒരു ജനതയ്ക്ക് നിലവിളക്കും മൂട്ടവിളക്കും പെട്രോമാക്‌സും മെഴുകുതിരിയും നാലുകെട്ടും കുടിലും കോണ്‍ക്രീറ്റ് വീടും, ചട്ടയും മുണ്ടും കസവും നേര്യതും മുസ്ലീം തൊപ്പിയും ഷര്‍ട്ടും തോര്‍ത്തും, സദ്യയും പത്തിരിയും പൊറോട്ടയും മോരും വെള്ളവും ഉന്നക്കായിയും കഞ്ഞിവെള്ളവും (ഒരു സാള്‍ട്ട് & പെപ്പര്‍ ടൈറ്റില്‍ സോംഗ് മോഡല്‍!) അടങ്ങുന്ന സാംസ്‌കാരികവൈവിധ്യത്തെ ഓര്‍ക്കാന്‍ ഓണമൊരു വേദിയാവുമെങ്കില്‍ അത് തീര്‍ച്ചയായും പുതിയ സാമ്പത്തിക, സാങ്കേതിക ചുറ്റുപാടുകളിലേക്ക് കേരളീയ ജനതയ്ക്ക് എങ്ങനെ വളരാം എന്ന ചോദ്യത്തിലേയ്ക്ക് കൂടി ആനയിക്കും. ഒരു ജനതയുടെ സ്വയംവിലയിരുത്തലിന്റെ വേദിയായി മനസ്സിലാക്കപ്പെടുമ്പോള്‍ നാം നമ്മോട് നമ്മെപ്പറ്റി പറയുന്ന ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കഥകളില്‍ നിന്നും ഒരു മാറ്റത്തിനും അതുപകരിക്കും.സ്വത്വങ്ങളില്‍ ഭാഷയും പ്രാദേശികപാരമ്പര്യങ്ങളും സുപ്രധാനം തന്നെയാണല്ലോ. ഇന്നു കാണുന്ന പോലെ ലിംഗം, ജാതി, വര്‍ഗ്ഗവ്യത്യാസങ്ങളെ മുക്കിക്കളയാനല്ല, അവയുടെ സാമൂഹികമാനങ്ങളെ വ്യക്തമാക്കാനുള്ള ഒരു ഫ്രെയിം തരാന്‍ കേരളീയതയ്ക്കും ഓണത്തിന്റെ ഇത്തരം ഉപയോഗത്തിനും സാധിക്കും. ഉത്തരേന്ത്യന്‍വത്കരണവും അറബ്‌വത്കരണവും ആഗോളവത്കരണവും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കേരളീയ ഹിന്ദുവിനും കേരളീയ മുസ്ലീമിനും കേരളീയ ക്രിസ്ത്യാനിക്കും (ഈ ധാരകള്‍ കൂടിച്ചേര്‍ന്നതാണല്ലോ കേരളീയത) ഒരു ഇടം കിട്ടുകയും ചെയ്യും. ഇപ്പറഞ്ഞതിന്റെയൊന്നും അര്‍ത്ഥം ഓണത്തിന്റെ കാര്യത്തില്‍ ഇതുവരെ നടന്ന സാഹിത്യവിമര്‍ശനങ്ങളെയോ രാഷ്ട്രീയ വിചാരണകളെയോ തള്ളിക്കളയണമെന്നല്ല. ആ ചര്‍ച്ചകളാണ് ബാഹ്യമായ ചട്ടക്കൂട് നിലനിര്‍ത്തുമ്പോഴും പുതിയ ആന്തരിക ഉള്ളടക്കത്തിനുള്ള അന്വേഷണത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്. ഇത് മലയാളിയുടെ ഭാഷാഷോവനിസത്തിലേയ്ക്കും വഴിമാറിക്കൂടാ. തമിഴന്റെ പച്ചക്കറിയെയും ബംഗാളിയുടെ അധ്വാനത്തെയും അറിഞ്ഞാദരിക്കാന്‍ ശേഷിയുള്ള ഒരു ദേശീയതയാവണം അത്.

അസുരന്‍മാര്‍ക്ക് പൂജ നടത്തുന്നതും അവരെ ആഘോഷിക്കുന്നതും ഹിന്ദുമതത്തോടുള്ള അവഹേളനമാണെന്ന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ച സ്മൃതി ഇറാനിയുടെ സര്‍ക്കാരിന്റെ കാലത്ത്, 'ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാനി' (ഭാഷ, ദേശം, മതം) ഒരാദര്‍ശമായി വിശ്വസിക്കുന്നവര്‍ നിയന്ത്രിക്കുന്ന ഒരു രാഷ്ട്രത്തില്‍, രാഷ്ട്രീയമായിത്തന്നെ ഓണത്തിന് പ്രസക്തിയുണ്ട് (2001-ല്‍ ഇത്തരം ഒരു രാഷ്ട്രീയ വെല്ലുവിളി ഒട്ടും വ്യക്തമായിരുന്നില്ല). ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടനാപരമായ ദേശീയത (കോണ്‍സ്റ്റിറ്റ്യൂഷണല്‍ നാഷണലിസം) നിലനില്‍ക്കുന്നതുതന്നെ ബഹുസ്വരതയെ ഒരാദര്‍ശമായി മുമ്പില്‍ വെച്ചുകൊണ്ടാണ്. അതില്‍ സാമൂഹ്യമാനവും നീതിബോധവുമുള്ള ഭാഷാസ്വത്വബോധം അനുവദനീയം മാത്രമല്ല അനുപേക്ഷണീയം കൂടെയാണ്.

പ്രകാശത്തിന്റെയും വിലയിരുത്തലിന്റെയും വേദിയായി, പങ്കിട്ടെടുക്കുന്ന വിധിയുടെ ലക്ഷ്യസ്ഥാനത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഓണത്തെ പുനര്‍നിര്‍മ്മിക്കാന്‍ നമുക്കാവുമെങ്കില്‍, അങ്ങനെ ഓണത്തിന്റെ ചട്ടക്കൂടില്‍ ഒരു റീഫില്‍ സാധ്യമാണെങ്കില്‍, ഈ ആഘോഷം നമുക്കൊരു ബാധ്യതതന്നെയാവില്ല.

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍!

(ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനും നാടകപ്രവര്‍ത്തകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories