TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ കാണാത്തതും സി പി ഐ എം കണ്ടതും; ഓണത്തിരക്കിനിടയില്‍ ചില ശുഭസൂചനകള്‍

സര്‍ക്കാര്‍ കാണാത്തതും സി പി ഐ എം കണ്ടതും; ഓണത്തിരക്കിനിടയില്‍ ചില ശുഭസൂചനകള്‍

സാധാരണ കേരളീയരെ അഭൂതപൂര്‍വ്വമായ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള ഓണമാണ് ഇത്തവണത്തേത്. സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനങ്ങള്‍ അമ്പേ പരാജയമായി. മുന്‍ വര്‍ഷങ്ങളില്‍ വിപണിയില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ സാന്നിദ്ധ്യം മഷിയിട്ടുനോക്കി കണ്ടുപിടിക്കേണ്ടിവന്നു.സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ പേരിന് ഓണക്കച്ചവടം നടത്തിയെങ്കിലും അത് കടലില്‍ കായം കലക്കിയതിന് തുല്യമായിരുന്നു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്റെ സപ്‌ളൈകോ, മാവേലി സ്‌റ്റോറുകളെ ഫലപ്രദമായി വിപണി ഇടപെടലിന് പ്രേരിപ്പിച്ചതിന്റെ ഫലമായി വന്‍ തിരക്കാണ് അവിടങ്ങളില്‍ എപ്പോഴും അനുഭവപ്പെട്ടത്. പൊതുവിപണിയിലേതിനെക്കാള്‍ കുറഞ്ഞ വിലക്ക് ആവശ്യാനുസരണം നിത്യോപയോഗസാധനങ്ങള്‍ ലഭ്യമായതോടെ ഒരു പരിധിയിലേറെ വില വര്‍ദ്ധിപ്പിക്കാന്‍ കച്ചവടക്കാര്‍ക്ക് സാധിച്ചിരുന്നില്ല.

അക്കാലയളവില്‍ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്റെ ന്യായവിലവിപണനകേന്ദ്രങ്ങളായ മാവേലി, സപ്‌ളൈകോ സ്‌റ്റോറുകളോട് മത്സരിച്ചത് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സ്റ്റോറുകള്‍ ഉള്‍പ്പെടെയാണ്. സഹകരണവകുപ്പ് നാടെങ്ങുമുള്ള ബാങ്ക്, സഹകരണസംഘം എന്നിവ മുഖേന പൊതുവിപണിയില്‍ സജീവമായി ഇടപെട്ടപ്പോള്‍ നാട്ടുകാര്‍ക്ക് ആവശ്യാനുസരണം നിത്യോപയോഗസാധനങ്ങള്‍ ന്യായവിലക്ക് ലഭിച്ചു. ഇടക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനാവശ്യമുള്ള അരി ആന്ധ്രയില്‍നിന്ന് എത്തുന്നതിന് തടസ്സം നിന്നപ്പോള്‍ വിപണയില്‍ ഇരുപതുരൂപയായിരുന്ന അരിവില കുതിക്കുന്ന ഘട്ടമെത്തി. ആസമയത്ത് പശ്ചിമബംഗാളില്‍നിന്ന് അരി കൊണ്ടുവന്ന് കിലോഗ്രാമിന് 16 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രതിബദ്ധത കാട്ടി.

എന്നാല്‍, ഇപ്പോഴോ? ഈ സര്‍ക്കാരിന്റെ ഭരണം മൂന്നു വര്‍ഷമായപ്പോള്‍തന്നെ അരിവില പൊതുവിപണിയില്‍ 40 രൂപ പിന്നിട്ടിരുന്നു. സപ്‌ളൈകോയില്‍ വല്ലപ്പോഴുമേ സബ്‌സിഡി അരി വരാറുള്ളൂ. അതിന് വില 25 രൂപയാണ്. അതാണെങ്കില്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലുമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സപ്‌ളൈകോയിലെ അരിവില 14 രൂപയായിരുന്നത് 11 രൂപയാണ് വര്‍ദ്ധിച്ചത്.നാലുവര്‍ഷംകൊണ്ട് ഇരട്ടിയോളമാണ് വര്‍ദ്ധന! ഇക്കാലയളവിലെ പൊതുവിപണിയിലെ അരിവില വര്‍ദ്ധന ഇരട്ടിയിലേറെയാണ്.

മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കൊക്കെ മൂന്നിരട്ടിയാണ് വില വര്‍ദ്ധിച്ചത്. ഇപ്പോള്‍ ആഴ്ചക്കാഴ്ചയാണ് വില കേറുന്നത്. പരിപ്പ്,മുളക് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ച 90 രൂപയായിരുന്നു. ഒരു കിലോഗ്രാമിന്റെ വിലയാണിത്. ഈ ആഴ്ച അത് 150 രൂപയായി! 80 രൂപയായിരുന്ന മല്ലി 140 രൂപയിലേക്ക് ഒരാഴ്ചകൊണ്ട് കുതിച്ചെത്തിയപ്പോള്‍ ചെറുപയര്‍ 75ല്‍നിന്ന് 100 രൂപയും ഉഴുന്ന് തൊണ്ണൂറില്‍നിന്ന് 120 രൂപയുമായാണ് വര്‍ദ്ധിച്ചത്.

സവാള കിലോക്ക് 15 രൂപയായിരുന്ന കാലം പോട്ടെ, 20രൂപയായിരുന്നു ഒരുമാസം മുമ്പ്. ഇപ്പോള്‍ അറുപത്തെട്ടും എഴുപതും രൂപയാണ്. അത് ഇന്ത്യയൊട്ടാകെയുള്ള വിലക്കയറ്റമെന്നുപറഞ്ഞ് ഒഴിഞ്ഞുമാറാം. നിത്യോപയോഗസാധനമായി വേണമെങ്കില്‍ അതിനെ അംഗീകരിക്കാതിരിക്കാതിരിക്കുകയുമാവാം! വിലക്കയറ്റം കണ്ടതായേ നടിച്ചില്ല!

ഇത്രയൊക്കെ രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും ഓണക്കാലത്ത് രണ്ടും മൂന്നും ഒന്നാം പേജുള്ള പത്രങ്ങളൊന്നും അത് കണ്ടതായേ നടിച്ചില്ല.ടിവി ക്യാമറകള്‍ക്കും അതൊന്നും വാര്‍ത്തയേ അല്ല! എല്ലാം കാണുക മാത്രമല്ല, ചിലത് കാണാതിരിക്കലുമാണല്ലോ മാദ്ധ്യമധര്‍മ്മം!

ഇത്തവണ ആകെ ആശ്വാസം പച്ചക്കറി വിപണിയാണ്. അവിടെ, സര്‍ക്കാരിന്റെ ഇടപെടലല്ല ഗുണം ചെയ്തത്. സി പി എം വളരെ ക്രിയാത്മകമായി ഇടപെട്ടുനടത്തിയ ജൈവപച്ചക്കറി വിപണി ഫലപ്രദമായി. ഓണത്തലേന്നൊക്കെ വില കുതിച്ചുകയറുന്ന പച്ചക്കറി വിപണിയില്‍ ഇത്തവണ അമിത ലാഭമെടുക്കലുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. ഇക്കുറി ഉദ്ദേശിച്ച രീതിയില്‍ നാടൊട്ടുക്ക് ജൈവപച്ചക്കറിയുമായി സി പി എം വിപണനകേന്ദ്രങ്ങള്‍ തുറന്നപ്പോള്‍ ജനങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസമാവുകയായിരുന്നു. തികച്ചും ന്യായവിലക്ക് കീടനാശിനിയും വിഷവുമില്ലാത്ത പച്ചക്കറികള്‍ കിട്ടിയത് ജനം രണ്ടുകൈയുംനീട്ടി സ്വീകരിച്ചു. മുന്‍ ധനമന്ത്രി ഡോ.തോമസ്‌ഐസക്കും സി പി എമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറിമാരായ പി രാജീവും കെ എന്‍ ബാലഗോപാലും എ സി മൊയ്തീനും ഒത്തുപിടിച്ചപ്പോള്‍ മൂന്നു ജില്ലകളില്‍ ജൈവപച്ചക്കറിക്കൃഷി വലിയ പ്രസ്ഥാനമായി. തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലും മോശമല്ലാത്ത വിള കൊയ്യാനായി. സര്‍ഗ്ഗാത്മക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഇതോടെ കോണ്‍ഗ്രസിലും ചര്‍ച്ചക്കിടയാക്കി എന്നു കാണുന്നത് സന്തോഷകരമാണ്.

കുടുംബശ്രീക്ക് ബദലായി എം എം ഹസ്സന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ ആരംഭിച്ച ജനശ്രീയും ചിലേടത്തൊക്കെ സാന്നിദ്ധ്യമറിയിച്ചു എന്നത് കാണാതിരിക്കാനാവില്ല. എന്നാല്‍, സംസ്ഥാനത്തൊട്ടാകെ ജൈവപച്ചക്കറി വ്യാപകമാവും എന്ന് പ്രഖ്യാപിച്ച കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പ്രഖ്യാപനം സ്വന്തം വീട്ടിലെ മട്ടുപ്പാവ് കൃഷിയിലൊതുങ്ങി. സി പി എമ്മിനെപ്പോലെ ഒരു പ്രസ്ഥാനമായി ജൈവപച്ചക്കറി വ്യാപകമായി സംസ്ഥാനത്ത് കൃഷിയിറക്കാന്‍ കോണ്‍ഗ്രസിനും കഴിയുമായിരുന്നു. എന്നാല്‍, ആ നിലക്കൊരു ഇടപെടല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഓണപ്പച്ചക്കറിയോടെ ഇത് അവസാനിക്കുന്നില്ല. അതുകൊണ്ട്, കോണ്‍ഗ്രസിന് ഇനിയും അവസരമുണ്ട്. സി പി എം ചെയ്തതിനാല്‍ ഇനി നമ്മള്‍ ജൈവപച്ചക്കറിയിലേക്കിറങ്ങേണ്ട എന്ന നെഗറ്റീവ് ചിന്തയിലേക്ക് മാറാതിരുന്നാല്‍ അത് നാടിന് ഗുണകരമാവും.

സി പി ഐ സംസ്ഥാന സമ്മേളനത്തിന് ജൈവപച്ചക്കറി പ്രത്യേകം കൃഷി ചെയ്തതും അവ മാത്രം ഉപയോഗിച്ചതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അതിന്റെ കൂടി ആവേശത്തില്‍ സി പി ഐയും ജൈവപച്ചക്കറിക്കൃഷി തുടരുന്നുണ്ട്. അതും പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നതാണ്.

ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ഹോര്‍ട്ടികോര്‍പ്പ് എന്ന സ്ഥാപനത്തെക്കുറിച്ച് പറയാതെ പോകാനാവില്ല. ഈ ഓണത്തിന് കര്‍ഷകരെ എങ്ങനെയൊക്കെ ദ്രോഹിക്കാം എന്നതില്‍ ഗവേഷണം ചെയ്യുകയായിരുന്നു, ന്യായവിലക്ക് പച്ചക്കറി വിപണനം കൂടി ഉദ്ദേശിക്കുന്ന ഈ സര്‍ക്കാര്‍ സ്ഥാപനം. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ ലാല്‍ കല്‍പ്പകവാടിയും മാനേജിംഗ് ഡയറക്ടറും കൂടി വാഗ്ദാനം ചെയ്തതനുസരിച്ച് മറയൂരില്‍ ശീതകാല പച്ചക്കറികളടക്കം വന്‍തോതില്‍ കൃഷിചെയ്യുകയായിരുന്നു കര്‍ഷകര്‍. നല്ല വിളവും കിട്ടി. പക്ഷേ, അവരെ കണ്ണീരുകുടിപ്പിക്കുകയാണ് ഈ സ്ഥാപനം ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് ഏജന്റുമാരെത്തിക്കുന്ന പച്ചക്കറി കേരളത്തില്‍ കൃഷിക്കാര്‍ ഉല്പാദിപ്പിച്ചതെന്ന് കള്ളം പറഞ്ഞ് വില്‍ക്കുകയാണ് ഹോര്‍ട്ടികോര്‍പ്പധികൃതര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ സബ്‌സിഡി ഹോര്‍ട്ടികോര്‍പ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും പച്ചക്കറി ഏജന്റുമാരും ചേര്‍ന്ന് വെട്ടിവിഴുങ്ങുന്നു! കഴിഞ്ഞ ആഴ്ച നാഗര്‍കോവിലിലെ വടശ്ശേരി പച്ചക്കറി മൊത്തവ്യാപാര ചന്തയില്‍ വെള്ളരിക്കക്ക് കിലോഗ്രാമിന് ഒന്നര രൂപയായിരുന്നു. അത് ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥര്‍ വാങ്ങിയത് ഏഴുരൂപ നിരക്കിലാണ്! എന്നുവച്ചാല്‍ ബാക്കി അഞ്ചര രൂപ ആരുടെയൊക്കെ പോക്കറ്റില്‍ പോയി എന്ന് അന്വേഷിച്ചുനോക്കുക. ഒന്നും രണ്ടും കിലോഗ്രാമല്ല ഇങ്ങനെ വാങ്ങിയത്. ടണ്‍ കണക്കിന് വാങ്ങിക്കൂട്ടി ഈ കൊള്ളക്കൂട്ടങ്ങള്‍ നാട്ടുകാരെയും സര്‍ക്കാരിനെയും ഒരുപോലെ പറ്റിക്കുകയായിരുന്നു! ഇത് അറിയേണ്ടവര്‍ക്കെല്ലാം അറിയാം. കിട്ടേണ്ടതുകിട്ടുമ്പോള്‍ അന്വേഷണം പ്രഹസനമാവും. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രധാന സംഭരണ കേന്ദ്രങ്ങളിലൊന്നായ ആനയറ കാര്‍ഷിക മൊത്തവ്യാപാര കേന്ദ്രത്തിലെ പച്ചക്കറി വ്യാപാരികളില്‍നിന്ന് അവര്‍ ചില്ലറ വില്‍ക്കുന്നതിനെക്കാള്‍ ഉയര്‍ന്ന വിലക്ക് പച്ചക്കറി വാങ്ങിയതിന്റെ രേഖകള്‍ മാദ്ധ്യമങ്ങള്‍ പുറത്തുവന്നിട്ട് ഇവിടെ എന്താ സംഭവിച്ചത്? നിയമം നിയമത്തിന്റെ വഴിക്കുപോവും എന്നു പറഞ്ഞ് ഇതും നമുക്ക് കണ്ണടക്കാം! ജനകീയനായതിന്റെ പേരില്‍ അധികാരം നഷ്ടപ്പെട്ട് പാതാളത്തിലേക്ക് പോവേണ്ടിവന്ന ഒരു ഭരണാധികാരിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന വേളയിലാണ് ഈ കൊള്ളക്കൂട്ടങ്ങള്‍ കള്ളപ്പറയുടെയും ചെറുനാഴിയുടെയും പുതിയ അദ്ധ്യായങ്ങള്‍ രചിക്കുന്നത്!

ഇവിടെ ഉയര്‍ന്നു വരേണ്ടത് ജനകീയ പ്രതിരോധമാണ്. സ്വാശ്രയത്തിലൂന്നിയുള്ള അത്തരം പ്രതിരോധങ്ങള്‍ വ്യാപകമായാല്‍ ഇത്തരം കൊള്ളക്കൂട്ടങ്ങളുടെ കള്ളക്കമ്മട്ടങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും. പച്ചക്കറിക്കൃഷിയില്‍ അമിതലാഭമെടുക്കാന്‍ നോമ്പുനോറ്റിരുന്നവര്‍ക്ക് ഇത്തവണ ശകുനം പിഴച്ചു. അതൊരു ശുഭസൂചനയാണ്. അതാണ് ഈ ഓണത്തിന് പ്രത്യാശ പകരുന്ന ഏക കാഴ്ചയും!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories