TopTop
Begin typing your search above and press return to search.

മതേതരം, ദേശീയോത്സവം എന്നൊക്കെ പറയപ്പെടുന്ന ഓണത്തെക്കുറിച്ചു തന്നെ

മതേതരം, ദേശീയോത്സവം എന്നൊക്കെ പറയപ്പെടുന്ന ഓണത്തെക്കുറിച്ചു തന്നെ

മുഹമ്മദ് അഫ്സല്‍ പി.

സമൂഹത്തിലെ അധീശവിഭാഗത്തിന്‍റെ ആശയങ്ങളായിരിക്കും എല്ലാക്കാലത്തും സമൂഹത്തിലെ അധീശ്വത ആശയങ്ങള്‍ (മാര്‍ക്സ് & എംഗല്‍സ്, ജര്‍മന്‍ ഐഡിയോളജി)

ഒരു ഓണാഘോഷക്കാലം കൂടി അടുത്തുവരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓണത്തിന്റെ സാംസ്കാരിക രാഷ്ട്രീയം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണല്ലോ. ഓണത്തിന്‍റെ മതേതരസ്വഭാവവും ദേശീയാഘോഷപദവിയും പലരും പ്രശ്നവത്ക്കരിചിട്ടുള്ളതുമാണ്. 'ഓണം ആരുടേത്' എന്ന കെ മുകുന്ദന്‍ ഉയര്‍ത്തിയ ചോദ്യം തൊട്ടു 'കാളനാവാമെങ്കില്‍ കാളയുമാവാം' എന്ന കെ ഇ എന്നിന്‍റെ പ്രസ്താവനയും പിന്നീട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിനു പുറത്തുള്ള ക്യാമ്പസുകളില്‍ നിന്നും ദളിത്‌-സ്ത്രീ പക്ഷത്ത് നിന്നുമൊക്കെയായി ഉയര്‍ന്നു വന്നിട്ടുള്ള ചര്‍ച്ചകളുമെല്ലാം ഓണത്തെ കുറിച്ച് വ്യത്യസ്ത രീതിയിലുള്ള വിശകലനങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. സവര്‍ണ്ണ ചിഹ്നങ്ങള്‍ കലര്‍ന്ന ഒരു homeogenized ഓണം ദേശീയാഘോഷമെന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ വിമര്‍ശിക്കുമ്പോള്‍ത്തന്നെ പല ഓണങ്ങള്‍ ഉണ്ടെന്നും പല തരത്തിലുള്ള ഓണങ്ങള്‍ സാധ്യമാണെന്നും കീഴാള ഓണങ്ങള്‍ക്കും ഇടമുണ്ടെന്നും ചിലര്‍ വാദിക്കുന്നു. ഓണത്തിന്റെ ജനാധിപത്യവത്ക്കരണത്തെക്കുറിച്ചുള്ള ചിന്തകള്‍ സജീവമായിരിക്കുമ്പോള്‍ തന്നെ ഓണത്തെ കൂടുതല്‍ സവര്‍ണമാക്കാനും എന്തിനധികം ഓണക്കാലത്ത് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ഓണം മലയാളിയുടെ ദേശീയോത്സവമായി മാറിയതിലെ രാഷ്ട്രീയവും അതോടൊപ്പം ഓണത്തെ കുറിച്ചു പുതുതായി ഉയര്‍ന്നു വരുന്ന ചില ചര്‍ച്ചകളേയും അവതരിപ്പിക്കുകയാണിവിടെ.

ഓണം എന്ന ആഘോഷം എങ്ങനെ കേരളത്തിന്‍റെ/മലയാളികളുടെ ദേശീയോത്സവമായി എന്നും ഓണം എങ്ങനെ കേരളത്തിലും മറുനാട്ടിലും ഉള്ള മലയാളികളുടെ സ്വത്വരൂപീകരണത്തെയും സ്വത്വനിര്‍ണയത്തെയും സ്വാധീനിക്കുന്നു എന്നതും പഠനവിധേയമാക്കേണ്ടതുണ്ട്. ദേശം എന്നത് സ്വയം ഉരുത്തിരിഞ്ഞു വരുന്ന ഒന്നല്ല എന്നും മറിച്ച് ഒരുപാട് ആഖ്യാനങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയും നിര്‍മിക്കപ്പെടുന്ന ഒന്നാണെന്നും നമുക്കറിയാം. ദേശ-സ്വത്വങ്ങളും അതിനാല്‍ത്തന്നെ പ്രകൃത്യാ ഉള്ള ഒന്നല്ല, മറിച്ച് നിര്‍മിക്കപ്പെടുന്നവയാണ്. ഒരു ജനതയുടെ സ്വത്വരൂപീകരണത്തില്‍ ആഘോഷങ്ങള്‍ക്കുള്ള പങ്കു നിഷേധിക്കാനാവാത്തതാണ്. എന്നാല്‍ ഇങ്ങനെ രൂപീകരിക്കപ്പെടുന്ന സ്വത്വങ്ങള്‍ എത്രത്തോളം inclusive (വിശാലം) ആണെന്നത് നാം ചിന്തിക്കേണ്ടതുണ്ട്. ഉത്സവങ്ങള്‍, വിശിഷ്യാ അധീശ്വത ഉത്സവങ്ങള്‍, (പുനര്‍) നിര്‍മിച്ചെടുക്കുന്നത് സമൂഹത്തിലെ പ്രബല വിഭാഗത്തിന്‍റെ അഭിരുചിക്കും ഭാവനാലോകത്തിനും അടിസ്ഥാനപ്പെടുത്തിയുള്ളതും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്നതുമായ ആഖ്യാനങ്ങളിലൂടെയും ചിഹ്ന-നിര്‍മാണങ്ങളിലൂടെയുമാണ്. ഒരു പ്രത്യേക തരം സ്വത്വവിഭാവനയ്ക്കുവേണ്ടി (പുനര്‍) നിര്‍മിക്കുന്ന ആഘോഷങ്ങള്‍ പിന്നീട് അത്തരത്തിലുള്ള ഒരു സ്വത്വത്തെ നിര്‍ണയിക്കുന്ന സൂചകം ആകുന്നു. മലയാളിയുടെ ദേശീയാഘോഷമായി കണക്കാക്കപ്പെടുന്ന ഓണവും ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട ഒരു ആഘോഷമാണ്. ഒരേ ഒരു ഓണം മാത്രമല്ല ഉള്ളത്, ഓണം പല രീതിയില്‍ പല സാമൂഹിക വിഭാഗങ്ങള്‍ ആഘോഷിക്കാറുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതോടൊപ്പം തന്നെ ഇന്ന് നാം കാണുന്ന തരത്തിലുള്ള അധീശ്വത രൂപത്തിലുള്ള ഓണം ഒന്നേ ഉള്ളൂ എന്നും അത് കേരളത്തിനകത്തും അതിലുപരിയായി കേരളത്തിന് പുറത്തും മലയാളി എന്ന സ്വത്വത്തിന്‍റെ രൂപീകരണത്തിലും നിലനിര്‍ത്തലിലും പങ്കു വഹിച്ചിട്ടുണ്ട്, പങ്കു വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല ആ ഓണം ആണ് മലയാളിക്ക് പരസ്പരം തിരിച്ചറിയാനും മലയാളിയെ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനും ഉള്ള അടയാളമായി കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നത് എന്നും കാണാം. “ആ ഓണം” അതായത് “ഓണം പോലെ” തന്നെ ആഘോഷിക്കുന്ന ആ ഓണം ആണ് തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് പല കോണുകളില്‍ നിന്ന് വാദമുയരുന്നത്.

ഓണം മലയാളികളുടെ ദേശീയോത്സവമോ?
“ഓണം കേരളത്തിന്‍റെ ദേശീയോത്സവമാകുന്നു.” സ്കൂള്‍ പാഠപുസ്തകങ്ങളിലെ ഈ വാക്യങ്ങളിലൂടെ കുട്ടിക്കാലം തൊട്ടേ നമ്മളില്‍ വേര് പിടിപ്പിച്ച ഒരു ആശയമാണ് ഓണം കേരളത്തിന്‍റെ ദേശീയോത്സവം ആണെന്നത്. ഈ വാക്യം ഉരുവിട്ട് പഠിച്ച നമ്മളില്‍ പലര്‍ക്കും ഒരു പക്ഷെ അറിയില്ല ഇന്ത്യയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ദേശീയോത്സവം ഉള്ള ഒരേ ഒരു സംസ്ഥാനം കേരളം ആണെന്ന് (പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തില്‍ ബൊണാലു, ബതുക്കമ്മ എന്നെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക പദവി ഉണ്ട്). ഇങ്ങനെ കേരളത്തിന് മാത്രം ഒരു ഔദ്യോഗിക ദേശീയോത്സവം ഉണ്ടായത് മലയാളികള്‍ മറ്റുള്ളവരേക്കാള്‍ സംസ്കാരസമ്പന്നരും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന, തുറന്ന മനസ്സുള്ളവരും ആയതുകൊണ്ടാണ് എന്ന് നമ്മള്‍ വിചാരിക്കുന്നെങ്കില്‍ നമ്മള്‍ ഏതോ മൌഡ്യലോകത്തില്‍ ആണെന്ന് പറയാതെ വയ്യ. കേരളത്തിലെ എല്ലാ വിധ ജന വിഭാഗങ്ങളും ആഘോഷിക്കുന്ന ഒരു ആഘോഷം എന്ന നിലക്കല്ല മറിച്ച് കേരളം എന്ന ഭാഷാദേശീയതയില്‍ അടിസ്ഥാനമായ ഒരു ദേശം വിഭാവന ചെയ്യുന്ന സമയത്ത് പ്രബലരായിരുന്ന സാമൂഹിക വിഭാഗത്തിന്‍റെ ആഘോഷം എന്ന നിലയ്ക്കാണ് ഓണം കേരളത്തിന്‍റെ ദേശീയാഘോഷമായി രൂപാന്തരം പ്രാപിച്ചത്.

ഭരണപരമായ ഒരു നടപടിയിലൂടെ 1961-ല്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്‍റ് ഓണത്തെ കേരളത്തിന്‍റെ ദേശീയോത്സവമായി പ്രഖ്യാപിക്കുകയുണ്ടായി. പട്ടം താണുപിള്ള ഗവണ്മെന്‍റ് സാമുദായിക-ജാതീയ താല്‍പ്പര്യങ്ങള്‍ മലയാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് ആര്‍. സുഗതനെ പോലുള്ള ഇടതുപക്ഷ നേതാക്കള്‍ അന്നേ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേവലം ഭരണപരമായ ഒരു നീക്കത്തിലൂടെ മാത്രമല്ല മറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ക്കേ സാംസ്കാരിക മണ്ഡലത്തില്‍ ഉണ്ടായ ചലനങ്ങളുടെ ബലത്തില്‍ ആണ് ഓണം ദേശീയോത്സവമായി മാറുന്നത്. ഭരണ മണ്ഡലത്തില്‍ എന്നതിലുപരി പ്രത്യയശാസ്ത്ര മണ്ഡലത്തില്‍ ആണ് ഓണം ദേശീയോത്സവമായി അവതരിപ്പിക്കപ്പെട്ടത് എന്ന് സാരം. ഇവിടെയാണ്‌ ഐക്യകേരള സംസ്ഥാനത്തിന് വേണ്ടിയുള്ള വാദങ്ങളും അതില്‍ മറുനാടന്‍ മലയാളിയുടെ പങ്കും ഓണം എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നും നമ്മള്‍ പരിശോധിക്കേണ്ടത്.

ആധുനിക ഓണത്തിന്‍റെ ചരിത്രവും മറുനാടന്‍ മലയാളിയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. കേരളം എന്ന ഭാഷാ-ദേശീയ സംസ്ഥാനം രൂപം കൊള്ളുന്നതിന് പിന്നിലെന്ന പോലെതന്നെ ഓണത്തെ മലയാളിയുടെ ദേശീയ ആഘോഷമാക്കിയതിനു പിന്നിലും മറുനാടന്‍ മലയാളിയാണ് എന്ന്‍ പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ കേരളത്തില്‍ നിന്നും മദിരാശി, ബോംബെ, കല്‍ക്കത്ത മുതലായ നഗരങ്ങളിലേക്കും ശ്രീലങ്ക, ബര്‍മ്മ മുതലായ രാജ്യങ്ങളിലേക്കും വന്‍തോതില്‍ കുടിയേറ്റമുണ്ടായി. ഇങ്ങനെ മറുനാടുകളില്‍ രൂപപ്പെട്ടു വന്ന മലയാളി കുടിയേറ്റ സമൂഹത്തെ സംബന്ധിച്ച് ഓണാഘോഷം എന്നത് തങ്ങളുടെ മലയാളി സ്വത്വരൂപീകരണത്തെയും നാടുമായുള്ള ബന്ധം നില നിര്‍ത്തുന്നതിനെയും സംബന്ധിച്ച് വളരെ നിര്‍ണായകമായിരുന്നു. അല്ലെങ്കില്‍ അവരെ സംബന്ധിച്ച് “ഓര്‍മ്മക്ക് പേരായിരുന്നു ഓണം”.
ഇവിടെ നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം കേരളത്തില്‍ നിന്നും ആദ്യകാലങ്ങളില്‍ കുടിയേറിയവരില്‍ അധികപേരും സമൂഹത്തിലെ മുകള്‍ത്തട്ടില്‍ ഉള്ളവരായിരുന്നു. കേരളത്തിലെ നായര്‍ മേധാവിത്വത്തിന്‍റെ പതനവും കേരളത്തില്‍ നിന്നുള്ള കുടിയേറ്റവും ഏതാണ്ട് ഒരേ സമയത്തായിരുന്നു എന്നുള്ളത് ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. മാത്രമല്ല, മലയാളി എന്ന പദം പോലും മറുനാട്ടില്‍ നിന്ന് ഉത്ഭവിച്ചതാണ്. നായര്‍ എന്നതിന്‍റെ തുല്യപദമായിരുന്നു മലയാളി എന്നാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ ഡിക്ഷ്ണറി പറയുന്നത്. ഇങ്ങനെയുള്ള സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ഉള്ളവരെ സംബന്ധിച്ച് തങ്ങളുടെ ആചാരങ്ങളും ഉത്സവങ്ങളും എല്ലാം തന്നെയായിരുന്നു മലയാളിയുടെ പൊതു ഉത്സവങ്ങള്‍ ആയി കരുതി പോന്നിരുന്നത്. 1932-ല്‍ ഓള്‍ കേരള നായര്‍ സമാജം പ്രസ്താവിക്കുകയുണ്ടായി: “തലമുറകള്‍ക്കപ്പുറം കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരും മലയാളം സംസാരിക്കുന്നവരും ഓണവും തിരുവാതിരയും ആചരിക്കുന്നവരും നായന്മാരായി അംഗീകരിക്കപ്പെടണം.” മലയാളി എന്ന ഭാഷാസ്വതമല്ല മറിച്ച് നായര്‍ എന്ന സ്വതമാണ് ഇവിടെ മുഴച്ചു നില്‍ക്കുന്നത് എന്ന് കാണാം. അതായത് മലയാളികള്‍ ഓണം ആഘോഷിക്കുന്നതിനു പകരം, ഓണം ആഘോഷിക്കുന്നവര്‍ മലയാളികള്‍/നായന്മാര്‍ ആയി അംഗീകരിക്കപ്പെടുന്ന അവസ്ഥ.

ഐക്യകേരളത്തിന്‌ വേണ്ടിയുള്ള സമരങ്ങളില്‍ പിന്നീട് മറുനാടന്‍ മലയാളികളും കേരളത്തിലെ നായര്‍ സമൂഹം അടക്കമുള്ള ഉന്നതസാമൂഹിക വിഭാഗങ്ങളും മുന്നില്‍ നിന്നപ്പോള്‍ കാലക്രമേണ അവരുടെ ആഘോഷങ്ങളും ചടങ്ങുകളും ദേശീയവും മതേതരവും ആവുകയാണുണ്ടായത്. കെ ഇ എന്‍ നിരീക്ഷിക്കുന്നത് പോലെ സവര്‍ണതയ്ക്ക് ഇന്ത്യന്‍ അവസ്ഥയില്‍ മുഖംമൂടി ധരിക്കാതെ തന്നെ ദേശീയവും സെക്കുലറുമായി അവതരിക്കാന്‍ കഴിയുന്ന അവസ്ഥ ആണല്ലോ ഉള്ളത്.

ഓണം ദേശീയോത്സവമായി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ആര്‍ സുഗതനെ പോലുള്ള ഇടതു പക്ഷ നേതാക്കളും മറ്റും വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. എന്നിരിക്കിലും കാലക്രമേണ ഓണം മലയാളികളുടെ ദേശീയോത്സവമായി നമ്മുടെ പൊതുബോധത്തില്‍ ഉറച്ചു പോകുകയുണ്ടായി. അത് കൊണ്ടാണല്ലോ ഓണത്തെക്കുറിച്ചുള്ള ഏതു ചര്‍ച്ചകളും വര്‍ഗീയവും ജാതീയവുമായി ചിത്രീകരിക്കപ്പെടുന്നത്. ഓണത്തെ അതിന്‍റെ സവര്‍ണ ചിഹ്നങ്ങളില്‍ നിന്ന് മോചിപ്പിച്ചു ഒരു യഥാര്‍ത്ഥ പൊതു ഉത്സവമാക്കണം എന്ന് തായാട്ട് ശങ്കരനെ പോലുള്ള ഇടതുപക്ഷ ചിന്തകര്‍ വാദിക്കുകയുണ്ടായി. എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന തരത്തില്‍ ഉള്ള ഒരു ആഘോഷമായി ഓണത്തെ മാറ്റിയെടുക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. എന്നാല്‍ ഓണം സവര്‍ണ ചിഹ്നങ്ങളില്‍ നിന്ന് വിമുക്തമാകുന്നതിനു പകരം ഇന്നും സവര്‍ണ ചിഹ്നങ്ങള്‍ ഒളിച്ചു കടത്തിയുള്ള മതേതര ഉത്സവമായി തുടരുന്നു എന്നിടത്താണ് ഓണത്തോടുള്ള വിയോജിപ്പുകള്‍ ശക്തമാവുന്നത്.

മതമില്ലാത്ത ഓണവും മതമുള്ള ഈദും ക്രിസ്മസും
ഉത്സവങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച്, വിശേഷിച്ച് ഓണത്തിന്‍റെ മതപരതയെ/മതേതരത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു കേള്‍ക്കാറുള്ള ഒരു ‘നിഷ്ക്കളങ്ക’ മതേതര/മതസൌഹാര്‍ദ്ദ വാദമാണ് കേരളത്തിലെ എല്ലാ ആഘോഷങ്ങളും എല്ലാവരും ആഘോഷിക്കാറുണ്ട് എന്ന്. അതായത് ഓണവും ഈദും ക്രിസ്മസ്സും എല്ലാം ഒരു പോലെ ആഘോഷിക്കുന്നവരാണ് മലയാളികള്‍ എന്ന്. എന്നാല്‍ തീര്‍ത്തും അവാസ്തവമാണ് ഈ വാദം. മുസ്ലിംകള്‍ ഈദും ക്രിസ്ത്യാനികള്‍ ക്രിസ്മസും ആഘോഷിക്കുന്നു, കേരളീയര്‍ എല്ലാം ഓണം ആഘോഷിക്കുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ ഓണം മുഖ്യമായും ഒരു മതപരമായ ആഘോഷമായി തന്നെ തുടരുന്നു. ഈദ് ആഘോഷിക്കുന്ന ഒരു മുസ്ലിം തന്‍റെ സുഹൃത്തുക്കളെ ഈദ് ആഘോഷത്തിലേക്ക് അതിഥികളായി ക്ഷണിക്കുന്നത് കൊണ്ടോ, തന്റെ ക്രൈസ്തവ സുഹൃത്തിന്‍റെ വീട്ടിലേക്ക് ഒരു മുസ്ലിമോ ഹിന്ദുവോ മതരഹിതനോ അതിഥിയായി പോകുന്നതുകൊണ്ടോ അവരെല്ലാവരും ഈദോ ക്രിസ്മസോ ആഘോഷിച്ചു എന്ന് പറയുന്നത് വസ്തുതാപരമായി തെറ്റാണ്. ഈദിന് മുസ്ലിമും, ക്രിസ്മസിന് ക്രിസ്ത്യാനിയും ആതിഥേയരും അല്ലാത്തവര്‍ അതിഥികളുമായി തുടരുമ്പോള്‍ എല്ലാവരും ആഘോഷിക്കുന്നു എന്ന് പറയുന്ന ഓണത്തിന് എല്ലാവരും ആതിഥേയര്‍ ആണോ? കേരളത്തിലെ വലിയൊരു ശതമാനം ജനങ്ങള്‍ക്കും ഓണാഘോഷം എന്നത് അതിഥിയായി പങ്കെടുക്കാനുള്ള ഒരു ആഘോഷമാണ്, ആതിഥേയര്‍ ആയല്ല. കെ ഇ എന്നിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി കുട്ടികൃഷ്ണന്‍റെ വീട്ടില്‍ നിന്ന് ഓണാഘോഷത്തിന്‍റെ ഭാഗമായി പ്രത്യേകം പാകം ചെയ്ത പായസം കുട്ടിഹസ്സന്‍ (അല്ലെങ്കില്‍ മാത്തുക്കുട്ടി) കുടിച്ചാല്‍ മാത്രം ഒരു ആഘോഷം ദേശീയമാവില്ലല്ലോ.

ഓണം അതിന്‍റെ സമഗ്രതയില്‍, അല്ലെങ്കില്‍ ഓണം ഓണം പോലെ ആഘോഷിക്കുന്നത് മതപരമായി തന്നെയാണ്. ഓണവുമായി ബന്ധപ്പെട്ടുള്ള പൂജകളിലും ചടങ്ങുകളിലും മതപരമായ ആചാരങ്ങള്‍ ആണ് എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. എല്ലാവരും ആഘോഷിക്കുന്നു എന്ന് പറയപ്പെടുന്ന ഓണം തങ്ങളുടെ സാംസ്കാരിക ഓര്‍മ്മകളില്‍ ഇല്ല എന്നുള്ള അല്ലെങ്കില്‍ ഈ ഉത്സവം ഞങ്ങളുടേതല്ല എന്ന ഒരു തിരിച്ചറിവാണ് തൊണ്ണൂറുകളോടെ കേരളത്തിലെ കീഴാള ജനതയ്ക്ക് ഉണ്ടാവുന്നത്. ഓണം ഒരു സവര്‍ണ ആഘോഷമാണ് എന്നും അതിനെ മതേതര ദേശീയ ആഘോഷമായി കണക്കാക്കുന്നത് അവസാനിപ്പിക്കണം എന്നുമൊക്കെയുള്ള വാദങ്ങള്‍ ഉയരുന്നത് അങ്ങനെയാണ്.

ഓണത്തിന് മതപരമായ യാതൊരു പശ്ചാത്തലവും ഇല്ല എന്നും ആധുനിക ഓണം മതപരമായ ചിഹ്നങ്ങളെല്ലാം വെടിഞ്ഞ, സമ്പല്‍സമൃദ്ധിയെ വരവേല്‍ക്കുന്ന ഒരു കൊയ്ത്തുത്സവമാണ് എന്നൊക്കെയുള്ള ചില വാദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. മാത്രമല്ല കീഴാളരെ സംബന്ധിച്ചിടത്തോളം ഓണത്തോടനുബന്ധിച്ചു മേലാളരുടെ ഭാഗത്ത് നിന്ന് സമ്മാനങ്ങള്‍ കിട്ടുന്നത് കൊണ്ടുതന്നെ അതൊരു സന്തോഷത്തിന്റെ അവസരമായിരുന്നു എന്നൊക്ക വാദങ്ങള്‍ ഉണ്ട്. ഇവിടെ നമ്മള്‍ മനസിലാക്കേണ്ട കാര്യം കേരളത്തില്‍ കൊയ്യാന്‍ ഉണ്ടായിരുന്നത് വന്‍ ഭൂവുടമകള്‍ക്ക് മാത്രമാണ്. കീഴാളരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അധികമായി കിട്ടി എന്ന് പറയുന്ന ആനുകൂല്യങ്ങള്‍ കൊയ്ത്തിനോടനുബന്ധിച്ച് ചെയ്ത അധിക ജോലിക്കുള്ള കൂലിയായി മാത്രമേ കാണാനാവൂ. ഓണത്തെ ഒരു കാര്‍ഷിക ഉത്സവമായി അവതരിപ്പിക്കുക എന്നുള്ളത് വരാനിരിക്കുന്ന കേരള സംസ്ഥാനത്തെ സോവിയറ്റ് റഷ്യയുടെ മാതൃകയിലുള്ള ഒരു സോഷ്യലിസ്റ്റ് സംസ്ഥാനമാക്കുക എന്നുള്ള ഇടതുപക്ഷ-സോഷ്യലിസ്റ്റ് ചിന്തകരുടെ ഒരു വിഭാവനയുടെ പുറത്തായിരുന്നു. ഓണത്തെ ആ രീതിയില്‍ ജനാധിപത്യവത്ക്കരിക്കാന്‍ സാധിച്ചിട്ടില്ല എന്ന് തന്നെ നമുക്ക് പറയേണ്ടി വരും.

മറുനാട്ടിലെ മാറുന്ന ഓണച്ചിന്തകള്‍
കേരളത്തിന് പുറത്തെ മലയാളി കൂട്ടായ്മകള്‍ കേരളം എന്ന പ്രദേശത്തിന്‍റെ വിഭാവനയില്‍ പ്രധാന പങ്കു വഹിച്ചു എന്ന് നാം കണ്ടു. ലോകത്തെവിടെ പോയാലും രണ്ടു മലയാളികള്‍ കൂടിച്ചേര്‍ന്നാല്‍ ഒരു അസോസിയേഷന്‍ ഉണ്ടാക്കും എന്നുള്ള തമാശ അത്ര അതിശയോക്തി കലര്‍ന്നതല്ല. ഇന്ത്യക്കകത്തും പുറത്തും ഇന്നും ഒരുപാട് മലയാളി അസോസിയേഷനുകളും സമാജവും ഉണ്ട്. നമ്മള്‍ മുന്‍പേ കാണുകയുണ്ടായി മറുനാടന്‍ മലയാളിയെ സംബന്ധിച്ചിടത്തോളം ഓണാഘോഷം തന്‍റെ മലയാളി സ്വത്വവുമായി ബന്ധപ്പെട്ട ഒരു വിഷയമായിരുന്നു എന്നും അന്നത്തെ മറുനാടന്‍ മലയാളികളില്‍ അധികം പേരും സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ ഉള്ളവരായിരുന്നു എന്നും. ഇന്നും കേരളത്തിന് പുറത്തുള്ള മലയാളി അസോസിയേഷനുകളിലും സമാജങ്ങളിലും ഒരു പ്രധാന പരിപാടി ആണ്ടിലൊരിക്കല്‍ ഉള്ള ഓണാഘോഷമാണ്. ഒരു പരിധിവരെ ഇത്തരം അസോസിയേഷനുകള്‍ നിലനില്‍ക്കുന്നത് തന്നെ ഓണാഘോഷത്തിനു വേണ്ടിയും ഓണാഘോഷത്തിലൂടെയുമാണ് എന്ന് പറയാം. ഇവിടെയും ഓണം ഒരു മതേതര ഉത്സവമായി, കേരളത്തില്‍ നിന്നുള്ള എല്ലാവര്‍ക്കും പങ്കുചേരാനുള്ള ഒരു വേദിയായാണ് അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിന് പുറത്ത് ഓണം മതപരത വെടിഞ്ഞുള്ള ഒരു ആഘോഷമാണെന്ന് വരെ ചിലര്‍ ചിന്തിക്കുന്നു. ഉദാഹരണത്തിന് "എന്തുകൊണ്ട് ഇത്രമേല്‍ പ്രകോപിതരാകുന്നു" എന്ന തന്റെ ലേഖനത്തില്‍ കെ ഇ എന്‍ പറയുന്നു: "ഓണത്തിന് സത്യത്തില്‍ കേരളത്തിന്‌ പുറത്താണ് പരിമിതികളോടെയെങ്കിലും ഒരു ദേശീയ ആഘോഷത്തിന്‍റെ മാനം ആര്‍ജിക്കാന്‍ കഴിയുന്നത്. ബക്രീദും ക്രിസ്മസും ലോകവ്യാപകമായി അതത് മതവിഭാഗക്കാര്‍ ആഘോഷിക്കുമ്പോള്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട മലയാളികള്‍ക്കെല്ലാം പൊതുവായി ആഘോഷിക്കാന്‍ കഴിയുന്ന "ഏക ഉത്സവമായി" മറുനാടന്‍ മലയാളിക്ക് മുന്നിലുള്ളത് ഓണം മാത്രമാണ്. അവിടെ മതപരത അപ്രസക്തമാവുകയും മലയാളികളുടെ ഒത്തുചേരല്‍ പ്രസക്തമാവുകയും ചെയ്യും!"

എന്നാല്‍ കേരളത്തിനു പുറത്തുള്ള മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷങ്ങളില്‍ എത്ര മാത്രം മതപരത ഉണ്ട് അല്ലെങ്കില്‍ എത്രത്തോളം 'മതരഹിതം' ആണ് ആ ആഘോഷങ്ങള്‍ എന്നുള്ളത് അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിന്‌ പുറത്ത് നടക്കുന്ന ഓണാഘോഷങ്ങള്‍ മിക്കപ്പോഴും സവര്‍ണ ആചാരങ്ങളിലും ചിഹ്നങ്ങളിലും തളച്ചിടപ്പെടുന്നു എന്ന് കാണാം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഓണത്തെ ഒരു ദേശീയോത്സവമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌ എന്ന് നമ്മള്‍ കണ്ടല്ലോ. കേരളത്തിന് പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു മലയാളിയുടെ മലയാളിത്തം നിര്‍ണയിക്കുന്നത് ഓണാഘോഷത്തിലുള്ള പങ്കുചേരല്‍/പങ്കുചേരാതിരിക്കലാണ് എന്നാണ് ഡല്‍ഹിയിലെ ജെ.എന്‍.യു, ജാമിയ മിലിയ, ഡല്‍ഹി യൂണിവേഴ്സിറ്റി, ഹൈദരാബാദ് സര്‍വകലാശാല, ഇഫ്ലു, പോണ്ടിച്ചേരി സര്‍വകലാശാല മുതലായ കേരളത്തിന് പുറത്തു മലയാളികള്‍ കൂടുതലായി പഠിക്കുന്ന സര്‍വകലാശാലകളില്‍ കാണാന്‍ കഴിയുന്ന ചിത്രം.

ഓണത്തിന്‍റെ ഭാഗമായി കേരളത്തിന് പുറത്ത് സംഘടിപ്പിക്കപ്പെടുന്ന ആഘോഷങ്ങളില്‍ സവര്‍ണ ചിഹ്നങ്ങളായ നിലവിളക്കും സെറ്റ് സാരിയും എല്ലാം അവിഭാജ്യ ഘടകങ്ങളാണ്. ഓണത്തിന്‍റെ ഭാഗമായുള്ള ചടങ്ങുകളില്‍ സെറ്റ് സാരി അണിഞ്ഞ സ്ത്രീകളും മുണ്ട് ഉടുത്ത (അതും വലത്തോട്ട്) പുരുഷന്മാരും ഒഴിച്ച് കൂടാനാവാത്ത ഘടകങ്ങളും. ഈ വസ്ത്രങ്ങള്‍ അണിയാത്തവരുടെ മലയാളിത്തം പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത് കേരളീയത എന്നത് ഇത്തരം ചിഹ്നങ്ങളില്‍ പൊതിയപ്പെട്ട ഒന്നാണെന്ന് വിശ്വസിക്കപ്പിക്കപ്പെട്ട മലയാളികളല്ലാത്ത സുഹൃത്തുക്കളാല്‍ ആയിരിക്കാം

ഓണാഘോഷവുമായി ബന്ധപ്പെട്ട ഭക്ഷണത്തിലും സവര്‍ണ്ണത പ്രവര്‍ത്തിക്കുന്നത് കാണാം. കേരളത്തില്‍ ഓണം ആഘോഷിക്കുന്നവരില്‍ പലരും സസ്യേതര ഭക്ഷണം കൂടെ കൂട്ടിയാണ് ഓണസദ്യ ഉണ്ണാറുള്ളത് എന്ന് നമുക്ക് അറിയാം; സസ്യഭക്ഷണം മാത്രമുള്ള മേഖലകളും ഉണ്ട്. എന്തിനേറെ പറയുന്നു, ഓണസദ്യക്ക്‌ കരിമീന്‍ സ്പെഷ്യല്‍ ഉണ്ടായിരിക്കും എന്ന് പരസ്യം ചെയ്യുന്ന ഹോട്ടലുകള്‍ വരെ ഉണ്ട് കേരളത്തില്‍ (ഇന്ത്യ ടുഡേ ഓഗസ്റ്റ്‌ 18, 2010). എന്നാല്‍ കേരളത്തിന് പുറത്തുള്ള ക്യാമ്പസുകളിലെ ഓണാഘോഷങ്ങളില്‍ സസ്യേതര ഭക്ഷണം ചോദിക്കുന്നത് ഒരു വന്‍ പാപമായും വര്‍ഗീയചിന്തയായുമാണ് ഇപ്പോഴും കണ്ടു വരുന്നത്.

പ്രവാസത്തിന്‍റെ കാര്യത്തിലെന്ന പോലെ തന്നെ കേരളത്തിന് പുറത്തുള്ള കലാലയങ്ങളില്‍ ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നത് സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ പെട്ടവര്‍ തന്നെ ആയിരുന്നു. അതിനാല്‍ത്തന്നെ കേരളത്തിന് പുറത്തെ ക്യാമ്പസുകളിലെ കേരളീയതയെ ഒരു പ്രത്യേക രീതിയില്‍ നിര്‍വചിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്തരം സര്‍വകലാശാലകളില്‍ കേരളത്തിലെ കീഴാളസമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. തങ്ങള്‍ അറിയുന്ന, അനുഭവിക്കുന്ന കേരളം അല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ അല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മുമ്പാകെ കേരളത്തിന്റേത് എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന ഓണാഘോഷ പരിപാടികള്‍ എന്ന തിരിച്ചറിവില്‍ നിന്ന് സവര്‍ണ്ണ ഓണത്തെ നിരാകരിക്കാനും കീഴാള ഓണം തിരിച്ചു പിടിക്കാനും ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത്‌ വിദ്യാര്‍ഥികള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഓണം എന്ന ആഘോഷം തന്നെ മതപരതയില്‍ ഊന്നിയതാണ് എന്നും അതിനെ മാറ്റിക്കൊണ്ട് കൂടുതല്‍ ബഹുസ്വരമായ ഉത്സവങ്ങള്‍ സൃഷ്ടിക്കണം എന്നതാണ് ഇഫ്ലു, ഹൈദരാബാദ് സര്‍വകലാശാല മുതലായ ഇടങ്ങളില്‍ ചില വിദ്യാര്‍ഥികള്‍ മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. ഡല്‍ഹിയിലെ സര്‍വകലാശാലകളില്‍ ഓണത്തിന് സസ്യേതര ഭക്ഷണം കൂടി വിളമ്പി ഓണത്തെ മതേതരമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. എന്നാല്‍ ഓണത്തിന് സസ്യേതര ഭക്ഷണം വിളമ്പിയത് കൊണ്ടുമാത്രം ഓണം മതേതരമാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ ആഘോഷങ്ങള്‍ക്കുള്ള ആവശ്യങ്ങള്‍ ഉയരുന്നത്.

കേരളത്തിലെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷവും കീഴാള ജനതയുടെ മുന്നേറ്റവും തീര്‍ച്ചയായും കേരളീയത എന്താണ്, എന്താവണം എന്നുള്ള ചര്‍ച്ചകള്‍ക്ക് കേരളത്തിന് പുറത്തുള്ള ക്യാമ്പസുകളില്‍ സഹായകമായിട്ടുണ്ട്‌. കേരളം എന്ന ദേശം വിഭാവനം ചെയ്യപ്പെടുന്ന സമയത്ത് തന്നെ അതിനുമേല്‍ സ്വാധീനം ഉറപ്പിക്കാന്‍ സവര്‍ണ്ണ ശക്തികള്‍ ശ്രമിച്ചിരുന്നു എന്ന് കാണാം. ഐക്യകേരള പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഈ ഒരു ധാരക്ക് നല്ലൊരു സ്ഥാനം ഉണ്ടായിരുന്നു. പരശുരാമന്റെ കേരളം പുന:സൃഷ്ടിക്കുക എന്നതായിരുന്നല്ലോ അവരുടെ സങ്കല്‍പ്പം. എന്നാല്‍ കേരളം മലയാളികളുടെ മാതൃഭൂമി എന്ന മുദ്രാവാക്യവുമായി ഭാഷാ ദേശീയതയില്‍ അധിഷ്ഠിതമായ ഒരു സംസ്ഥാനമായി കേരളം രൂപീകരിക്കണം എന്ന വാദമുയര്‍ത്തി ഐക്യകേരള പ്രസ്ഥാനത്തിന്‍റെ രണ്ടാം ഘട്ടത്തിന് നേതൃത്വം കൊടുത്ത ഇടതുപക്ഷം ഒരു ആധുനിക മലയാളി സ്വതനിര്‍മിതിക്കാണ് ശ്രമിച്ചത്. ഇത്തരം പ്രക്ഷോഭങ്ങളിലൂടെ ജനപിന്തുണ നേടി അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ താഴെയിറക്കി സവര്‍ണ്ണ ജാതി ശക്തികളെ കൂട്ടുപിടിച്ച് അധികാരത്തില്‍ വന്ന പട്ടം താണുപിള്ള സര്‍ക്കാര്‍ ഓണം ഒരു ദേശീയോത്സവമാക്കി പ്രഖ്യാപിച്ചത് ഇടതുപക്ഷം മുന്നോട്ടു വെച്ച കേരളം എന്ന ആശയത്തെ unmake ചെയ്യുന്ന ഒന്നായി മാറിയോ എന്ന് പരിശോധിക്കുന്നത് ഒരു പക്ഷെ പുതിയ വെളിച്ചം തുറന്നിടും.

കേരളം എന്ന ആശയം തന്നെ സവര്‍ണ്ണമാണ് എന്ന് വാദിക്കുന്നതിന് പകരം inclusive ആയ കേരളം എന്ന ആശയത്തെ തിരിച്ചു പിടിക്കുക എന്നത് ഒരു ആവശ്യകതയായി മാറിയിരിക്കുന്ന സമയത്ത് ഓണത്തെ കുറിച്ചുള്ള ഇത്തരം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. മലയാളി സ്വത്വത്തിന്റെ അടയാളമായി കരുതിയിരുന്ന, ഇന്നും ഒരു മലയാളിയെ തിരിച്ചറിയാന്‍ മലയാളികള്‍ അല്ലാത്തവര്‍ ഉപയോഗിക്കുന്ന ഓണം എന്ന ചിഹ്നത്തെ കുടഞ്ഞെറിഞ്ഞു, കീഴാളരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദങ്ങള്‍ക്ക്‌ കൂടി ഇടമുള്ള ‘ജനങ്ങളുടെ ഉത്സവങ്ങള്‍’ സൃഷ്ടിക്കുന്നത് ആ ദിശയിലുള്ള ഒരു നീക്കമാണ്. കേരളത്തിന് പുറത്തുള്ള ക്യാമ്പസുകളിലെ മലയാളി കൂട്ടായ്മകളില്‍ ചിലതെങ്കിലും ആ ദിശയില്‍ ചിന്തിക്കുന്നു എന്നത് പ്രതീക്ഷക്കു വകനല്‍കുന്നുണ്ട്.

(ഹൈദരാബാദ് ഇഫ്ളുവില്‍ ഗവേഷകനാണ് മുഹമ്മദ് അഫ്സല്‍ പി.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories