TopTop
Begin typing your search above and press return to search.

പടയണിവിലക്കും ഞങ്ങള്‍ ഹിന്ദുക്കളുടെ ഓണവും

പടയണിവിലക്കും ഞങ്ങള്‍ ഹിന്ദുക്കളുടെ ഓണവും

അടുത്തിടെ നടന്നൊരു ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയുടെ ബുദ്ധിജീവി(?)ത്തലവന്‍ ടി.ജി മോഹന്‍ദാസ് സി. കേശവനേയും കെ. ദാമോദരനേയും മരണാനന്തര പരകായപ്രവേശം നടത്തിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ അത്രമേല്‍ ശ്രദ്ധിക്കാതെ കടന്നുപോയ മറ്റു ചില പ്രസ്താവങ്ങള്‍ ആ ചര്‍ച്ചയിലുണ്ടായിരുന്നു. അതിലൊന്ന് ഓണത്തെക്കുറിച്ചാണ്. മോഹന്‍ദാസ് അക്ഷോഭ്യനായി പറയുകയാണ് – 'ഓണം ആഘോഷിക്കാത്ത മുസ്ലീങ്ങളുണ്ട്, ഓണം ആഘോഷിക്കാത്ത ക്രിസ്ത്യാനികളുണ്ട്, പക്ഷേ ഓണം ആഘോഷിക്കാത്ത ഹിന്ദുക്കളില്ല. ഇതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം.'


എന്തുകൊണ്ടാണ് ടി ജി മോഹന്‍ദാസിനെ ബുദ്ധിജീവിയായി ബിജെപി പരിഗണിക്കുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമാണിത്. കെ ദാമോദരനേയും സി കേശവനേയും തിരിച്ചറിയുന്ന തരം ബുദ്ധി അല്ല വര്‍ഗീയത ആവശ്യപ്പെടുന്ന ബൗദ്ധികശേഷി. നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ടതും ആധുനിക ഇന്ത്യയുടെയും ഭരണഘടനയുടേയും രൂപീകരണത്തോടെ ഉരുവമാര്‍ന്നതും അനേകം സംവാദങ്ങളിലൂടെയും ആദാനപ്രദാനങ്ങളിലൂടെയും നിലനില്‍ക്കുന്നതുമായ മതനിരപേക്ഷബോധത്തെ പടിപടിയായി വര്‍ഗീയധ്രുവീകരണത്തിനു വിധേയമാക്കേണ്ടതെങ്ങനെ എന്ന അറിവും വൈദഗ്ദ്ധ്യവുമാണ് വര്‍ഗീയത ആവശ്യപ്പെടുന്ന ബൗദ്ധികത. പ്രസ്തുത ഇന്റലിജന്‍സ് ആണ് ടി ജി മോഹന്‍ദാസിന് ബൗദ്ധികപ്രമുഖ് സ്ഥാനം നല്‍കുന്നത്. നോക്കുക – കേരളത്തിന് നിലവില്‍ ദഹിക്കാവുന്ന അളവില്‍ വിഷം ചീറ്റുന്നതെങ്ങനെ എന്ന് കൃത്യമായി അദ്ദേഹത്തിനറിയാം. ഓണം ഹൈന്ദവാഘോഷമാണ് എന്നു പ്രസ്താവനയില്ല. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെന്താ ഓണത്തില്‍ കാര്യമെന്നും ചോദ്യമില്ല. ഇത്രേയുള്ളൂ – ഓണം ആഘോഷിക്കാത്ത മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുണ്ട്, ഹിന്ദുക്കളില്‍ അങ്ങനെയൊരു ഗ്രൂപ്പേയില്ല. ത്രേള്ളൂ. സിമ്പിള്‍.

മതനിരപേക്ഷതയുടെ അസ്തിവാരത്തെ തകര്‍ക്കാനുള്ള ആദ്യപടി ഇതാണ്, പൊതുസമൂഹത്തില്‍ മതാധിഷ്ഠിതമായി പല സെക്ടുകള്‍ ഉണ്ടെന്നും അവ തമ്മില്‍ സാംസ്‌കാരികസംഘട്ടനം നടക്കുന്നുണ്ടെന്നും ഈ സാംസ്‌കാരികസംഘട്ടനത്തില്‍ നാം ഇന്ന് പൊതുസമൂഹത്തിനൊന്നാകെ അവകാശപ്പെട്ടതെന്നു കരുതുന്ന മാനവീയമായ പരികല്‍പ്പനകള്‍ ചില സവിശേഷ സെക്ടുകള്‍ക്ക് അവകാശപ്പെട്ടതാണെന്നും സ്ഥാപിക്കുക.


ഇതിന്റെ അടുത്തപടി, തങ്ങള്‍ക്കവകാശപ്പെട്ട സാംസ്‌കാരികപരികല്‍പ്പന തങ്ങളുടേതു മാത്രമാണെന്ന വാദവും മറ്റെല്ലാവരുടെയും, അവയ്ക്കു മേലുള്ള എല്ലാ അവകാശങ്ങളേയും ഞങ്ങള്‍ റദ്ദ് ചെയ്യുന്നു എന്നുമുള്ള പ്രഖ്യാപനമാണ്. ഓണത്തിന്റെ കാര്യത്തില്‍ അത്രത്തോളം പറയാന്‍ നിലവിലുള്ള കേരളീയാന്തരീക്ഷം പരുവപ്പെട്ടിട്ടില്ല എന്ന്‍ ബൗദ്ധികപ്രമുഖിനറിയാം. അതുകൊണ്ട് ഇപ്പൊള്‍ നടക്കുന്ന 'നിലമൊരുക്കല്‍ പ്രക്രിയ'ക്ക് ആവശ്യമുള്ളത് പറയുന്നു. സംശയിക്കണ്ട, നിലമൊരുക്കുന്നത് നാളെ വിളവിറക്കാനാണ്. ഓണപ്പൂക്കളം ഇടാന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചേര്‍ന്നാല്‍ കൈവെട്ടും എന്ന പ്രസ്താവന 'ബൗദ്ധികകേന്ദ്ര'ങ്ങളില്‍ നിന്നുയരുന്ന നാളുകള്‍ വിദൂരമല്ല.

അതിവായനയെന്നു തോന്നുന്നുണ്ടോ? എന്നാലീ വാര്‍ത്തയിലേക്കു വരിക – ഇരിട്ടി എംജി കോളേജില്‍ ഫോക്ലോര്‍ അക്കാദമി നടത്താനിരുന്ന പടയണിയുടെ അവതരണം വേണ്ടെന്നു വെച്ചു. ഹൈന്ദവസംഘടനകളുടെ പ്രതിഷേധമാണ് കാരണം. പടയണി ഭഗവതിക്കാവുകളില്‍ നടത്തുന്ന അനുഷ്ഠാനകലയാണെന്നും കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്നത് മതനിന്ദയാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. അധികൃതരെ ഫോണ്‍ വഴി ഹൈന്ദവസംഘടനകള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അവതരണം ഉപേക്ഷിക്കപ്പെട്ടത്. കണ്ണൂര്‍ ജില്ലയിലെ പല കോളേജുകളിലായി നടത്താനിരുന്ന പടയണി അവതരണങ്ങള്‍ക്കെല്ലാം ഹൈന്ദസംഘടനകള്‍ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

കാര്യം ലളിതമാണ്, 'ഞങ്ങളുടെ' സാംസ്‌കാരികപരികല്‍പ്പനകളെ 'ഞങ്ങളു'ടെ സ്ഥലത്തിനു പുറത്ത് അനുവദിക്കില്ല എന്ന തീവ്രപ്രഖ്യാപനത്തിന് ഇപ്പൊഴേ പ്രബുദ്ധകേരളത്തില്‍ ഹൈന്ദവസംഘടനകള്‍ക്ക് ധൈര്യം വന്നുകഴിഞ്ഞിരിക്കുന്നു. ഇന്നാട്ടിലെ സകലതിനേയും മതാധിഷ്ഠിതമായി 'ഞങ്ങളുടേ'തും 'നിങ്ങളുടേ'തുമായി പട്ടികപ്പെടുത്തുക എന്ന ആദ്യപടിയില്‍ നിന്ന്, 'ഞങ്ങളു'ടെതില്‍ നിന്ന് 'നിങ്ങളെ'മാത്രമല്ല, നിങ്ങളും ഞങ്ങളുമടങ്ങുന്ന പൊതു സ്ഥലമായ കോളേജില്‍ നിന്നടക്കം 'ഞങ്ങളുടെ'തായുള്ള എല്ലാം പിടിച്ചെടുക്കും എന്ന ധാര്‍ഷ്ട്യമാണ് പരസ്യമായി പ്രകടിപ്പിക്കപ്പെടുന്നത്.

സാംസ്‌കാരികപ്രരൂപങ്ങളുടെ ഉടമസ്ഥാവകാശം
ആര്‍എസ്എസും അനുബന്ധസേനകളും 'ഞങ്ങള്‍ക്ക്' ഉടമസ്ഥതയുണ്ടെന്ന് അനായാസം അവകാശപ്പെടുന്ന ഒന്നിലും അവര്‍ക്കു പ്രത്യേകാവകാശമില്ല. ക്ഷേത്രങ്ങളുടെ പരമാധികാരം ഹിന്ദുക്കള്‍ക്കാണെന്നും ഹിന്ദുവിലുള്ള അധികാരം ഞങ്ങള്‍ക്കാണെന്നും ആര്‍എസ്എസ് ഉയര്‍ത്തുന്ന അവകാശവാദത്തിന്റെ മുനയൊടിയുന്നതുകൊണ്ടാണ് ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ല എന്ന സര്‍ക്കാരിന്റെ പ്രസ്താവത്തില്‍ ആര്‍എസ്എസിനു ക്ഷോഭം വരുന്നത്. ചരിത്രാന്വേഷണത്തിന്റെ ബാലപാഠങ്ങള്‍ പിന്നിട്ട ആര്‍ക്കുമറിയാം, പ്രമുഖഹിന്ദുക്ഷേത്രങ്ങളുടെ അടിവേരുകള്‍ മിക്കതും ബൗദ്ധ, ജൈന സംസ്‌കാരത്തിലാണ്. പഞ്ചപ്രകാരക്ഷേത്രഘടനയിലുള്ള മിക്ക ക്ഷേത്രങ്ങളുടെയും പഴക്കം ഐതിഹ്യനിഷ്ഠമായ ചരിത്രാതീതകാലം പോയിട്ട് ഒരു സഹസ്രാബ്ദം പോലും തികയില്ല. ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രങ്ങള്‍ മാത്രമായിട്ടല്ല, കലകളുടെയും അധ്വാനരഹിതമായ അന്തരീക്ഷം കൊണ്ട് സവര്‍ണ്ണാധികാരത്തിനു സാധ്യമായ ശൈലീകൃതജ്ഞാനത്തിന്റെയും പ്രവര്‍ത്തനസ്ഥലി കൂടിയായാണ് കേരളത്തില്‍ പൊതുവേ നിലനിന്നത്. ശ്രീകോവിലിനുള്ളില്‍ പൂജിക്കുന്ന ദേവനെപ്പറ്റിത്തന്നെ തീവ്രപരിഹാസം നടത്തുന്ന കൂത്തും ക്ഷേത്രത്തിനകത്തു തന്നെ നിബന്ധിക്കപ്പെടുകയും അതു നടത്തപ്പെടുന്ന സ്ഥലവും ഒരു അമ്പലമായി, 'കൂത്തമ്പല'മായി പരിഗണിക്കപ്പെടുകയും ചെയ്യപ്പെട്ടത് അതുകൊണ്ടാണ്.


എന്നാല്‍ അതിനര്‍ത്ഥം, ക്ഷേത്രത്തിനകത്തോ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടോ നിലനിന്ന കലകളൊന്നും തന്നെ ക്ഷേത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടതോ 'ഹിന്ദുക്കള്‍' എന്നു വ്യവഹരിക്കപ്പെട്ട സവര്‍ണ്ണസമൂഹം ഉണ്ടിരുന്നപ്പോള്‍ വിളി തോന്നി ഉണ്ടാക്കിയതോ ആണെന്നല്ല. നാനാജാതികളിലും മതങ്ങളിലുമുള്ള സൗന്ദര്യസങ്കല്‍പ്പനങ്ങളുടെയും കലാഭാവനകളുടെയും ശൈലീകരണത്തിലൂടെയും സംയോജനത്തിലൂടെയുമാണ് എല്ലാ കലകളും രൂപപ്പെട്ടിട്ടുള്ളത്. സാംസ്‌കാരികമായ ആദാനപ്രദാനങ്ങളിലൂടെയല്ലാതെ ഒരു കലയും നമ്മുടെ നാട്ടില്‍ വളര്‍ച്ച പ്രാപിച്ചിട്ടില്ല. ഉദാഹരണത്തിന്, 'കാലു മുന്നോട്ടു കുടഞ്ഞു ചവിട്ടുക' എന്നൊരു നര്‍ത്തനശരീരക്രിയ എടുക്കുക – പൊതുവേ കേരളത്തിനു പുറത്തുള്ള കലകളില്‍ അപൂര്‍വ്വവും ഇവിടെ സുലഭവുമായ ഈ നൃത്തവിശേഷം പടയണി മുതല്‍ കഥകളി വരെയുള്ള കലാരൂപങ്ങളുടെ മര്‍മ്മമാണ്. ഇതിന്റെ അടിവേരുകള്‍ തേടിച്ചെന്നാല്‍ ദലിതര്‍ കൂട്ടമായി നൃത്തം ചെയ്തിരുന്ന ആദിവാസിനൃത്തത്തിലും മലബാറിലെ ചവിട്ടുകളിയിലുമാണ് ചെന്നെത്തുക. മതമോ ജാതിയോ വളര്‍ത്തിയെടുത്തതല്ല, സൗന്ദര്യബോധത്തിന്റെ ബഹുത്വവും സംസ്‌കാരത്തിന്റെ മഴവില്‍പ്പലമയും ജീവശ്വാസമൂതിയാണ് നമ്മുടെ കലകള്‍ ഉടലും ഉയിരും നേടിയത്. ഇപ്പോള്‍ പെട്ടെന്നു രൂപപ്പെട്ട ആര്‍എസ്എസിന്റെ 'ഞങ്ങള്‍'ക്ക് ഇവയിലൊന്നും ഒരു പ്രത്യേകാധികാരവുമില്ലെന്നു ചുരുക്കം.


ഇപ്പോള്‍ ഹൈന്ദവസംഘടനകള്‍ക്ക് വൃണവികാരം മതപ്പെട്ട പടയണി എടുക്കുക – വിളവെടുപ്പുല്‍സവമായി രൂപപ്പെട്ട പടയണിയുടെ തുടക്കവും വളര്‍ച്ചയും ചരിത്രകാരന്മാര്‍ക്കിടയില്‍ സംവാദവിഷയമാണ്. ദാരികവധാനന്തരം കോപമടങ്ങാത്ത കാളിയെ പ്രീതിപ്പെടുത്താനായി ശിവഭൂതങ്ങള്‍ നടത്തിയ നൃത്തമാണ് പടയണിയെന്നാണ് ഒരൈതീഹ്യം. കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളിന്റെ (അതെ, ഇസ്ലാം മതം സ്വീകരിച്ചെന്നു കേട്ടിട്ടില്ലേ? ആ ചക്രവര്‍ത്തി തന്നെ) യുദ്ധവിജയത്തെ പ്രകീര്‍ത്തിക്കാനായി തുടങ്ങിയതാണ് പടയണിയെന്നും ഒരു ഐതിഹ്യമുണ്ട്. ഈ ഐതിഹ്യത്തിനു സാധൂകരണമായി പ്രസ്തുത യുദ്ധവിജയത്തിന്റെ സ്തുതിയായി ചില വരികളും പടയണിയിലുണ്ട്. തീണ്ടാ കണിയാന്മാര്‍ പണ്ട് പ്രേതബാധയൊഴിപ്പിക്കാനായി നടത്തിയിരുന്നൊരു മന്ത്രവാദത്തിലെ കലാസങ്കല്‍പ്പനങ്ങളെ പരിഷ്‌കരിച്ചാണ് പടയണി നിര്‍മ്മിക്കപ്പെട്ടത് എന്നും ചരിത്രപഠനമുണ്ട്. എന്തായാലും ഒന്നു വ്യക്തമാണ് – പടയണി ജാതി, മതവ്യത്യാസമില്ലാത്ത ഒരു ഗ്രാമീണോല്‍സവമാണ്. ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളെയും രോഗപീഢകളില്‍ നിന്നു സരംക്ഷിക്കാനാണ് പടയണി നടത്തുന്നത് എന്ന വിശ്വാസമുണ്ടായിരുന്നതുകൊണ്ട് എല്ലാ മതത്തിലും ജാതിയിലും പെട്ടവര്‍ പടയണിക്കൊരുമിച്ചു കൂടിയിരുന്നു. പമ്പാനദിക്ക് അക്കരെയുമിക്കരെയും നിവസിച്ച മനുഷ്യരുടെ സൗന്ദര്യസങ്കല്‍പ്പനങ്ങള്‍ ചേര്‍ന്നുണ്ടായൊരു ജനകീയകലയാണ് പടയണി എന്ന് കടമ്മനിട്ട വാസുദേവന്‍ പിള്ള പറയും. നാടകവും സംഗീതവും ചിത്രകലയും വാദ്യകലയും ചേര്‍ന്ന പടയണിയുടെ സവിശേഷമായ കലാവിഷ്‌കാരസങ്കേതങ്ങള്‍ക്ക് മൗലികമായ നിരവധി പ്രത്യേകതകളുണ്ട്. കേരളീയതാളശാസ്ത്രപഠനത്തില്‍ പടയണിക്ക് അതീവപ്രാധാന്യമുണ്ട്. ഇവ കണക്കിലെടുത്താണ് കാമ്പസുകളിലടക്കമുള്ള ഫോക്ക് ഗവേഷണങ്ങളില്‍ പടയണി ഉള്‍പ്പെടുത്തപ്പെടുന്നത്.

ഇപ്പോള്‍ ഭഗവതിക്കാവുകളിലേക്കു പടയണിയെ ചുരുക്കിക്കെട്ടണമെന്നും കോളേജിലവതരിപ്പിച്ചാല്‍ ആകാശമിടിഞ്ഞുവീഴുമെന്നും വാദിക്കുന്ന 'രാഷ്ടീയഹിന്ദു'ക്കളല്ല, ഗ്രാമീണജനസമൂഹത്തിലെ നാനാജാതിമതസ്ഥരാണ് പടയണിയുടെ പ്രേക്ഷകരും പ്രയോക്താക്കളുമായത്. കടമ്മനിട്ടയില്‍ നടന്നിരുന്ന പടയണിയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് മലയാളകവിതയുടെ ആധുനികദശയെ കരുത്തുറ്റതാക്കിത്തീര്‍ത്ത കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന പുരോഗനപക്ഷത്ത് മരണം വരെ നിലയുറപ്പിച്ച കവിയാണ് പടയണിയുടെ സൗന്ദര്യബോധവും താളവും മലയാളിക്കു പരിചിതമാക്കിത്തീര്‍ത്തത്. ക്ഷേത്രകലയെന്നും അനുഷ്ഠാനകലയെന്നും നിലവിളിക്കുന്ന സംഘികളില്‍ മഷിയിട്ടുനോക്കിയാല്‍ പ്രസ്തുത കലകളുടെ സൗന്ദര്യബോധമുള്ളവരെ കാണില്ല. ആകെ പറയാനറിയാവുന്നത് 'ഇതു ഞങ്ങളുടെ'യാണ് എന്നു മാത്രമാണെന്ന് മറ്റാരേക്കാളും നന്നായി ഈ എട്ടുകാലിമമ്മൂഞ്ഞുകള്‍ക്കു തന്നെ അറിയുകയും ചെയ്യാം. ഇതു ഞങ്ങളുടെയാണ് എന്നല്ലാതെ, ഇത് എന്താണ് എന്നതിനെപ്പറ്റി യാതൊരു വിവരവും അവര്‍ക്കില്ല. സകല ജ്ഞാനവ്യവഹാരങ്ങളോടുമുള്ള വെറുപ്പും അവജ്ഞയും ആര്‍എസ്എസ് ബൗദ്ധികതയുടെ അടിസ്ഥാനസ്വഭാവമാണ്.

'ഫാസിസത്തിന്റെ നിലമൊരുക്കല്‍ പ്രക്രിയ'യാണ് ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം എന്നു റൊമില ഥാപ്പര്‍ ഓര്‍മ്മിപ്പിക്കുന്ന, സാംസ്‌കാരികമായ വിഭജനവും അതുവഴിയുള്ള അധിനിവേശവുമാണ് ഈ നടപടികളിലുള്ളത്. ജനാധിപത്യത്തോടും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സാംസ്‌കാരികപ്പലമയോടുമുള്ള വെറുപ്പാണ് ആര്‍എസ്എസിനെ ഇതിനു പ്രേരിപ്പിക്കുന്നത്. എല്ലാ പൊതുവിടങ്ങളേയും മതാധിഷ്ഠിതമായി വിഭജിക്കുകയും, അവയ്‌ക്കെല്ലാം കൃത്യമായി ഉടമസ്ഥാവകാശികളെ നിശ്ചയിക്കുകയും, അപരരെ പൂര്‍ണ്ണമായും തുടച്ചുനീക്കുകയും ചെയ്യുന്ന വര്‍ഗീയയുക്തിയാണ് ഈ കൈയ്യേറ്റത്തിന്റെ അടിസ്ഥാനം. കേവലമായ വൈകാരികപ്രകടനങ്ങളോ യാദൃശ്ചികതകളോ അല്ല അവ, കൃത്യമായ അജണ്ടയോടെ നിര്‍വ്വഹിക്കപ്പെടുന്ന രാഷ്ടീയപദ്ധതികളാണ്. അവ തിരിച്ചറിയാതെ കേവലമായ അജ്ഞതകളോ ലളിതബുദ്ധികളോ ആയി വര്‍ഗീയഫാസിസത്തെ തെറ്റിദ്ധരിക്കുന്നത് ആത്മഹത്യാപരമായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories